Friday 14 October 2011

ഞാന്‍ നിസ്സഹായന്‍............

                                      "എന്നിലുള്ള പിതാവിനെ ആരും തിരിച്ചറിഞ്ഞല്ലയോ? മജ്ജയും മാംസവുമുള്ള ഒരു പച്ച മനുഷ്യനാണ് ഞാനും എന്ന സത്യം എന്തെ ആരും മനസ്സിലാക്കാതെ പോയി? അതോ എല്ലാവരും മനസ്സിലാക്കിയിട്ടും മനസ്സിലാവാത്ത ഭാവം നടിച്ചതാണോ എന്റെ മുന്നില്‍? തുടിക്കുന്ന ഒരു ഹൃദയവും പിടക്കുന്ന ഒരു മനസ്സുമായിട്ടല്ലേ ഞാനീ യാത്ര പുറപ്പെട്ടത്‌? എന്തെ എന്റെ മനസ്സ് കാണാന്‍ ആരും തയ്യാറായില്ല? ഏറ്റവും അടുത്തവര്‍ പോലും ഈ യാത്രയാണ് നിനക്ക് അഭികാമ്യം  എന്ന് ഉപദേശിക്കുമ്പോള്‍ വിങ്ങി പൊട്ടുകയായിരുന്നില്ലേ എന്റെ മനസ്സ്? 


സാധാരണക്കാരില്‍നിന്നും തീര്‍ത്തും വ്യത്യസ്തരാണോ ഈ പ്രവാസികള്‍? ദുഃഖം താങ്ങാനും സഹിക്കാനും പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തിന്റെ പേരാണോ 'പ്രവാസി' ? ഇന്ന് തിരിച്ചു പോയില്ലെങ്കില്‍ വിസയുടെ കാലാവധി തീരും എന്ന് ഉപദേശിക്കുന്നവര്‍, ഞാനും എന്റെ മകനും തമ്മിലുള്ള സ്നേഹത്തെയും ബന്ധത്തെയും കുറിച്ച് ഓര്‍ക്കാതെ പോയതാണോ"?


മക്കള്‍ എന്നും എന്റെ ദൗര്‍ബല്യമായിരുന്നു . ഓരോ പോക്കിലും ഞാന്‍ തയ്യാറെടുപ്പ് നടത്താറുള്ളത് എന്റെ മക്കളെ എങ്ങിനെയെല്ലാം സന്തോഷിപ്പിക്കാം എന്നതിലായിരുന്നു. നാട്ടില്‍ എന്റെ മക്കളുമൊത്തുള്ള ഓരോ നിമിഷവും എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളായിരുന്നു. പുറത്തു എവിടെ ഞാന്‍ പോകുന്നുണ്ടെങ്കിലും എന്റെ മക്കളും കൂടെ ഉണ്ടായിരുന്നു. അവരുടെ ആഗ്രഹമായിരുന്നു ഒരു പള്‍സര്‍ (ബൈക്ക് ) വാങ്ങുക എന്നത്. അവരുടെ ആഗ്രഹങ്ങളും   നിര്‍ദ്ദേശങ്ങളും അനുസരിച്ച്  മാത്രമായിരുന്നു ഞാനത് ഓടിച്ചിരുന്നത്. രണ്ടു മാസത്തിനു സ്കൂള്‍ ബസ്സ്‌  പോലും അവര്‍ ഒഴിവാക്കി, എന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യാന്‍ വേണ്ടി. ഈ രണ്ടു മാസം കൊണ്ട് ഏതെല്ലാം സ്ഥലങ്ങളില്‍ ഞാനവരുമായി ബൈക്കില്‍ യാത്ര ചെയ്തു. ശരിക്കും അവര്‍ ആഘോഷിക്കുക്കയായിരുന്നു എന്റെ ഈ പ്രാവശ്യത്തെ വരവ്, ഞാനും. നാളെ ഖത്തറില്‍ ഞാന്‍ ഇറങ്ങിയില്ലെങ്കില്‍ എന്റെ വിസയുടെ കാലാവധി തീരും. അതുകൊണ്ട് മുന്‍കൂട്ടി തീരുമാനിച്ച ആ ദിവസം (ഇന്ന്) ഒട്ടും താല്‍പര്യമില്ലാതെ യാണെങ്കിലും എനിക്ക് തിരിച്ചു പോയെ മതിയാവൂ.  

പന്ത്രണ്ടു വയസ്സുകാരനായ എന്റെ മകന്‍ ബിലു (ബിലാല്‍) സ്കൂളില്‍ പോലും പോകാതെ ബൈക്ക് അകത്തു കയറ്റി വെക്കാന്‍ വേണ്ടി തുടച്ചു വൃത്തിയാക്കി. അവന്‍ എവിടെനിന്നോ മേടിച്ചു കൊണ്ട് വന്ന ഗ്രീസ് വണ്ടിയില്‍ പുരട്ടുമ്പോഴാണ് ഞാന്‍ എത്തിയത്.  പെട്ടെന്ന് വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഞാന്‍ കേട്ടത് ബിലുവിന്റെ നിലവിളി യായിരുന്നു. എന്ത് സംഭവിച്ചു എന്നറിയാതെ ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നപ്പോള്‍ രക്തം ചീറ്റുന്ന കയ്യുമായി തളര്‍ന്നു വീഴുന്ന എന്റെ മകനെയാണ് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍, വേര്‍പ്പെട്ടു കിടക്കുന്ന എന്റെ മോന്റെ രണ്ടു വിരലുകള്‍ തറയില്‍ കണ്ടു. എനിക്ക് ചുറ്റും ഒരു ഇരുട്ട് പടരുന്നതായി തോന്നി. കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുന്നതുപോലെ. പരിപൂര്‍ണ്ണമായും നഷ്ടപ്പെട്ട്കൊണ്ടിരിക്കുന്ന എന്റെ ശരീരത്തിന്റെ ശക്തി തിരിച്ചെടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. തറയില്‍നിന്നും താങ്ങിയെടുത്ത എന്റെ മോനെ എന്ത് ചെയ്യണമെന്നറിയാതെ  നിലവിളിച്ചു. ആരൊക്കയോ ഓടി വന്നു എന്നെയും മകനെയും കാറില്‍ കയറ്റി.



ഒരു നിമിഷത്തെ അശ്രദ്ദകൊണ്ട് എന്റെ മകന്റെ ശരീരത്തിലെ രണ്ടു വിരലുകള്‍ വേര്‍പ്പെട്ടു പോയല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനൊരു ഭ്രാന്തനായി മാറുന്നതായി  എനിക്ക് തോന്നി. എന്റെ തലകൊണ്ട് ഞാന്‍ അതിശക്തം കാറിന്റെ ഡോറില്‍ ഇടിച്ചു. പോകുന്ന സമയമറിയാന്‍ ആരോ എന്നെ ഫോണില്‍ വിളിച്ചപ്പോള്‍, മൊബൈല്‍ വെളിയിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍.  



ഒരു വിരലെ തുന്നി ചേര്‍ക്കാന്‍ സാധിക്കുള്ളോ എന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞപ്പോള്‍ വീണ്ടും തളര്‍ന്നു പോയി. മൂന്നു മണിക്കൂര്‍ വേണ്ടി വരും ഓപറേഷന്‍ ചെയ്തു തീരാന്‍ എന്നും ഡോക്ടര്‍ പറഞ്ഞു. ഓപറേഷന്‍ തിയ്യറ്ററിലേക്ക് കെട്ടി പൊതിഞ്ഞ കയ്യുമായി കൊണ്ട് പോകുന്ന എന്റെ മോനെ ഞാന്‍ നിസ്സഹായതോടെ നോക്കി നിന്നു. 



എന്നാല്‍ എന്റെ മോന്റെ ഓപറേഷന്‍ കഴിഞ്ഞു പുറത്തുകൊണ്ടു വരുന്നത് വരെ അവിടെ തുടരാന്‍ പോലും എന്നിലുള്ള പ്രവാസിക്ക് അനുവാദമില്ലായിരുന്നു. ഒരു മണിക്കൂറിനുള്ളില്‍ പുറപ്പെടണം എന്ന്, എനിക്ക് ഏറ്റവും അടുത്തവര്‍ വന്നു കാതില്‍ പറഞ്ഞപ്പോള്‍, പൊട്ടികരയാനെ എനിക്ക് തോന്നിയത്. പരിസരം മറന്നു ഞാന്‍ നിലവിളിച്ചു. വെറും ഒരു പണം സമ്പാദിക്കാനുള്ള  പ്രവാസി മാത്രമല്ല ഒരു പിതാവും കൂടിയാണ് ഞാന്‍ എന്ന സത്യം  പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ പോയോ  എന്ന് ഞാന്‍ സംശയിച്ചു.................................................................

ഇത്രയ്ക്കു പറഞ്ഞു,
ഇവിടെ ഞാന്‍ എന്ത് നിലപാട് സ്വീകരിക്കണമായിരുന്നു എന്ന് ഖത്തറിലേക്കുള്ള വിമാനം കാത്തിരിക്കുന്നതിനിടയില്‍ ഷാജുക്ക എയര്‍പോര്‍ട്ടില്‍ വെച്ച് എന്നോട് ചോദിച്ചപ്പോള്‍, ഉത്തരം പറയാന്‍ ഞാന്‍ പ്രയാസപ്പെടുകയായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു വാക്കും എന്റെ അറിവില്‍ ഉണ്ടായിരുന്നില്ല. എന്തൊക്കയോ വാക്കുകള്‍ പറഞ്ഞു ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും, തൊണ്ടയില്‍ കുടുങ്ങിയ ആ വക്കകള്‍ക്ക് ശബ്ദം നല്‍കി പുറത്തുകൊണ്ടു വരാന്‍ എനിക്ക് കഴിഞ്ഞില്ല.


അവസാനം ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു 'കരയാനല്ല, കരയുന്നവരുടെ കണ്ണീരൊപ്പാനെ  ഈ പ്രവാസിക്ക് അര്‍ഹതയുള്ളോ'. 
ബിലാല്‍ (ബിലു)

Thursday 8 September 2011

ഓണാശംസകള്‍








കഴിഞ്ഞ കാലങ്ങളിലെ കണ്ടശ്ശാംകടവ് വള്ളം കളിയും 
ചന്ദ്രേട്ടന്റെ ആര്‍പ്പു വിളികളുടെ നാദവും സ്വപ്നത്തില്‍ അലയുകയായിരുന്നു. 
ഓണമെന്നാല്‍ നിറങ്ങളുടെ ഉത്സവമായിരുന്നു എനിക്ക് പ്രതീക്ഷകളുടെ പുണ്യവും. 
ഇന്ന് എന്ന യാധാര്ത്യത്തിനു മുന്നില്‍ പകച്ചു 
നില്‍ക്കുകയാണ് ഞാന്‍ 
പീഡനങ്ങളും, സ്ഫോടനങ്ങളും 
ഓണക്കളിയാകുന്ന ഈ നിമിഷത്തില്‍. 
എല്ലാത്തിനുമുപരി അകന്നു പോകുന്ന ബന്ധങ്ങള്‍ക്കും 
ആത്മാര്‍തതയില്ലാത്ത സ്നേഹത്തിനും മുന്നില്‍.
വീണ്ടും യാത്ര തുടരുകയാണ് ഞാന്‍ 
സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെ. 
എവിടെയോ എന്നെയും കാത്തു നില്‍പ്പുണ്ടത് എന്ന ആത്മവിശ്വാസത്തോടെയും.


ഹൃദയത്തിന്റെ ഭാഷയിലുള്ള ഓണാശംസകളോടെ 

-അഷ്‌റഫ്‌ അമ്പലത്ത്-




Monday 1 August 2011

കഥയല്ലിതു ജീവിതം.


        പണ്ട് പണ്ട് ഏതോ ഒരു നാട്ടില്‍ രണ്ടു യുവാക്കള്‍ ജീവിച്ചിരുന്നു. വളരെ അടുത്ത രണ്ടു കൂട്ടുകാരായിരുന്ന അവര്‍ക്ക് സാജന്‍ എന്നും , ഷാജഹാന്‍ എന്നും പേരുകൊടുക്കാം താല്‍ക്കാലികമായി നമുക്ക്. ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചും പഠിച്ചും വളര്‍ന്നവരായിരുന്നു സാജനും ഷാജഹാനും. രണ്ടു പേര്‍ക്കും വിവാഹ പ്രായമായപ്പോള്‍, ഓരോ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒരേ സമയത്ത് തന്നെ രണ്ടുപേരുടെയും വിവാഹവും നടന്നു. വിവാഹത്തിന്റെ തിരക്കുകൊണ്ടും മറ്റും കല്യാണ ശേഷം കുറെ ദിവസങ്ങള്‍ രണ്ടുപേരും പരസ്പരം കണ്ടിരുന്നില്ല. ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടു പേരും പിന്നീട് കണ്ടു മുട്ടിയത്‌. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പറയാനുള്ള ആവേശത്തിലായിരുന്നു രണ്ടു പേരും. ''ഷാജഹാന്‍ പറഞ്ഞു - വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്നാണു എനിക്കിപ്പോള്‍ തോന്നുന്നത്''.
''എന്ത് പറ്റി'' ? സാജന്‍ ചോദിച്ചു.




''ഞാന്‍ വിവാഹം ചെയ്തു എന്‍റെ വീട്ടില്‍ ഭാര്യയുമായി വന്ന അന്ന് മുതലേ അവസാനിച്ചു എന്‍റെ എല്ലാ സന്തോഷങ്ങളും. എപ്പോഴും ഞങ്ങളുടെ വീട്ടില്‍ പ്രശ്നങ്ങളെ ഉള്ളൂ. വീട്ടിലേക്ക് കയറി ചെല്ലാന്‍ പോലും ഭയമാണിപ്പോള്‍ എനിക്ക്. മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും വാര്‍ത്തകളായിരിക്കും വീട്ടില്‍ എന്നെയും കാത്തിരിക്കുന്നത്. എല്ലാ വിഷയത്തിലും ഒരു സ്ഥാനം വഹിക്കുന്നത് എന്‍റെ ഭാര്യയായിരിക്കും. എങ്ങിനെ ഇതൊന്നു പരിഹരിച്ചു കിട്ടും എന്നൊരു പിടിയും കിട്ടുന്നില്ലെനിക്ക്. അതൊക്കെ പോട്ടെ, എന്താണ് വിവാഹ ശേഷമുള്ള നിന്‍റെ വിശേഷങ്ങള്‍ "? ഷാജഹാന്‍, സാജനോട് ചോദിച്ചു.




"എനിക്ക് വളരെ സുഖമാണ്. സാജന്‍ തുടര്‍ന്നു -
കുറച്ചും കൂടെ മുമ്പേ വിവാഹം ചെയ്യാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത്. വീട്ടുകാര്‍ക്കെല്ലാം മുമ്പൊന്നും ഇല്ലാത്തത്ര സ്നേഹമാണെന്നോടിപ്പോള്‍. എന്ത് കാര്യത്തിനും എന്‍റെ ഭാര്യയെയാണ് വീട്ടുകാർ  മുന്നില്‍ നിര്‍ത്തുന്നത്. അവളുടെ സ്വഭാവം അവര്‍ക്കത്ര ഇഷ്ടമായി. ശരിക്കും ഒരുപാട് വര്‍ഷത്തെ പരിചയം എന്‍റെ വീട്ടുകാരുമായി ഉള്ളതുപോലെയാണ് അവളുടെ പെരുമാറ്റം. വീട്ടുകാരുടെ ഈ സന്തോഷം കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സംതൃപ്തിയും തോന്നാറുണ്ട്".




"തീര്‍ത്തും വ്യത്യസ്തമാണല്ലോ നമ്മള്‍ രണ്ടു പേരുടെയും അനുഭവങ്ങള്‍. ഇത്രയ്ക്കു പെട്ടെന്ന് നിന്‍റെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കുവാന്‍ എങ്ങിനെയാണ് നിനക്ക് കഴിഞ്ഞത്? ഷാജഹാന്‍ വളരെ കൌതുകത്തോടെ സാജനോട് ചോദിച്ചു.


"ഓ അതോ? അത് വളരെ എളുപ്പത്തില്‍ ഞാന്‍ സാധിച്ചെടുത്തു. സാജന്‍ തുടര്‍ന്നു,  ദാമ്പത്യ ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം വളരെ ആശങ്കയായിലായിരുന്നു ഞാന്‍. എന്നും വഴക്ക് കൂടുന്ന എന്‍റെ ജേഷ്ടനും, ചേട്ടത്തിയും. ഭര്‍ത്താവിനെ ഉപേക്ഷിച്ചു വീട്ടില്‍ നില്‍ക്കുന്ന എന്‍റെ പെങ്ങള്‍, ഇവരെല്ലാമായിരുന്നു എന്‍റെ ആശങ്കക്ക് കാരണക്കാര്‍. അതുകൊണ്ട് തന്നെ വലിയൊരു തയ്യാറെടുപ്പ് നടത്തേണ്ടി വന്നു മുന്‍കൂട്ടി എനിക്ക്".




