Monday, 1 August 2011

കഥയല്ലിതു ജീവിതം.


        പണ്ട് പണ്ട് ഏതോ ഒരു നാട്ടില്‍ രണ്ടു യുവാക്കള്‍ ജീവിച്ചിരുന്നു. വളരെ അടുത്ത രണ്ടു കൂട്ടുകാരായിരുന്ന അവര്‍ക്ക് സാജന്‍ എന്നും , ഷാജഹാന്‍ എന്നും പേരുകൊടുക്കാം താല്‍ക്കാലികമായി നമുക്ക്. ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചും പഠിച്ചും വളര്‍ന്നവരായിരുന്നു സാജനും ഷാജഹാനും. രണ്ടു പേര്‍ക്കും വിവാഹ പ്രായമായപ്പോള്‍, ഓരോ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഒരേ സമയത്ത് തന്നെ രണ്ടുപേരുടെയും വിവാഹവും നടന്നു. വിവാഹത്തിന്റെ തിരക്കുകൊണ്ടും മറ്റും കല്യാണ ശേഷം കുറെ ദിവസങ്ങള്‍ രണ്ടുപേരും പരസ്പരം കണ്ടിരുന്നില്ല. ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടു പേരും പിന്നീട് കണ്ടു മുട്ടിയത്‌. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പറയാനുള്ള ആവേശത്തിലായിരുന്നു രണ്ടു പേരും. ''ഷാജഹാന്‍ പറഞ്ഞു - വിവാഹം ചെയ്യേണ്ടിയിരുന്നില്ല എന്നാണു എനിക്കിപ്പോള്‍ തോന്നുന്നത്''.
''എന്ത് പറ്റി'' ? സാജന്‍ ചോദിച്ചു.
''ഞാന്‍ വിവാഹം ചെയ്തു എന്‍റെ വീട്ടില്‍ ഭാര്യയുമായി വന്ന അന്ന് മുതലേ അവസാനിച്ചു എന്‍റെ എല്ലാ സന്തോഷങ്ങളും. എപ്പോഴും ഞങ്ങളുടെ വീട്ടില്‍ പ്രശ്നങ്ങളെ ഉള്ളൂ. വീട്ടിലേക്ക് കയറി ചെല്ലാന്‍ പോലും ഭയമാണിപ്പോള്‍ എനിക്ക്. മനസ്സമാധാനം നഷ്ടപ്പെടുത്തുന്ന എന്തെങ്കിലും വാര്‍ത്തകളായിരിക്കും വീട്ടില്‍ എന്നെയും കാത്തിരിക്കുന്നത്. എല്ലാ വിഷയത്തിലും ഒരു സ്ഥാനം വഹിക്കുന്നത് എന്‍റെ ഭാര്യയായിരിക്കും. എങ്ങിനെ ഇതൊന്നു പരിഹരിച്ചു കിട്ടും എന്നൊരു പിടിയും കിട്ടുന്നില്ലെനിക്ക്. അതൊക്കെ പോട്ടെ, എന്താണ് വിവാഹ ശേഷമുള്ള നിന്‍റെ വിശേഷങ്ങള്‍ "? ഷാജഹാന്‍, സാജനോട് ചോദിച്ചു.
"എനിക്ക് വളരെ സുഖമാണ്. സാജന്‍ തുടര്‍ന്നു -
കുറച്ചും കൂടെ മുമ്പേ വിവാഹം ചെയ്യാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത്. വീട്ടുകാര്‍ക്കെല്ലാം മുമ്പൊന്നും ഇല്ലാത്തത്ര സ്നേഹമാണെന്നോടിപ്പോള്‍. എന്ത് കാര്യത്തിനും എന്‍റെ ഭാര്യയെയാണ് വീട്ടുകാർ  മുന്നില്‍ നിര്‍ത്തുന്നത്. അവളുടെ സ്വഭാവം അവര്‍ക്കത്ര ഇഷ്ടമായി. ശരിക്കും ഒരുപാട് വര്‍ഷത്തെ പരിചയം എന്‍റെ വീട്ടുകാരുമായി ഉള്ളതുപോലെയാണ് അവളുടെ പെരുമാറ്റം. വീട്ടുകാരുടെ ഈ സന്തോഷം കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സംതൃപ്തിയും തോന്നാറുണ്ട്".
"തീര്‍ത്തും വ്യത്യസ്തമാണല്ലോ നമ്മള്‍ രണ്ടു പേരുടെയും അനുഭവങ്ങള്‍. ഇത്രയ്ക്കു പെട്ടെന്ന് നിന്‍റെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കുവാന്‍ എങ്ങിനെയാണ് നിനക്ക് കഴിഞ്ഞത്? ഷാജഹാന്‍ വളരെ കൌതുകത്തോടെ സാജനോട് ചോദിച്ചു.


