Friday 24 August 2012

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.

                             പിറന്ന നാട് കഴിഞ്ഞാല്‍, പിന്നീടെനിക്ക് ഏറ്റവും പ്രിയപ്പെട്ട  നാടേതാണെന്ന് ചോദിച്ചാല്‍, രണ്ടു വട്ടം ആലോചിക്കേണ്ടി വരില്ല 'സലാല' എന്നുത്തരം പറയാന്‍.  പ്രകൃതി മനോഹാരിതയാല്‍ അനുഗ്രഹിക്കപ്പെട്ട, പത്തു കിലോമീറ്റെര്‍ മാത്രം ചുറ്റളവിലുള്ള ഒരു പ്രദേശത്ത്, പത്തു വര്‍ഷത്തിലധികം ജീവിച്ച ഞാന്‍, അങ്ങിനെ പറയുന്നത് അല്പമെങ്കിലും അതിശയോക്തികരമാണെന്ന് നിങ്ങളും പറയില്ല. 
ഐന്‍ അര്‍സാത്ത്‌ - സലാല
റഷീദ് കാവനൂരും, അസീസ്‌ പൊന്നാനിയും, MCA റഹ്മാന്‍ സാഹിബും, NPA റഹ്മാനും, മൊയ്ദീന്‍ സാഹിബും, ലത്തീഫ് KA യും, മുഹമ്മദലി പട്ടാമ്പിയും, മുഹമ്മദ്‌ AK യുമെല്ലാം സലാലയില്‍ ഞാന്‍ കണ്ട അപൂര്‍വ്വം വ്യക്തിത്വങ്ങള്‍ക്ക് ഉടമസ്തരായിരുന്നു. മറ്റു ഗള്‍ഫു നാടുകളിലെ നിവാസികളെക്കാള്‍ , ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ സലാല നിവാസികള്‍ പ്രത്യേകം താല്പര്യം കാണിക്കുന്നില്ലേ എന്നെനിക്കു തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ആ നാടിന്‍റെ മഹത്വംകൊണ്ടോ, പ്രകൃതിയുടെ സ്വാധീനം കൊണ്ടോ ആയിരിക്കാം അത്. 

ദിവസവും രാവിലെ ഞാന്‍ പ്രാതല്‍ കഴിക്കാന്‍ പോകുന്ന ഒരു കഫട്ടീരിയുടെ ഉടമസ്ഥന്‍ എന്ന നിലയിലാണ് ശരീഫ്കയുമായി ആദ്യം പരിചയപ്പെട്ടത്‌. സാമ്പത്തികമായി ഒരുപാട് പരാധീനത അനുഭവിക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു ശരീഫ്ക. എന്നാല്‍ കഫ്ട്ടീറിയയിലെ ജോലിക്കാരോട് എങ്ങിനെ പെരുമാറണം എന്ന കാര്യത്തില്‍ ശരീഫ്ക വളരെ പിറകിലായിരുന്നു. അതുകൊണ്ട് തന്നെ, ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ കാലം ശരീഫ്ക്കായുടെ കടയിലെ പാചകക്കാര്‍  അവിടെ ജോലി ചെയ്യാറില്ല. സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒരാള് എന്ന നിലയിലും, വാപ്പായെക്കാള്‍ പ്രായമുള്ള ഒരു വ്യക്തി എന്ന നിലയിലും, ആദ്യമെല്ലാം ഞാന്‍ തന്നെ പിണങ്ങി പോകുന്ന ജോലിക്കാരെ അനുനയിപ്പിച്ചു കൊണ്ട് വരേണ്ട ദൌത്യം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയപ്പോള്‍ എനിക്കും അതില്‍ മടുപ്പ് തോന്നി. 
ഒരു മല മുകളില്‍ നിന്നുള്ള ദൃശ്യം - സലാല
രാവിലെ ആറുമണിക്ക് മുമ്പ് എന്‍റെ ഫോണ്‍ ബെല്ലടിച്ചാല്‍ ഞാന്‍ മനസ്സിലാക്കണം അത് ശരീഫ്ക്കാടെ കോള്‍ ആണെന്നും, കടയിലെ കുക്ക് പിണങ്ങി പോയി എന്നും, ഞാന്‍ പോയി അനുനയിപ്പിച്ചു കൊണ്ട് വരണമെന്നും. അഥവാ ഫോണ്‍ ഞാന്‍ എടുത്തില്ലായെങ്കില്‍, രണ്ടാമത്തെ വട്ടം ഫോണ്‍ റിംഗ് ചെയ്തു തീരും മുമ്പ് റൂമിലെ കോളിംഗ് ബെല്ലിന്‍റെ ശബ്ദം പ്രതീക്ഷിക്കാം. 