"എന്നീട്ടു"? കൌതുകത്തോടെ ഷാജഹാന്‍ ചോദിച്ചു.


"സാജന്‍ വീണ്ടും തുടര്‍ന്നു - വിവാഹം കഴിഞ്ഞു ഞാനെന്റെ ഭാര്യയുമായി വീട്ടില്‍ ആദ്യമായി കയറിയപ്പോള്‍, ആരെയും എന്‍റെ വീട്ടില്‍ പരിചയമില്ലാത്ത എന്‍റെ ഭാര്യ, വീട്ടിലെ ഓരോരുത്തരെ പരിചയപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.


പെട്ടെന്ന്, എന്‍റെ വീട്ടില്‍ വളര്‍ത്തുന്ന ഒരു കോഴി വീടിനു അകത്തേക്ക് വന്നു. ഞാന്‍ വസ്ത്രം മാറ്റുന്നതിനടയില്‍ ആ കോഴിയെ പുറത്തേക്കു പോകാന്‍ വേണ്ടി ആംഗ്യം കാണിച്ചു. പുറത്തു പോയ കോഴി വീണ്ടും തിരിച്ചു അകത്തേക്ക് വന്നു. ഞാന്‍ വീണ്ടും എന്‍റെ ആംഗ്യം ആവര്‍ത്തിച്ചു, കോഴി വീണ്ടും പുറത്തു പോയി തിരിച്ചു അകത്തേക്ക് തന്നെ വന്നു. എനിക്ക് ദേഷ്യംവന്നു. ഞാന്‍ കോഴിയെ കുറെ ദൂരം ഓടിച്ചു എന്‍റെ മുറ്റത്ത്‌ വെച്ചു പിടിച്ചു. എന്നീട്ടു അതിന്റെ കഴുത്ത് പൊട്ടിച്ചു കൊന്നു, അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു അകത്തേക്ക് തിരിച്ചുവന്നു. ഇതെല്ലാം കണ്ടുകൊണ്ടു എന്‍റെ ഭാര്യ ഇടിവെട്ട് കൊണ്ടവളെപോലെ നില്പുണ്ടായിരുന്നു. അവള്‍ എന്‍റെ മുഖത്തേക്ക് നോക്കാന്‍ പോലും ഭയക്കുന്നുണ്ടായിരുന്നു. ഞാന്‍ ശാന്തനായി എന്ന് അവള്‍ക്കു ഉറപ്പു വന്നപ്പോള്‍, അവള്‍ പതുക്കെ എന്‍റെ അടുത്തുവന്നു. പാതി താഴ്ത്തിയ മുഖവുമായി, ഇടറുന്ന ശബ്ദത്തില്‍ എന്നോട് ചോദിച്ചു.




"എന്തിനാ ആ കോഴിയെ കൊന്നത്"? അതിനെ ഒന്ന് ശരിക്ക് ശബ്ദത്തോടെ ഭയപ്പെടുത്തിയിരുന്നു വെങ്കില്‍ അത് പോകുമായിരുന്നില്ലേ? അതിനെ കൊല്ലേണ്ടിയിരുന്നില്ലല്ലോ?


ഞാന്‍ പറഞ്ഞു



" ശരിയാണ്, അതിനെ കൊല്ലേണ്ടിയിരുന്നില്ല.

ആ കോഴി, ചെറിയൊരു കോഴിക്കുഞ്ഞായിരുന്ന സമയത്ത് ഞാനാണ് അതിനെ ചന്തയില്‍നിന്നും വാങ്ങി ഇവിടെ കൊണ്ട് വന്നത്. വളരെ താല്പര്യത്തോടെയായിരുന്നു ഞാനതിനെ വളര്‍ത്തിയിരുന്നത്. ഇന്നലെ വരെ ഞാന്‍ തന്നെയായിരുന്നു അതിനു ധാന്യങ്ങള്‍ നല്‍കിയിരുന്നതും. ഞാന്‍ വിളിച്ചാല്‍ അടുത്തു വരികയും, ഒരു ശബ്ദമുണ്ടാക്കിയാല്‍ ദൂരേക്ക് പോവുകയും ചെയ്യുമായിരുന്നു ഇന്നലെ വരെ അത്. പക്ഷെ ഇന്ന് ആ കോഴി എന്നെ ധിക്കരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനര്‍ത്ഥം എന്നെ അത് അനുസരിക്കില്ല എന്നതാണ്. എന്നെ അത് അനുസരിക്കുന്നിടത്തോളം ഞാനതിനു ധാന്യങ്ങള്‍ കൊടുത്തു. എന്നാല്‍ എന്നെ ധിക്കരിക്കുന്ന അതിനെ ഇനി എന്‍റെ തണലില്‍ ജീവിക്കാന്‍ അനുവദിച്ചുകൂടാ. ഇതാണ് എന്‍റെ സ്വഭാവം. ഇത് നിനക്കുള്ള ഒരു പാഠവും കൂടിയാണ്.


എന്‍റെ ഇഷ്ടാനിഷ്ടങ്ങളെ നീ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നിടത്തോളം നിനക്ക് ഈ വീട്ടില്‍ അല്ല, എന്‍റെ മനസ്സിലാണ് സ്ഥാനം. എപ്പോള്‍ എന്നെ നീ ധിക്കരിക്കുന്നുവോ, അന്ന് വരേയ്ക്കും ആ സ്ഥാനം നിനക്ക് അലങ്കരിക്കാം. എന്ന് ഞാനെന്റെ ഭാര്യയോടു പറഞ്ഞു. അത് അവള്‍ എല്ലാ അര്‍ത്ഥത്തിലും ഉൾ കൊള്ളുകയും അംഗീകരിക്കുകയും ചെയ്തു. ഇതായിരിക്കാം എന്‍റെ ദാമ്പത്യജീവിത വിജയ രഹസ്യം".


ഇത്രയ്ക്കു കേട്ട ഷാജഹാന്‍ നേരെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ മുറ്റത്ത്‌ നില്‍പ്പുണ്ടായിരുന്നു ഒരു കോഴി. ഉടനെ ആ കോഴിയെ ഓടിച്ചു പിടിച്ചു ഭാര്യയുടെ മുന്നില്‍ കൊണ്ടുവന്നു അതിന്റെ കഴുത്ത് പൊട്ടിക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍ ഭാര്യ പറഞ്ഞു,


"എന്തിനാ ആ പാവം കോഴിയെ പേടിപ്പിക്കുന്നത്‌? അതിനെ കൊല്ലാന്‍ മാത്രമുള്ള മനക്കരുത്ത്‌ ഒന്നും നിങ്ങള്‍ക്കില്ലായെന്നു ഏറ്റവും കൂടുതല്‍ മനസിലാക്കിയവളാണ് ഞാന്‍. അതിനെ വിട്ടോളൂ അതുപോയി എന്തെങ്കിലും ധാന്യങ്ങള്‍ കൊത്തി തിന്നോട്ടെ".



കഥയിൽ ചോദ്യമില്ല എന്നറിയാലോ ല്ലേ..

Sunday 17 July 2011

ഭ്രാന്ത്

"എന്തായി അമ്മണി അമ്മെ പാര്‍വ്വതിക്ക്"?
"എന്റെ ലക്ഷ്മികുഞ്ഞേ, അതൊന്നും പറയാതിരിക്ക്യ നല്ലത്. ഇന്നലെ ആശുപത്രീന്ന് കൊണ്ടുപോന്നു. അവര് പറേണത്, പാറൂനെ വീട്ടീ തന്നെ കെടുത്ത്യാ മതീന്നാ. മരുന്ന് മുടങ്ങണ്ടാന്നും പറഞ്ഞു. പ്രത്യേകിച്ച് കൊഴപ്പോന്നും ഇല്ല്യാത്രേ അവക്ക്. ഇപ്പൊ താ, പല്ലുപോലും തേക്കാതെ ഇരിക്ക്യേണ്ട് അവടെ. എന്താ ചെയ്യാ, ന്റൊരു വിധ്യേ . മോള്, ആ പാലുണ്ട് ഇടുത്തേ, ഞാന്‍ പോട്ടെ".
ലക്ഷ്മിയില്‍ നിന്നും പാലും പാത്രം വേടിച്ചു അമ്മണിഅമ്മ വീട് ലക്‌ഷ്യം വെച്ച് വേഗത്തില്‍ നടന്നു.

"ലക്ഷ്മി, ആരായിരുന്നു അത്?  ആരുടെയോ സംസാരം കേട്ടല്ലോ അപ്പുറത്ത്".
"അത് നമ്മുടെ തെക്കേലെ അമ്മിണിഅമ്മ. പാല് മേടിക്കാന്‍ വന്നതായിരുന്നു. അവരുടെ താഴെയുള്ള മകള്‍ പാര്‍വ്വതി ഒരാഴ്ച ആശുപത്രിയില്‍ ആയിരുന്നു. ഇന്നലെ വീട്ടില്‍ കൊണ്ട് വന്നു". പ്രഭാകരന് ചായ ഗ്ലാസ് കൊടുക്കുന്നതിനിടയില്‍ ലക്ഷ്മി പറഞ്ഞു.

"ആ ടെലിഫോണ്‍ ബൂത്തില്‍ ഇരിന്നിരുന്ന കുട്ടിയല്ലേ? എന്ത് പറ്റി, ആ കൊച്ചിന്"? വീണ്ടും പ്രഭാകരന്‍ ചോദിച്ചു.
"പ്രഭേട്ടന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ, ആ പാറു ഒരു മീന്‍ കാരന്റെ കൂടെ ഓടിപ്പോയെന്നു. ഭാര്യയും രണ്ടു മക്കളും ഉള്ളവനായിരുന്നു അവന്‍. അത് പാറൂനും അറിയാമായിരുന്നു.

അവരുടെ മക്കളില്‍ ഏറ്റവും മിടുക്കിയായിരുന്നു പാറു. ഈ പ്രേമക്കാര്യം കേട്ടപ്പോഴേ ഞാനവളോട് പറഞ്ഞിരുന്നു 'ഇത് നിനക്ക് നല്ലതല്ല' എന്ന്. അതൊന്നും അവള്‍ കേട്ടില്ല. രണ്ടു മാസം എവിടൊക്കെയോ ഒളിച്ച്‌ താമസിച്ചു. ഇപ്പൊ അവളെ വീട്ടില്‍ കൊണ്ടുവന്നാക്കി അവന്‍. ഇടക്കൊക്കെ അവന്‍ വരുമത്രേ രാത്രിയില്‍. ഗര്‍ഭണിയാണിപ്പോള്‍ അവള്‍. അവന്‍ വരുന്ന ദിവസങ്ങളില്‍ അവളുടെ സംസാരവും ചിരിയുമെല്ലാം ഇങ്ങോട്ട് കേള്‍ക്കാം. അല്ലാത്ത ദിവസങ്ങളില്‍ അവള്‍ ഒരു ഭ്രാന്തിയെപ്പോലെ ആണ്. ഒരു ദിവസം മണ്ണെണ്ണ ഇടുത്തത്രേ ആത്മഹത്യ ചെയ്യാന്‍ വേണ്ടി. ഇപ്പോള്‍ ചില സമയത്ത് മാനസിക വിഭ്രാന്തിയാണ് അവള്‍ കാണിക്കുന്നത്. കഴിഞ്ഞ ആഴ്ച കിണറ്റില്‍ ചാടാന്‍ പോയതാണ്. എല്ലാവരുംകൂടെ പിടിച്ചു ആശുപത്രിയില്‍ കൊണ്ടുപോയി. പ്രഭേട്ടന് സമയമുണ്ടെങ്കില്‍ ഒന്ന് പോയി കണ്ടോ അവളെ. എനിക്ക് നൂറുകൂട്ടം പണിയുണ്ടിവിടെ. ഞാന്‍ ഉച്ച തിരിഞ്ഞു പൊയ്ക്കൊള്ളാം".
പാതി നിര്‍ത്തി വെച്ച പണി തുടരാന്‍  ലക്ഷ്മി അടുക്കള ലക്‌ഷ്യം വെച്ച് നടന്നു .  കസാരയില്‍ ചാരി കിടന്നിരുന്ന പ്രഭാകരന്‍ കുടിച്ചിരുന്ന ചായ ഗ്ലാസ് കയ്യിലെടുത്തു ലക്ഷ്മിയെ പിന്തുടര്‍ന്നു.

"നിനക്കറിയോ ലക്ഷ്മി, കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ആ പെണ്‍കുട്ടി ഇരിക്കുന്ന ടെലെഫോണ്‍ ബൂത്തില്‍ പോയിരുന്നു. ഞാന്‍ ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആ കുട്ടി ആരോടോ കുറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു ഫോണിലൂടെ. അവളുടെ സംസാരത്തില്‍ ശ്രദ്ദിച്ച എനിക്ക് മനസ്സിലായി ഇതെന്തോ ഒരു പ്രേമമാണെന്ന്. എന്റെ ഫോണ്‍ ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ കൊച്ചിനോട് പറഞ്ഞു - എന്താ ഒരു ചുറ്റിക്കളി ഉണ്ടെന്നു തോന്നുന്നു അല്ലേ? വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, അത് നീ അനുസരിക്കുകയും ഇല്ല എന്നെനിക്കറിയാം. പക്ഷെ, പേര് ദോഷം വരുത്തരുത്. നിന്റെ അച്ഛന്‍ മരിച്ചതിനു ശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മ നിങ്ങളെ വളര്‍ത്തിയത്‌. നിന്റെ നാല് ചേട്ടത്തിമാരെയും ആരെ കൊണ്ടും ദോഷം പറയിപ്പിക്കാതെ ഇറക്കികൊടുത്തു നിന്റെ അമ്മ. ഇനി താഴെയുള്ളവളാണ് നീ. അതുകൊണ്ട് ആരെ പ്രേമിച്ചാലും സ്വന്തം ഭാവി ഓര്‍ത്തുകൊണ്ട്‌ മാത്രം ആവണം. എല്ലാം കഴിഞ്ഞിട്ട് ഓര്‍ത്തു ദുഖിക്കുന്നതിനേക്കാള്‍ നല്ലത്, ഇപ്പോള്‍ ചിന്തിക്കുന്നതാണ്. എന്റെ സംസാരത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും അവള്‍ അന്ന് തന്നില്ല".

"എന്തായാലും പ്രഭേട്ടന്‍ ഒന്ന് പൊയ്ക്കോ അങ്ങോട്ട്‌". ലക്ഷ്മി ആവര്‍ത്തിച്ചു.
"എങ്കില്‍ നീ എന്റൊരു ടീ ഷര്‍ട്ട്‌ ഇങ്ങോട്ടെടുത്തെ, ഞാന്‍ കണ്ടിട്ട് വരാം അവളെ"
ലക്ഷ്മി അകത്തു പോയി ടീ ഷര്‍ട്ടും അഞ്ഞൂറ് രൂപാ നോട്ടും പ്രഭാകന്റെ കയ്യില്‍ കൊടുത്തു.
''ഇതാ കൊച്ചിന് കൊടുത്തോ, നമ്മളൊക്കെ അല്ലാതെ വേറെ ആരാ ഉള്ളത് അവരെ സഹായിക്കാന്‍''?
പൈസ വാങ്ങി പോക്കെറ്റില്‍ ഇട്ട പ്രഭാകരന്‍ അമ്മിണി അമ്മയുടെ വീട് ലെക്ഷ്യം വെച്ച് നടന്നു.

ഉമ്മറപ്പടിയില്‍ ഇരിക്കുകയായിരുന്ന പാര്‍വ്വതി പ്രഭാകരനെ കണ്ടതോടെ അകത്തേക്ക് എഴുന്നേറ്റുപോയി.
"ഞാന്‍ പാറൂനെ കാണാന്‍ വന്നതാ. എന്തേ അകത്തേക്ക് പോകുന്നേ"?
"എനിക്ക് ആരെയും കാണണ്ട. എന്നെ കാണാന്‍ ആരും ഇവിടെ വരികയും വേണ്ട".
വളരെ ദേഷ്യത്തിലായിരുന്നു അവളുടെ സംസാരം. ഉച്ചത്തിലുള്ള അവളുടെ സംസാരം കേട്ട് അമ്മിണി അമ്മ പുറത്തു വന്നു.


''കയറിവാ പ്രഭാകരാ" അമ്മിണി അമ്മ ക്ഷണിച്ചു.
പ്രഭാകരന്‍ കയറി തിണ്ണയില്‍ ഇരുന്നു.
"എന്ത്യേ, പാറു എന്തേലും മോശായി പറഞ്ഞ്വോ"? അമ്മിണി അമ്മയുടെ ചോദ്യം.
"അ, അവള്‍ എന്തോ പറഞ്ഞു. എന്താ പറഞ്ഞതെന്ന് ഞാന്‍ ശ്രദ്ദിച്ചില്ല. ഇപ്പോള്‍ എന്താ പാറൂന്റെ സ്ഥിതി"? പ്രഭാകരന്‍ ചോദിച്ചു.


