Saturday, 12 January 2019

2019 ലെ പൊതു തിരഞ്ഞെടുപ്പും ഇന്ത്യൻ ജനതയും.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

ഒരു ഭാഗത്ത് നരേന്ദ്ര മോഡി നേതൃത്വം കൊടുക്കുന്ന നിലവിലെ NDA സർക്കാരും, മറു ഭാഗത്ത് 54 വാർഷത്തോളം ഇന്ത്യയെ ഭരിച്ച കോൺഗ്രസ്സും, മറ്റു കക്ഷികളുമാണ്.


8 വയസ്സ് മുതൽ മുടങ്ങാതെ RSS ശാഖയിൽ പോയി, നിരന്തരമായിട്ടുള്ള ശാരീരിക മാനസിക പരിശീലനത്തിലൂടെ ഒരു സ്വയം സേവകനായി വളർന്നു വന്ന നരേന്ദ്ര മോഡി 2001 മുതൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ തന്നെ ലോകം അദ്ദേഹത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയതും, തീവ്ര ഹിന്ദുത്വ വാദികൾക്ക് അദ്ദേഹം വീരപുരുഷൻ ആകുന്നതും 2002 ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ വർഗ്ഗീയ കലാപത്തിലൂടെ, രണ്ടായിരത്തോളം മുസ്ലിംകളെ വെട്ടിയും നുറുക്കിയും പച്ചക്ക് കത്തിച്ചും കൊന്നു തള്ളിയ വർഗ്ഗീയ ഭീകര വാദികൾക്ക് വേണ്ട മുഴുവൻ ഒത്താശയും ചെയ്ത് കൊടുത്തു എന്നതിൻ്റെ പേരിലാണ്.

ഉരുക്ക് മനുഷ്യനെന്നും, അടുത്ത പ്രധാനമന്ത്രി എന്നുമെല്ലാം സംഘ പരിവാറുകാർക്കിടയിൽ വിശേഷിപ്പിച്ചിരുന്ന അദ്വാനിയെയും, മുരളീ മനോഹർ ജോഷിയെയുമെല്ലാം അസ്ഥാനത്താക്കി കൊണ്ട് 2014 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് RSS നേതൃത്വത്തിൻ്റെ മുഴുവൻ പിന്തുണയോടെ സ്വയം പ്രധാന മന്ത്രിയായി പ്രഖ്യാപിച്ച്  ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുന്ന നരേന്ദ്ര മോഡിയെയാണ് പിന്നീട് കണ്ടത്. തോണിക്കാരൻ്റെയും മകൻ്റെയും കഥ പോലെ UPA സർക്കാരിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചിരുന്ന ഇന്ത്യൻ ജനത നരേന്ദ്ര മോഡിയുടെ കീഴിലുള്ള ബിജെപി സർക്കാരിനെ അധികാരം ഏൽപ്പിക്കുകയായിരുന്നു. അതികം വൈകാതെ തന്നെ സംഘ പരിവാരം കേന്ദ്ര സർക്കാരിൻ്റെ ഒത്താശയോടെ അവരുടെ അജണ്ടകൾ ഓരോന്നായി പുറത്തെടുത്തു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഓരോ സൗന്ദര്യവും അവർ പിഴുതെറിയാൻ  തുടങ്ങി. തീർത്തും പൗരൻ്റെ വ്യക്തി സ്വാതന്ത്ര്യമായ ഏത് മതത്തിലും, ഏത് ആദർശത്തിലും വിശ്വസിക്കണമെന്നും, എന്ത് ഭക്ഷിക്കണമെന്നും, എന്ത് എഴുതണമെന്നും, എന്ത് പറയണമെന്നുമുള്ള കാര്യങ്ങളിൽ അവർ തീരുമാനം എടുക്കാനും കൈ കടത്താനും തുടങ്ങി. അവർക്കെതിരെ നില കൊണ്ടവരെ വർഗ്ഗീയ കലാപങ്ങൾ നടത്തിയും, കൊലപാതകങ്ങൾ നടത്തിയും നിഷ്ടൂരം അവർ ഇല്ലായ്മ ചെയ്തു കൊണ്ടിരുന്നു.

