Monday 1 January 2018

അർഹിക്കുന്ന അംഗീകാരം

ഒരിക്കല്‍ എന്റൊരു കൂട്ടുകാരന്റെ ഭാര്യാ പിതാവ് ‍ഷാര്‍ജയില്‍ വെച്ച് മരണപ്പെട്ട വാര്‍ത്ത അറിഞ്ഞ്, അല്‍ഖാസിമി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മയ്യിത്ത് കാണാന്‍ ഞങ്ങള്‍ പോയി. മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകുന്നതിനെ കുറിച്ചു സംസാരിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു 'അഷ്‌റഫ്‌ താമരശ്ശേരിക്ക് വിളിച്ചിരുന്നു. അദ്ദേഹം അല്‍ മജാസ് പോലീസ് സ്റ്റേഷനില്‍ എത്താമെന്ന്' പറഞ്ഞിട്ടുണ്ട്. ഉടനെ ഹോസ്പിറ്റലില്‍ നിന്നും പേപ്പര്‍ വാങ്ങി ഞങ്ങള്‍ പോലിസ് സ്റ്റേഷനില്‍ എത്തി. അവിടെ എത്തുമ്പോള്‍ അഷ്‌റഫ്‌ ഭായ് അവിടെ കാത്തിരിപ്പുണ്ടായിരുന്നു. പോലിസുകാരെല്ലാം വളരെ സ്നേഹത്തോടെയും താല്‍പര്യത്തോടെയും ആയിരുന്നു അദ്ദേഹത്തിന് വേണ്ട പേപ്പറുകള്‍ ശരിയാക്കി കൊടുത്തത്.

അങ്ങനെ പോലിസ് സ്റ്റേഷനിലെയും, എമിഗ്രേഷനിലെയും, എംബസ്സിയിലെയും, എംബാമിങ്ങിന്റെയു മെല്ലാ പേപ്പറുകളും ഓടി നടന്നു ശരിയാക്കി, മയ്യിത്ത് ദുബായ് എയര്‍ പോര്‍ട്ടില്‍ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു. അന്ന് അദ്ദേഹത്തിന് രണ്ടു ഡെഡ് ബോഡി കൂടി നാട്ടിലേക്ക് അയക്കാനുണ്ടായിരുന്നു.

അത്ഭുതമാണ് അഷ്‌റഫ്‌ താമരശ്ശേരിയോട് അന്ന് തോന്നിയത്. ഒരു മരണ വാര്‍ത്ത അറിഞ്ഞാല്‍, സ്വന്തം ജോലി പോലും ഒഴിവാക്കി, ആ ഡെഡ് ബോഡി നാട്ടില്‍ എത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കാന്‍ ഒരു രൂപ പോലും പ്രതിഫലം പറ്റാതെ ഒരു മനുഷ്യന്‍ ഈ അന്യ നാട്ടില്‍ ഇങ്ങനെ ഓടിനടക്കുന്നു. ഈ പതിനാല് വര്‍ഷത്തെ ഓട്ടപ്പാച്ചിലില്‍ നാലായിരത്തോളം ഡെഡ് ബോഡികള്‍ UAE യില്‍ നിന്നും അദ്ദേഹം നാട്ടിലേക്ക് എത്തിച്ചിരിക്കുന്നു.

പ്രവാസി ഭാരതി അവാർഡ്‌ ജേതാവായ അഷറഫ്‌ താമരശേരിക്ക്‌ അമേരിക്കയിലെ ഹവായിൽ പ്രവർത്തിക്കുന്ന കിംഗ്‌സ്‌ യൂണിവേഴ്സിറ്റി ഇപ്പോള്‍ ഡീലിറ്റ് നല്‍കി ആദരിച്ചിരിക്കുന്നു. തീര്‍ത്തും അര്‍ഹിക്കുന്ന അംഗീകാരം.