Sunday, 24 October 2010

മാതൃമഹത്വം.

                       ജുബിലീ മിഷന്‍ ഹോസ്പിറ്റലിലെ വരാന്തയില്‍, ഒരു കസാരയില്‍ തലയും ചാരി കണ്ണ് ചിമ്മി ഇരിക്കുമ്പോള്‍, ജീവിതത്തില്‍ ന്നുവരെ സഹിച്ചിട്ടില്ലാത്ത മാനസിക വേദന കടിച്ചുപിടിക്കുകയായിരുന്നു ഷാരൂണ്‍.
തൊട്ടടുത്ത കസാരയിലിരുന്നു ഫോണ്‍ ചെയ്യുന്നാളുടെ ശബ്ദം ഷാരൂണിനെ വീണ്ടും അസ്വസ്ഥനാക്കി. 
''സുഹൃത്തേ, ഇതൊരു ഹോസ്പിറ്റലാണ്, ഇവിടെ ഇരിക്കുന്ന ഓരോരുത്തരും രോഗികളോ രോഗികളോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആണ്.  താങ്കള്‍ ഈ ഫോണിലൂടെ ഉച്ചത്തില്‍ പങ്കു വെക്കുന്ന സന്തോഷ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒന്നുകില്‍ ശബ്ദം കുറച്ചു സംസാരിക്കുക, അല്ലെങ്കില്‍ ദയവു ചെയ്തു ഇവിടെനിന്നും എഴുന്നേറ്റു പോവുക".
ഇത്രക്കെങ്കിലും പറയല്‍ അനിവാര്യമായതുകൊണ്ട് മാത്രമാണ് ഷാരൂണ്‍ കണ്ണുതുറന്നു അയാളെ നോക്കി പറഞ്ഞത്.

ഇത് കേട്ട അദ്ദേഹം ഒരു പരുക്കന്‍ ഭാവത്തില്‍ ഷാരൂണിനെനോക്കി എഴുന്നേറ്റു പോയി. പത്തു മിനിറ്റിന് ശേഷം തിരിച്ചു വന്ന് ,  മുമ്പത്തെ അതേ കസേരയില്‍ തന്നെ ഇരുന്നു. കയ്യില്‍ ഉണ്ടായിരുന്ന രണ്ടു പാക്കറ്റ് ജൂസില്‍നിന്നും ഒന്ന് ഷാരൂണിന്റെ നേര്‍ക്ക്‌ നീട്ടി. ഒരു ജൂസ് കുടിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഷാരൂണ്‍ അപ്പോള്‍. വേണ്ട എന്ന് ഒരുപാട് പറഞ്ഞു, പക്ഷെ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഷാരൂണ്‍ അത് മേടിച്ചു.
"എന്‍റെ മരുമകള്‍ പ്രസവിച്ച സന്തോഷത്തിലായിരുന്നു ഞാന്‍. പരിസരം മറന്നു ഫോണ്‍ ചെയ്തത് അതുകൊണ്ടാണ്. താങ്കള്‍ക്കു അതൊരു വിഷമമായെങ്കില്‍ ക്ഷമിക്കണം" അദ്ദേഹം പറഞ്ഞു.
"അത് പ്രശ്നമില്ല'' ഷാരൂണ്‍ മറുപടി പറഞ്ഞു.

"എന്ത് പറ്റി, താങ്കള്‍ കുറെ സമയമായല്ലോ ഇവിടെ ഇരിക്കുന്നത്?".
"എന്‍റെ മകന്‍ ( റയ്യാന് ) ഒരു ഓപറേഷന്‍ ഉണ്ടായിരുന്നു ഇന്നലെ, രണ്ടു ദിവസം കൂടി I C U വില്‍ കിടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്" ഷാരൂണ്‍ പറഞ്ഞു.
"എന്ത് പറ്റി ? എത്ര വയസുണ്ട് റയ്യാന്?".
"എന്‍റെ മകന് ആറ് മാസമേ പ്രായമുള്ളൂ. അവന്‍ മുച്ചുണ്ട് (cleft lips) എന്ന ഒരു വൈകല്യവു മായിട്ടാണ് ജനിച്ചത്‌. മൊത്തം നാല് ഓപറേഷന്‍ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ആദ്യത്തേതാണ് ഇത്" ഷാരൂണ്‍ പറഞ്ഞു .