"ഓ അതോ? അത് വളരെ എളുപ്പത്തില്‍ ഞാന്‍ സാധിച്ചെടുത്തു. സാജന്‍ തുടര്‍ന്നു,  ദാമ്പത്യ ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം വളരെ ആശങ്കയായിലായിരുന്നു ഞാന്‍. എന്നും വഴക്ക് കൂടുന്ന എന്‍റെ ജേഷ്ടനും, ചേട്ടത്തിയും. ഭര്‍ത്താവിനെ ഉപേക്ഷിച്ചു വീട്ടില്‍ നില്‍ക്കുന്ന എന്‍റെ പെങ്ങള്‍, ഇവരെല്ലാമായിരുന്നു എന്‍റെ ആശങ്കക്ക് കാരണക്കാര്‍. അതുകൊണ്ട് തന്നെ വലിയൊരു തയ്യാറെടുപ്പ് നടത്തേണ്ടി വന്നു മുന്‍കൂട്ടി എനിക്ക്".
"എന്നീട്ടു"? കൌതുകത്തോടെ ഷാജഹാന്‍ ചോദിച്ചു.


"സാജന്‍ വീണ്ടും തുടര്‍ന്നു - വിവാഹം കഴിഞ്ഞു ഞാനെന്റെ ഭാര്യയുമായി വീട്ടില്‍ ആദ്യമായി കയറിയപ്പോള്‍, ആരെയും എന്‍റെ വീട്ടില്‍ പരിചയമില്ലാത്ത എന്‍റെ ഭാര്യ, വീട്ടിലെ ഓരോരുത്തരെ പരിചയപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു.


പെട്ടെന്ന്, എന്‍റെ വീട്ടില്‍ വളര്‍ത്തുന്ന ഒരു കോഴി വീടിനു അകത്തേക്ക് വന്നു. ഞാന്‍ വസ്ത്രം മാറ്റുന്നതിനടയില്‍ ആ കോഴിയെ പുറത്തേക്കു പോകാന്‍ വേണ്ടി ആംഗ്യം കാണിച്ചു. പുറത്തു പോയ കോഴി വീണ്ടും തിരിച്ചു അകത്തേക്ക് വന്നു. ഞാന്‍ വീണ്ടും എന്‍റെ ആംഗ്യം ആവര്‍ത്തിച്ചു, കോഴി വീണ്ടും പുറത്തു പോയി തിരിച്ചു അകത്തേക്ക് തന്നെ വന്നു. എനിക്ക് ദേഷ്യംവന്നു. ഞാന്‍ കോഴിയെ കുറെ ദൂരം ഓടിച്ചു എന്‍റെ മുറ്റത്ത്‌ വെച്ചു പിടിച്ചു. എന്നീട്ടു അതിന്റെ കഴുത്ത് പൊട്ടിച്ചു കൊന്നു, അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു അകത്തേക്ക് തിരിച്ചുവന്നു. ഇതെല്ലാം കണ്ടുകൊണ്ടു എന്‍റെ ഭാര്യ ഇടിവെട്ട് കൊണ്ടവളെപോലെ നില്പുണ്ടായിരുന്നു. അവള്‍ എന്‍റെ മുഖത്തേക്ക് നോക്കാന്‍ പോലും ഭയക്കുന്നുണ്ടായിരുന്നു. ഞാന്‍ ശാന്തനായി എന്ന് അവള്‍ക്കു ഉറപ്പു വന്നപ്പോള്‍, അവള്‍ പതുക്കെ എന്‍റെ അടുത്തുവന്നു. പാതി താഴ്ത്തിയ മുഖവുമായി, ഇടറുന്ന ശബ്ദത്തില്‍ എന്നോട് ചോദിച്ചു.
"എന്തിനാ ആ കോഴിയെ കൊന്നത്"? അതിനെ ഒന്ന് ശരിക്ക് ശബ്ദത്തോടെ ഭയപ്പെടുത്തിയിരുന്നു വെങ്കില്‍ അത് പോകുമായിരുന്നില്ലേ? അതിനെ കൊല്ലേണ്ടിയിരുന്നില്ലല്ലോ?


