Tuesday 28 December 2010

ഒരു കഥ പറയാം

"നിറുത്താറായില്ലേ നിന്‍റെ ഈ പ്രവാസ ജീവിതം, വര്‍ഷം പതിനഞ്ചോളമായല്ലോ"?

അപ്രതീക്ഷിതമായിട്ടുള്ള രാമേട്ടന്റെ ചോദ്യം കേട്ടു സുധീര്‍ ഒന്ന് പുഞ്ചിരിച്ചു.
"എന്താ നീ ചിരിക്കുന്നത്? നിന്നോട് തന്നെയാണ് ഞാന്‍ ചോദിച്ചത്. ഞാനൊക്കെ കണ്ണടച്ചാല്‍ കുഴിയിലേക്ക് എടുത്തു വെക്കേണ്ട കുട്ടികളാണ്. ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗമായാല്‍ പിന്നെ തിരിച്ചു പോരണം, അല്ലാതെ ഗള്‍ഫിനെയും കെട്ടിപ്പിടിച്ചു അവിടെത്തന്നെ കൂടുകയല്ല വേണ്ടത്". ശകാരം നിറഞ്ഞ രാമേട്ടന്റെ സംസാരം ആത്മാര്‍ഥതയോടെയാണ് എന്ന് മനസ്സിലായി. രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്നതായിരുന്നു സുധീര്‍. എന്തും തുറന്നു പറയുകയും, ചോദിക്കുകയും ചെയ്യുന്ന ആളാണ്‌ രാമേട്ടന്‍. നാട്ടില്‍ എല്ലാവര്‍ക്കും രാമേട്ടനോട്‌ പ്രത്യേക ആദരവും ബഹുമാനവുമാണ്. ആരുടെ കാര്യത്തിലും നേരിട്ട് ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തി എന്നുള്ള ഒരു പ്രത്യേകതയും രാമേട്ടനുണ്ട്.

"എന്നും ആഗ്രഹിക്കുന്ന കാര്യമാണ് രാമേട്ടാ ഒരു തിരിച്ചുപോരല്‍. പക്ഷെ ഓരോ തടസ്സങ്ങളാണ് എപ്പോഴും മുന്നില്‍. രാമേട്ടന്റെ ഈ ശകാരം നിറഞ്ഞ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, എനിക്ക് ഓര്‍മ വരുന്നത് പണ്ട് എപ്പോഴോ കേട്ടു മറന്ന ഒരു പഴങ്കഥയാണ്".

"കഥകള്‍ പറയാന്‍ പണ്ടും നീ മിടുക്കനാണല്ലോ, കേള്‍ക്കട്ടെ എന്താ നിന്‍റെ കഥ"?

സുധീര്‍ ‍ഇങ്ങനെ തുടങ്ങി -

"വിശന്നു ഇര പിടിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പൂച്ച. തന്‍റെ ഇഷ്ട ഭക്ഷണമായ എലിയെ മുന്നില്‍ കണ്ടതോടെ പൂച്ചക്ക് സന്തോഷമായി. പതുക്കെ പൂച്ച എലിയുടെ അടുത്തേക്ക് നീങ്ങി. അപകടം മനസിലാക്കിയ എലി പ്രാണ രക്ഷാര്‍ത്ഥം ഓടി. പൂച്ചയും പിറകെ ഓടി. കുറെ ഓടിയതിനു ശേഷം എലി ഒരു ചെറിയ മാളത്തില്‍ പോയി ഒളിച്ചു. പൂച്ച മാളത്തിനുപുറത്തു ചുറ്റും നടന്നു. ദേഷ്യം സഹിക്കാന്‍ കഴിയാതെ പൂച്ച ഓരോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടേ ഇരുന്നു. എലിയെ പുറത്തേക്കു കിട്ടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായെന്ന് മനസ്സിലാക്കിയ പൂച്ച ദേഷ്യത്തോടെ പറഞ്ഞു - 'എല്യേ, നീ വിജയിച്ചു എന്ന് കരുതി അഹങ്കരിക്കുകയൊന്നും വേണ്ട. ഒരു ദിവസം നിന്നെ എന്‍റെ കയ്യില്‍ കിട്ടും, അന്ന് ഞാന്‍ തീര്‍ത്തോളം നിന്നോടുള്ള ഈ കടങ്ങളെല്ലാം'.

ഇടറുന്ന ശബ്ദത്തില്‍ മാളത്തിനു ഉള്ളിലിരുന്നു എലി മറുപടി പറഞ്ഞു -

'എന്‍റെ പൊന്നാര പൂച്ചേ,
ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടമാണ്.
എന്ന് ഞാന്‍ നിന്‍റെ മുന്നില്‍ തോല്‍ക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടി വരും എനിക്കെന്റെ ജീവിതം. ഇന്നെന്റെ ശരീരത്തില്‍ ജീവന്‍ ഉണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടെനിക്ക്. നിന്‍റെ മുന്നില്‍ കീഴടങ്ങുന്നതോടെ അതും നഷ്ടപ്പെടും. അതുകൊണ്ട്,


മനസ്സമാധാനം ഇല്ലാതെയാണെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ, നിന്‍റെ പോലെ പുറത്തിറങ്ങി നടന്നു ആസ്വാധ്യ മായിട്ടുള്ള ജീവിതമല്ലെങ്കില്‍ പോലും".
സുധീറിന്റെ കഥകേട്ട രാമേട്ടന്‍ തലയും കുലുക്കി മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു ഒന്നും മിണ്ടാതെ.


(ഒരു ഗൂഗിള്‍ ചിത്രം)