Saturday, 8 June 2013

മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍ഇരുപതാമത്തെ വയസ്സില്‍ പ്രവാസ മോഹവുമായി ഞാന്‍ എത്തിപ്പെട്ടത് സലാലയിലായിരുന്നു. പ്രത്യേകിച്ച് ഒരു ജോലിയും, സ്വന്തമായി ചെയ്തു പരിചയമില്ലാത്ത ഞാന്‍ പല ജോലികളും അവിടെ ചെയ്തു. പതിനൊന്നു വര്‍ഷത്തെ അവിടുത്തെ ജീവിതം, ജനിച്ചു വളര്‍ന്ന എന്റെ സ്വന്തം നാട് കഴിഞ്ഞാല്‍, എനിക്ക് ഏറ്റവും പ്രിയമുള്ളതാക്കി സലാല. ഏതൊരു മലയാളി മനസ്സിനെയും കീഴടക്കാന്‍ പ്രാപ്തമായിരുന്നു സലാലയിലെ കേരളത്തെ വെല്ലുന്ന തെങ്ങിന്‍ തോപ്പുകളും വാഴ കൃഷികളും. വര്‍ഷത്തില്‍ മൂന്നു മാസം ലഭിക്കുന്ന ചാറ്റല്‍ മഴയും, മേഘാവൃതമായ കാലാവസ്ഥയും സലാലയെ വീണ്ടും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി.


സാധാരണയില്‍ ഗള്‍ഫില്‍ എത്തി ഒരു ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയാല്‍, ഒരു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ  പ്രതീതിയാണ് സാധാരണക്കാര്‍ക്കിടയില്‍. സലാലയിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ ആ ബിരുദാനന്തര ബിരുദം ഞാന്‍ സ്വന്തമാക്കിയിരുന്നു.


ലൈസന്‍സ് കിട്ടി ദിവസങ്ങള്‍ക്കകം, വാഹനത്തെ കുറിച്ചോ റോഡിനെ കുറിച്ചോ കൂടുതലൊന്നും അറിയാത്ത ഞാന്‍, മാധവ്ജി വെല്ജി എന്ന ഫുഡ്‌ സ്റ്റഫ് കമ്പനിയില്‍ ഡ്രൈവര്‍ കം സയില്‍സ്മാന്‍ ആയി ജോലിക്ക് കയറി. പുതിയ സയില്‍സ്മാന്റെ കഴിവ് പരീക്ഷിക്കാന്‍ കമ്പനി, കുറെ കാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു നിസ്സാന്‍ ഉര്‍വാന്‍ ഡെലിവറി വാന്‍ എനിക്ക് തരുമ്പോള്‍ മറ്റൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. ഒരുപാട് കാലമായി കെട്ടി കിടപ്പുള്ള കുറെ വീട്ടുപയോഗ സാധനങ്ങള്‍ വണ്ടിയില്‍ കുത്തി നിറക്കുക. സാധാരണ മാര്‍ക്കറ്റില്‍ വിറ്റ് പോകാന്‍ സാധ്യതയില്ലാത്ത സാധനങ്ങള്‍ ആയതു കൊണ്ട് വല്ലാത്തൊരു പരീക്ഷണമായിരുന്നു എനിക്കത്. എന്നാല്‍ വിശാല മനസ്കരായ കമ്പനിയിലെ മറ്റു സയില്‍സ്മാന്മാര്‍ ഒരു ഉപാധി പറഞ്ഞു തന്നു. ഈ സാധനങ്ങളുമായി നീ ജെബല്‍ (മല) കയറുക. അവിടെ സാധാരണ സയില്‍സ് വാഹനങ്ങള്‍ എത്താത്ത സ്ഥലങ്ങളും കടകളുമുണ്ട്.  ഏതെങ്കിലും സയില്‍സ് വാഹനങ്ങള്‍ അവിടെ ചെന്നാല്‍ അവിടുത്തെ കടക്കാര്‍, വണ്ടിയില്‍ കാണുന്ന സാധനങ്ങള്‍ കൂടുതലും മേടിച്ചു കടയില്‍ സ്റ്റോക്ക് ചെയ്യും. നിനക്ക് എളുപ്പത്തില്‍ സയിലും നടക്കും. 

