Friday, 25 June 2010

അവള്‍ നസ്രിയ -1

ബോര്‍ഡിംഗ് പാസെടുക്കാന്‍ വരിയില്‍ നില്‍ക്കുമ്പോഴും, വീട്ടില്‍നിന്നും യാത്ര പറഞ്ഞു പിരിഞ്ഞതിന്‍റെ ഓര്‍മ്മയിലായിരുന്നു അവന്‍. 
''താങ്കള്‍ എങ്ങോട്ട് പോകുന്നു''? 
പെട്ടെന്ന് പിറകില്‍ തട്ടി ഒരാള്‍ ചോദിച്ചു.
 ''ഞാന്‍ സലാലയിലേക്ക്‌'' അവന്‍ പറഞ്ഞു.
''എങ്കില്‍, എന്‍റെ മരുമകളും അങ്ങോട്ടാണ് പോകുന്നത്, അവള്‍ ആദ്യമായിട്ട് പോകുന്നത്കൊണ്ട് അവള്‍ക്കു ഇതിനെ കുറിച്ചൊന്നും അറിവില്ല. വിമാനം ഇറങ്ങുമ്പോള്‍ അവളുടെ ഭര്‍ത്താവ് അവിടെ ഉണ്ടാകും, അതുവരേക്കും നിങ്ങള്‍ അവളെയൊന്നു സഹായിക്കണം, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുകയും വേണം''.
ശരി എന്ന അര്‍ത്ഥത്തില്‍ അവന്‍ തലകുലുക്കി.
ബോഡിംഗ് പാസ്സെല്ല്ലാം എടുത്തു അവന്‍ ഒരു കസാരയില്‍  ചെന്നിരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി തന്റെ അടുത്തു വന്ന്‍ മുന്‍ പരിചയത്തോടെ യെന്ന വണ്ണം പറഞ്ഞു
''നല്ല ആളാണ്‌, ഞാന്‍ എവിടൊക്കെ തിരക്കി എന്നറിയോ? വാപ്പ പറഞ്ഞു എന്നോട്, ഒരാളോട് നിന്‍റെ കാര്യമെല്ലാം ഏല്പിച്ചിട്ടുണ്ട്, റോസ്‌ കളര്‍ ഷര്‍ട്ടും ബ്ലാക്ക്‌ പാന്റുമാണ്‌ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ നിറം, കയ്യില്‍ ചെറിയൊരു നീല ഹാന്റ്ബഗ് ഉണ്ട്. വാപ്പ പറഞ്ഞ വിവരണങ്ങള്‍ വെച്ചു അത് നിങ്ങള്‍ ആകാന്‍ തന്നെയാണ് സാധ്യത എന്നെനിക്കുതോന്നി. അതുകൊണ്ടാണ് ഒരല്പം അടുപ്പമുള്ളതുപോലെ സംസാരിച്ചത്'', അവള്‍ പറഞ്ഞു നിര്‍ത്തി.
''അതെ, നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഞാന്‍ തന്നെയാണ് '' അവന്‍ പറഞ്ഞു.
''ഓഹ്, സമാധാനമായി. എനിക്ക് toilet ല്‍ ഒന്ന് പോകണം, toilet എവിടെയാണ്, അവള്‍ ചോദിച്ചു.''
''ഇതാ കാണുന്നു'' toilet ന്റെ ദിശയിലേക്കു കൈചൂണ്ടികൊണ്ട് അവന്‍ പറഞ്ഞു.
''എങ്കില്‍ നിങ്ങള്‍ എന്‍റെ ഈ ഹാന്റ്ബഗ് ഒന്ന് പിടിക്ക്, ഞാന്‍ ഇപ്പോള്‍ വരാം, വന്നീട്ട് നമുക്ക് കൂടുതല്‍ പരിചയപ്പെടാം'' അവള്‍ അവളുടെ ഹാന്റ്ബഗ് അവന്റെ  അടുത്തുള്ള കസാരയില്‍ വെച്ചു toilet ലെക്ഷ്യംവെച്ചു നടന്നു.
'സൌന്ദര്യമുള്ള ഒരു മിടുക്കിയായ പെണ്‍കുട്ടി. ആദ്യ സംസാരത്തിലെ സംസാര പ്രിയയാണെന്ന് തോന്നി.