ശരീഫ്ക്കായുടെ കടയില്‍ കൂടുതല്‍ കാലം കുക്കിന്‍റെ ജോലി ചെയ്ത ഒരു വ്യക്തിയായിരുന്നു വടകരക്കാരന്‍ അസീസ്‌. ഒരു പരിപൂര്‍ണ്ണ കുക്കായി മറ്റു ഹോട്ടല്‍ക്കാര്‍ അസീസിനെ പരിഗണിക്കാത്തതും, കുക്കിങ്ങിലെ അസീസിന്‍റെ കഴിവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ജ്ഞാനവുമായിരുന്നു അങ്ങിനൊരു സാഹസത്തിനു അസീസിനെ പ്രേരിപ്പച്ചത്, എന്നതാണ് സത്യം. 

ഉറക്കിന്‍റെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തത്തില്‍, പുതപ്പിന്‍റെ ഒരറ്റം കാലില്‍ ചവിട്ടിപ്പിടിച്ചു മറ്റേ അറ്റം മുഖത്തേക്ക് വലിച്ചിട്ടു സുഖമായി ഉറങ്ങുന്നതിനിടയില്‍ എന്‍റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി.    സമയം രാവിലെ 5.40 എന്നതുകൊണ്ട്‌തന്നെ സംശയിക്കേണ്ടി വന്നില്ല, അത് ശരീഫ്ക്കാടെ കോള്‍ ആണെന്നതില്‍.

"നീ ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വന്നേ" ആമുഖമില്ലാത്ത ശരീഫ്ക്കാടെ ശബ്ദം ഫോണിലൂടെ  മുഴങ്ങി.
പെട്ടെന്ന് തന്നെ ഞാന്‍ ചെന്നു. 'കുരങ്ങന്‍ ചത്ത കുറവനെ' പോലെ താടിക്ക് കയ്യുംകൊടുത്തു ഇരിപ്പുണ്ടായിരുന്നു ശരീഫ്ക്ക. 

"ഇന്നെന്തേ പ്രശ്നം?" ഞാന്‍ ചോദിച്ചു.
"ഇന്ന് പ്രശ്നമൊന്നുമില്ല, ഞാന്‍ കടയില്‍ വരുമ്പോള്‍ അസീസ്‌ ദോശ ചുടുന്നുണ്ടായിരുന്നു. വേസ്റ്റ് കൊട്ടയില്‍ നോക്കിയപ്പോള്‍, കരിഞ്ഞ രണ്ടു ദോശ കിടക്കുന്നു. ഞാനവനോട് പറഞ്ഞു കരിഞ്ഞ ദോശയുടെ പൈസ നിന്‍റെ ശമ്പളത്തില്‍നിന്നും കട്ട് ചെയ്യുമെന്ന്. അത് പറഞ്ഞ ഉടനെ അവന്‍ ഇറങ്ങിപോയി. അങ്ങിനെ ഞാന്‍ പറഞ്ഞത് തെറ്റാണോ? ഇനി അത് തെറ്റാണെങ്കില്‍ ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്കാന്‍ പറയ്‌. ഇനി ഞാന്‍ അങ്ങിനെ പറയില്ല. അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ചായ കുടിക്കാന്‍ ആളുകള്‍ വന്നു തുടങ്ങും, അപ്പോഴേക്കും നീ ഒന്ന് അവനെ കൂട്ടികൊണ്ടുവാ."