"ഇതൊക്കെ തന്നെ മോനെ അവടെ കോലം. ആര് വന്നാലും ദേഷ്യത്തില്‍ പെരുമാറും. ചെലപ്പോ ഒപദ്രവിക്കാനും ശ്രമിക്കും. അതുകൊണ്ട് എനിക്ക് പേട്യ ആരേലും ഇവടെ വരുമ്പോ. പാലക്കാട് ഒരു സ്വാമി ഉണ്ടെന്നു ഒരാള്‍ പറഞ്ഞ്കേട്ടു. ഭയങ്കര പേരുകേട്ട ആളത്രേ. നാളെ പാറൂനെ അവടെ കൊണ്ട് പോണെന്നാ കരുത്യേക്കണേ". അമ്മിണി അമ്മ പറഞ്ഞു.
"എന്തായാലും അവളെ പുറത്തേക്കൊന്നു വിളിച്ചേ ഞാനൊന്ന് സംസാരിക്കട്ടെ അവളോട്‌" പ്രഭാകരന്‍ പറഞ്ഞു.
"ഞാന്‍ വിളിക്കാം, അവള്‍ വരോ ആവോ!". അമ്മണി അമ്മ അകത്തേക്ക് പോയി.
"എന്തേ എന്നെ വിളിച്ചേ"? പാതി തുറന്ന വാതിലിനിടയില്‍, കൊച്ചു കുട്ടിയെപോലെ ഒളിച്ച്‌ നിന്നു പാറു ചോദിച്ചു.


"ഇങ്ങോട്ട് വെളിയില്‍ വാ, പാറൂനെ ശരിക്കൊന്നു ഞാന്‍ കാണട്ടെ" പ്രഭാകരന്‍ പറഞ്ഞു.
പാതി താഴ്ത്തിയ മുഖവുമായി പുറത്തുവന്ന് പ്രഭാകരന്റെ മുന്നില്‍ നിന്നു പാറു.
"എന്താ നിന്റെ ഉദ്ദേശം"? ഒരു മുഖവുരയുമില്ലാതെ പ്രഭാകരന്‍ ചോദിച്ചു.
"എന്തിനാ മോളെ ആരുമില്ലാത്ത ആ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നത്? തെറ്റ് നിന്റെ കയ്യില്‍നിന്നും സംഭവിച്ചു. എന്നിട്ടും നിന്നോട് ഒരു വെറുപ്പും കാട്ടാതെ നിന്റെ അമ്മ നോക്കുന്നില്ലേ? ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കണോ?" പ്രഭാകരന്‍ പാര്‍വ്വതിയുടെ മുഖത്തേക്കൊന്നു നോക്കി. അപ്പോള്‍ രണ്ടു കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു പാര്‍വ്വതിയുടെ.


"എനിക്ക് ഓര്‍മ്മയുണ്ട് പ്രഭാകരെട്ട, കഴിഞ്ഞ തവണ പ്രഭാകരേട്ടന്‍ ടെലെഫോണ്‍ ബൂത്തില്‍ വെച്ച് എന്നെ ഉപദേശിച്ചത്. അന്ന് എനിക്ക് പ്രഭാകരേട്ടനോട് ദേഷ്യമാണ് വന്നത്. പ്രഭാകരേട്ടന്‍ എന്ന് മാത്രമല്ല, ഇതുപോലെ ഒരുപാട് പേരോട് എനിക്ക് ദേഷ്യമായിരുന്നു അന്ന്. എന്നെ ഉപദേശിച്ചവരെ യെല്ലാം ഇന്ന് കാണുമ്പോള്‍ എങ്ങിനെ നേരിടമെന്നു അറിയുന്നില്ല."


അഞ്ഞൂറ് രൂപാ നോട്ടു കയ്യില്‍ കൊടുത്തു പാറുവിനോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോള്‍ പ്രഭാകരന്‍ മനസ്സില്‍ ചോദിച്ചു.

''യാധാര്ത്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലും ഭ്രാന്തിനെ സമീപിക്കാമോ?''.

Friday 8 July 2011

നഷ്ട സ്വപ്നം I

 യാത്രാ മദ്ധ്യേയാണ് മിനി പറയുന്നത്,
''ഇവിടെ അടുത്ത് കടലുണ്ടല്ലോ നമുക്ക് കടല്‍ തീരത്ത് കുറച്ചു നേരം ഇരുന്നിട്ട് പോകാം'' എന്ന്. 
''ശരി, നിന്റെ ഇഷ്ടം പോലെ''. 
കടല്‍ തീരം ലക്‌ഷ്യം വെച്ച്, ഹൈവേയില്‍ നിന്നും വണ്ടി ഇടത്തോട്ട് തിരിച്ചു സുനില്‍. 
''പതിനേഴു കൊല്ലം മുമ്പ്, പ്രീ ഡിഗ്രീക്ക് പഠിക്കുമ്പോള്‍, ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും കൂടി ഇവിടെ പിക്നിക്കിനു വന്നീട്ടുണ്ട്. അന്ന് ഈ ചില്ട്രെന്‍സ് പാര്‍ക്കൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. സ്നേഹ തീരം എന്ന പേരും ഈ കടല്‍ തീരത്തിന് ഉണ്ടായിരുന്നില്ല എന്നാണെന്റെ ഓര്‍മ്മ". ഒരു പഴയകാല ഓര്‍മ്മയെ അയവിറക്കികൊണ്ട്, സുനില്‍ പറഞ്ഞു നിര്‍ത്തി.

കാറ് പതുക്കെ സ്നേഹതീരത്തിന്റെ തെങ്ങിന്‍ തോപ്പില്‍ ഒതുക്കി, പുറത്തു ഇറങ്ങി സുനില്‍. കൂടെ മിനിയും രണ്ടുമക്കളും. കടലും പാര്‍ക്കുമെല്ലാം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം. ടിക്കെറ്റ് എടുത്തു പാര്‍ക്കിനുള്ളില്‍ കയറി. ഒഴിവു ദിവസമായത്‌ കൊണ്ടായിരിക്കാം, അത്യാവശ്യം തിരക്കും അനുഭവപ്പെടുന്നുണ്ട് പാര്‍ക്കില്‍. ആ തിരക്കൊന്നും വക വെക്കാതെ കുട്ടികള്‍ ഊഞ്ഞാല്‍ ലക്‌ഷ്യം വെച്ച് ഓടി, പിറകില്‍ മിനിയും നടന്നു. സുനില്‍ പാര്‍ക്കിനൊരു മൂലയി വാര്ത്തിട്ടിരിക്കുന്ന ഒരു ബെഞ്ചില്‍, തന്റെ മക്കളുടെ കളികള്‍ ആസ്വദിച്ചു കൊണ്ടിരുന്നു. മിനിയും കുട്ടികളോട് കൂടെ കൂടി, അവരുടെ സന്തോഷവും ആഹ്ലാദവും ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കുട്ടികള്‍ ഊഞ്ഞാല്‍ ആടുമ്പോഴും, ഇടയ്ക്കിടെ സുനിലിന്റെ നേര്‍ക്ക്‌ കൈവീശി കാണിക്കുന്നുണ്ട്. സുനില്‍ അങ്ങോട്ടും. മിനി കിതച്ചു എന്ന് തോന്നുന്നു. കുട്ടികളെ സ്വയം ആടാന്‍ വിട്ടിട്ട്, സുനിലിന്റെ അടുത്ത് വന്നിരുന്നു. രണ്ടു പേരും കുട്ടികളുടെ കളി കണ്ടു, അതിനെ വിലയിരുത്തികൊണ്ടിരുന്നു. ഇടയ്ക്കു കുട്ടികള്‍ ഊഞ്ഞാലില്‍ നിന്നും വീഴുന്നുണ്ട്‌. അതൊന്നും വകവെക്കാതെ, വീണ്ടും ഊഞ്ഞാലില്‍ കയറിയിരുന്നു ആടുന്നുണ്ട്‌. കാഴ്ചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ മിനിയുടെ ശ്രദ്ദ പെട്ടെന്ന് ഒരു സ്ത്രീയിലേക്ക് ഉടക്കി. കുറെ മാറി ഒരു കുട്ടിയെ മടിയില്‍ വെച്ച് മണലില്‍ ഇരിക്കുകയാണാ സ്ത്രീ. തങ്ങളെയാണ് അവര്‍ ശ്രദ്ദിക്കുന്നതെന്ന് ആദ്യ നോട്ടത്തിലെ മിനിക്ക് മനസ്സിലായി. പതുക്കെ തന്റടുത്തിരിക്കുന്ന സുനിലിനെ തോണ്ടി മിനി പറഞ്ഞു,
"നമ്മുടെ ഇടതു ഭാഗത്തായി മഞ്ഞ ചുരിദാര്‍ ധരിച്ച് ഒരു കുട്ടിയെ മടിയില്‍ വെച്ചിരിക്കുന്ന ആ സ്ത്രീ നമ്മളെയാണ്‌ ശ്രദ്ദിക്കുന്നത്".

സുനില്‍ പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് സുനിലിന്റെ മുഖത്തുണ്ടായ ഭാവമാറ്റം മിനി ശ്രദ്ദിച്ചു. വര്‍ഷങ്ങളായി താന്‍ തിരഞ്ഞു നടന്നിരുന്ന ഒരാളെ കണ്ടെത്തിയ ആഹ്ലാദം, സുനിലിന്റെ മുഖത്ത് പ്രഘടമായി. പരിസരം മറന്നു അവന്‍ ഉറക്കെ പറഞ്ഞു.  "ഏയ്‌, അത് പ്രവിതയല്ലേ"?. 
"ഏതു പ്രവിത"? മിനിയുടെ ചോദ്യം.
"ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ? എന്റെ കൂടെ പഠിച്ചിരുന്ന ഒരു പ്രവിതയെ കുറിച്ച്. എന്റെ ഏറ്റവും അടുത്ത കൂട്ട് കാരിയായിരുന്നു വെന്നും, രണ്ടു മൂന്നു തവണ നമ്മുടെ വീട്ടില്‍ അവള്‍ വന്നീട്ടുണ്ടായിരുന്നു വെന്നുമെല്ലാം".  
"അത് ശരി, ആ പ്രവിതയാണോ അത്. എങ്കില്‍ ഞാനൊന്ന് പരിചയപ്പെട്ടിട്ട് വരാം".
മിനി ബെഞ്ചില്‍ നിന്നും  എഴുന്നേറ്റു പ്രവിതയുടെ അടുത്ത് ചെന്നു. 
"പ്രവിതയാണോ"? മുഖവുരയൊന്നുമില്ലാതെ മിനി ചോദിച്ചു.
"അതെ" പ്രവിതയുടെ മറുപടി.
"ആ ഇരിക്കുന്ന ആളെ അറിയോ"? വീണ്ടും മിനിയുടെ ചോദ്യം.

"അത് സുനിലാണെന്ന സംശയത്തില്‍ ഞാന്‍ നോക്കിയിരിക്കുക യായിരുന്നു. ആ ഗൈറ്റു കടന്നു നിങ്ങള്‍ പാര്‍ക്കിനുള്ളിലേക്ക് കടക്കുമ്പോഴേ എനിക്ക് തോന്നി അത് സുനിലാണ് എന്ന്. സുനിലിന്റെ അതെ നടത്തം. പക്ഷെ തടികൂടുതല്‍ കണ്ടപ്പോള്‍ എനിക്ക് സംശയം, അത് സുനില്‍ ആയിരിക്കില്ല എന്ന്. കാരണം സുനില്‍ പഠിക്കുന്ന സമയത്ത് ഒരു വണ്ണം കുറഞ്ഞ പയ്യനായിരുന്നു. എന്നും ഞങ്ങള്‍ ഭക്ഷണം സ്പോണ്സര്‍ ചെയ്യാമെന്ന് കളിയാക്കി പറയുമായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന ആണ്പിള്ളരെല്ലാം അവനെ എല്ലന്‍ സുനില്‍ എന്നാണു വിളിക്കാറ്. പക്ഷെ അവരോടെല്ലാം ഞാന്‍ എന്നും വഴക്കുകൂടു മായിരുന്നു".
കിട്ടിയ അവസരം പാഴാക്കാതെ, ആര്‍ത്തിയില്‍ പ്രവിത വാചാലയായപ്പോള്‍, മിനി പറഞ്ഞു.
"എങ്കില്‍ പ്രവിത ഉദ്ദേശിച്ച ആള് തന്നെയാണ് അത്. എന്നോട് പറഞ്ഞതാണ്, അത് പ്രവിതയാണോ എന്ന് നോക്കാന്‍. കോളേജ് വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഇടയ്ക്കിടെ പ്രവിതയെകുറിച്ച് എന്നോട് പറയാറുണ്ട്‌ സുനില്‍എന്തായാലും ഇനി നേരിട്ട് സംസാരിച്ചോ". പ്രവിതയെയും കൂട്ടി മിനി സുനിലിന്റെ അടുത്ത് ചെന്നു. 
"ചേട്ടന്‍ ഉദ്ദേശിച്ച ആള് തന്നെയാണ്". മിനി പരിചയപ്പെടുത്തി. 
സന്തോഷം എങ്ങിനെ പ്രഘടിപ്പിക്കണമെന്നു ഒരു പിടിയുമുണ്ടായിരുന്നില്ല രണ്ടു പേര്‍ക്കും.

"പതിനേഴു വര്‍ഷത്തിനു ശേഷമാണ് ഞാനീ കടല്‍ തീരത്ത് എത്തുന്നത്‌. അന്ന് നമ്മള്‍ പിക്ക്നിക്കിന് വന്നില്ലേ, അതിനു ശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ ഇവിടെ എത്തുന്നത്‌. സത്യത്തില്‍ ഇവിടെ വന്നത് മുതലേ ഞാന്‍ എന്റെ ആ പഴയകാല ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ടിരിക്കുക യായിരുന്നു".
നെടു വീര്‍പ്പോടെ സുനില്‍ നിര്‍ത്തിയപ്പോള്‍ പ്രവിത പറഞ്ഞു.
"ഞാന്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. നാട്ടില്‍ വന്നാല്‍ ഞാന്‍ കൂടുതല്‍ ദിവസവും ഇവിടെ വന്നിരിക്കും. ഇവിടെ ഇങ്ങനെ വന്നിരിക്കാന്‍ ഭയങ്കര സുഖമാണ്. എന്റെയും മനസ്സ് ആ പഴയകാല ഓര്‍മ്മയിലേക്ക് തന്നയാണ് പോകാറു ഇവിടെ വന്നാല്‍".
"പ്രവിത കുട്ടിയേയും എടുത്തു ഇങ്ങനെ നില്‍ക്കണ്ട, ഇവിടെ ഇരുന്നോ. ഞാന്‍ കുട്ടികളെ ഒന്ന് നോക്കിയിട്ട് വരാം". ഇത് പറഞ്ഞ മിനി കുട്ടികളുടെ അടുത്തേക്ക് നടന്നു.
''എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് നീ തന്നെയാണെന്ന്." സുനില്‍ പറഞ്ഞു.
"എനിക്കും" സുനിലിന്റെ വാക്കിനെ അടിവരയിട്ടുകൊണ്ട് പ്രവിത പറഞ്ഞു.

"ഓര്‍മ്മയുണ്ടോ നിനക്ക് പിക്കിനിക്കിനു പോകുന്നതിനെ കുറിച്ച് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍, എല്ലാവരും ഭക്ഷണം കൊണ്ട് വരണമെന്ന് പറഞ്ഞപ്പോള്‍, ഞാനെഴുന്നേറ്റു നിന്ന്, എങ്കില്‍ ഞാനില്ലായെന്ന് പറഞ്ഞത്. ഉടനെ നീയാണ് പറഞ്ഞത്, സുനില്‍ എന്തായാലും ഉണ്ടാകും എന്ന്. ക്ലാസ് വിട്ടു ബസ്സ്‌ കയറാന്‍ വേണ്ടി ബസ്സ്റ്റോപ്പില്‍ വന്നു നില്‍ക്കുമ്പോള്‍, എന്റെ കൂട്ട് കാരെല്ലാം എന്നോട് പറഞ്ഞു 'എടാ പ്രവിതക്ക് നിന്നോടെ എന്തോ അടുപ്പം ഉണ്ട്. അത് സാധാരണ അടുപ്പമൊന്നുമല്ല. എത്ര ആണ്പിള്ളേര്‍ പറഞ്ഞു പിക്നിക്കിനു പോരുന്നില്ല എന്ന്. നിന്റെ കാര്യത്തില്‍ മാത്രം എന്താ അവള്‍ക്കിത്ര നിര്‍ബന്തം. ഇപ്പോള്‍ ലാസ്റ്റ് അവള്‍ പറഞ്ഞത് കേട്ടില്ലേ നീ? സുനിലിനുള്ള ഭക്ഷണം ഞാന്‍ കൊണ്ട് വരാമെന്ന്". പഴയ കാല സ്മരണയെ വീണ്ടും തഴുകി ഉണര്‍ത്തി സുനില്‍.