അവന്‍ വീണ്ടും വീട്ടില്‍ നിന്നും യാത്ര പറഞ്ഞു പോന്ന രംഗത്തെ കുറിച്ചുള്ള ആലോചനയില്‍ മുഴുകി. തന്റെ ഈ യാത്രക്ക് പകരമായി,  ശരീരത്തിലെ ഏതെങ്കിലും ഒരവയവമാണ് മുറിച്ചു നല്‍കേണ്ടിയിരുന്നതെങ്കില്‍ ഞാന്‍ നിറഞ്ഞ മനസ്സോടെ അത് നല്‍കുമായിരുന്നു, അത്രയ്ക്ക് മാനസിക വേദന അടക്കിപിടിച്ചാണ് ഞാനീ യാത്ര പുറപെടുന്നത്‌. വിവാഹം കഴിഞ്ഞു വെറും അമ്പത്തിമൂന്നു ദിവസമാണ് ഭാര്യയുമൊത്ത് കഴിഞ്ഞത്. യാത്ര പുറപ്പെടാന്‍ വേണ്ടി വസ്ത്രം മാറ്റുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചത് ഈ യാത്ര മാറ്റിവെക്കാന്‍ കഴിയില്ല അല്ലെ എന്നാണ്. നിസ്സഹനായി ഇല്ലയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല അനക്കുമ്പോള്‍ പിടയുന്ന ഒരുമനസ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഭാവിയില്‍ ഒരു സാമ്പത്തിക ഭദ്രത ലഭിക്കുമെന്നും, അതുകൊണ്ട് ജീവിതം സന്തോഷകരമാക്കാമെന്നും കരുതി, ഒരിക്കലും തിരിച്ചു ലഭിക്കില്ലെന്ന് ഉറപ്പുള്ള, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ ഒഴിവാക്കി യാത്രപുറപ്പെട്ട എന്നെ ഒരു 'വിഡ്ഢി' എന്ന് മനസ്സിലെങ്കിലും വിളി ചോട്ടെ ഞാന്‍! വീട്ടില്‍ വെച്ചു നടന്ന ഓരോ നിമിഷങ്ങളെ അവന്‍ തന്റെ മനസ്സില്‍ ഓര്‍മിച്ചുകൊണ്ടിരുന്നു. ഉറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നവനെപോലെ അവന്‍, അവളുടെ ശബ്ദം കേട്ടു തലഉയര്‍ത്തി നോക്കി.
''എന്താ മാഷേ സ്വപ്നം കാണുകയാണോ'' ? അതെ അവള്‍തന്നെ.
''എന്‍റെ പേര്‍ നസ്രിയ, സ്ഥലം തലശ്ശേരി''
സ്വയം പരിജയപ്പെടുത്തികൊണ്ട് അവള്‍ ഹന്റ്ബഗ് എടുത്തുമാറ്റി, അവന്റെ തൊട്ടടുത്തുള്ള കസാരയില്‍ ഇരുന്നു.
''എന്താ നിങ്ങളുടെ പേര്‍''? അവള്‍ ചോദിച്ചു
''എന്‍റെ പേര്‍ അബുറയ്യാന്‍, സ്ഥലം തൃശൂര്‍, ആറ് വര്‍ഷമായി സലാലയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു'' ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു നിര്‍ത്തി.
"നിങ്ങള്‍ വിവാഹിതനാണോ"?
"അതെ, ഞാന്‍ വിവാഹിതനാണ്''. 
ഇതെന്താ ആദ്യംതന്നെ വിവാഹിതനാണോ എന്ന അര്‍ത്ഥത്തില്‍ അവന്‍ അവളെ ഒന്ന് നോക്കി.
"വിവാഹിതനാണെങ്കിലെ ഒന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയൂ.  അവിവാഹിതനാകുമ്പോള്‍, എന്‍റെ സംസാരത്തില്‍ അവന്‍ എന്നൊരു കാമുഖിയായി സങ്കല്‍പിച്ചാലോ". അവള്‍ പറഞ്ഞു. 
"ഓഹോ, അതൊരു പുതിയ അറിവാണല്ലോ". അവന്‍ പറഞ്ഞു.
''ഇതുപോലെ എന്തെല്ലാം പുതിയ അറിവുകള്‍ നമ്മള്‍ അറിയാന്‍കിടക്കുന്നു. എന്താ നിങ്ങളുടെ ഭാര്യയുടെ പേര്''? നസ്രിയ ചെറുപുഞ്ചിരിയോടെ ചോദിച്ചു.
''ഷാഹിത''. അവന്‍ പറഞ്ഞു.
''നിങ്ങള്‍ക്കറിയോ, രണ്ടു ദിവസമായി ഞാന്‍ ഉറങ്ങിയിട്ട്'' അവള്‍ പറഞ്ഞു.