മനമില്ലാ മനസ്സോടെ ഞാന്‍ പോയി അസീസിന്‍റെ അടുത്തേക്ക്.
 "എന്തെ അസീസ്ക്ക ഇന്ന് ഹോട്ടലില്‍ പോയില്ലേ"? എന്‍റെ ചോദ്യം.

 "പോയി, തിരിച്ചു പോന്നു. ചെവിയില്‍ മൂട്ട പോയ പോലെ 24 മണിക്കൂറും ആ കാക്കാക്ക് 'കിര്‍ കിര്‍' ആണ് . നിക്കത് കേള്‍ക്കണതേ ദേശ്യാണ്. വേറെ ഹോട്ടലില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ ശമ്പളം കൂടുതല്‍ അയാള്‍ തരുന്നുണ്ട്  എന്നത് ശരിയാണ്".

അസീസിന്‍റെ സംസാരത്തെ ഖണ്ടിച്ചുകൊണ്ട്  അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. 
 "എന്‍റെ അസ്സീസ്ക്ക, മറ്റു ഹോട്ടലില്‍ ജോലി ചെയ്‌താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 120 റിയാല്‍ ആണ്. എന്നാല്‍ ശരീഫ്ക്ക തരുന്നത് 150 റിയാല്‍ ആണ്. ഈ കൂടുതല്‍ തരുന്ന 30 റിയാല്‍ അദ്ദേഹത്തിന്‍റെ 'കിര്‍ കിര്‍' കേള്‍ക്കാന്‍ വേണ്ടിയാണ് തരുന്നത്. അതുകൊണ്ട് അത് കേള്‍ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്". 
  
"ഇന്ന് എന്തായിരുന്നു പിണങ്ങി പോരാനുള്ള കാരണം?" 
ഒന്നും അറിയാത്തവനെ പോലെ വീണ്ടും ഞാന്‍ ചോദിച്ചു.
"ന്‍റെ അഷ്‌റഫ്‌ഭായ്, ദോശ ഉണ്ടാക്കുമ്പോള്‍ ആദ്യത്തെ രണ്ടെണ്ണം കരിഞ്ഞു പോകും, അത് ഞങ്ങക്ക് ഉസ്താദ്മാര്‍ക്കെ അറിയൂ. അതിനയാള്‍ പറയേണ്, ന്‍റെ ശമ്പളത്തീന്നു കട്ട് ചെയ്യൂന്ന്, അത് കേട്ടപാതി ഞാനിണ്ട് പോന്നു. അനക്കറിയോ - ഞാനും ന്ടുപ്പയും കൂടി നാട്ടില്‍ ഒരു ബിരിയാണി പണിക്കു പോയി, ആയിരത്തോളം ആള്‍ക്കാര്‍ പങ്കെടുക്കുന്ന കല്യാണത്തിന് കോയി ബിരിയാണിണ്ടാക്കാന്‍. ബിരിയാണിയെല്ലാം ഉണ്ടാക്കി ദമ്മുതുറന്നു നോക്കിയപ്പോള്‍, മൊത്തം ബിരിയാണി കരിഞ്ഞേക്കണ്".
"എന്നീട്ടു"? ആശ്ചര്യത്തോടെയുള്ള എന്‍റെ ചോദ്യത്തിനു സ്വതസിദ്ധമായ ഭാഷയില്‍ അസീസ്‌ പറഞ്ഞു.
"ന്നട്ട് ന്താക്കാനാ, ഞങ്ങള്‍ പൈസ പോലും മേടിക്കാതെ, ആരോടും മുണ്ടാണ്ട് ഞങ്ങടെ കുടുമ്മത്തെക്ക് പോന്നു."
"അപ്പോള്‍, അവിടെ നിന്നും മുങ്ങി എന്നര്‍ത്ഥം" ഞാന്‍ ചോദിച്ചു.
"വേണങ്കില്‍ അങ്ങനേം പറയ. ന്ന്ട്ടാണ് രണ്ടു ദോശ കരിഞ്ഞതിന് ഇയാള്‍ ബായിട്ടെളക്കണത്".
ഈനാംപേച്ചിയും മരപ്പട്ടിയും
ഒരുവിധേന ഞാന്‍ അസീസിനെ അനുനയിപ്പിച്ചു കഫ്റ്റെറിയയിലേക്ക് കൊണ്ടുവരുമ്പോഴും, എന്‍റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ അവശേഷിക്കുന്നുണ്ടായിരുന്നു അസീസ്‌ എന്ന ആ വലിയ കുക്കിനെ ക്കുറിച്ച്.  