ഒരു ഭാഗത്തു ഹൈന്ദവ തീവ്ര വാദികളായിട്ടുള്ള സംഘ്പരിവാരങ്ങളെ കൊണ്ട് ഇവ്വിധം ചെയ്യിപ്പിക്കുമ്പോൾ തന്നെ, വൻകിട കുത്തകകളായിട്ടുള്ള ഭീമൻ കമ്പനികളുടെ കോടിക്കണക്കിന് വരുന്ന ലോൺ കുടിശ്ശിക എഴുതി തള്ളുകയും, അവർക്ക് ലാഭം കൊയ്യാൻ പരുവത്തിൽ ഇന്ത്യയുടെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും, ഇന്ത്യൻ സമ്പത് ഘടനയെ തകിടം മറിക്കും നിലയിൽ അവർക്ക് പരവതാനി വിരിക്കുകയും ചെയ്തു. 611000 കോടി രൂപയുടെ കടങ്ങൾ വെറും ആയിരത്തിൽ താഴെ വരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടി എഴുതി തള്ളിയപ്പോൾ 235000 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ചെലവാക്കിയത് എന്നറിയുമ്പോഴാണ്, ഈ സർക്കാർ വൻകിട ഭീമന്മാർക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് ബോധ്യപ്പെടുക.

ഫാസിസം എന്നാൽ എന്താണ് എന്ന മുസ്സോളനിയുടെ വിശദീകരണമാണ്‌ ഇവിടെ പ്രസക്തമാവുന്നത്.
Fascism should be called corporatism because it is a merger of state and corporates 
ഫാസിസം എന്നാൽ അത് കോർപറേറ്റ് മൂല ധനവും, ഭരണ കൂടവും തമ്മിലുള്ള സമ്പൂർണ്ണ ലയനമാണ്.

പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെയും, ഏറ്റവും വലിയ സ്വതന്ത്ര അന്വേഷണ ഏജൻസിയായ സിബിഐ യെയും അവരുടെ കാൽ കീഴിലേക്ക് ഒതുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. 
റാഫേൽ യുദ്ധ വിമാന ഇടപാടിലൂടെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയും അവർ നടത്തി.

അധികാരം കിട്ടിയാൽ ഇന്ത്യക്ക് വെളിയിൽ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെ കൊണ്ട് വരുമെന്നും, പതിനഞ്ച് ലക്ഷം രൂപ വെച്ച് ഓരോരുത്തരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തുമെന്നും, പെട്രോളിനും ഡീസലിനും വില കുറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ അധികാരം കിട്ടി അഞ്ച് വർഷം തികയാൻ പോകുന്ന ഈ വേളയിലും അതൊന്നും പാലിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ സമാനതകളില്ലാത്ത വണ്ണം കൂപ്പുകുത്തുകയും, പെട്രോളിനും ഡീസലിനും ഏറ്റവും അധികരിച്ച വില രേഖപ്പെടുത്തുകയും ചെയ്തു.

ജി എസ് ടി നടപ്പിലാക്കിയും, കള്ളപ്പണം തിരിച്ചു പിടിക്കാൻ എന്ന് പറഞ്ഞു ഒറ്റ രാത്രി കൊണ്ട് ഇന്ത്യൻ കറൻസി നിരോധിച്ചും സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതെല്ലാം ശുദ്ധ മണ്ടത്തരങ്ങളായിരുന്നു എന്നും, ലക്ഷ കണക്കിന് കോടി രൂപകളാണ് അതിലൂടെ ഇന്ത്യൻ ഖജനാവിന് നഷ്ടപ്പെട്ടതെന്നും പിന്നീട് ബോധ്യമായി. യാത്രാ പ്രിയനായ പ്രധാനമന്ത്രി വിദേശ യാത്രകൾക്ക് മാത്രം 2000 കോടി രൂപക്ക് മേലെ ഇതുവരെ ചിലവഴിച്ചു കഴിഞ്ഞു.

1475 ദിവസങ്ങൾക്കിടയിൽ 800 ദിവസം പബ്ലിക് റാലികൾക്കും, 150 ദിവസം വിദേശ യാത്രകൾക്കും വേണ്ടി മാറ്റി വെച്ച പ്രധാന മന്ത്രി നരേന്ദ്ര മോഡി, പാർലിമെൻറ് മീറ്റിങ്ങുകളിൽ പങ്കെടുത്തത് വെറും 19 ദിവസം മാത്രമാണെന്നും, ഒരു പ്രാവശ്യം പോലും പത്ര മാധ്യമങ്ങളെ കാണുകയോ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തിട്ടില്ല എന്നതുമാണ് യാഥാർഥ്യം.

ഈ ഒരു സാഹചര്യത്തിലാണ് അടുത്ത തിരഞ്ഞെടുപ്പ് ചുരുങ്ങിയ മാസങ്ങൾക്ക് ഉള്ളിൽ വരാൻ ഇരിക്കുന്നത്. 