''അതെന്തേ''? അവന്‍ ചോദിച്ചു.
''എന്‍റെ മങ്ങലം കഴിഞ്ഞീട്ട് മൂന്നു മാസമായി. പതിനൊന്നു ദിവസം മാത്രമേ ഞാനും പുയ്യാപ്ലയും ഒരുമിച്ചു കഴിഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും മൂപ്പര്‍ക്ക് തിരിച്ചു പോകാനുള്ള സമയമായി. രണ്ടു ദിവസമായിട്ടുള്ളൂ എന്‍റെ വിസ കിട്ടിയിട്ട്. അതുകൊണ്ടുതന്നെ വിസകിട്ടിയ അന്നുമുതല്‍ ഓരോ വീടുകളില്‍ കയറി ഇറങ്ങുകയായിരുന്നു യാത്ര പറയാന്‍വേണ്ടി. ഇപ്പോള്‍ എനിക്ക് പുയ്യാപ്ലയുടെ അടുത്തേക്ക് പോകുന്നു എന്നുള്ള സന്തോഷം ഉണ്ടെങ്കില്‍ തന്നെ, വീട്ടുകാരെ പിരിഞ്ഞ വിഷമവും നന്നായിടുണ്ട്. ആദ്യമായിട്ടാണ് ഞാന്‍ വീട്ടുകാരെ പിരിഞ്ഞു നില്‍ക്കാന്‍ പോകുന്നത്''.
''അപ്പോള്‍ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ അല്ലെ നില്‍ക്കുന്നത്''? അവന്‍ ഇടയ്ക്കു കയറിയൊന്നു ചോദിച്ചു.
"അല്ല, ഞങ്ങള്‍ തലശ്ശേരിക്കാര്‍ മങ്ങലം കഴിഞ്ഞാലും ഞങ്ങളുടെ സ്വന്തം വീട്ടില്‍ തന്നെയാണ് സ്ഥിരം നില്‍ക്കുക. അതുകൊണ്ടുതന്നെ വീട്ടുകാരെ പിരിഞ്ഞു നില്‍കേണ്ട ആവശ്യം എനിക്ക് വന്നീട്ടില്ല. ഒന്നര ലെക്ഷം രൂപയുടെ അറയായിരുന്നു എനിക്ക് കിട്ടിയത്. പതിനൊന്നു ദിവസത്തെ പരിജയം മാത്രമേ ഞാനും പുയ്യാപ്ലയും തമ്മില്‍ ഉള്ളു. മൂപ്പരുടെ സ്വഭാവം ഒന്നും എനിക്ക് ശെരിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു പേടിയും ഉണ്ട് മനസ്സില്‍. എന്തെ ഇങ്ങളൊന്നും മുണ്ടാണ്ടിരിക്കണ്. ഞാന്‍ പറയുന്നത് ഇങ്ങക്ക് ഇഷ്ടപെടുന്നില്ലേ? അവള്‍ ചോദിച്ചു.
''എനിക്ക് സംസാരിക്കാനുള്ള ഒരവസരം നസ്രിയ തന്നിട്ടില്ലല്ലോ, നസ്രിയ പറഞ്ഞു തീര്‍ന്നതിനുശേഷം സംസാരിക്കാമെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്'' അവന്‍ പറഞ്ഞു. 
''ഇങ്ങളെ നാട്ടില്‍ പെണ്ണുങ്ങള്‍ക്ക്‌ ഭയങ്കര കഷ്ടമാണ് അല്ലെ''? അവള്‍ ചോദിച്ചു.
''അതെന്താ''? അവന്‍ ആശ്ചര്യത്തോടെ അവളെ നോക്കി.
''അല്ല, മങ്ങലം കഴിഞ്ഞാല്‍ പിന്നെ പുയ്യാപ്ലടെ വീട്ടിലല്ലേ അവര്‍ക്ക് നില്‍ക്കാന്‍ പറ്റുള്ളൂ. സ്വന്തം വീട്ടിലേക്കൊന്നു വരണമെങ്കില്‍ പുയ്യാപ്ലടെ സമ്മതത്തിനു കാത്തു നി‍ക്കണ്ടേ. ഭയങ്കര ബുദ്ദിമുട്ടല്ലേ അതൊക്കെ''? നസ്രിയ പറഞ്ഞു.