"നിനക്ക് ഓര്‍മ്മയില്ലെടാ? അന്ന് നീ തന്നതാണെന്ന് പറഞ്ഞു നമ്മുടെ ഷിഹാബ് ഒരു പ്രേമലേഖനം എന്റെ പുസ്തകത്തില്‍ വെച്ച് തന്നത്. അന്ന് നീ ഒരു ഔര്‍ നേരത്തോടെ പോയിരുന്നു. നമ്മുടെ ആ അടുപ്പം കണ്ടിട്ട് തെറ്റിദ്ദരിച്ചിട്ടു ചെയ്തതായിരുന്നു അന്നവര്‍ അത്. എനിക്കത് കിട്ടിയപ്പോള്‍ നിന്നോട് വന്നീട്ടുള്ള ദേഷ്യം. പ്രേമ ലേഖനം എനിക്ക് തന്നു എന്നതുകൊണ്ടല്ല. നിനക്ക് എന്തെങ്കിലും എന്നോട് പറയാനോ അറിയിക്കാനോ ഉണ്ടായിരുന്നുവെങ്കില്‍, അത് നേരിട്ട് ആകാമായിരുന്നില്ലേ? ഇത്ര അടുപ്പം ഉണ്ടായിട്ടും എന്തിനാ മറ്റൊരാളെ ചുമതലപ്പെടുത്തിയതു?   ഞാന്‍ ആദ്യം വിചാരിച്ചത്, നീ തന്നെ എഴുതിയതാകുമെന്നായിരുന്നു. പക്ഷെ കയ്യക്ഷരത്തിലാണ് എനിക്ക് മനസ്സിലായത്‌. നിന്റെ എഴുത്തല്ലാ തെന്ന്. അത് എന്റെ പുസ്തകത്തില്‍ വെച്ച് തരുമ്പോള്‍ നമ്മുടെ ആ ഷിഹാബ് എന്താ പറഞ്ഞതെന്ന് അറിയോ നിനക്ക്? ഇത് വേറെ ആരും അറിയരുത് എന്ന് സുനില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതിന്റെ മറുപടിയും എന്റെ കയ്യില്‍ തന്നെ തന്നാല്‍ മതി. നേരിട്ട് തരാനുള്ള ബുദ്ദിമുട്ടു കൊണ്ടാണ് എന്നെ ഏല്പിച്ചു സുനില്‍ ഒരു ഔര്‍ നേരത്തെ പോയത് എന്ന്. ഞാന്‍ ശരിക്കും വിശ്വസിച്ചു ആദ്യം".

മനസ്സിനുള്ളില്‍ വര്‍ഷങ്ങളായി താലോലിച്ചു നടന്ന ഓര്‍മ്മകള്‍ സംസാരത്തിന്റെ രൂപത്തില്‍  പ്രവിതയുടെ വായില്‍നിന്നും പുറത്തു വന്നപ്പോള്‍, ഒരുപൊട്ടിയ ജല സംഭരണിയുടെ കുത്തൊഴുക്കായി  തോന്നി. വാചാലയാകുന്ന പ്രവിതയുടെ വാക്കുകളെ കീറിമുറിച്ചുകൊണ്ട് സുനില്‍ പറഞ്ഞു.
"എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയോ"?
"അതെന്താ നീ അങ്ങിനെ ചോദിക്കുന്നത്? നിന്നോട് എപ്പോഴെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ ഞാന്‍? ചോദിച്ചോ നീ, സത്യം തന്നെ ഞാന്‍ പറയുള്ളൂ".
"സത്യത്തില്‍ നിനക്ക് എന്നോട് പ്രേമമുണ്ടായിരുന്നോ"?
അപ്രതീക്ഷിതമല്ലാത്ത ചോദ്യം കേട്ട ലാഖവത്തോടെ പ്രവിത പറഞ്ഞു.

"ഉണ്ടായിരുന്നു. കുറച്ചല്ല, ഒരുപാട് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ദം അതായിരിക്കാം, നിന്നോട് അത് തുറന്നു പറഞ്ഞില്ലായെന്നത്. എന്നും ഞാന്‍ കോളേജില്‍ വരുന്നതിനേക്കാള്‍ മുമ്പ് മനസ്സില്‍ പ്ലാന്‍ ചെയ്യും, ഇന്ന് എന്തായാലും നിന്നോടത് പറയണമെന്ന്. പക്ഷെ നിന്റെ അടുത്ത് വരുമ്പോള്‍, ഞാനാകെ ഭയക്കും. എന്റെ കൂട്ടുകാരി സിന്ധുവിനോട് ഞാനത് പറഞ്ഞിരുന്നു ഒരിക്കല്‍. അവള്‍ ഇടയ്ക്കിടെ എന്നോട് ചോദിക്കും നീ അത് പറഞ്ഞോ അവനോടെന്നു. ഞാന്‍ പറയും ഇല്ല, അതിനു സമയമായിട്ടില്ലായെന്നു. നീ എങ്ങിനെ അതിനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ പേടി. ഒരു ദിവസമെങ്കിലും നീ ക്ലാസ്സില്‍ വരാതിരുന്നാല്‍ എനിക്കുണ്ടായിരുന്ന വിഷമം എത്രയായിരുന്നു എന്നെനിക്കു തന്നെ അറിയില്ലായിരുന്നു. ഒരു പത്തു വട്ടമെങ്കിലും നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ സമീറിനോട് ഞാന്‍ ചോദിക്കും 'നീ എന്തെ വരാതിരുന്നത്? എന്ന്.  ഒഴിവു ദിവസങ്ങള്‍ വരുന്നു എന്നോര്‍ക്കുമ്പോള്‍ തന്നെ, എന്റെ മനസ്സ് പിടക്കുമായിരുന്നു. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് - ഞാനെന്താ ഇങ്ങനെയെന്നു.

ഒരിക്കല്‍ എന്റെ അടുത്തുള്ള ഒരു ചെക്കന്‍ ഒരു പ്രേമ ലേഖനം തന്നപ്പോള്‍ എന്നെക്കൂടാതെ അത് വായിച്ചൊരു വ്യക്തി നീയായിരുന്നു. നീ ചോദിച്ചില്ലേ അതിനെന്താ മറുപടി എഴുതാത്തതെന്ന്? അപ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞ മറുപടി നിനക്ക് ഓര്‍മ്മയുണ്ടോ? 'എന്റെ സങ്കല്‍പ്പത്തിലുള്ള കാമുഖനെക്കാള്‍ തടി കൂടുതലാണ് അവനെന്നു'. നീ അത് മനസ്സിലാക്കും എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ അത്രയ്ക്ക് പറഞ്ഞത്. പക്ഷെ.........

അന്ന് പിക്ക്നിക്കിന് പോകുമ്പോള്‍ അമ്മ ചോദിച്ചു 'എന്തിനാ നിനക്ക് ഇത്ര മാത്രം ചോറ് എന്ന്' ഞാന്‍ പറഞ്ഞു. എന്റൊരു കൂട്ടുകാരിക്കും കൂടെ വേണം അമ്മെ, അവള്‍ ദൂരെ നിന്നും വരുന്നത് കൊണ്ട് ഭക്ഷണം കൊണ്ട് വരാന്‍ കഴിയില്ലായെന്നു. അന്ന് അമ്മ ഉണ്ടാക്കി തന്ന കറി കൂടാതെ ഞാനെന്റെ വകയായി ഉണ്ടാക്കിയതായിരുന്നു ആ ചട്നി. എന്റെ കൈ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി നിന്നെ കഴിപ്പിക്കണം എന്ന് നിര്‍ബന്തമുള്ളത് കൊണ്ട് ഉണ്ടാക്കിയതായിരുന്നു അന്നത്. വാഴയിലയില്‍ ചോറ് പൊതിയുമ്പോള്‍ അമ്മ വീണ്ടും ചോദിച്ചു 'ഒരു ഇലയും കൂടെ വെച്ചൂടെ മോളെ അതില്‍, കൂട്ടുകാരിക്കും കൂടെ കഴിക്കേണ്ടതല്ലേ' എന്ന്. ഞാനത് കേള്‍ക്കാത്ത മാതിരി ഭക്ഷണം പൊതിഞ്ഞു. അങ്ങിനെ രണ്ടില അതില്‍ വെച്ചിരുന്നാല്‍ നീ മാറിയിരുന്നു കഴിക്കും. അതിനെക്കാളും ഞാന്‍ ഇഷ്ടപ്പെട്ടത് നമ്മള്‍ രണ്ടു പേരും ഒരു ഇലയില്‍ നിന്നും കഴിക്കാനായിരുന്നു. അത് കഴിക്കുമ്പോള്‍ ഓരോരുത്തരും പറഞ്ഞിരുന്ന കമെന്റ്സ് നിനക്ക് ഓര്‍മ്മയുണ്ടോ?

നീ എന്റെ ചേട്ടന്റെ കല്യാണത്തിന് വന്നിരുന്നില്ലേ, ഒരിക്കല്‍? അന്ന് ഞാന്‍ എന്റെ മൂത്ത ചേട്ടത്തി (ചേട്ടന്‍റെ ഭാര്യ) യോട് പറഞ്ഞു, ഇവനാണ് എന്റെ കക്ഷിയെന്നു. അപ്പോള്‍ ചേച്ചി പറഞ്ഞു ഇവന് തടി വളരെ കുറവാണല്ലോടീ എന്ന്. അത് നമുക്ക് തടി വെപ്പിക്കാവുന്നതല്ലേ ഉള്ളൂ ചേച്ചി എന്ന് ഞാനും.
ഓര്‍മ്മ യുണ്ടോ നിനക്ക് അന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍, ഒരു പഴം കൊണ്ട് വന്നീട്ട് ഇത് എന്റെ വക എന്ന് പറഞ്ഞു ചേച്ചി നിനക്ക് തന്നത്? ചേച്ചി പോലും ആഗ്രഹിച്ചിരുന്നു, എന്റെ മനസ്സിലെ സ്നേഹം നിന്നോട് തുറന്നു പറയണമെന്ന്.
ഇടയ്ക്കു ചേച്ചിയും എന്നോട് ചോദിക്കാറുണ്ടായിരുന്നു 'എവിടം വരെയായി കാര്യങ്ങളെന്ന്'. അതിനും വ്യക്തമായ മറുപടി കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നു".

ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുംതാന്‍ കണ്ട സ്വപ്നത്തെ എത്രമാത്രം പ്രവിത മനസ്സില്‍ താലോലിക്കുന്നു വെന്ന് മനസ്സിലാക്കുംവിധ മായിരുന്നു അവളുടെ ഓരോ വാക്കുകളും. അവള്‍ കണ്ട സ്വപ്നത്തിന്റെ വലുപ്പം അവളുടെ വാചാലതയില്‍ ദര്‍ശിക്കുമായിരുന്നു. വീണ്ടും വീണ്ടും ആ മധുര സ്മരണകളെ അവള്‍ നെഞ്ചിലേറ്റി കൊണ്ടേ ഇരുന്നു. നഷ്ട സ്വപ്നങ്ങളാണ് എന്നറിഞ്ഞിട്ടും അവളതിനു ചിറകുകള്‍ നല്കിയിരിക്കുന്നു. ആ ചിറകിലേറി ഇന്നുമവള്‍ പറന്നു കൊണ്ടേ ഇരിക്കുന്നു. യാഥാര്‍ത്ഥ്യം ഇപ്പോഴും പ്രവിത ഉള്കൊണ്ടിട്ടില്ലേ?

എന്തായാലും വിഷയത്തിന്റെ ഗതി മാറ്റിയെ മതിയാവൂ. ഈ വിഷയം ഇനിയും സംസാരിച്ചിരിക്കുന്നത് അഭികാമ്യമല്ല എന്ന് സുനിലിനു തോന്നി. 
വിഷയം മാറ്റാന്‍ വേണ്ടി സുനില്‍ ചോദിച്ചു.
''സംസാരത്തിനിടയില്‍ നിന്നെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ വിട്ടു പോയി.
നിന്റെ ഭര്‍ത്താവ് എവിടെയാണ്? എത്ര മക്കള്‍ ഉണ്ട്? എങ്ങോട്ടാണ് വിവാഹം ചെയ്തത്?

നഷ്ട സ്വപ്നംII

ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍മതി

                          അത് വരേയ്ക്കും വാചാല യായിരുന്ന പ്രവിതയുടെ മുഖം പെട്ടെന്ന് വാടുന്നതായി സുനില്‍ ശ്രദ്ദിച്ചു. വലിയൊരു ദുഃഖം ഉള്ളിലൊതുക്കി അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. പക്ഷെ അവളുടെ പുഞ്ചിരിക്കുള്ള സാഹചര്യം പോലും അസ്ഥാനത്താക്കി, പെട്ടെന്ന് വന്ന കാര്‍മേഘം വെയിലിനെ വിഴുങ്ങുന്ന പോലെ, പ്രവിതയുടെ മുഖം ഇരുളാന്‍ തുടങ്ങി. എവിടെ എങ്ങിനെ തുടങ്ങണമെന്നറിയാതെ അവള്‍ വാക്കുകള്‍ക്കു വേണ്ടി പരക്കം പായുകയായിരുന്നു. വാക്കുകള്‍ തൊണ്ടയില്‍ എവിടെയോ തടഞ്ഞു നില്‍ക്കുന്നതായി തോന്നുമായിരുന്നു. വാക്കുകളെ വാചകങ്ങളായി കൂട്ടി യോജിപ്പിക്കാന്‍ കഴിയാതെ അവള്‍ പ്രയാസപ്പെടുകയായിരുന്നു. വെളുത്തു തുടുത്ത അവളുടെ മുഖം പെട്ടെന്ന് ചുമക്കുന്നതായി തോന്നി. പണ്ടും വൈകാരിക നിമിഷങ്ങളില്‍ പ്രവിത അങ്ങിനെയാണ്. അവളുടെ മുഖം ആകെ ചുമക്കും.

"നിനക്ക് അറിയാലോ, സാമ്പത്തികമായി നല്ല ചുറ്റുപാടായിരുന്നു എന്റേതെന്നു. പ്രീ ഡിഗ്രി കഴിഞ്ഞതോടെ എന്റെ പഠിപ്പ് നിര്‍ത്തി. പിന്നെ കുറെ കമ്പ്യൂട്ടര്‍ ക്ലാസ്സും മറ്റുമായി, രണ്ടു കൊല്ലം തള്ളി നീക്കി. പെണ്മക്കളില്‍ മൂത്തത് ഞാനായതുകൊണ്ടും, അത്യാവശ്യം സൌന്ദര്യം എനിക്കുള്ളത് കൊണ്ടുമായിരിക്കാം, വിവാഹാലോചനകള്‍ ഒരുപാട് വന്നുകൊണ്ടേ ഇരുന്നു. പക്ഷെ എനിക്ക് അപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഇപ്പോഴുള്ള എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലോ എന്ന ഭയമായിരുന്നു അതിനു കാരണം.
പക്ഷെ അമ്മക്ക് ഭയങ്കര നിര്‍ബന്തമായിരുന്നു ഉടനെ എന്നെ വിവാഹം ചെയ്തുകൊടുക്കാന്‍. രണ്ടു വൃക്കകളും തകരാറിലായി ആഴ്ചയില്‍ രണ്ടു വട്ടം ഡയാലിസിസ് നടത്തുന്ന അമ്മയുടെ ആ നിര്‍ബന്തത്തിനു മുന്നില്‍ എനിക്ക് സമ്മതിക്കേണ്ടിവന്നു. 


ചെക്കന്‍ ഗള്‍ഫു കാരനാണ്. നല്ല സുന്ദരന്‍ (അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ചുള്ളന്‍). എന്റെ വീട്ടില്‍ നിന്നും ചെക്കനെ കുറിച്ച് അന്വേഷിക്കാന്‍ പോയവരെല്ലാം വന്നു പറഞ്ഞത് 'ഇത് നിന്റെ ഭാഗ്യമാണ് മോളെ' എന്നാണു. അഞ്ചു മക്കളുള്ള വീട്ടില്‍ മൂന്നാമത്തവനാണ് ചെറുക്കന്‍. മൂത്ത രണ്ടു ജേഷ്ടന്മാരുടെയും, താഴെയുള്ള രണ്ടു പെങ്ങന്മാരുടെയും കല്ല്യാണം കഴിഞ്ഞു. അച്ഛന്‍ മരിച്ചു. ഒരു വലിയ വീട്ടില്‍ ചെറുക്കന്റെ അമ്മ മാത്രമാണ് താമസം. കൂടുതല്‍ നാളും അമ്മ മക്കളോട് കൂടെ ഗള്‍ഫിലാണ്. ഇത്രയെല്ലാം കേട്ടപ്പോള്‍, ഇനി എന്ത് വേണം എനിക്ക്? എന്ന് തോന്നി. ഭര്‍തൃ ഗൃഹത്തെ കുറിച്ച് ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നതിനും അപ്പുറത്തുള്ള സൌകര്യങ്ങളും ചുറ്റുപാടുകളുമുണ്ടല്ലോ. നിറഞ്ഞ മനസ്സോടെ ഞാന്‍ സമ്മതം കൊടുത്തു.