"എന്‍റെ പെങ്ങളുടെ കുട്ടിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു, പക്ഷെ അത് ആദ്യത്തെ ഓപറേഷനില്‍ തന്നെ ശരിയായി, അന്ന് ഞങ്ങള്‍ ഒരുപാട് വിഷമിച്ചു. പെങ്ങള്‍ക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു അന്ന്" അദ്ദേഹം പറഞ്ഞു നിര്‍ത്തി.
"ഞാന്‍ താങ്കളുടെ പേര് ചോദിക്കാന്‍ വിട്ടുപോയി എന്താണ് അങ്ങയുടെ പേര്"?
"എന്‍റെ പേര്‍ വര്‍ഗ്ഗീസ്, ടൌണില്‍ പച്ചക്കറി ബിസിനെസ്സ് ആണ്. താങ്കള്‍ തനിച്ചേ ഉള്ളൂ?
"അല്ല എന്‍റെ അനുജനും, എന്‍റെ ഭാര്യയും, അവളുടെ ചേട്ടത്തിയും ഉണ്ട്. ഭാര്യയാണിപ്പോള്‍ മകന്റെ അടുത്തുള്ളത്" ഷാരൂണ്‍ പറഞ്ഞു .

"ഭാര്യക്ക് ടെന്‍ഷന്‍ ഉണ്ടോ"? വര്‍ഗ്ഗീസ് ചോദിച്ചു.
"ഓ, അത് പറയാതിരിക്കുകയാണ് നല്ലത്, ഷാരൂണ്‍ തുടര്‍ന്നു - ഞങ്ങള്‍ക്കിത്‌ രണ്ടാമത്തെ കുട്ടിയാണ്. മൂത്തവന് ഏഴു വയസ്സായി, അവന്‍ നല്ല സ്മാര്ട്ടാണ്. വളരെ പ്രതീക്ഷയിലും സന്തോഷത്തിലുമായിരുന്നു ഞാനും എന്‍റെ ഭാര്യയും ഞങ്ങളുടെ ഈ രണ്ടാമത്തെ മകന്റെ പിറവി കാത്തിരുന്നത്. ഞാന്‍ അങ്ങ് ദുബായില്‍ ആണെങ്കിലും ദിവസവും രണ്ടും മൂന്നും തവണ ഫോണ്‍ ചെയ്തു വിവരങ്ങള്‍ അറിയുമായിരുന്നു. പ്രസവിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍ വന്നിരുന്നു, കൂടുതലായി ഒന്നും വീട്ടുകാര്‍ ആദ്യം എന്നോട് പറഞ്ഞില്ല. പിന്നീടാണ് ഞാന്‍ അറിയുന്നത് എന്‍റെ കുട്ടിയുടെ വൈകല്യത്തെപറ്റി. അ വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഞാന്‍ തളര്‍ന്നു. പരിസരം മറന്നു കരഞ്ഞുപോയി. പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നത് അവനെയായിരുന്നില്ല. കുറെ സമയങ്ങള്‍ക്കു ശേഷമായിരുന്നു എന്‍റെ ഭാര്യയുമായി എനിക്ക് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത്.

എങ്ങിനെ എനിക്കവളെ സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് ഒരുപിടിയുമുണ്ടായിരുന്നില്ല. അവളുമായി സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ക്കുവേണ്ടി ഞാന്‍ പരക്കം പായുകയായിരുന്നു. വാക്കുകളെ വാചകങ്ങളാക്കി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ പലയിടത്തും എനിക്ക് മുറിഞ്ഞു പോയി. ആ മുറിച്ചില്‍ പലപ്പോഴും ഗദ്ഗദങ്ങള് ആയിമാറി. അവളുടെ പലചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഞാന്‍ പകച്ചുനിന്നു.