''അതൊരു ബുദ്ദിമുട്ടായിട്ടു എനിക്ക് തോന്നിയിട്ടില്ല. എന്‍റെ ഭാര്യക്കും അങ്ങിനെ തന്നെയാണെന്നാണ് എന്‍റെ അറിവ്. വിവാഹത്തിനുശേഷം ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നത് അവളുടെ ഭര്‍ത്താവിന്റെ തണലില്‍, ഏതു വിഷയത്തിലും അവന്‍റെ അഭിപ്രായങ്ങളും താല്‍പര്യവും മനസിലാക്കി ജീവിക്കാനാണ്. എന്നാണു ഞാന്‍ മനസിലാക്കുന്നത്‌'' അവന്‍ പറഞ്ഞു".
"അത് ശരിയായിരിക്കാം പക്ഷെ, ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ സ്ഥിരമായി നില്‍ക്കുന്നത് അത്രയ്ക്ക് ശരിയൊന്നുമല്ല. ഇത്ര കാലം ജീവിച്ചു വളര്‍ന്ന വീട് വിട്ടിട്ടു പെട്ടെന്ന് മറ്റൊരു വീട്ടില്‍ പോയി സ്ഥിരമായി നില്‍ക്കാന്‍ അവര്‍ക്ക് എങ്ങിനെ കഴിയുന്നത്‌? ശരിക്കും വട്ടാകില്ലേ? പിന്നെ പുയ്യാപ്ലടെ ഉമ്മാടെയും പെങ്ങന്മാരുടെയും കുത്തുവാക്കും, ചീത്ത പറച്ചിലും എല്ലാം കേള്‍ക്കണ്ടേ? എങ്ങിനെ ആ പെണ്ണുങ്ങള്‍ക്ക്‌ അതെല്ലാം സഹിച്ചു നില്‍ക്കാന്‍ കഴിയാ? എന്നെ കൊണ്ടാവില്ല അതൊന്നും".
സംസാരിക്കാന്‍ ഒരവസരം കിട്ടിയ ആര്‍ത്തിയില്‍ അവള്‍ വാചാലയാകുന്നത് അവന്‍ ശ്രദ്ദിച്ചുകൊണ്ടിരുന്നു. നസ്രിയാക്ക് പറയാനുള്ളതെല്ലാം പറയട്ടെ അതിനു ശേഷം തന്‍റെ അഭിപ്രായം പറയാം എന്ന ഉദ്ദേശത്തില്‍ അവന്‍ എല്ലാം കേട്ടുകൊണ്ടിരുന്നു.
ഒരു ദീര്‍ഗ്ഗ ശ്വാസത്തോടെ അവള്‍ പറഞ്ഞു നിറുത്തിയപ്പോള്‍ അവന്‍ തുടങ്ങി.
''അറക്കലെ ബീവിക്ക് വെറും പെണ്മക്കളായിരുന്നു. അവരെല്ലാം വിവാഹം ചെയ്തുപോയാല്‍ തന്റെ വീട്ടില്‍ ആരും ഇല്ലാതെയാകും, എന്ന് മനസിലാക്കിയ ബീവി ഒരു പ്രഖ്യാപനം നടത്തി. തന്റെ പെണ്മക്കളെ വിവാഹം ചെയ്യാന്‍ വരുന്നവര്‍ ആരായിരുന്നാലും അവര്‍ ഈ വീട്ടില്‍ തന്നെ ഭാര്യമാരോടൊത്ത് കഴിയണം. അവര്‍ക്ക് ജീവിക്കാന്‍ വേണ്ട എല്ലാ സൌകര്യവും ഇവിടെ ചെയ്തു കൊടുക്കും. അങ്ങിനെ വിവാഹം കഴിക്കാന്‍ തയ്യാറായവര്‍ ആ വീട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനെ മാതൃകയാക്കാന്‍ നാട്ടുകാരും തയ്യാറായി. ഇതാണ് പില്‍കാലങ്ങളില്‍ പരിസര വാസികളായിട്ടുള്ള തലശ്ശേരി, വടകര ഭാഗങ്ങളില്‍ ഉള്ളവര്‍ 'അറ' എന്ന പേരില്‍ പിന്തുടര്‍ന്ന് പോരുന്നതെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്.'' അവന്‍ പറഞ്ഞു.
''അതിന്റെ ചരിത്രമൊന്നും എനിക്കറിയില്ല പക്ഷെ, ഇതാണ് നല്ലത് എന്ന് എനിക്കുറപ്പുണ്ട്'' അവള്‍ ആവര്‍ത്തിച്ചു.