ഞാന്‍ പറഞ്ഞു" ശരിയാണ്, അതിനെ കൊല്ലേണ്ടിയിരുന്നില്ല.

ആ കോഴി, ചെറിയൊരു കോഴിക്കുഞ്ഞായിരുന്ന സമയത്ത് ഞാനാണ് അതിനെ ചന്തയില്‍നിന്നും വാങ്ങി ഇവിടെ കൊണ്ട് വന്നത്. വളരെ താല്പര്യത്തോടെയായിരുന്നു ഞാനതിനെ വളര്‍ത്തിയിരുന്നത്. ഇന്നലെ വരെ ഞാന്‍ തന്നെയായിരുന്നു അതിനു ധാന്യങ്ങള്‍ നല്‍കിയിരുന്നതും. ഞാന്‍ വിളിച്ചാല്‍ അടുത്തു വരികയും, ഒരു ശബ്ദമുണ്ടാക്കിയാല്‍ ദൂരേക്ക് പോവുകയും ചെയ്യുമായിരുന്നു ഇന്നലെ വരെ അത്. പക്ഷെ ഇന്ന് ആ കോഴി എന്നെ ധിക്കരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിനര്‍ത്ഥം എന്നെ അത് അനുസരിക്കില്ല എന്നതാണ്. എന്നെ അത് അനുസരിക്കുന്നിടത്തോളം ഞാനതിനു ധാന്യങ്ങള്‍ കൊടുത്തു. എന്നാല്‍ എന്നെ ധിക്കരിക്കുന്ന അതിനെ ഇനി എന്‍റെ തണലില്‍ ജീവിക്കാന്‍ അനുവദിച്ചുകൂടാ. ഇതാണ് എന്‍റെ സ്വഭാവം. ഇത് നിനക്കുള്ള ഒരു പാഠവും കൂടിയാണ്.


എന്‍റെ ഇഷ്ടാനിഷ്ടങ്ങളെ നീ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നിടത്തോളം നിനക്ക് ഈ വീട്ടില്‍ അല്ല, എന്‍റെ മനസ്സിലാണ് സ്ഥാനം. എപ്പോള്‍ എന്നെ നീ ധിക്കരിക്കുന്നുവോ, അന്ന് വരേയ്ക്കും ആ സ്ഥാനം നിനക്ക് അലങ്കരിക്കാം. എന്ന് ഞാനെന്റെ ഭാര്യയോടു പറഞ്ഞു. അത് അവള്‍ എല്ലാ അര്‍ത്ഥത്തിലും ഉൾ കൊള്ളുകയും അംഗീകരിക്കുകയും ചെയ്തു. ഇതായിരിക്കാം എന്‍റെ ദാമ്പത്യജീവിത വിജയ രഹസ്യം".


ഇത്രയ്ക്കു കേട്ട ഷാജഹാന്‍ നേരെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് കയറിചെല്ലുമ്പോള്‍ മുറ്റത്ത്‌ നില്‍പ്പുണ്ടായിരുന്നു ഒരു കോഴി. ഉടനെ ആ കോഴിയെ ഓടിച്ചു പിടിച്ചു ഭാര്യയുടെ മുന്നില്‍ കൊണ്ടുവന്നു അതിന്റെ കഴുത്ത് പൊട്ടിക്കാന്‍ വേണ്ടി ശ്രമിക്കുന്നതിനിടയില്‍ ഭാര്യ പറഞ്ഞു,


"എന്തിനാ ആ പാവം കോഴിയെ പേടിപ്പിക്കുന്നത്‌? അതിനെ കൊല്ലാന്‍ മാത്രമുള്ള മനക്കരുത്ത്‌ ഒന്നും നിങ്ങള്‍ക്കില്ലായെന്നു ഏറ്റവും കൂടുതല്‍ മനസിലാക്കിയവളാണ് ഞാന്‍. അതിനെ വിട്ടോളൂ അതുപോയി എന്തെങ്കിലും ധാന്യങ്ങള്‍ കൊത്തി തിന്നോട്ടെ".കഥയിൽ ചോദ്യമില്ല എന്നറിയാലോ ല്ലേ..