58 comments:

  1. നന്നായിട്ടുണ്ട് :)

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍.....

    ReplyDelete
    Replies
    1. എന്‍റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

      Delete
  2. ബാക്കി ഭാഗത്തിനായി പ്രതീക്ഷയോടെ....

    :)

    ReplyDelete
    Replies
    1. ശ്രമിക്കാം, പ്രതീക്ഷ കൈ വെടിയരുത്. .

      Delete
  3. അയ്യോ കമന്റൊന്നും പബ്ലിഷ് ആകുന്നില്ലേ

    ReplyDelete
    Replies
    1. എന്ത് പറ്റിയെന്നറിയില്ല.

      Delete
  4. കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു കമന്റ് ഗൂഗില്‍ കൊണ്ടുപോയി


    ഇനി ആശംസകള്‍ പറയാം

    ReplyDelete
    Replies
    1. ഇവിടെ എത്തിയതിനു നന്ദി

      Delete
  5. കൊള്ളാം....ബാക്കി????

    ReplyDelete
  6. ഇങ്ങനെയും പണ്ടാരികള്‍ ...........

    ReplyDelete
  7. അപ്പോ തുടങ്ങിയല്ലേ.....സലാലയില്‍ പോകണമെന്നുണ്ട്....നോക്കട്ടേ...

    ReplyDelete
    Replies
    1. തുടങ്ങിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

      Delete
  8. പാല്‍ കാച്ചാന്‍ വെച്ചിട്ടുണ്ട് വേണമെങ്ങില്‍ നോക്കിക്കോ ഞാന്‍ പണി വിട്ടിരിക്കുന്നു എന്ന്‍ പറയുന്ന ഉസ്താദ് മാരുടെ കാലമാണ് !!! അനുഭവിച്ചവര്‍ക്ക് അറിയാം !!!!

    ReplyDelete
    Replies
    1. സത്യമാണ്. ഹോട്ടല്‍ കൊണ്ട് രക്ഷപ്പെടാനും നശിക്കാനും കുക്ക് ഉദ്ദേശിച്ചാല്‍ മതി.

      Delete
  9. പണ്ടാരിയും അസീസുക്കായും കഥയും ഒക്കെ കൊള്ളാം.അതവിടെ നിക്കട്ടെ ഈ ഈനാംപേച്ചിയേയും മരപ്പട്ടിയെയും ഒന്ന് നേരില്‍ കാണാനെന്താ വഴി ? രണ്ടിനേം ഇതുവരെ കണ്ടിട്ടില്ല.

    ReplyDelete
    Replies
    1. അടുത്ത തവണ ഇക്ക നാട്ടില്‍ വരുമ്പോള്‍, മോളെ വിളിക്കാം. നമുക്ക് രണ്ടു പേര്‍ക്കും കൂടി ഈ രണ്ടു സാധനത്തേയും ഒന്ന് നേരില്‍ കാണാന്‍ പോകാം. നെനക്കുട്ടി തയ്യാറല്ലെ?