''എനിക്ക് നിങ്ങളുടെ ഈ 'അറ' സംവിധാനത്തെ കുറിച്ച് കൂടുതലൊന്നും അറിയാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല. പക്ഷെ ഇന്നലെ എനിക്കുണ്ടായ ഒരനുഭവം പറയാം'' അവന്‍ തുടര്‍ന്നു. കേള്‍കാനുള്ള താല്പര്യത്തോടെ അവളും ഇരുന്നു.
''ഞാന്‍ യാത്ര പറയാന്‍ വേണ്ടി ഇന്നലെ എന്‍റെ ഭാര്യ വീട്ടില്‍ ഷാഹിതയുമൊത്ത് പോയിരുന്നു, അവിടുന്ന് ഭക്ഷണമെല്ലാം കഴിച്ചു യാത്ര പറഞ്ഞു പിരിയാന്‍ നേരം അവളുടെ ഉമ്മ (എന്‍റെ അമ്മായുമ്മ)  എന്നോട് പറഞ്ഞു, 'മോനെ ഷാഹിത ഞങ്ങളുടെ മക്കളില്‍ ഏറ്റവും താഴെയാണെന്ന് അറിയാമല്ലോ? അവളെ അത്ര വാത്സല്യത്തോടെയാണ് ഞങ്ങള്‍ വളര്‍ത്തിയിരുന്നത്, അവളെ പിരിഞ്ഞു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ഭയങ്കര വിഷമമുണ്ട്. അതുകൊണ്ട് അവളെ കൂടുതലും ഇവിടെത്തന്നെ നിര്‍ത്താന്‍വേണ്ടി മോന്‍ അനുവാദം കൊടുക്കണം. ഇത് മോനോടുള്ള ഒരു അഭ്യര്‍തനയാണ്'.
ഇത് കേട്ടതോടെ യാത്ര പറഞ്ഞു പിരിയാന്‍ വേണ്ടി എഴുന്നേറ്റുനിന്ന ഞാന്‍ കസാരയില്‍തന്നെയിരുന്നു. എന്നീട്ടു പറഞ്ഞു
''അത് ശരിയാവില്ല എന്ന് ഒറ്റവാക്കില്‍ ഞാന്‍ മറുപടി പറഞ്ഞാല്‍, എന്‍റെ മാതാ പിതാക്കളുടെ സ്ഥാനത്ത് ഞാന്‍ കാണുന്ന നിങ്ങള്‍ക്ക്, ഒരു മാനസിക പ്രയാസം ഉണ്ടാക്കിയേക്കാം.
ഒന്നാമതായി - വിവാഹത്തെ കുറിച്ച് ഞാന്‍ ആലോചിക്കുമ്പോഴെല്ലാം, എനിക്ക് തോന്നിയിട്ടുള്ളത്, വലിയൊരു ഉത്തരവാതിത്വം ഉള്ള വിഷയമാണ് വിവാഹശേഷമുള്ള ജീവിതം എന്നാണു.
ഒരു പെണ്‍കുട്ടിയുടെ എല്ലാനിലയിലുള്ള, പരിപൂര്‍ണ ഉത്തരവാതിത്വം ഏറ്റെടുക്കുക. അതിനുശേഷം അതിലുണ്ടാകുന്ന മക്കളുടെ കാര്യങ്ങള്‍ നോക്കുക, ഇതെല്ലാം ഭാരിച്ചൊരു ജോലിയായിട്ടാണ് ഞാന്‍ വിലയിരുത്തിപോന്നിരുന്നത്. അതുകൊണ്ടുതന്നെ ഇതിനെല്ലാം ഞാന്‍ പ്രാപ്തനാണെന്ന് പരിപൂര്‍ണ ഉറപ്പു വരുത്തിയതിനുശേഷമാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇനി വീണ്ടും എന്‍റെ ഭാര്യ അവളുടെ വീട്ടില്‍ തന്നെ താമസം തുടര്‍ന്നാല്‍, എന്നില്‍ ഞാന്‍ ഉണ്ടാക്കിയെടുത്തീട്ടുള്ള ഉത്തരവാതിത്വബോധം എന്നില്‍ നിന്നും നഷ്ടപെട്ടേക്കാം. അതിനുകാരണം, അവള്‍ അവളുടെ വീട്ടില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട്, ഞാന്‍ ശ്രദ്ദിച്ചില്ലെങ്കില്‍ത്തന്നെ അവളുടെ കാര്യത്തില്‍ ഒരു കുറവും വരുത്താതെ അവളുടെ വീട്ടുകാര്‍ എല്ലാം ചെയ്തോളും എന്ന എന്‍റെ തോന്നലായിരിക്കും.