അങ്ങിനെ വിവാഹവും വളരെ ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞു ഒന്നര മാസമാകുമ്പോഴേക്കും, പ്രിയതമനുമൊത്തു അങ്ങ് പറന്നു. സ്വപ്ന സാക്ഷാല്‍കാര നഗരിയിലേക്ക്. ആയിരക്കണക്കിന് അംബര ചുംബികളായ കെട്ടിടങ്ങള്‍ക്കിടയില്‍ ഒന്നിലെ, രണ്ടു മുറിയുള്ള ഒരു ഫ്ലേറ്റില്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതം. രാവിലെ എട്ടു മണിക്ക് അദ്ദേഹം സ്വന്തം കടയിലേക്ക് പോയാല്‍ വൈകീട്ട് ഒമ്പത് മണിക്കേ തിരിച്ചു വരൂ. അത് വരേയ്ക്കും ഞാന്‍ തനിച്ചിരിക്കണം റൂമില്‍.  കുറെ കിടന്നുറങ്ങും, പിന്നെ T V കാണും. ആദ്യമെല്ലാം വളരെ ദുഷ്കരമായി തോന്നി ജീവിതം. പിന്നെ   പതുക്കെ ഞാനും അതിനോട് പൊരുത്തപ്പെട്ടു. എന്റെ സങ്കല്‍പ്പത്തിനൊത്തു എന്റെ ഭര്‍ത്താവ് ഉയരുന്നില്ല എന്ന എന്റെ പരാതി, എന്നും എന്റൊരു സ്വകാര്യ ദുഖമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. മറ്റുള്ളവരോട് ഞാന്‍ ഇടപഴകുന്നതും സംസാരിക്കുന്നതുമെല്ലാം ഒരു സംശയ ദൃഷ്ടിയോടെയാണ് എന്റെ ഭര്‍ത്താവ് വീക്ഷിച്ചിരുന്നത്‌. പണം ഉണ്ടാക്കുക എന്ന ഒരാര്‍ത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയില്‍. പലപ്പോഴും എന്റെ മൊബൈല്‍ ഫോണിലെ ഇന്‍കമിംഗ് കോളുകള്‍ അദ്ദേഹം പരിശോധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അടുത്ത കുടുംബക്കാരോടുപോലും ഞാനൊരു അകല്‍ച്ച നിലനിര്ത്തികൊണ്ടിരുന്നു.

അതിനിടക്കായിരുന്നു എന്റെ അമ്മയുടെ മരണം. അത് എനിക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞു നാട്ടില്‍ വന്ന എനിക്ക് പതിനഞ്ചു ദിവസം കൊണ്ട് തിരിച്ചു പോകേണ്ടിവന്നു. അധികം വൈകാതെ തന്നെ ഞാനൊരു അമ്മയാകാനുള്ള തയ്യാറെടുപ്പിലായി. സ്നേഹിക്കാനും താലോലിക്കാനുമായി എനിക്കൊരു ആണ്കുഞ്ഞു പിറന്നു. എന്റെ മനസ്സില്‍ കുറെ കാലമായി ആരോടും പ്രഘടിപ്പിക്കാതെ കെട്ടികിടന്നിരുന്ന സ്നേഹം എന്റെ പോന്നുമോന് ഞാന്‍ വാരിക്കോരി നല്‍കി. അവന്റെ ഓരോ ചലനങ്ങളും, എന്നെ സന്തോഷത്തില്‍ ആറാടിച്ചു. അവന്‍ എനിക്ക് നല്‍കുന്ന ഓരോ പുഞ്ചിരിയും എന്നിലുള്ള അമ്മയെയും, അമ്മയിലുള്ള വാത്സല്യത്തെയും തിരിച്ചറിയിച്ചു. അവനെ കരയാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല.
അപ്പോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ കച്ചവടത്തിലും അതിലെ ലാഭത്തിലുമായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്റെ മകന്റെ വളര്‍ച്ച രണ്ടാം വയസ്സില്‍ എത്തിയപ്പോഴാണ് അവനുമായി ഞാന്‍ നാട്ടില്‍ വരുന്നത്. അപ്പോഴേക്കും എന്റെ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തിരുന്നു. രണ്ടാനമ്മക്ക് ഞാനെന്റെ വീട്ടില്‍ ചെല്ലുന്നതോ അവിടെ നില്‍ക്കുന്നതോ ഇഷ്ടമായിരുന്നില്ല.

അങ്ങിനെ ഭര്‍തൃ വീട്ടില്‍ തന്നെ താമസം തുടര്‍ന്നു. ഒരു ദിവസം മകന് ഭയങ്കര പനി കണ്ടപ്പോള്‍ ഞാന്‍ എന്റെ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. ഒരു വിധക്തമായിട്ടുള്ള പരിശോധന അനിവാര്യമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് എന്റെ മോനെ പരിശോധിപ്പിച്ചു. എന്റെ മോന്റെ തലച്ചോറിനു വളര്‍ച്ച കുറവാണ് എന്ന ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് കേട്ടപ്പോള്‍, ഞാന്‍ ആകെ തളര്‍ന്നു പോയി. എന്റെ കൈ കാലുകളുടെ സ്വാധീനം നഷ്ടപ്പെടുന്നതായി എനിക്ക് തോന്നി. ഞാന്‍ പരിസര ബോധമില്ലാതെ  അട്ടഹസിച്ചു കരഞ്ഞു. എന്റെ മനസ്സ് കാണാന്‍ ദൈവത്തിനു കഴിയാതെ പോയതോ, അതോ  ദൈവം വീണ്ടും എന്നെ പരീക്ഷിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേ ഒരു സ്വപ്നമാണ് എന്റെ പൊന്നുമോന്റെ വളര്‍ച്ചയും അവന്റെ ഭാവിയുമെങ്കില്‍, അതും ദൈവം എന്നില്‍ നിന്നും തട്ടിയെടുക്കുകയാണോ? അതിനു മാത്രം എന്ത് തെറ്റാണ് ഞാന്‍ ദൈവത്തോട് ചെയ്തത്? അറിയപ്പെടുന്ന എല്ലാ വിധക്ത ഡോക്ടര്‍ മാരെയും ഞാന്‍ എന്റെ മോനുമായി സമീപിച്ചു. വെറും പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് അവര്‍ എന്റെ മകന്റെ തലച്ചോറിനു കണ്ടെത്തിയ വളര്‍ച്ച. അതിനിടയില്‍, ഭര്‍ത്താവ് എന്നെ തിരികെ ഗള്‍ഫിലേക്ക് വിളിച്ചു. മകന്റെ ചികിത്സയെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ചു, തിരിച്ചു പോകല്‍ എനിക്ക് അനിവാര്യമായി.

ഒരു സമാധാന വാക്കുപോലും എന്റെ ഭര്‍ത്താവില്‍ നിന്നും എനിക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, പലപ്പോഴും എന്നെ കുറ്റപ്പെടുത്താന്‍ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്‌. മുമ്പ് ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുട്ടികള്‍ ഇതുപോലെ എന്തെങ്കിലും വൈകല്യ മുള്ളവരായി ജനിക്കുമെന്ന് അദ്ദേഹം എവിടെ നിന്നോ കേട്ടിട്ടുണ്ടെന്ന് പോലും ഒരിക്കല്‍ എന്നോട് പറഞ്ഞു. എന്റെ കുടുംബക്കാരോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുടുംബക്കാരോ, മുമ്പ് എപ്പോഴോ ചെയ്തു പോയിട്ടുള്ള ഏതോ ഒരു വലിയ പാപത്തിന്റെ അനന്തര ഫലമാണെന്ന് തോന്നുന്നു. എനിക്കുണ്ടായ രണ്ടാമത്തെ ഈ കുഞ്ഞും Cleft lips (മുച്ചുണ്ട്) എന്ന വൈകല്യതോടെയാണ്‌ ജനിച്ചത്‌. ഒന്നാമത്തെ വയസ്സില്‍ അവനു ഒരു ഓപറേഷന്‍ കഴിഞ്ഞു. ഇനിയുമുണ്ട് വലുതാകുമ്പോള്‍ ഓപറേഷനുകള്‍. ഒരു മരവിച്ച മനസ്സാണ് ഇപ്പോള്‍ എനിക്കുള്ളത്. എത്ര സമ്പത്ത് ഉണ്ടായിട്ടെന്താ കാര്യം. മനസ്സമാധാനം ഇല്ലെങ്കില്‍ പോയില്ലേ എല്ലാം? 
ഇപ്പോള്‍ കരയാന്‍ തന്നെ ഞാന്‍ മറന്നിരിക്കുന്നു. വിധിയെ ഓര്‍ത്തു കരയുന്നവരോടെ പുച്ച്ച മാണെനിക്ക്. അല്ലെങ്കിലും എന്തിനാ നമ്മള്‍ കരയുന്നത്? മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ? അതോ, വിധിയെ നമുക്ക് നല്‍കിയ ദൈവത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനോ? സഹതാപ ദൃഷ്ടിയില്‍ എന്നെ നോക്കുന്നവരെയും ഇന്നെനിക്കിഷ്ടമല്ലജനങ്ങള്‍ ഒരുമിച്ചു കൂടുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല ഇപ്പോള്‍ ഞാന്‍. എവിടെ ചെന്നാലും, എല്ലാവര്‍ക്കും എന്‍റെ മക്കളുടെ വകല്യങ്ങളുടെ കാരണങ്ങളാണ് വിശദീകരിച്ചു കൊടുക്കേണ്ടത്. അവരുടെ സംശയങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ സ്ഥിരം പല്ലവിയായതുകൊണ്ട് ഞാന്‍ മടുത്തു. അടുത്ത കുടുംബങ്ങളില്‍ പോലും ഞാന്‍ പോകാറില്ല. ഒരു ഒറ്റപ്പെടലിന്റെ സുഖം ഞാന്‍ അനുഭവിക്കുകയാണിപ്പോള്‍. ആത്മഹത്യ ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു മുമ്പ്. പര സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത എന്‍റെ മക്കളെ പിന്നെ ആര് നോക്കും? അതുകൊണ്ട് ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
ഒരു വലിയ വീട്ടില്‍ ഞാനും എന്റെ രണ്ടു മക്കളും ഒരു വേലക്കാരിയുമാണിപ്പോള്‍ ഉള്ളത്. ഇനി എന്ത് സംഭവിച്ചാലും വേണ്ടിയില്ല എന്റെ മകന്റെ ചികിത്സയാണ് എനിക്ക് വലുത് എന്ന തീരുമാനത്തില്‍ ഞാന്‍ നാട്ടിലേക്ക് പോരുകയായിരുന്നു. ഇപ്പോള്‍ ദിവസവും സ്പീച് തറാപ്പി നടത്തി കൊണ്ടിരിക്കുകയാണ് എന്റെ മോന്. ഇനി ജീവിതത്തില്‍ എന്ത് വിധി വന്നാലും അത് നേരിടാന്‍ ഇപ്പോള്‍ ഞാന്‍ പ്രാപ്തയായിരിക്കുന്നു". 
തിരിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ സുനിലിന്റെ മനസ്സ് നിറയെ പ്രവിതയെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ഒരു പുമ്പാറ്റയെ പോലെ കാമ്പസ്സില്‍ പാറി നടന്നിരുന്ന പ്രവിതയെ ഇവിടെ വെച്ച് കാണണ്ടായിരുന്നു. തന്റെ മനസ്സിലുണ്ടായിരുന്ന പ്രവിതയുടെ രൂപത്തിന് മങ്ങലേല്‍പ്പിക്കണ്ടായിരുന്നു.

Wednesday 1 June 2011

സ്ക്കൂളിലോട്ടു .........

                     ഒരാളുടെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും ആഹ്ലാദം നിറഞ്ഞ ഒരു സന്ദര്‍ഭമായിരിക്കും, ആദ്യമായി തനിക്കു പിറന്ന തന്‍റെ കുട്ടിയുടെ കയ്യും പിടിച്ചു സ്കൂളില്‍ ചേര്‍ക്കാന്‍ എത്തുന്ന ആ നിമിഷം. ഒരുപാട് പ്രതീക്ഷയോടെയും, ആകാംക്ഷയോടെയുമുള്ള ആ മുഹൂര്‍ത്തം. ഭാവിയില്‍ തന്‍റെ കുഞ്ഞ് എന്താകണമെന്നു തീരുമാനിക്കേണ്ടതിന്‍റെ ആദ്യപടി. അമ്മയുടെയും കുടുംബക്കാരുടെയും ശിക്ഷണത്തില്‍ മാത്രം വളര്‍ന്നിരുന്ന കുഞ്ഞിനു അതുമാത്രം പോര, അദ്ദ്യാപകരുടെ ശിക്ഷണം കൂടി ലഭിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതിന്‍റെ ആദ്യ ചുവടുവെപ്പ്‌.

ഞാന്‍ എന്‍റെ മകനുമായി സ്കൂള്‍ മുറ്റത്തെത്തി. സ്കൂളിന്റെ മുറ്റത്തും, ഓഫിസ് മുറിയുടെ മുന്നിലും ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍, അവന്‍ (എന്‍റെ മകന്‍ മിസ്വബ്‌) എന്‍റെ കയ്യിനെ കൂടുതല്‍ മുറുക്കി പിടിക്കുന്നതായി എനിക്ക് തോന്നി. അവന്‍റെ നടത്തത്തിനു വേഗത കുറഞ്ഞതായി ഞാന്‍ മനസ്സിലാക്കി. 
ഞാന്‍ മിസ്വബിന്റെ മുഖത്തേക്ക് നോക്കി. കൂട്ടം തെറ്റിവന്ന ഒരാട്ടിന്‍ കുട്ടിയുടെ പരിഭ്രാന്തി, അവന്‍റെ മുഖത്ത് കണ്ടു. ആശ്വാസ വാക്കുകള്‍ കൊണ്ട് ഞാനവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. 'സ്കൂള്‍ തുറന്നാല്‍ എന്‍റെ മകന്‍ ബസ്സില്‍ ആണല്ലോ സ്കൂളില്‍ പോവുക, അപ്പോള്‍ ബാബാക്ക് റ്റാറ്റ തര്വോ? എന്നെല്ലാം ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി ചോദിച്ചു കൊണ്ടിരുന്നു. 

സത്യത്തില്‍ എനിക്ക് അത്രയ്ക്ക് താല്പര്യമൊന്നുമില്ല മിസ്വബിനെ ഇത്രയ്ക്കു ദൂരെ സ്കൂളില്‍ കൊണ്ട് വന്നു ചേര്‍ക്കാന്‍. അടുത്തുള്ള ഏതെങ്കിലും   മലയാളം മീഡിയത്തില്‍ ചേര്‍ത്തിയാല്‍ മതിയില്ലേ എന്ന് ഞാന്‍ ചോദിച്ചതാണ്. അപ്പോള്‍ വീട്ടില്‍ ആരും സമ്മതിച്ചില്ല. നാട്ടിലുള്ള ഭൂരിഭാഗം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍ നമ്മുടെ മകനും അവിടെതന്നെയാണ് പഠിക്കേണ്ടത്. നാട്ടുകാര്‍ ചെയ്യുന്നതിനെ അനുകരിക്കലാണല്ലോ ഈ നാട്ടു നടപ്പ് എന്നെല്ലാം പറയുന്നത്. അതില്‍ തന്‍റെ പരിമിതിയേയോ താല്പര്യത്തെയോ ആരെങ്കിലും പരിഗണിക്കാറുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും നാട് ഓടുമ്പോള്‍ നടുവിലൂടെ ഓടിയില്ലെങ്കിലും, അവസാനം ഓടണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്കു ഞാനൊന്ന് മനസ്സില്‍ ചിരിച്ചുപോയി - വടകരക്കാരനായിട്ടുള്ള എന്റൊരു കൂട്ടുകാരന്‍ ഹമീദലി മുമ്പ് പറഞ്ഞ ഒരു തമാശ ഓര്‍ത്തിട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അവന്‍റെ മകളും, അവന്‍റെ ഭാര്യയും തമ്മില്‍ ഉറക്കെ സംസാരിക്കുന്നത് പെട്ടെന്ന് അവന്‍ കേട്ടത്രേ. കാരണം തിരക്കിയപ്പോള്‍, ഒരു ഇംഗ്ലീഷ് അക്ഷരം ചൂണ്ടിക്കാണിച്ചു കുട്ടി പറയുന്നു ഇത് small letter ആണെന്ന്, ഉമ്മ പറയുന്നു ഇതിനു ചെറിയ അക്ഷരമെന്നേ പറയുള്ളൂ. ഒരു നിലക്കും ഭാര്യ മകള്‍ക്ക് സമ്മതിച്ചു കൊടുക്കില്ല എന്ന് കണ്ടപ്പോള്‍, ഹമീദലി ഇടപെട്ടിട്ടു ഭാര്യയോടു പറഞ്ഞത്രേ 'നിനക്ക് അടുക്കളയില്‍ എത്രയെങ്കിലും ജോലി ബാക്കിയുണ്ടല്ലോ, അത് നോക്കി കൂടെ. ഇത് നമ്മുടെ മോള്‍ തനിയെ പഠിച്ചോളും' എന്ന്.  