      Delete
    2. ന്റെ നേനൂസേ നിനക്ക് കാണണാ ഈനാംപേച്ചിയേയും മരപ്പട്ടിയെയും ...!
      നേരിട്ട് കാണാന്‍ പറ്റൂല്ല അവര്‍ സ്ഥലത്തില്ല ....വേണേല്‍ പോട്ടം കാട്ടിത്തരാം ...ഇവിടെ പോയി നോക്കിയാണ് ...:)
      http://www.facebook.com/photo.php?fbid=418808971498279&set=a.138775026168343.21137.100001075404741&type=1&theater

      Delete
    3. ഞാന്‍ ആദ്യം കരുതിയത്‌ കൊച്ചുമോളുടെ സ്വന്തം പോട്ടോ കാണിച്ചു ആ കുട്ടിയെ പേടിപ്പിക്കാനുള്ള പരിപാടിയാണെന്നാ. പോട്ടോ കണ്ടപ്പോള്‍ മനസ്സിലായി ഇതുകൊച്ചുമോള് മായി വലിയ സാദൃശ്യമില്ലായെന്നു.

      Delete
  10. ഒറ്റ ചെമ്പ് ബിരിയാണിയോളം വരുമോ 2 ദോശ അല്ലെ?.....നേന മോള്‍ക്ക് രണ്ടിനേയ്ം കാണിച്ചു കൊടുക്കാന്‍ മറക്കേണ്ട.

    ReplyDelete
    Replies
    1. ഞാനും നേനമോളും, ചാവക്കാട് താലൂക്ക് നിവാസികളാണ്.
      അതുകൊണ്ട് എന്തായാലും ഞങ്ങള്‍ പോയിരിക്കും.

      Delete
  11. രണ്ട് ദോശ കരിഞ്ഞതിനാ ഈ ഹാലിളക്കം ... !! എന്നിട്ട് എന്തായി എന്നറിയാനും ആകാക്ഷയുണ്ട് ട്ടോ...:)

    ReplyDelete
    Replies
    1. ആകാംക്ഷ കൈവിടേണ്ട പതിയെ പറയാം.
      എന്തായാലും ഒരു വലിയ ഓണാശംസ നേരുന്നു.

      Delete
  12. സലാല വിശേഷങ്ങള്‍ തുടരുക.

    ReplyDelete
    Replies
    1. സലാലയെ കുറിച്ചുള്ള വിവരണങ്ങള്‍ ഇനിയും പ്രതീക്ഷിക്കാവുന്നതാണ് കാരണം, ആ നാടും പ്രകൃതിയും കാലാവസ്ഥയുമെല്ലാം എന്നെ അത്രയ്ക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

      Delete
  13. ഒമാനിലെ സലാലയെ കുറിച്ച് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മനോരമയില്‍ വന്ന ഒരു ലേഖനത്തിലൂടെ ആണ് അറിയുന്നത്, "മരുഭൂമിയിലെ മരുപ്പച്ച" അന്ന് മുതല്‍ കേരളം പോലുള്ള ആ സ്ഥലം കാണാന്‍ പൂതിയുണ്ട്, ഒമാനിലെ തന്നെ സോഹരില്‍ പോകാന്‍ അവസരം ഉണ്ടായപ്പോള്‍ വളരെ ആഗ്രഹിച്ചതാണ് സലാലയില്‍ ഒന്ന് പോകുവാന്‍, നടന്നില്ല, നിങ്ങള്ക്ക് സലാലക്കാര്‍ക്ക് എന്റെ ഓണാശംസകള്‍.

    ReplyDelete
    Replies
    1. സോഹാറില്‍നിന്നു 1200 കിലോ മീറ്ററോളം ഉണ്ട് സലാലക്ക്. മസ്കാറ്റില്‍ നിന്നു നാലോ അഞ്ചോ ബസ്സും, ദുബൈല്‍നിന്നു രണ്ടു ബസ്സും ദിവസവും സലാലയിലേക്ക്‌ സര്‍വിസ് നടത്തുന്നുണ്ട്. സോഹറില്‍ പോയ നിലക്ക് സലലയുംകൂടെ കാണേണ്ടിയിരുന്നു. ഇപ്പോള്‍ ഞാന്‍ സലാലയില്‍ അല്ല. അങ്ങ് ദുഫായില.
      എന്‍റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