രണ്ടാമതായി - എന്‍റെ ഭാര്യ വിവാഹ ശേഷം എന്‍റെ വീട്ടില്‍ സ്ഥിര താമസമാക്കാന്‍ വരുമ്പോള്‍, മാനസികമായി ഒരുപാട് തയ്യാറെടുപ്പുകള്‍ അവള്‍ നടത്തും. താന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരിടത്തെക്കാണ് പോകുന്നതെന്നും, വ്യത്യസ്തരായ ജനങ്ങളാണ് അവിടെ ഉള്ളതെന്നും, അവര്‍ തന്നെ  വിലയിരുത്തികൊണ്ടിരിക്കുമെന്നും,
അതുകൊണ്ടുതന്നെ, തന്റെ ഓരോ ചലനങ്ങളിലും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട് എന്നും സ്വയം മനസ്സിലാക്കും, ഇത് ഒരു പെണ്‍കുട്ടി എന്നതില്‍നിന്നും, വളരെ പെട്ടെന്ന് തന്നെ ഒരു പരിപൂര്‍ണ്ണ ഭാര്യയും കുടുംബിനിയുമാകാന്‍ അവളെ സഹായിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
മൂന്നാമതായി - ഞാന്‍ ആഗ്രഹിക്കുന്നത്  എന്‍റെ മക്കള്‍ എന്നിലൂടെയും, എന്‍റെ വിലാസത്തിലൂടെയും അറിയപ്പെടാനാണ്. ഈ ആഗ്രഹത്തിന് തീര്‍ത്തും വിരുദ്ധമായിരിക്കും ഭാര്യാവീട്ടില്‍ ജനിച്ചു വളരുന്ന എന്‍റെ മക്കളുടെ കാര്യം. എന്‍റെ ഭാര്യയും അവളുടെ വീട്ടുകാരുമാണ്  ഈ നാട്ടില്‍ അറിയപ്പെടുന്നത്, എന്‍റെ മക്കള്‍ ഈ വീട്ടില്‍ വളരുമ്പോള്‍ സ്വാഭാവികമായും അവര്‍ അറിയപ്പെടുക ഈ  വീട്ടുകാരിലൂടെയാണ്‌. ഇത് ഞാനെന്ന വ്യക്തിയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു''.
ഇത്രയ്ക്കു ഞാന്‍ സംസാരിച്ചു യാത്ര പറഞ്ഞു പിരിയുമ്പോള്‍, ഇതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല എന്ന മട്ടില്‍ എന്‍റെ അമ്മായുമ്മ തിണ്ണയും ചാരി നില്‍ക്കാന്‍ കാരണം, മരുമകനോട്‌ തര്‍ക്കിച്ചു അവന്‍റെ മനസ്സ് വിഷമിപ്പിക്കണ്ട എന്ന് തോന്നിയിട്ടാകും എന്നെനിക്കു തോന്നി.
പെട്ടെന്ന് മൈക്കിലൂടെ അനൌണ്‍സ്മെന്റ് 'സലാലയിലേക്ക്‌ പോകുന്ന Air India Express തയ്യാറായി കഴിഞ്ഞു യാത്രകാരെല്ലാം വിമാനത്തില്‍ വന്നു കയറണമെന്ന്'. ബാഗ് എടുത്തു വിമാനത്തില്‍ കയറാനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു
''നിങ്ങളോട് സംസാരിച്ചു എനിക്ക് മതിയായിട്ടില്ല, ഇനിയും ചില പ്രധാന കാര്യങ്ങളെ കുറിച്ച് നിങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ അറിയാനുണ്ട് എനിക്ക് ''.
''അതിനു നമ്മള്‍ രണ്ടു പേരും അടുത്തുള്ള സീറ്റില്‍ ആയിരിക്കില്ല ഇരിക്കുക, പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ആകാം നമുക്കത്''. അവന്‍ പറഞ്ഞു.
''എന്നാലും ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ നമുക്ക് അടുത്തടുത്ത്‌ ഇരിക്കാന്‍ പറ്റുമോയെന്ന്''? അവള്‍ ചോദിച്ചു.
''ശരി"യെന്നു പറഞ്ഞു അവന്‍, ബോഡിംഗ് പാസ്‌ എയര്‍ ഹോസ്റ്റസിനെ കാണിച്ചു വിമാനത്തിനു ഉള്ളിലേക്ക് കയറി.