മകനുമായി ഞാന്‍ ഓഫിസ് മുറിയിലേക്ക് കടന്നു. അപ്പോഴാണ്‌ അറിയുന്നത്, പണ്ടത്തെ പോലെ നേരിട്ട് കൊണ്ട്പോയി സ്കൂളില്‍ ചേര്‍ത്താനൊന്നും ഇപ്പോള്‍ കഴിയില്ല, interview എല്ലാം കഴിയണം എന്ന്. interview കഴിഞ്ഞു, മകനെ ചേര്‍ത്തലും കഴിഞ്ഞു. ഓഫീസില്‍ നിന്നും dairy എന്ന പേരില്‍ ഒരു പുസ്തകം തന്നു.  വീട്ടില്‍ വന്നു, ആ dairy ഞാനൊന്ന് വായിച്ചു നോക്കി. ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഞാനൊരുപാട് വൈകിയോ എന്നെനിക്കു തോന്നി. എന്‍റെ ചിന്ത ആദ്യം പോയത് എന്‍റെ കുട്ടിക്കാല ത്തേക്കാണ്.  

അന്ന്, സ്കൂള്‍ വിദ്ദ്യാഭ്യാസം കച്ചവട താല്പര്യങ്ങള്‍ക്കും, ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കും വേണ്ടി വഴി മാറുന്നതിനെല്ലാം മുമ്പ്. ഇംഗ്ലീഷ് വിദ്ദ്യഭ്യാസം, അഭിമാനത്തിന്‍റെയും, പൊങ്ങച്ചത്തിന്‍റെയുമെല്ലാം പ്രതീകമായി ജനങ്ങള്‍ വിലയിരുത്തുന്നതിനെക്കാളും മുമ്പ്. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ പ്രാഥമിക വിദ്ദ്യാഭ്യാസത്തിനായ് ചേര്‍ന്നിരുന്നത് കോടമുക്ക് LP സ്കൂളില്‍ ആയിരുന്നു. അവിടെ മതപരമായിട്ടുള്ള വേര്‍തിരിവോ കഴിവുള്ളവനെന്നോ, ഇല്ലാത്തവനെന്നോ ഉണ്ടായിരുന്നില്ല. പതിനഞ്ചു വര്‍ഷം മുമ്പ് വരെ നോക്കിയാല്‍ ആ സ്കൂളില്‍ പഠിക്കാത്തവരായി ഒരാളും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടാവില്ല. വിദേശങ്ങളിലും മറ്റും ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്ന പലരും ആ സ്കൂളിലെ വിദ്ദ്യാര്‍ത്തികളായിരുന്നു. കുട്ടികളെ ചേര്‍ക്കാന്‍ വേണ്ടി കിലോ മീറ്ററുകള്‍ അകലെയുള്ള സ്കൂളുകള്‍ തേടി ഞാനടക്കമുള്ള രക്ഷിതാക്കള്‍ പരക്കം പായുമ്പോള്‍, പഠിക്കാന്‍ കുട്ടികളില്ലാത്തതിന്‍റെ പേരില്‍ നെട്ടോട്ട മോടുകയാണ് എന്‍റെ പഴയ ആ പ്രാഥമിക വിദ്ദ്യാഭാസ കേന്ദ്രം എന്നത്, കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ഉള്‍കൊള്ളാന്‍ സര്‍ക്കാരുകളും, വിദ്ദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കുന്ന ഉദ്ദ്യോഗസ്ഥന്മാരും തയ്യാറാകാ ത്തതാണ് എന്നെ പറയാന്‍ കഴിയൂ. കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ പാട്യപദ്ധതി തയ്യാറാക്കുന്ന ഉദ്ദ്യോഗസ്ഥന്മാരില്‍ എത്ര പേരുണ്ട്, തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിട്ടുതന്നെ അവരുടെ സ്ക്കൂള്‍ വിദ്ദ്യാഭ്യാസം പൂര്‍ത്തീകരിപ്പിക്കുന്നതായി. അദ്ദ്യാപകര്‍ തന്നെ തങ്ങളുടെ കുട്ടികളെ നല്ല സ്കൂളുകള്‍ നോക്കി പഠിക്കാന്‍ വിട്ടിട്ടാണ്‌, ഈ ഓട്ട മത്സരത്തില്‍ പെങ്കെടുക്കുന്നത് എന്നതുകൊണ്ട്‌ തന്നെ അതിനെ അര്‍ഹിക്കുന്ന പരിഗണനയോടെ തള്ളിയോ, തള്ളാതെയോ കളയാം. 

             എന്നാല്‍ സ്കൂളുകളും, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളും ജാതിമതാടിസ്ഥാനത്തില്‍  തരം തിരിക്കുകയും, ജാതി അടിസ്ഥാനത്തില്‍ തന്നെ മാനേജുമെന്റുകളുടെയും ട്രസ്റ്റ്‌ കളുടെയും പേരില്‍ അംഗീകരിച്ചു കൊടുക്കയും ചെയ്തു കൊണ്ടിരിക്കുന്നതിനെ, മതത്തിന്‍റെയും ജാതിയുടെയും ശതമാനത്തില്‍ അവസരങ്ങള്‍ കിട്ടും എന്ന് ആശ്വസിക്കുമ്പോഴും, ഒരിക്കലും  നമുക്ക് തിരിച്ചുകിട്ടാത്ത നിലയില്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നായി മാറുന്നു നമ്മുടെ ഇടയിലുണ്ടായിരുന്ന മതസൌഹാര്‍ദ്ദവും ബന്ധവും. കാരണം ഓരോ വിദ്ദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ് മെന്റുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഏതു മതസ്ഥരാണോ, ആ മതത്തില്‍പെട്ട കുട്ടികളാണ് 90 ശതമാനത്തില്‍ കൂടുതലും അവിടെ പഠിക്കാന്‍ വരുന്നത്. ഈ വേര്‍ത്തിരിവ് ഓരോ കുട്ടിയുടെയും ഭാവിയെ സ്വാധ്വീനിക്കും എന്നത് അവഗണിച്ചുകൂടാന്‍ കഴിയാത്തൊരു സത്യമാണ്. 

ഗണേശനും, സുനിലും, അഷ്റഫും, സ്റ്റീഫനുമെല്ലാം ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഇത് വെറുമൊരു കേട്ടു കഥയായി മാറാന്‍ പോകുന്നു വരും തലമുറയ്ക്ക് എന്നത്, ഉള്ളിന്‍റെ ഉള്ളില്‍ എവിടെയോ ഒരു തീക്കണല്‍ കോരി ഇടുന്ന ഒരു പ്രതീതി ഉളവാക്കുന്നു. ഓണവും, പെരുന്നാളും, ക്രിസ്തു മസ്സുമെല്ലാം എല്ലാ കുട്ടികളുടെയും ആഘോഷമായിരുന്നു വെങ്കില്‍. ഈ ആഘോഷങ്ങല്‍ക്കെല്ലാം സ്കൂളുകള്‍ പൂട്ടല്‍ പതിവായിരുന്നു വെങ്കില്‍, ഇന്ന് അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം, അല്പം ഞെട്ടലോടെ യാണെങ്കിലും നമ്മള്‍ ഉള്കൊണ്ടേ മതിയാവൂ. 

മേനെജുമെന്റുകള്‍ തങ്ങള്‍ പ്രതിനിദാനം ചെയ്യുന്ന മതത്തിന്‍റെ ആഘോഷങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് സ്കൂളിന്‍റെ അവധി ദിവസങ്ങള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നു. കച്ചവട താല്പര്യത്തോടെ സ്കൂള്‍ വിദ്ദ്യാഭ്യാസത്തെ മാനേജുമെന്റുകള്‍ സമീപിക്കുമ്പോള്‍, അതിന്‍റെ ലാഭവും അവര്‍ കൊയ്യുമ്പോള്‍, തിരിച്ചു പിടിക്കാന്‍ പറ്റാത്തൊരു നിലയില്‍ സാംസ്കാരിക കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞേ മതിയാവൂ.  ഈ നിലയില്‍ തന്നെ ഇത്  തുടര്‍ന്നു പോയാല്‍, വലിയൊരു വില നല്‍കാന്‍ നിര്‍ബന്തിതരാകും കേരള ജനത. ശതമാനത്തിന്‍റെ കണക്കില്‍ വിദ്ദ്യഭ്യാസ സ്ഥാപനങ്ങള്‍ കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങുന്നവരും, വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചുകൊണ്ട് അതിനു അംഗീകാരം നല്‍കുന്ന സര്‍ക്കാരുകളും ഒരു വേള ചിന്തിക്കല്‍ അനിവാര്യമാണ് - 
ഈ സ്ഥാപനങ്ങളെല്ലാം അതിന്‍റെ ദൌത്യം പരിപൂര്‍ണ്ണാര്‍ഥത്തില്‍  നിര്‍വഹിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടോയെന്നു.  കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്തായ മതസൌഹാര്‍ദ്ദം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍, ഓരോ കേരളിയനും പ്രതിജ്ഞാബദ്ദനാണ് എന്ന്  ഓര്‍മ്മപ്പെടുത്തല്‍ അനിവാര്യമായിരിക്കുന്നു.
ആദ്യാക്ഷരം എനിക്ക് പഠിപ്പിച്ചുതന്ന എന്‍റെ  കോടമുക്ക് സ്കൂള്‍
 

Saturday 21 May 2011

സ്നേഹ പൂര്‍വ്വം ചാച്ച.

                                                     "ഈ ചാച്ചാടൊരു കാര്യം. ഇന്നലെ കാണുമ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഇതാ, ഭയങ്കര വിഷമത്തിലിരിക്കുന്നു. എന്തുപറ്റി ചാച്ചാക്ക്? ചാച്ചാനെ ഇങ്ങനെ കാണാന്‍ ഒരു രെസവുമില്ല. ഞങ്ങളെ കൂടെ ചിരിച്ചു കളിച്ചു നടക്കുമ്പോഴാണ് ചാച്ചാനെ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. എന്ത് രസമായിരുന്നു അന്ന് വീഗാലാന്‍ഡില്‍ പോയപ്പോള്‍. ഒരു കൊച്ചു കുട്ടിയെ പോലെ യായിരുന്നു അന്ന് ചാച്ച. വെള്ളത്തിലും മറ്റും ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് അന്ന് ചാച്ചയായിരുന്നു. ഞങ്ങള്‍ തന്നെ അത്ഭുതപെട്ടു പോയി അന്ന് ചാച്ചാടെ കളി കണ്ടിട്ട്. എന്തു പറ്റി ചാച്ചാ"?
        എയര്‍ അറേബ്യ വിമാനത്തില്‍ മൂന്നര മണിക്കൂര്‍ യാത്ര ചെയ്യുമ്പോഴും, അതിനു ശേഷം റൂമില്‍ വന്നപ്പോഴും എന്‍റെ മനസ്സില്‍ തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യമായിരുന്നു ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പതിമൂന്നു വയസ്സുകാരികളാണെങ്കിലും മിടുക്കികളാണ്  തത്ത എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഫാത്തിമയും ഷാനുവെന്നു വിളിക്കുന്ന ഷഹനാസും. ഭാര്യയുടെ ചേട്ടത്തിമാരുടെ മക്കളാണ്  രണ്ടു പേരും. പ്രായത്തില്‍ കവിഞ്ഞ പക്വതയും, തന്‍റെടവും, ബുദ്ദിയുമുള്ള തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍, മറുപടി പറയാന്‍ കഴിയാതെ ഞാന്‍ നിശബ്ദനായി ഇരുന്നു പോയി.

"പതിനാറു കൊല്ലമായി മക്കളെ ചാച്ച ഈ ദുഃഖം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. നാട്ടില്‍ വരുമ്പോള്‍ ചാച്ച കാണിക്കുന്ന ഈ സന്തോഷ പ്രകടനമുണ്ടല്ലോ, ചുരുങ്ങിയ ദിവസത്തിന് ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങുന്ന ഒരു പ്രതിയുടെ മാനസികാവസ്ഥയിലാണത്. നാട്ടില്‍ ലീവില്‍ വന്ന് ദുബായിലോട്ട് തന്നെ തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും ഈ ദുഖവും മൌനവും ഉള്ളിലൊതുക്കാറാണ് പതിവു. ഓരോ തവണയും നിങ്ങളോടെല്ലാം യാത്ര പറഞ്ഞു പിരിയുമ്പോള്‍ പൊട്ടിപോകാന്‍ പരുവത്തില്‍ മനസ്സ് വിങ്ങുന്നുണ്ടാകും. ചിലപ്പോഴെല്ലാം ആ വിങ്ങല്‍ തേങ്ങലായി പുറത്തേക്കു വരാറുമുണ്ട്. ശരീരത്തില്‍നിന്നും ജീവനോടെ ഹൃദയത്തെ പറിച്ചെടുക്കുന്ന ഒരു വേദനയാണ് ആ ദുഖത്തിന്. ഇനി എന്‍റെ മക്കളോട് ചാച്ച ഒരു രഹസ്യം പറഞ്ഞോട്ടെ 'വിമാനം പറന്നുയരാന്‍ സമയത്ത് അറിയാതെ മനസ്സില്‍ മോഹിച്ചു പോയിട്ടുണ്ട്, ഈ വിമാനമൊന്ന് താഴേക്കു വീണിരുന്നുവെങ്കിലെന്നു'. ഒരു നിമിഷം കൊണ്ട് കഴിയുമല്ലോ എല്ലാം. ഇത്രക്കും വലിയ ദുഃഖം പേറി ജീവിക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും ഒരുപക്ഷെ അതെന്നു. 
കുടുംബവും നാടുമായി ഒരുപാട് ബന്ധം പുലര്‍ത്തുന്നതുകൊണ്ടോ, അല്ലെങ്കില്‍ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടോ എന്നറിയില്ല, വേര്‍പിരിയലിന്റെ ദുഃഖം ഇന്നും ഇത്ര ശക്തിയോടെ അനുഭവിക്കുന്നത്.
കൂകി പാഞ്ഞു പോകുന്ന തീവണ്ടി കണ്ടിട്ടില്ലേ? എന്തു വേഗതയില ആ തീവണ്ടി പോകുന്നത്, അല്ലെ? ശബ്ദവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ആളിക്കത്തുന്ന തീയിനെ ഉള്ളില്‍ ഒതുക്കിയിട്ടാണ് ആ കൂകി പായല്‍. ആ കൂകി പായലിനോടു ഏകദേശം അടുത്തു വരും ചാച്ച അന്ന് വീഗാലാന്‍ഡില്‍ കാണിച്ച തുള്ളിച്ചാട്ടം.
ജീവപര്യന്തം ശിക്ഷയായാല്‍ പോലും, ആ പ്രതിക്ക് പതിനാലു വര്‍ഷം തടവ്‌ അനുഭാച്ചാല്‍ മതി. അതിനു ശേഷം തന്‍റെ വീട്ടുകാരെയും, കുടുംബക്കാരെയും, നാട്ടുകാരെയും കണ്ടു സ്വന്തം നാട്ടില്‍ സ്വതന്ത്രമായി ജീവിക്കാം. എന്നാല്‍ പതിനാറു വര്‍ഷമായിട്ടും, എന്ന് തീരും എന്നറിയാത്ത ഒരു പ്രവാസ ജയിലില്‍ ജീവിക്കുകയാണ് ഇന്നും ചാച്ച. എന്തൊക്കയോ നേടി എന്ന് സ്വയം അഹങ്കരിക്കുമ്പോഴും, ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങളുടെ കഥകള്‍ മാത്രമേ, ചാച്ചാക്ക് മനസ്സില്‍ വരുന്നുള്ളൂ.
മുപ്പത്തിഅഞ്ചാമത്തെ വയസ്സിലെ, പതിനാറു വര്‍ഷത്തിന്‍റെ നഷ്ടക്കഥ. 
പ്രവാസികള്‍ സാധാരണ തമാശയിലൂടെ പറയാറുണ്ട്‌ - വിസ കിട്ടാന്‍ നേര്‍ച്ചയായി ഒരു യാസീന്‍ (വി: ഖുര്‍ആനിലെ ഒരദ്ധ്യായം) പാരായണം ചെയ്തു. തിരിച്ചു പോകാന്‍ ഖത്തം (വി:ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക) ഓതി കാത്തിരിക്കുകയാണ് എന്ന്.

'എങ്കില്‍ ഇങ്ങോട്ട് തിരിച്ചു പോന്നു കൂടെ' എന്ന് സ്വാഭാവികമായും ചാച്ചാട് ചോദിക്കാം. ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയാത്ത ഒരു ചോദ്യമാണത്. ചാച്ചാക്ക് എന്ന് മാത്രമല്ല, ലക്ഷ ക്കണക്കിന് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗത്തിനും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. പതിനാറു വര്‍ഷം മുമ്പ് ചാച്ച ഗള്‍ഫില്‍ വരുമ്പോള്‍, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്.