      Delete
  14. ചില സ്ഥലങ്ങളോട് അങ്ങിനെ ഒരിഷ്ടം തോന്നും. കുറെ സ്ഥലത്ത് ജോലി ചെയ്തെങ്കിലും എനിക്കിപ്പോഴും ഇഷ്ടം ഒരു പോക്കാ ഗ്രാമം പോലെ തോന്നിക്കുന്ന ഉമ്മുല്‍ ഖുവൈന്‍ എന്ന സ്ഥലമാണ്.
    വിശേഷങ്ങള്‍ നന്നായി ട്ടോ.
    ആശംസകള്‍

    ReplyDelete
    Replies
    1. തീര്‍ച്ചയായും ചില സ്ഥലങ്ങള്‍ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കും.
      സലാല അതുപോലോത്ത ഒരു സ്ഥലമാണ്.

      Delete
  15. സലാല ഒന്ന് കാണണം എന്നുണ്ട്

    ReplyDelete
    Replies
    1. വളരെ നല്ല കാര്യമാണ്. ഉടനെ അത് സാധ്യമാകട്ടെയെന്നു ഞാനും ആശിക്കുന്നു.

      Delete
  16. സലാല വിശേഷങ്ങള്‍ തുടരട്ടെ ...ഇങ്ങനെ എങ്കിലും കാണാല്ലോ സലാല ...:)

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഞാന്‍ കണ്ട സലാല എന്‍റെ ഈ സഹോദരങ്ങളെയും കാണിക്കണമെന്ന് തന്നെയാണ് എന്‍റെ ആഗ്രഹം. പരമാവധി ശ്രമിക്കും.

      Delete
  17. മുങ്ങിയെന്നും പറയാം....
    ജന്മനാടിനൊപ്പം, ജീവിതം തന്ന നാടിനെയും ചേർത്തുവെച്ച വലിയ മനസ്സിനു പ്രണാമം.

    ReplyDelete
    Replies
    1. പെറ്റമ്മയും പോറ്റമ്മയും പോലെയാണ്, നാടും സലാലയും.

      Delete
  18. കാണാന്‍ ഇത്തിരി വൈകി ..എന്നാലും രണ്ടു ദോശ കരിഞ്ഞതിന്റെ പേരില്‍ ..ശ്ശെ..മോശായിപ്പോയി.

    ReplyDelete
    Replies
    1. മുതലാളിക്ക് പറ്റിയ പണ്ടാരി, അല്ലെ സിദ്ധിക് ഭായ് ?

      Delete
  19. കൂടുതല്‍ 30 റിയാല്‍ കിര്‍ കിര് കേള്‍ക്കാന്‍ വേണ്ടിയുള്ളതും.. :) അത് കലക്കി..

    ReplyDelete
    Replies
    1. 30 റിയാലിനേക്കാള്‍ കൂടുതല്‍ എങ്ങിനെ കൊടുക്കും? അല്പം "കിര്‍ കിര്‍ " കേള്‍ക്കുന്നുണ്ടെന്ന് കരുതി.

      Delete
  20. മുഴുവനായില്ല എന്നൊരു തോന്നല്‍, ഇടയ്ക്കു വെച്ച് നിര്‍ത്തിയപോലെ. ഏതായാലും ഈ കോമ്പ്രമൈസിന് ശരീഫ്കക്ക് ചെലവൊന്നുമില്ലല്ലോ അല്ലെ?

    ReplyDelete
    Replies
    1. കൂടുതല്‍ നീട്ടിപ്പരത്തണ്ടയെന്ന് കരുതിയിട്ടാണ് പെട്ടെന്ന് അവസാനിപ്പിച്ചത്.
      അതേ ശരീഫ്ക്കാക്ക് ചിലവൊന്നുമില്ലായെന്നു മാത്രമല്ല, ലാഭവുമാണ്‌. പെട്ടെന്നൊരു കുക്കിനെ കിട്ടാന്‍ എത്ര ബുദ്ധിമുട്ടാണ്.