കേട്ടപാതി ഞാന്‍ പോകേണ്ട വഴിയും സ്ഥലവും ചോദിച്ചറിഞ്ഞു. വാഹനം ഓടിക്കാനുള്ള ഒരു പുതിയ ഡ്രൈവറുടെ ആവേശവും, ജോലിയില്‍ പിടിച്ചു നില്‍ക്കാനുള്ള ആര്‍ത്തിയും എന്നെ ജബലിലേക്ക് കച്ചവടത്തിനയച്ചു. ജൂലൈ മാസത്തെ  മേഘാവൃതമായ കാലാവസ്ഥയായിരുന്നു അന്ന്.


ജെബലിനു മുകളിലേക്ക് കയറും തോറും അന്തരീക്ഷം കൂടുതല്‍ ഇരുണ്ടതാവാന്‍ തുടങ്ങി. ജെബലിനു മുകളില്‍ എത്തിയപ്പോഴേക്കും തൊട്ടടുത്ത വാഹനത്തെ പോലും കാണാന്‍ സാധിക്കാത്ത നിലയില്‍ കോടമഞ്ഞു കൊണ്ട് മൂടിയിരുന്നു അന്തരീക്ഷം മുഴുവന്‍. എന്തായാലും വന്നതല്ലേ മുന്നോട്ടു പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ടും തൊട്ടു മുന്നില്‍ പോകുന്ന വാഹനത്തെ കാണാന്‍ കഴിയില്ലായിരുന്നു. റോഡിനു നടുവില്‍ പിടിപ്പിച്ചിട്ടുള്ള റിഫ്ലക്ടറിന്‍റെ സഹായത്തോടെ ഞാന്‍ ആദ്യ കടയിലെത്തി. കുറച്ചു സാധനങ്ങള്‍ ആ കടക്കാരന്‍ മേടിച്ചപ്പോള്‍ എനിക്ക് ആവേശം കൂടി. ഇനി അടുത്ത കട എവിടെയാണ് എന്ന എന്റെ ചോദ്യത്തിന് കടക്കാരന്‍ മറുപടി തന്നു.''ഇവിടെ നിന്നും അഞ്ചു കിലോമീറ്റെര്‍ പോയാല്‍ ഒരു കടയുണ്ട്, പക്ഷെ ഇപ്പോള്‍ വന്നത് പോലെയുള്ള ടാറിട്ട റോഡല്ല. ആ കടക്കാരന്‍ സാധനങ്ങള്‍ നന്നായി മേടിക്കും. ഇവിടെ വരുന്ന സയില്‍സ് വണ്ടിക്കാരെയെല്ലാം  അങ്ങോട്ട്‌ അയക്കണം എന്ന് എന്നോട് പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. റോഡു ശരിയല്ലാത്തത് കൊണ്ട് ആരും അങ്ങോട്ട്‌ പോകാന്‍ തയ്യാറാവാറില്ല. താല്പര്യമുണ്ടെങ്കില്‍ പൊയ്ക്കോ, കച്ചവടം നന്നായി നടക്കും''. 


എന്നിലുള്ള പുതു സയില്‍സ്മാന്‍ സടകുടഞ്ഞെഴുന്നേറ്റു. ഒരല്പം ത്യാഗം സഹിച്ചായാലും അങ്ങോട്ട്‌ പോവുക തന്നെ ചെയ്യാം. ആദ്യ ദിവസം തന്നെ വണ്ടിയിലെ സാധനങ്ങളെല്ലാം കാലിയാക്കി കമ്പനിയിലേക്ക് തിരിച്ചു ചെല്ലുന്ന എന്നെ ഞാന്‍, വിജയശ്രീ ലാളിതനായി വരുന്ന ഒരു യോദ്ധാവായി സ്വപ്നം കണ്ടു. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത എന്റെ അടുത്ത് വന്നു കടക്കാരന്‍ ഓര്‍മ്മപ്പെടുത്തി. 
 

''വണ്ടി സൂക്ഷിച്ചു ഓടിക്കണേ, വലിയ ഗര്‍ത്തങ്ങളാണ് രണ്ടു ഭാഗവും''. 