'അതെല്ലാം ചാച്ചാടെ ഒരു അത്യാഗ്രഹമാണെന്ന്' നിങ്ങളുടെ കുഞ്ഞു മനസ്സില്‍ ഒരു ചെറുചോദ്യമായി അവശേഷിക്കുന്നു വെങ്കില്‍ ചാച്ച വീണ്ടും മൌനം പാലിക്കാം. കാരണം, വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവും, പ്രവാസംകൊണ്ട് നേടി എന്ന് ചൂണ്ടി കാണിക്കാന്‍ ഒന്നും ഇല്ലാത്തതും, പ്രത്യേകിച്ചൊരു ജോലി നാട്ടില്‍ ചെയ്തു പരിചയമില്ലാത്തതുമായ ചാച്ച നാട്ടില്‍ തിരിച്ചു വന്നാല്‍ എന്തു ചെയ്തു ജീവിക്കും? 
എങ്കില്‍ ഈ പതിനാറു വര്‍ഷം ചാച്ച എന്തു ചെയ്തു ഗള്‍ഫില്‍ ?
അതിനും ഒറ്റവാക്കില്‍ ഉത്തരമില്ല ചാച്ചാക്ക്. എന്തൊക്കയോ ചെയ്തു. ഈ പ്രവാസ ജീവിതത്തില്‍, അനാവശ്യമായി ഒരു രൂപ പോലും ചിലവഴിച്ചതായി ചാച്ച ഓര്‍ക്കുന്നില്ല. ഒരു ബീഡി പോലും ചാച്ച വലിക്കാറില്ല. 
ഒരു പ്ലാനിംഗ് ഇല്ലാതെ ജീവിച്ചു എന്ന് വേണമെങ്കില്‍ സ്വയം കുറ്റപ്പെടുത്താനെന്നോണം ചാച്ച സമ്മതിക്കാം. കണ്മുമ്പില്‍ കാണുന്ന പ്രശ്നമെന്താണോ, അതിനു പരിഹാരം കണ്ടെത്താനാണ്‌ മുന്‍ഗണന കൊടുക്കാറു എന്നും സ്വയം സമ്മതിക്കാം. സഹായം അഭ്യര്‍ഥിച്ചു വരുന്നവരെ സഹായിക്കാന്‍ കഴിയുന്ന വേളയിലൊന്നും നിരാശപ്പെടുത്തിയിട്ടില്ല എന്നതും സത്യം.
ഇതിനപ്പുറം മറ്റൊന്നില്ല ചൂണ്ടി കാണിക്കാന്‍ ഈ നഷ്ടകഥക്ക് കാരണമായി.

ഹൃദയ പൂര്‍വ്വം ചാച്ച.

Monday 16 May 2011

സ്വപ്ന ലോകത്തെ ഷൈന്‍

"റൂമില്‍ ഒരു പുതിയ പയ്യന്‍ വന്നീട്ടുണ്ട്. നീ കണ്ടിരുന്നോ"?
"ഇല്ലാ, ഞാന്‍ കണ്ടിട്ടില്ല. ജോലി തിരക്കായതുകൊണ്ട്, രണ്ടു മൂന്നു ദിവസമായി ഞാന്‍ വളരെ വൈകിയാണ് റൂമില്‍ എത്തുന്നത്‌. റൂമില്‍ എത്തുമ്പോഴേക്കും എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും. രാവിലെ നേരത്തോടെ റൂമില്‍ നിന്നും ഇറങ്ങുകയും ചെയ്യുന്നതുകൊണ്ട് കാണാന്‍ കഴിഞ്ഞിട്ടില്ല". ഷിജുവിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി സനല്‍ പറഞ്ഞു.
"നമ്മുടെ കബീര്‍ക്ക വിസ എടുത്തു കൊണ്ട് വന്ന പയ്യനല്ലേ"? സനലിന്റെ ചോദ്യം.
"അതേ, നീ അറിയോ പുള്ളിയെ"? ഷിജു ചോദിച്ചു.
"ഇല്ല, ഞാന്‍ നേരിട്ട് പരിചയമില്ല. പക്ഷെ കബീര്‍ക്ക എന്നോട് പറഞ്ഞിരുന്നു വിസ എടുക്കുന്ന സമയത്ത്, അവനെ കുറിച്ചും അവന്‍റെ കുടുംബത്തെ കുറിച്ചുമെല്ലാം." സനല്‍ പറഞ്ഞു.
"എന്നാല്‍ നീ നേരിട്ട് പരിചയപ്പെടേണ്ടതായിരുന്നു പയ്യനെ" ഷിജു പറഞ്ഞു.
"അതെന്തേ"? സനല്‍ ചോദിച്ചു.
"ആള് ഭയങ്കര സംസാര പ്രിയനാണ്. മാത്രവുമല്ല ഏതോ സ്വപ്ന ലോകത്താണ് പയ്യന്‍ ഇപ്പോഴും ജീവിക്കുന്നത് എന്ന് സംസാരം കേള്‍ക്കുമ്പോഴേ നമുക്ക് തോന്നും". ഷിജു പറഞ്ഞു.
"എന്തായാലും നാളെ വെള്ളിയാഴ്ചയാണല്ലോ, നാളെ പരിചയപ്പെടാം. വെള്ളിയാഴ്ച എല്ലാവരും ഉണ്ടാകുമല്ലോ റൂമില്‍" ഇത്രയും പറഞ്ഞു സനല്‍ തന്‍റെ ജോലി തുടര്‍ന്നു.

പതിവുപോലെ സനല്‍ ഈ വെള്ളിയാഴ്ചയും കുറച്ചു നേരം അധികം ഉറങ്ങാം എന്ന ധാരണയില്‍ പുതപ്പു കൊണ്ട് ശരിക്കും മൂടിപ്പുതച്ചു സുഖമായി ഉറങ്ങുകയായിരുന്നു. റൂമില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്. നോക്കുമ്പോള്‍ സമയം ഒമ്പതായിരിക്കുന്നു. എഴുന്നേറ്റു ബാത്ത് റൂമിലെല്ലാം പോയി തിരിച്ചു വരുമ്പോഴേക്കും ആരോ ചായ ഉണ്ടാക്കി വെചീട്ടുണ്ടായിരുന്നു. ചായ ഗ്ലാസ്സുമെടുത്തു സനല്‍ ബാല്‍ക്കണിയില്‍ ചെന്നിരുന്നു. ഒരു കഷ്ണം ബ്രെഡ്‌ കടിച്ചുകൊണ്ട് കിച്ചണില്‍ നിന്നും ഒട്ടും പരിചയമില്ലാതൊരാള്‍ സനലിന്‍റെ അടുത്തു വന്ന് സ്വയം പരിചപ്പെടുത്തി.
"എന്‍റെ പേര്‍ ഷൈന്‍, സ്ഥലം തൃശൂര്‍. മൂന്നു ദിവസമായി ഇവിടെ എത്തിയിട്ട്. ഭായിയോട് മാത്രമാണ് ഞാന്‍ പരിച്ചപ്പെടാത്തതായി ഉള്ളൂ. ബാക്കി എല്ലാവരെയും പരിചയപ്പെട്ടു".
"എന്‍റെ പേര്‍ സനല്‍. എറണാംകുളമാണ് നാട്. അഞ്ചു വര്‍ഷമായി ഇവിടെ. പച്ചക്കറിയും, ഫ്രൂട്സുമെല്ലാം വില്‍ക്കുന്ന ഒരു കമ്പനിയില്‍ സൈല്‍സ്മാനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടില്‍. മൂത്തവന് മൂന്നു വയസ്സ്, രണ്ടാമത്തവന് ആറ് മാസം പ്രായം".
ഷൈന്‍ ചോദിക്കാനുള്ള ചോദ്യങ്ങള്ക്കെല്ലാമുള്ള മറുപടി എന്ന നിലയില്‍ ഒറ്റ ശ്വാസത്തില്‍ സനല്‍ പറഞ്ഞു നിര്‍ത്തി.
"എങ്ങിനെയുണ്ട് ജോലിയെല്ലാം"? സനല്‍ ചോദിച്ചു.
"ഓ, അതൊന്നും പറയണ്ട ഭായ്. പെട്ടു പോയതാണ് ഞാന്‍". ഷൈനിന്റെ മറുപടി കേട്ടു സനല്‍ വീണ്ടും ചോദിച്ചു.
"അതെന്തു പറ്റി".
"സനല്‍ ഭായിക്ക് അറിയോ, എനിക്ക് ഇവിടെ വന്ന് ഇത്ര കഷ്ടപ്പെടേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ അഞ്ചു മക്കളാണ്. മൂന്ന് ആണും രണ്ടു പെണ്ണും. ഞാനാണ് മക്കളില്‍ താഴെ. പെങ്ങന്മാരുടെ രണ്ടാളുടെയും വിവാഹമെല്ലാം കഴിഞ്ഞു. ജേഷ്ടന്മാര്‍ രണ്ടു പേരും ഇവിടെ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ നാട്ടിലാണ് രണ്ടു പേരും. ഞാനും ഉണ്ടായിരുന്നു മൂന്നു വര്‍ഷം ഇവിടെ. എന്‍റെ ഫാതെറിനു ഷിപ്പിലായിരുന്നു ജോലി. അറുപതിനായിരം രൂപ ശമ്പളം ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം നാട്ടിലാണ്. ആ ജോലി എനിക്ക് കിട്ടേണ്ടതായിരുന്നു. എനിക്ക് ഭാഗ്യം ഇല്ലാതെ പോയി. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് മാത്രമാണ് ഞാനിങ്ങോട്ട്‌ പോന്നത്. അല്ലെങ്കില്‍ ഒരാളുടെ കീഴില്‍ ജോലി ചെയ്യാനൊന്നും എന്നെ കിട്ടില്ല. ഇനി എത്രെയും പെട്ടെന്ന് തിരിച്ചു പോകാനാണ് എന്‍റെ പരിപാടി".
ഷൈന്‍ ഒരു ദീര്‍ഗ്ഗ ശ്വാസത്തിനായി നിര്‍ത്തി.
"എന്തായാലും വന്നതല്ലേ, ആ വിസയുടെ കാലാവധി കഴിയുന്നത്‌ വരെയെങ്കിലും നിന്നുകൂടെ? ചിലപ്പോള്‍ നാട്ടില്‍ നിന്നുംവന്ന ആ പ്രയാസം കൊണ്ടായിരിക്കും അങ്ങിനെയൊക്കെ തോന്നുന്നത്. കുറച്ചു കഴിയുമ്പോള്‍ അതെല്ലാം ശരിയായികൊള്ളും. എല്ലാവര്‍ക്കും ഇങ്ങനൊക്കെ തന്നെയാണ് തോന്നാര്‍. മാത്രവുമല്ല നാട്ടിലൊക്കെ പോയിട്ട് ഇനി എന്ത് ചെയ്യാനാ. നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നുവെങ്കില്‍, നമ്മളൊന്നും ഇവിടെ വരുമായിരുന്നില്ലല്ലോ"? സനല്‍ പറഞ്ഞു.

"എനിക്ക് 32 വയസ്സായി. അടുത്ത വര്‍ഷം എന്തായാലും കല്യാണം കഴിക്കണം. കല്യാണം കഴിക്കണമെങ്കില്‍ 10 ലക്ഷം രൂപ വേണം. പത്തു ലക്ഷം രൂപ, ആധാരം പണയം വെച്ചു ലോണ്‍ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ കുറെ ശ്രമിച്ചതാണ്. അത് കിട്ടിയിരുന്നുവെങ്കില്‍, 5 ലക്ഷം രൂപ വീട്ടില്‍ കടമുണ്ട്, അത് വീട്ടി ബാക്കി 5 ലക്ഷം രൂപയ്ക്കു അടിപൊളിയായി ഒരു കല്യാണവും കഴിച്ചു ഞാന്‍ നാട്ടില്‍ തന്നെ കൂടുമായിരുന്നു".
"അപ്പോള്‍ ലോണ്‍ എടുത്ത പൈസ നീ എങ്ങിനെ അടച്ചു തീര്‍ക്കും"? സ്വാഭാവികമായിട്ടുള്ള ഒരു ചോദ്യം, ഷൈനിന്‍റെ സംസാരത്തിന് ഇടയ്ക്കു കയറിയൊന്നു സനല്‍ ചോദിച്ചു.

"കല്യാണം കഴിക്കുമ്പോള്‍ കുറച്ചു സ്വര്‍ണ്ണം എന്തായാലും ഭാര്യക്ക് കിട്ടുമല്ലോ? അതെടുത്തു എന്തെങ്കിലും ബിസിനെസ്സ് ചെയ്യാമല്ലോ? അതില്‍ നിന്നും കിട്ടുന്ന ലാഭം കൊണ്ട് കടവും വീട്ടാലോ. അല്ലാതെ വെറും ആയിരത്തി അറുന്നൂര്‍ ദിര്‍ഹംസിനു ജോലി ചെയ്തീട്ടു എന്ന് രക്ഷപ്പെടാനാണ്. ആയിരത്തി അറുന്നൂറ് ദിര്‍ഹംസ് ശമ്പളം കിട്ടിയാല്‍ എന്‍റെ ഫോണ്‍ വിളിയും, സിഗരറ്റ് വാങ്ങലും, അത്യാവശ്യമൊന്നു കൂട്ടുകാരുമൊത്തു കമ്പനി അടിക്കലും കഴിഞ്ഞാല്‍ പിന്നെ ഒന്ന് മുണ്ടാകില്ല ബാക്കി. ജീവിതം വെറുതെ ഇവിടെ നശിച്ചു പോവുകയേ ഉള്ളൂ. ഇപ്പോഴും എനിക്ക് പേടിക്കാന്‍ ഒന്നുമില്ല. അഞ്ചു ലക്ഷം രൂപ വീട്ടില്‍ കടമുണ്ട്. അതിനു ഞങ്ങള്‍ അഞ്ചു പേരുണ്ട് വീട്ടില്‍. ഓരോരുത്തരും ഓരോ ലക്ഷം രൂപ എടുത്താല്‍ വീടാവുന്ന കടമേ ഉള്ളോ."
ഷൈനിന്‍റെ സംസാരം കേട്ട സനലിന് ശരിക്കും അമ്പരപ്പാണ് തോന്നിയത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഒരു സ്വപ്ന ലോകത്താണ് ഷൈന്‍ ജീവിക്കുന്നതെന്ന് സനലിന് തോന്നി. പെട്ടെന്ന് മനസ്സില്‍ പറഞ്ഞുപോയി
''ന്‍റ്പ്പാപ്പാക്കൊരു ആന ണ്ടായിരുന്നു" എന്ന് ലോകത്തോട്‌ പറഞ്ഞ മഹാനായ ബഷീര്‍, അങ്ങയെ ഈ നിമിഷം ഞാന്‍ സ്മരിച്ചു പോകുന്നു.
വെറും ഒന്നര മാസത്തെ ദുബായ് ആയുസ്സുമായി ഷൈന്‍ നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ഒരു പാഠം കൂടി പഠിപ്പിച്ചു തന്നു "എളുപ്പമല്ല ജോലി ചെയ്തു ജീവിക്കാന്‍" എന്ന.

Sunday 15 May 2011

ഭരണ കാര്‍ത്താക്കളോട്.

കേരള നിയമസഭാ ഇലക്ഷന്‍ കൂടുതല്‍ പരിക്കുകളൊന്നും കൂടാതെ കഴിഞ്ഞു പോയി എന്നതില്‍ നമുക്ക് സന്തോഷിക്കാം. അതിന്‍റെ റിസള്‍ട്ടും വന്ന് കഴിഞ്ഞു. രണ്ടില്‍ ഒരു മുന്നണിക്കെ കേരളത്തെ ഭരിക്കാന്‍ കഴിയൂ എന്നതുകൊണ്ടും, അടുത്ത കാലത്തൊന്നും മറ്റു പരീക്ഷണങ്ങള്‍ക്ക് കേരള ജനത മുതിരുകയില്ല എന്നുറപ്പുള്ളത് കൊണ്ടും അടുത്ത അഞ്ചു വര്‍ഷത്തെ കേരള ജനതയെ ഭരിക്കാന്‍ വരുന്ന ഐക്യ മുന്നണിയെ നമുക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യാം. ഒരു നല്ല ഭരണം കാഴ്ച വെക്കാന്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ക്കും വിശിഷ്യ ഉമ്മന്‍ ചാണ്ടിക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കാം.