      Delete
  21. ആ കിര്‍ കിര്‍ ഭാഗം വായിച്ചപ്പോള്‍ ,പണ്ട് കൂടെ ജോലി ചെയ്ത ബംഗാളി പറഞ്ഞത് ഓര്‍ത്തു പോയി ,ജോലിക്കല്ല കിര്‍ കിര്‍ നാണ് ശമ്പളം വാങ്ങുന്നത് എന്ന് .,സാലാല വിശേഷങ്ങള്‍ക്കൊപ്പം ഒരനുഭവവും ,നന്നായിട്ടോ ....

    ReplyDelete
  22. ജനിച്ച നാടും ജീവിച്ച നാടും അന്നം തരുന്ന ആളുകളും എല്ലാം നമ്മുടെ സ്വന്തം തന്നെ .
    വിശേഷങ്ങള്‍ ബാക്കി കൂടെ പെട്ടെന്ന് പോന്നോട്ടെ കേട്ടോ ..
    ഞമ്മളെ നാട്ടിലൊക്കെ ബിരിയാണി കരിഞ്ഞാന്‍ കിണറ്റില്‍ ചാടല്‍ ആണ് ..
    ആളുകള്‍ ഓടി കൂടുമ്പോ ."ഇങ്ങള് ആ ബിരിയാണി നോക്കി .. ഇന്റെ കാര്യം വിടി ,അത് കരിഞ്ഞു പോകും " ന്നു പറഞ്ഞു നല്ല വെള്ളം ഉളള കിണര്‍ നോക്കി ചാടുക ..:))

    ReplyDelete
    Replies
    1. അത് കൊള്ളാലോ കിണറ്റില്‍ ചാടുന്ന ഐഡിയ. ബാക്കി വിശേഷങ്ങളെല്ലാം പതിയെ വരും.
      ഒരു വലിയ ഓണാശംസ നേരുന്നു.

      Delete
  23. "പോയി, തിരിച്ചു പോന്നു. ചെവിയില്‍ മൂട്ട പോയ പോലെ 24 മണിക്കൂറും ആ കാക്കാക്ക് 'കിര്‍ കിര്‍' ആണ് . നിക്കത് കേള്‍ക്കണതേ ദേശ്യാണ്." ഈ കിര്‍ കിര്‍ തന്നെ ആണ് ഗള്‍ഫിലെ കഫ്റ്റെരിയ മുതലാളിമാരുടെ സംസ്കാരം. പ്രത്യേകിച്ച് വടകര - നാദാപുരം ഭാഗത്തുള്ള മുതലാളിമാരുടെ. ഇന്നു അതിനു പ്രകടമായ മാറ്റം വന്നിട്ടുണ്ട്. ഈ മേഖലയില്‍ തുച്ചമായ കാശിനു ജോലി ചെയ്യാന്‍ പാത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞ ആളുകളെ കിട്ടാത്തതാണ് ഒരു കാരണം. നന്നായി അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
    Replies
    1. മുതലാളിമാരെ മാത്രം പറഞ്ഞിട്ടും കാര്യമുണ്ടാവില്ല. കാരണം അവരും കുറെ കഷ്ടപെട്ടിട്ടാവും അങ്ങിനൊരു സ്ഥാപനം ഉണ്ടാക്കിയെടുത്തത്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവര്‍ക്ക് ആ സ്ഥാപനം നിലനില്‍കല്‍ നിര്‍ബന്ധമായിരിക്കും. അതിന്‍റെ ഭാഗമായിരിക്കാം ആ കിര്‍ കിര്‍.
      വലിയൊരു ഓണാശംസ നേരുന്നു.

      Delete
  24. ഹ ..ഹ ..കിര്‍ കിര്‍ ഒന്നും ഇല്ലാതെ
    നല്ല കരിയാത ഒരു ഓണാശംസ
    തല്ക്കാലം പിടിക്ക് ..അസിസിനെ
    നമുക്ക് ശരിയാക്കി എടുക്കാം
    ശരിഫ്ക്കയെയും....
    അടുത്തത് പോരട്ടെ ..