കോൺഗ്രസ്സിനോടും, കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന മുന്നണിയോടുമുള്ള ചില വിയോജിപ്പുകളായിരുന്നു, 2014 ൽ കോൺഗ്രസ്സിനെ അധികാരത്തിൽ നിന്നും താഴെ ഇറക്കാനും, നരേന്ദ്രമോഡി സർക്കാരിനെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും പൊതു ജനങ്ങളെ പ്രേരിപ്പിച്ചതെങ്കിൽ, അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് കോൺഗ്രസ്സിൻ്റെ നേതൃ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധിയിൽ ഒരു പുത്തൻ ഉണർവും, പ്രതീക്ഷയും സാധാരണക്കാരിൽ നൽകുന്നുണ്ട്. ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങൾ പഠിക്കുവാനും, അതിനുള്ള പരിഹാരങ്ങൾ, പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ നിന്ന് തന്നെ അറിയുവാനും, സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും രാഹുൽ ഗാന്ധി എന്ന നേതാവ് വളർന്നിരിക്കുന്നു എന്ന് അദ്ദേഹത്തിൻ്റെ അടുത്ത കാലത്തുള്ള ഇടപെടൽ കൊണ്ടും, ശരീര ഭാഷകൾ കൊണ്ടും ആർക്കും ബോധ്യപ്പെടും.

ഈ ഇന്ത്യ മഹാ രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും എന്ന അതിൻ്റെ സൗന്ദര്യം നിലനിർത്തി കൊണ്ട് മുന്നോട്ട് പോകാനും വരും തലമുറക്ക് അത് കൈമാറാനും നമ്മൾ ആഗ്രഹിക്കുന്നു എങ്കിൽ ഒരു ഭരണ മാറ്റം വന്നേ മതിയാവൂ. ഇതേ സർക്കാർ തന്നെയാണ് ഇനിയും തുടരുന്നത് എങ്കിൽ, പിന്നീട് ഒരിക്കലും നമുക്ക് നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയില്ല എന്ന ബോധ്യം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരനും ഉണ്ടാവണം. അതിനായിരിക്കണം ഓരോരുത്തരുടെയും മുന്നോട്ടുള്ള ഓരോ ചലനവും. എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിലപ്പോൾ നമുക്ക് ഓരോരുത്തർക്കും തോന്നിയേക്കാം.

ഒരു നാട് മുഴുവൻ ദിവസങ്ങളോളം ഇരുട്ടിലാകുന്ന വേളയിൽ, അതിന് പരിഹാരം അനേഷിച്ച് അലയുന്നതിനേക്കാൾ മുമ്പ് ചെയ്യേണ്ടത്, സ്വന്തം വീടനകത്ത് കത്തുന്നത് ഒരു മണ്ണെണ്ണ വിളക്കായാൽ പോലും അതിൻ്റെ തിരി നാളം നീട്ടി കൊണ്ട് അത് ഉമ്മറപ്പടിയിലോ മുറ്റത്തോ വെക്കുകയാണ്. അത് നിലകൊള്ളുന്ന ഭാഗ മെങ്കിലും പ്രകാശം പരക്കുകയും, തൊട്ടടുത്ത വീട്ടുകാരും നിങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവരുടെ വിളക്കും പുറത്തേക്ക് ഇറക്കി വെക്കാൻ തയ്യാറായാൽ അങ്ങനെ കാണുന്നവരെല്ലാം അത് പിന്തുടർന്നാൽ പിന്നെ നിങ്ങളുടെ നാട് ഇരുട്ടിലാണ് എന്ന നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമായേക്കും.

ഒന്നുറപ്പാണ്, ജനാധിപത്യവും മതേതരത്വവും അന്ത്യ ശ്വാസം വലിക്കുന്ന ഈ വേളയിൽ അതിൻ്റെ നിലനിൽപ്പിനായി രംഗത്ത് ഇറങ്ങേണ്ടതും, അതിൻ്റെ കാവലാളാവേണ്ടതും ഓരോ പൗരൻെയും നിർബന്ധ കർത്തവ്യമാണ്. നമുക്ക് ലഭിച്ച ഈ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവുമെല്ലാം അതേ രൂപത്തിലും ഭാവത്തിലും നാളത്തെ തലമുറക്ക് കൈമാറാൻ നമ്മൾ ബാധ്യസ്ഥരാണ്.