ശരി - ഞാന്‍ തല കുലുക്കി സമ്മതിച്ചു. ഒരുപാട് കാലത്തെ  പരിചയമുള്ള ഒരു ഡ്രൈവറുടെ ഭാവത്തില്‍ ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.  രണ്ടു  കിലോ മീറ്റെറോളം മുന്നോട്ടു പോകുമ്പോഴേക്കും റോഡ്‌ വളരെ അപകടം നിറഞ്ഞതായി അനുഭവപ്പെട്ടു. ഇരു ഭാഗത്തും വലിയ വലിയ താഴ്ചകളും അഗാതമായ ഗര്‍ത്തങ്ങളും എന്റെ ആത്മ ബലത്തെ ദുര്‍ബലപ്പെടുത്തി കൊണ്ടിരുന്നു. മുന്നോട്ടു പോകും തോറും വണ്ടി ഇടത്തോട്ടും വലത്തോട്ടും മറിയും വിധം ആടിയുലഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് വണ്ടിയുടെ പിന്‍ ചക്രം ഒരു കുഴിയിലേക്ക് ഇറങ്ങി. മുന്നിലോട്ടു വണ്ടി എടുക്കാന്‍ ശ്രമിക്കും തോറും പിന്‍ ചക്രം വഴുതു വഴുതി താഴേക്കു പോകുന്നതായി മനസ്സിലായി.  പുറത്തിറങ്ങി നോക്കിയപ്പോള്‍ വണ്ടിയുടെ പിന്‍ ഭാഗം പൂര്‍ണ്ണ മായും  ചെരിഞ്ഞിരിക്കുന്നു. ഇടത്തും വലത്തും വലിയ കൊക്കകളാണ് കാണുന്നത്. 


വണ്ടി മുന്നിലോട്ടു എടുക്കാനുള്ള എന്റെ ഓരോ ശ്രമത്തിലും കൊക്കയിലേക്ക് മറിയാന്‍ പരുവത്തില്‍ വണ്ടി പിറകിലോട്ടു വീണ്ടും വീണ്ടും ചെരിഞ്ഞു കൊണ്ടിരുന്നു. കൈ കാലുകള്‍ വിറക്കാന്‍ തുടങ്ങി. നൊന്തു പ്രസവിച്ച മാതാവിന്റെയും, ജന്മം നല്‍കിയ പിതാവിന്റെയും, ഗുരുക്കന്മാരുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. സഹായിക്കാന്‍ സര്‍വ്വേശ്വരനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന ബോധം മനസ്സിനെ പ്രാര്‍ഥനാ നിര്‍ഭരമാക്കി.  എന്റെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. കൈ മുതലായി ഉണ്ടായിരുന്ന ആത്മ ബലം മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഫലം കാണാത്ത എന്റെ ശ്രമത്തിന്റെ രണ്ടു മണിക്കൂറിനുള്ളില്‍ ഒരു വാഹനം പോലും ആ വഴിയെ വന്നതില്ല. ഇരുള്‍ മൂടിയ ആ മല മുകളില്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ സങ്കടപ്പെട്ടു. പച്ച വെള്ളം പോലും കുടിക്കാതെ വീണ്ടും മണിക്കൂറുകള്‍ നീങ്ങി. സമയം രാത്രിയോടടുത്തു കൊണ്ടിരുന്നു. കണ്ണു നീരിനു പകരം രക്തം കണ്ണില്‍ നിന്നും ഒലിച്ചിറങ്ങി കവിള്‍ തടങ്ങളെ നനക്കുന്നതായി തോന്നി. വിശപ്പിന്റെ കാഠിന്യം കൊണ്ട് തല ചുറ്റാന്‍ തുടങ്ങി. പൊട്ടുമാറു പരുവത്തില്‍ ചങ്ക് വരണ്ടു ഉണങ്ങി. അട്ടഹസിച്ചു ഒന്ന് കരയാന്‍ പോലും ശേഷിയില്ലാത്തണ്ണം ഞാന്‍ തളര്‍ന്നു.