    ReplyDelete
    Replies
    1. വിന്‍സെന്റ് ഏട്ടാ നമസ്കാരമുണ്ട്.
      എന്തൊക്കെ വിശേഷങ്ങള്‍? കുറെ ആയല്ലോ കണ്ടിട്ട്. സുഖം തന്നെയല്ലേ?
      വിന്‍സെന്റ് ഏട്ടനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും ഒരു വലിയ ഓണാശംസ.

      Delete
  25. ദോശ കരിഞ്ഞാലും, അടിയ്ക്കു പിടിച്ചു ബിരിയാണി പുകമണത്താലും, എഴുത്തോലപ്പുറത്തെ അക്ഷരങ്ങള്‍ കരിയാതിരിക്കണം. കരിഞ്ഞില്ല. എങ്കിലും, കഥാപാത്രങ്ങളുടെ വീര്യം ഇനിയും കൂട്ടാനുണ്ട്‌, അനുഭവമാണെങ്കില്‍ പോലും.
    വായനാ സുഖം തരികയുണ്ടായി. നന്ദി.

    ReplyDelete
    Replies
    1. നന്ദിയുണ്ട് ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
      തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ദിക്കും അടുത്ത പോസ്റ്റില്‍.

      Delete
  26. അല്ല അസ്രഫേ..! ഇങ്ങള്ളീ പോസ്റ്റ് ഇട്ടിട്ട് നുമ്മളെ അറിയിക്കാഞ്ഞതെന്താ..?
    “ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് “ എന്ന എന്റെ ഒരു ഫോട്ടോയെ പിന്തുടര്‍ന്നാണിവിടെ എത്തിയത്.എഴുത്ത് നന്നായിട്ട്ണ്ട്, ന്നാലും ക്ലൈമാക്സ് അല്പം കൂടി കൊഴുപ്പിക്കാമായിരുന്നു.
    ആശംസകളോടെ..പുലരി

    ReplyDelete
    Replies
    1. പ്രഭേട്ടന്റെ പോസ്റ്റിന്റെ ലിങ്ക് ആണ് ഞാന്‍ മുകളില്‍ കൊടുത്തത് ...:)

      Delete
    2. പ്രഭന്‍ ഭായ്, എന്‍റെ കോണ്ടേക്ട്സ് ലിസ്റ്റില്‍ ഉള്ള എല്ലാവര്‍ക്കും ലിങ്ക് വിട്ടിരുന്നു. ഇനി അഥവ കിട്ടിയില്ലായിരുന്നു വെങ്കില്‍ സോറി. എന്തായാലും ഇവിടെ എത്തിയതില്‍ സന്തോഷം.

      Delete
  27. സലാല വിശേഷങ്ങള്‍ക്കൊപ്പം കഫട്ടീരിയുടെ ഉടമസ്ഥന്‍ ശരീഫ്കയുടെ വിശേഷങ്ങളും ഇവിടെപകര്തിയത് നന്നായി, സലാല മരുഭൂമിയിലും ഇത്ര പച്ചപ്പോ അവിശ്വസനീയം

    അടുത്ത സലാല വിശേഷങ്ങളില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചേര്‍ക്കുക, പിന്നൊരു കാര്യം ചിത്രം ഓരോന്നും ഓരോ വശങ്ങളിലേക്ക് മാറ്റി പ്രതിഷ്ടിച്ചാല്‍ കുറേക്കൂടി ഭംഗി കിട്ടും, എന്റെ പേജില്‍ വന്നതിലും പെരുത്ത സന്തോഷം അടുത്ത വിശേഷതിനായി കാത്തിരിക്കുന്നു. വരിക കൂടുതല്‍ ചിത്രങ്ങളുമായി, എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. സന്തോഷം അറിയിക്കുന്നു ഈ വരവിനും ആഭിപ്രായത്തിനും.
      തീര്‍ച്ചയായും സലാല വിശേഷങ്ങളും ഫോട്ടോകളും ഇനിയും വന്നു കൊണ്ടിരിക്കും

      Delete
  28. സലാല വരെ ഒന്ന് പോകണം എന്ന് കരുതീട്ട് കുറെയായി..:)
    നന്നായിരിക്കുന്നു ആശംസകള്‍ !

    ReplyDelete