ഒരുപാട് കാലമായി രണ്ടു മുന്നണികളും മാറി മാറി ഭരിക്കുകയാണ് കേരളം. അതിന്‍റെ ഗുണഫലവും കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി ഇറങ്ങുന്ന സര്‍ക്കാറുകള്‍ക്ക് തൊട്ടടുത്ത അഞ്ചു വര്‍ഷത്തെ അവസരം കൂടി എന്തുകൊണ്ട് ഉത്ബുദ്ധ രായിട്ടുള്ള കേരള ജനത കൊടുക്കുന്നില്ല? വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പാരമ്പര്യവും പരിചയവുമുള്ള തല മുതിര്‍ന്ന നേതാക്കന്മാര്‍ നേതൃത്വം കൊടുക്കുന്ന രണ്ടു മുന്നണികളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. എല്ലാ പ്രാവശ്യവും തോല്‍വി ഏറ്റു വാങ്ങുന്നത് ഭരണത്തിന് നേതൃത്വം കൊടുത്ത മുന്നണിയാണ്. ഇലക്ഷന്‍ കഴിഞ്ഞ ഉടനെ കേന്ത്ര കമ്മിറ്റികളും കേരള കമ്മിറ്റികളും പിന്നെ ഏതെങ്കിലും കമ്മിറ്റികള്‍ ഉണ്ടെങ്കില്‍ അതും അടിയന്തിരമായി ചേര്‍ന്ന് തോല്‍വി വിലയരുത്തുന്ന പ്രവണത എല്ലാ പ്രാവശ്യവും നമ്മള്‍ കാണുന്നു. തോല്‍വിയുടെ വ്യക്തമായ കാരണവും പാര്‍ട്ടികള്‍ കണ്ടെത്തുന്നു. എന്നീട്ടു പൊതു ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കുകയും ചെയ്യുന്നു - വോട്ടു കുറയാന്‍ ഉണ്ടായ കാരണം ഇതാണ് എന്ന്. ഒരു പൌരന്‍ എന്ന നിലയില്‍ ഏതൊരാളെ പോലെയും എന്‍റെ മുന്നിലും ചില സ്വാഭാവിക സംശയങ്ങള്‍ ഉയരുന്നു ഭരണത്തിന് നേതൃത്വം കൊടുത്ത നേതാക്കന്മാരോട്.
  1. എന്തുകൊണ്ട് ഈ തോല്‍വി മുന്‍കൂട്ടി നിങ്ങള്‍ കണ്ടില്ല?
  2. ഇപ്പോള്‍ നടത്തുന്ന ഈ വിലയിരുത്തലുകള്‍, അഞ്ചു വര്‍ഷം നിങ്ങള്‍ക്കു കിട്ടിയിട്ട് എന്തുകൊണ്ട് നടത്തിയില്ല?
  3. റിസള്‍ട്ടിനു ശേഷം ഉത്തരവാതിത്വം ഏറ്റെടുത്തു രാജി സന്നത പ്രഘടിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നു. നിങ്ങളില്‍ അര്‍പ്പിതമാകുന്ന ഉത്തരവാതിത്വം ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിരുന്നില്ലേ ഇതിനു യോഗ്യനാണോ എന്ന്?
  4. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു വെന്നും, ജനങ്ങളുടെ താല്പര്യം എന്താണ് എന്നും ജനങ്ങളുടെ ഭാഗത്ത്‌ നിന്നു ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ലേ?
  5. ജനങ്ങള്‍ ജനങ്ങളെ ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത്, നിങ്ങളെ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണ് ഭരണം എന്നും, ശമ്പളം വേടിച്ചു നിങ്ങള്‍ ചെയ്യുന്ന ഒരു ജോലിയാണ് ജനസേവനം എന്നും നിങ്ങള്‍ മറക്കുക യായിരുന്നുവോ?
പൊതുജനങ്ങളുടെ ഇടയിലൂടെ ചീറിപ്പായുന്ന കാറില്‍, ക്ലോസെപ്പ് പുഞ്ചിരിയോടെ കൈവീശിക്കാണിച്ചു പായേണ്ടവരല്ല ഭരണ കര്‍ത്താക്കള്‍ എന്നും, ജനങ്ങളുടെ കൂടെ, പൊതുജനങ്ങളില്‍ ഒരുവനായി, അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി, അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെന്ന ചിന്ത നിര്‍ബന്തമായും നിങ്ങളില്‍ ഉണ്ടായിരിക്കണം എന്നും ഓര്‍മ്മപ്പെടുത്തുന്നു. എന്ന് നിങ്ങളില്‍നിന്നും ഈ ചിന്ത നഷ്ടപ്പെടുന്നുവോ അന്ന് നിങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ അന്ന്യനായി മാറുന്നുവെന്നും നിങ്ങള്‍ എപ്പോഴും ഓര്മിക്കെണ്ടതാണ്. അടുത്ത ഇലക്ഷന്‍ കഴിയുമ്പോഴെങ്കിലും തോല്‍വിയുടെ കാരണം കണ്ടെത്താനുള്ള അടിയന്തിര യോഗം ചേരേണ്ട അവസ്ഥ ഈ പുതിയ നേതൃത്വത്തിനെങ്കിലും ഉണ്ടാവാതിരിക്കട്ടെ യെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഒരു ഭരണ സ്ഥിരത കേരളത്തില്‍ ഉണ്ടാക്കാന്‍ നിങ്ങളെ കൊണ്ടെങ്കിലും കഴിയട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.

Tuesday 10 May 2011

എന്‍റെ വാപ്പ.

വിമാനത്തില്‍ കയറി കൊച്ചിലേക്കുള്ള മൂന്നര മണിക്കൂര്‍ യാത്രയിലും എന്‍റെ  പ്രാര്‍ത്ഥന "ഉപ്പാക്കൊന്നും സംഭവികരുതേ" എന്നായിരുന്നു. രാവിലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ഭാര്യയുടെ വിളിവന്നത്. 

"ഉപ്പാക്ക്  തീരെ സുഖമില്ലാതെ ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്" 
എന്ന ഇടറിയ ശബ്ദത്തിലുള്ള അവളുടെ സംസാരം കേട്ടപ്പോഴേ തോന്നിയത. അസുഖം അത്രയ്ക്ക് നിസ്സാരമായിരിക്കില്ലയെന്ന്. പിന്നീട് ഉപ്പാനെ  ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചപ്പോഴാണ് അറിയുന്നത്. അറ്റാക്ക് ആണെന്നും, 48 മണിക്കൂര്‍ observation ല്‍ ആണെന്നും. 
കേട്ടപാടെ കമ്പനിയില്‍ നിന്നും ഒരു എമര്‍ജെന്‍സി ലീവ് സംഘടിപ്പിച്ചു. 

അല്ലേലും ഈ പ്രാവാസികളുടെ സ്ഥിതി ഇതാണ്. വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചുവെന്ന് കേട്ടാല്‍, പിന്നെ ഒരു സമാധാനവും ഉണ്ടാവില്ല. ഒന്നുകില്‍ ഫോണ്‍ ചെയ്തു കൊണ്ടേയിരിക്കും നാട്ടിലേക്ക്. അല്ലെങ്കില്‍ ഉടനെ പുറപ്പെടും. നേരിട്ട് കണ്ടു അനുഭവിച്ചാലേ ഒരു സമാധാനം വരൂ.

സത്യ സന്ധരായിട്ടെ ജീവിക്കാവൂ. ആരെയും വഞ്ചിക്കരുത്. ഒരിക്കലും കളവു പറയരുത്. 
എന്നും ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന, ഉപ്പാടെ  ഈ നിത്യോപദേശങ്ങള്‍ മനസ്സില്‍ ഓര്‍മ്മ വന്നു. ജനങ്ങളെ സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും ഉപ്പ പാഴാക്കാറില്ല. രോഗികളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോകുന്ന കാര്യത്തില്‍ വളരെ തല്പരനായിരുന്നു. ഒന്നില്‍കൂടുതല്‍, ശാരീരികാസുഖങ്ങളുള്ള ഉപ്പാടെ മനസ്സ് എപ്പോഴും ഊജ്ജസ്സ്വലമായിരുന്നു. ശരീരത്തിന് അരല്പം സുഖം തോന്നിയാല്‍, പിന്നെ വീട്ടില്‍ ഇരിക്കില്ല. യാത്രാ തല്‍പരനാണ്‌ എന്‍റെ ഉപ്പ

സ്വന്തം വസ്ത്രങ്ങള്‍  സ്വയം തന്നെ കഴുകണമെന്ന് ഉപ്പാക്ക്  ഭയങ്കര നിര്‍ബന്തമായിരുന്നു. 'ചത്ത്‌ കിടന്നാലും ചമഞ്ഞേ കിടക്കാവൂ' എന്ന പഴമൊഴി ജീവിതത്തിലുടനീളം പാലിച്ചുപോന്നു ഉപ്പ.  ജീവിതത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നത് ഉപ്പാക്ക്  ഇഷ്ടമല്ല. ഡോക്ടറോടും ഉപ്പ പറയും. ''സര്‍ ഈ പറയുന്ന നിയന്ത്രണങ്ങളൊന്നും എന്‍റെ ജീവിതത്തില്‍ പ്രാവര്‍ത്തിക്കമാക്കില്ല ഞാന്‍". യാത്ര ചെയ്യരുത്, കൂടുതല്‍ സംസാരിക്കരുത് എന്നൊക്കെയാണ് ഡോക്ടര്‍മാര്‍ എന്നും ഉപദേശിക്കാറു. ഇങ്ങനെ ഉപദേശിക്കുമ്പോള്‍ ഡോക്ടര്‍മാരോട് ഉപ്പ തിരിച്ചു പറയും - 

"യാത്ര ചെയ്യാതെ, കൂടുതല്‍ സംസാരിക്കാതെ ഞാനെന്ന വ്യക്തി ഈ ഭൂമിയില്‍  ജീവിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതുകൊണ്ട് എന്‍റെമേല്‍ ഇതുപോലുള്ള നിയന്ത്രണങ്ങള്‍ നിങ്ങള്‍ ഏര്‍പ്പെടുത്തരുത്". 

തന്‍റെ രോഗങ്ങളെ കുറിച്ച് ഉപ്പ എന്നും ബോധവാനായിരുന്നു. ശ്വാസകോശത്തിന് രോപറേഷന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ്  ഉപ്പ. ഷുഗര്‍, പ്രഷര്‍, കോളാസ്ട്രോള്‍, ആസ്തമ ഇതെല്ലാം നിത്യ അസുഖങ്ങളാണ്. ഇതെല്ലാം ചികല്‍സിക്കുന്ന ഡോക്ടര്‍മാരെക്കാള്‍ കൂടുതല്‍ ഉപ്പാക്കുമറിയാം. ഇപ്പോഴിതാ അറ്റാക്കും വന്നിരിക്കുന്നു. വീണ്ടും മനസ്സ് പ്രാര്‍ഥിച്ചു "എന്‍റെ ഉപ്പാക്കൊന്നും സംഭവിക്കരുതേ". ഉപ്പാനെക്കുറിച്ചുള്ള  ഓരോ ഓര്‍മ്മകളും അയവിറക്കുന്നതിനിടയില്‍ വിമാനം കൊച്ചിയില്‍ എത്തി.

എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ കൂട്ടുകാരന്‍ ഷാഹുല്‍ ടാക്സിയുമായി കാത്തു നില്പുണ്ടായിരുന്നു. ഷാഹുവുമായി നേരെ ഹോസ്പിറ്റലിലേക്ക്. ICU വിനു പുറത്തു ഇരിപ്പുണ്ടായിരുന്നു വീട്ടുകാരെല്ലാം. ഗ്ലാസ് വിന്റൊയിലൂടെ ഒരു നോക്ക് കണ്ടു. കുറെ ടൂബുകള്‍കൊണ്ട് പൊതിഞ്ഞ നിലയില്‍. തൊട്ടടുത്ത മുറിയില്‍ ഇരിപ്പുണ്ടായിരുന്നു ഉപ്പാനെ ചില്കസിക്കുന്ന ഡോക്ടര്‍. സ്വയം പരിചയപ്പെടുത്തികൊണ്ട് ചോദിച്ചു. 
"ഇപ്പോഴെന്താ സ്ഥിതി എന്‍റെ ഉപ്പാടെ"? 
പരിഭ്രമം നിറഞ്ഞ ചോദ്യത്തിന് ഡോക്ടര്‍ മറുപടി പറഞ്ഞു. 
"48 മണിക്കൂര്‍ ആണ് സമയം. അതിനു ശേഷമേ എന്തെങ്കിലും പറയാന്‍ ഒക്കൂ". 
"ഏതെങ്കിലും വിധക്തമായിട്ടുള്ള ഹോസ്പിറ്റലിലേക്ക്  മാറ്റാമോ ഉപ്പാനെ"?
"അത് ചെയ്യാവുന്നതേയുള്ളൂ, അമല  മെഡിക്കല്‍ കോളേജ് ആണ് ഏറ്റവും അടുത്തുള്ളത്. അവിടെ ഡോക്ടര്‍ രൂപേഷ് ഉണ്ട്. ഞാനദ്ദേഹത്തിനൊരെഴുത്തു തരാം." ഡോക്ടര്‍ പറഞ്ഞു. 
ഞാനും എന്‍റെ ജേഷ്ടനുംഉപ്പാനെയും കൊണ്ട് അമലയിലേക്ക് പോയി. ഡോക്ടര്‍ രൂപേഷ് പറഞ്ഞതനുസരിച്ച് anjiogram നടത്തി. result കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു 
"65 % ബ്ലോക്കുണ്ട് ഹൃദയത്തിനു. ഓപറേഷനു പറ്റിയ ആരോഗ്യ സ്ഥിതിയുമുണ്ട്‌.  ഒരു ലക്ഷം രൂപ ചെലവ് വരും".
"ഞങ്ങള്‍ തയ്യാറാണ്" ഒരേ സ്വരത്തില്‍ പറഞ്ഞു.
"എങ്കില്‍ ഉപ്പയുമായി ഞാന്‍ സംസാരിച്ചതിന് ശേഷം തിയതി തീരുമാനിക്കാം. വൈകീട്ട് നിങ്ങള്‍ എന്നെ വന്നൊന്നു കണ്ടാല്‍മതി". ഡോക്ടര്‍ രൂപേഷ് പറഞ്ഞു.
വൈകീട്ട് വീണ്ടും ചെന്നു ഡോക്ടറെ കാണാന്‍. അദ്ദേഹം ഇങ്ങനെ തുടങ്ങി.
"എന്‍റെ സര്‍വീസിനിടക്ക് ഒരു ആദ്യാനുഭവമാണിത്".
"എന്ത് പറ്റി സര്‍"? ആകാംക്ഷ നിറഞ്ഞ ഞങ്ങളുടെ ചോദ്യം.
"ഞാന്‍ ഉപ്പയുമായി സംസാരിച്ചു. സാധാരണയില്‍ രോഗികള്‍ സാമ്പത്തിക പരാധീനതകള്‍ മൂലമായിരിക്കും ബൈപാസ് ശാസ്ത്ര ക്രിയക്ക് സമ്മതിക്കാതിരിക്കുന്നത്. എന്നാല്‍ ഉപ്പാനോട്  ഞാനെല്ലാം വിവരിച്ചു കൊടുത്തപ്പോള്‍ ആദ്യം തന്നെ എന്നോട് തിരിച്ചു ചോദിച്ചത്.
''ഇങ്ങനൊരു ഓപറേഷന്‍ ചെയ്‌താല്‍ എനിക്ക് എത്ര വര്‍ഷം കൂടി ജീവിക്കാന്‍ കഴിയുമെന്നാണ്"?  
അതിനു മറുപടി പറയാന്‍ ഞാന്‍ വൈകിയപ്പോള്‍ ഉപ്പ തന്നെ തുടര്‍ന്നു. 
"എനിക്ക് ഉത്തരമറിയാവുന്ന ഒരു ചോദ്യമാണത്. സാധാരണക്കാരനായിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ എല്ലാ ആഗ്രഹങ്ങളും എന്‍റെ മക്കള്‍ എനിക്ക് നിറവേറ്റി തന്നിട്ടുണ്ട്. ഹജ്ജിനു പോകണ മെന്നൊരാഗ്രഹം അവസാനമായി എനിക്കുണ്ടായിരുന്നു, അതും എന്‍റെ മക്കള്‍ കഴിഞ്ഞ തവണ എനിക്ക് സാധിപ്പിച്ചുതന്നു. ഇതും നിറഞ്ഞ മനസ്സോടെ അവര്‍ എനിക്ക് ചെയ്തു തരുമെന്നറിയാം. പക്ഷെ ഞാനത് ആഗ്രഹിക്കുന്നില്ല. ഏതു നേരത്തും മരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരു ഓപറേഷന്‍ കഴിച്ചു കുറേകാലം നിങ്ങളുടെ  കര്‍ശന നിര്‍ദ്ദേശങ്ങള്‍ക്കും, നിയന്ത്രണങ്ങള്‍ക്കും വിധേയനായി ജീവിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം, കര്‍മ്മധീരനായി മരിക്കാനാണ്. അതിനു തയ്യാറുള്ള ഒരു മനസ്സ് എനിക്കുണ്ട്. അത് ധാരാളമാണ്. ഇത് എന്‍റെ മക്കളോടും ഡോക്ടര്‍ മനസ്സിലാക്കി കൊടുക്കണം. എന്നീട്ടു എത്രയും പെട്ടെന്ന് എന്നെ ഇവിടെനിന്നും ഡിസ്ചാര്‍ജ് ചെയ്തു തരണം".  
ഒരു ശക്തമായ മനസ്സില്‍നിന്നും ഉടലെടുക്കുന്ന
വ്യക്തമായ ഒരു തീരുമാനമായി പരിഗണിക്കേണ്ടി വന്നു ആ വാക്കുകളെ.