വണ്ടി കയറ്റാനുള്ള എന്റെ ഓരോ ശ്രമവും മരണത്തെ മുന്നില്‍ കാണിക്കുകയായിരുന്നു. ഈ വണ്ടിയോട് കൂടെ ഞാന്‍ ഈ കൊക്കയിലേക്ക് മറിഞ്ഞാല്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷമായിരിക്കും ഒരു പക്ഷെ ഡെഡ് ബോഡി കിട്ടുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് ഒന്ന് കാണാന്‍ പോലും പറ്റാത്ത നിലയില്‍ അഴുകിയിരിക്കും അപ്പോള്‍ എന്റെ ശരീരം. എന്റെ കുടുമ്പക്കാരും, എന്നെ സ്നേഹിക്കുന്നവരും എങ്ങിനെയായിരിക്കും ആ വാര്‍ത്തയെ സ്വീകരിക്കുന്നത്? എന്റെ ചിന്തകള്‍ മരണത്തെ കുറിച്ച് മാത്രമായി. 
മനസ്സിലെ ഭയവും, വിശപ്പിന്റെ കാഠിന്യവും എന്റെ തളര്‍ച്ചയെ പരിപൂര്‍ണ്ണമാക്കി. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ പതുക്കെ തളര്‍ന്നു സ്റ്റിയറിങ്ങിലേക്ക് വീണു. എന്റെ ബോധം പൂര്‍ണ്ണ മായും നഷ്ടപ്പെട്ടിരുന്നു അപ്പോള്‍. ആ അബോധാവസ്ഥ എത്ര നേരം നീണ്ടു പോയി  എന്നെനിക്കറിയില്ല. 


പെട്ടെന്ന് മുഖത്തേക്ക് ശക്തമായ വെളിച്ചം വന്നടിച്ചു. തണുത്ത വെള്ളത്തുള്ളികള്‍  എന്റെ മുഖത്തെ നനച്ചപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. വെള്ള വസ്ത്ര ധാരികളായ രണ്ടു പേര്‍ എന്റെ മുന്നില്‍ നില്‍ക്കുന്നു. ഞാന്‍ വീണ്ടും ഭയന്നു. ദൈവം പറഞ്ഞു വിട്ട മാലാഖമാരോ ഇത്? സംസാരിക്കാനൊന്നും അവര്‍ തുനിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം ലൈറ്റടിച്ച് നിര്‍ത്തിയ ലാന്‍ഡ് ക്രൂസര്‍ പിക്കപ്പും എന്റെ വണ്ടിയും ബെല്‍റ്റ്‌ കൊണ്ട് ബന്തിപ്പിച്ചു. അവരുടെ വണ്ടി മുന്നിലേക്ക്‌ നീങ്ങുന്നതനുസരിച്ചു എന്റെ വണ്ടിയും ചലിച്ചു കൊണ്ടിരുന്നു. മൂന്നു കിലോമീറ്ററോളം വലിച്ചു എന്റെ വണ്ടിയെ ടാറിട്ട റോട്ടിലേക്ക് എത്തിച്ചു ആ ലാന്‍ഡ് ക്രൂസര്‍. ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍, വെള്ള വസ്ത്ര ധാരികളായ ആ അറബികള്‍ ബെല്‍റ്റ്‌ വേര്‍പ്പെടുത്തി അവരുടെ വണ്ടിയിലേക്ക് തിരിച്ചു കയറിയിരുന്നു. ഒരു നന്ദി പറയാന്‍ ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോഴേക്കും ആ വണ്ടി മുന്നോട്ടു നീങ്ങി....
മുന്നോട്ടു കുതിക്കുന്ന ആ വണ്ടിക്കാരോട് ഞാന്‍ കൈകള്‍ പൊക്കി ഉറക്കെ അട്ടഹസിച്ചു.


''മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍'' - നന്ദി സഹോദരങ്ങളെ നന്ദി .  


അതിനു മുമ്പോ ശേഷമോ ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനൊരു നന്ദി ആരോടും പറഞ്ഞതായി ഓര്‍ക്കുന്നില്ല.

മലയാളം ബ്ലോഗേഴ്സ് (https://www.facebook.com/groups/malayalamblogwriters)ഗ്രൂപ്പും, 
താങ്ക് യൂ എന്ന മലയാളം സിനിമയും (ttps://www.facebook.com/ThankYouMMovie )
സംയുക്തമായി നടത്തുന്ന  'thank you' എന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എഴുതിയതാണ് ഈ അനുഭവം.