ഒരു വേദനയോടും ഉപമിക്കാന്‍ കഴിയില്ല, അംഗ വൈകല്യത്തോടെ ജനിക്കുന്ന ഒരു കുട്ടിയെ ക്കുറിച്ചോര്‍ത്ത് വേദനിക്കുന്ന മാതാപിതാക്കളുടെ മാനസിക വേദന എന്ന് ഞാന്‍ അനുഭവത്തിലൂടെ അറിയുകയായിരുന്നു.

താങ്കള്‍ക്ക്‌ ബോറടിക്കുന്നുണ്ടോ? ഇടയ്ക്കു കയറി ഷാരൂണ്‍ വര്‍ഗ്ഗീസിനോട് ചോദിച്ചു.
"ഇല്ല, താങ്കള്‍ പറഞ്ഞോളൂ" വര്‍ഗ്ഗീസ് പറഞ്ഞു. ഒരു സിനിമ കാണുന്ന ആകാംക്ഷയോടെ ഷാരൂണിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു വര്‍ഗ്ഗീസ്. ഷാരൂണ്‍ വീണ്ടും തുടര്‍ന്നു.

പിന്നീട് കുറേ ദിവസങ്ങള്‍ ഞാന്‍, അവള്‍ക്കു ഫോണ്‍ ചെയ്യാന്‍ പോകുന്നതിനേക്കാള്‍ കുറെസമയം മുമ്പേ അവളോട്‌ സംസാരിക്കേണ്ടതിനെ കുറിച്ച് തയ്യാറെടുപ്പ് നടത്തുമായിരുന്നു. അവള്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുമായിരുന്നു മുന്‍കൂട്ടി ഞാന്‍. ഗ്രാമീണരായിട്ടുള്ള ഞങ്ങളുടെ നാട്ടുകാര്‍ക്ക് എന്‍റെ മകന്‍ ഒരു കൌതുക വസ്തുവായിമാറി. അഭ്യസ്ത വിദ്ദ്യരല്ലാത്ത എന്‍റെ ഗ്രാമീണരില്‍ പലരും അവരുടെ യുക്തിക്ക് അനുസരിച്ചുള്ള പല വിശദീകരണങ്ങളും എന്‍റെ മകനെക്കുറിച്ച് എന്‍റെ ഭാര്യയോടു പറഞ്ഞു കൊണ്ടിരുന്നു. ഇതെല്ലാം അവളുടെ മാനസിക നിയന്ത്രണം നഷ്ടപ്പെടുന്നിടത്തോളം എത്തുമായിരുന്നു.

എപ്പോഴും അവള്‍ എന്നോട് ചോദിക്കുമായിരുന്നു 'ഇതിനുമാത്രം എന്ത് തെറ്റാണ് ഞാന്‍ ദൈവത്തോട് ചെയ്തീട്ടുള്ളത്' എന്ന്. അപ്പോഴെല്ലാം ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെടു മായിരുന്നു.

'ദൈവം കൂടുതല്‍ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചുകൊണ്ടിരിക്കും, പക്ഷെ ദൈവം കയ്യൊഴിയുകയില്ല. ദൈവത്തിന്റെ പരീക്ഷണങ്ങളെ ക്ഷമാപൂര്‍വ്വം സഹിച്ചവര്‍ക്ക് മാത്രമേ നാളെ പരലോകത്ത് സ്വര്‍ഗ്ഗം ലഭിക്കുകയുള്ളൂ. എന്നെല്ലാം ഞാന്‍ അവളോട്‌ പറയുമായിരുന്നു. ഇതിനേക്കാള്‍ വലുത് വന്നാലും നമ്മള്‍ സഹിക്കേണ്ടേ. ഇത് പരിഹാരമുള്ള പ്രശ്നമാണ്, നാല് ഓപറേഷന്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം, എന്നാല്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമായിരുന്നുവെങ്കിലോ?  ബുദ്ദി മാന്ദ്യത്തോടെ പ്രസവിക്കുന്ന എത്രയോ കുട്ടികള്‍ നമുക്ക് മുമ്പില്‍ നമ്മള്‍ കാണുന്നു, അതില്‍ നിന്നെല്ലാം ദൈവം നമ്മെ രക്ഷിച്ചില്ലേ?

ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ വേണ്ടി കണ്ടെത്തിയ വാക്കുകളായിരുന്നു ഇതെല്ലാം.
ഏതൊരമ്മയും, താന്‍ ഗര്‍ഭം ചുമന്നു പ്രസവിച്ച കുട്ടി, തന്‍റെ അമ്മിഞ്ഞ നുകരുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതിയിലൂടെ മറക്കുന്നു, ആ പ്രസവത്തിനു വേണ്ടി താന്‍ അനുഭവിച്ച ത്യാഗങ്ങളെല്ലാം. മാത്രവുമല്ല അവന്‍ അത് നുകര്‍ന്നാലേ അവനു ആ അമ്മയോട് സ്നേഹമുണ്ടാവുകയുള്ളൂ എന്ന് എന്‍റെ ഭാര്യ പറഞ്ഞിട്ട് ഉടനെ കരഞ്ഞു പറയുന്നു അതിനുപോലും ദൈവം എനിക്ക് അവസരം നല്‍കിയില്ലല്ലോ എന്ന്.

ഉത്തരം കിട്ടാത്ത ഇതുപോലോത്ത ചോദ്യങ്ങള്‍ അവള്‍ എന്നോട് ചോദിക്കുമ്പോള്‍ ഫോണ്‍ ക്ലിയര്‍ ആകുന്നില്ല എന്ന് പറഞ്ഞു കട്ട് ചെയ്യുമായിരുന്നു ഞാന്‍. പക്ഷെ ഇവിടെയെല്ലാം ഞാന്‍ ഒരു മാതാവിന്റെ വലുപ്പം അനുഭവിച്ചറിയുകയായിരുന്നു. ഒരു കുട്ടിയും അവന്‍റെ മാതാവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയുകയായിരുന്നു. ആ ബന്ധത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല ഈ ലോകത്ത് എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞത് അവിടെ വെച്ചായിരുന്നു.
ഒരു പുരുഷായുസ്സു മുഴുവന്‍ അമ്മയെ സേവിക്കാന്‍ വേണ്ടി സമര്‍പ്പിച്ചാലും, ഒന്നുമാകില്ല ആ അമ്മ സഹിച്ച ത്യാഗത്തിനു മുന്നിലെന്നു ഞാന്‍ ഉള്‍കൊള്ളുകയായിരുന്നു. വൃദ്ധസദനങ്ങള്‍ക്ക് മോടി കൂട്ടുന്ന ഈ ലോകത്ത് എനിക്കും ജീവിക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് എന്റെ മനം തേങ്ങുകയായിരുന്നു.

ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു - എന്‍റെ ഈ പ്രസവത്തിനുശേഷം എന്നും ഞാന്‍ ദുഖിതയാണ്. എന്നാല്‍ ഇന്നത്തെ എന്‍റെ ദുഃഖം പതിവിലും ഇരട്ടിയായിരുന്നു.
ഞാന്‍ ചോദിച്ചു- എന്തുപറ്റി? ഇന്ന് ഇത്രക്കും ദുഖിക്കാന്‍ മാത്രം എന്തുണ്ടായി?
അവള്‍ പറഞ്ഞു - നിങ്ങള്‍ എന്നോട് പറയാറില്ലേ നിങ്ങളുടെ പിതാവിന് തുല്യം സ്നേഹിക്കുക്കയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ ഉണ്ട് എന്ന്. അന്ന് മുതലേ ഞാന്‍ അദ്ദേഹത്തെ അങ്ങിനെയാണ് കാണുന്നത്. ഇന്നദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. പക്ഷെ എന്നെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ. മകനെ കാണണ്ടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് അതിപ്പോള്‍ വേണ്ട എന്നാണു. നമ്മുടെ മകനെ കണ്ടാല്‍ അദ്ദേഹത്തിന് വിഷമമാകുമാത്രേ. ഇത്രയ്ക്കു പറഞ്ഞു വീണ്ടും അവള്‍ കരയാന്‍ തുടങ്ങി.

അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു അത് ശരിയായിരിക്കും, അദ്ദേഹത്തിന് വിഷമം ഉണ്ടാകുന്നത് കൊണ്ടായിരിക്കും. പക്ഷെ അവള്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. തിരിച്ചു അവള്‍ എന്നോട് ചോദിച്ചു 'അദ്ദേഹത്തിനാണ് ഇങ്ങനെ ഒരു കുഞ്ഞ് പിറന്നതെങ്കില്‍ ഇതേ നിലപാടായിരിക്കുമോ അദ്ദേഹം സ്വീകരിക്കുമായിരുന്നത്'? ആ ചോദ്യത്തിന് മുമ്പില്‍ വീണ്ടും എന്‍റെ ഫോണിന്റെ ക്ലിയര്‍ നഷ്ടപ്പെടുകയായിരുന്നു.

ഇന്നലെ ഓപറേഷന്‍ തിയ്യേറ്ററിലേക്ക് എന്‍റെ മകനെ ഓപറേഷന് കൊണ്ട് പോകാന്‍ നഴ്സുമാര്‍ വന്നപ്പോള്‍, മാതാപിതാക്കള്‍ക്ക് അവരുടെ മക്കളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം ഞാന്‍ കണ്ടു. അറ്റമില്ലാത്തതാണ് അത് എന്ന് എനിക്ക് മനസ്സിലായി. ഇന്ന് ലോകത്തുള്ള ഒരു വസ്തുവിനെ കൊണ്ടും അതിന്റെ വലുപ്പം അളക്കാന്‍ കഴിയുകയില്ല. ഒരു സംവിധാനത്തോടും അതിനെ ഉപമിക്കാനും സാധ്യമല്ല. എന്‍റെ കയ്യില്‍ നിന്നും എന്‍റെ കുഞ്ഞിനെ ആ നഴ്സുമാര്‍ വങ്ങുമ്പോള്‍, ഹൃദയം പൊട്ടി മരിക്കുമോ ഞാനെന്നു എനിക്കുതോന്നി. ആവശ്യപ്പെടുന്നത് എന്‍റെ ശരീരത്തിലെ ഒരു ഭാഗമായിരുന്നുവെങ്കില്‍, നിറഞ്ഞമനസ്സോടെ ഞാനത് നല്‍കുമായിരുന്നു, എന്‍റെ മകന്‍ അനുഭവിക്കേണ്ട ആ വേദനക്ക് പകരമായി. പക്ഷെ ഞാനനുഭവിക്കുന്ന വേദന അവളെ അറിയിക്കാതിരിക്കാന്‍ ഒരുപാട് ശ്രദ്ദിച്ചു കൊണ്ടേ ഇരുന്നു. അത് താങ്ങാന്‍ മാത്രം മാനസിക ശേഷി ഉള്ളവളല്ല എന്റെ ഭാര്യ എന്ന് ഞാന്‍ മനസ്സിലാക്കി. എല്ലാവരെയും എപ്പോഴും ആശ്വസിപ്പിക്കുന്ന ഞാന്‍, എന്നെ സ്വയം ആശ്വസിപ്പിക്കാന്‍ ഒരാളെ തിരയുകയായിരുന്നു.

ഇത്രയ്ക്കു പറഞ്ഞു നിര്‍ത്തുമ്പോള്‍ വര്‍ഗ്ഗീസിന്റെ ഫോണ്‍ ശബ്ദമുണ്ടാക്കി, ആരോ എവിടെയോ നിന്നു വര്‍ഗ്ഗീസിനോട് എന്തോ പറയാന്‍ ആഗ്രഹിക്കുന്നു എന്നര്‍ത്ഥത്തില്‍. ഫോണെടുത്തു, പിന്നെകാണാം എന്നര്‍ത്ഥത്തില്‍ കൈകൊണ്ടു ആംഗ്യം കാണിച്ചു അങ്ങ് ദൂരേക്ക്‌ മറഞ്ഞു വര്‍ഗ്ഗീസ്.
വീണ്ടും ഷാരൂണ്‍ തന്‍റെ ചിന്ത തന്‍റെ ദുഖത്തിന്റെ ലോകത്തേക്ക് തിരിച്ചു.

*************************************************************

നൊന്തുപ്രസവിച്ചു, കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന ഓരോ മാതാവിന്റെയും ത്യാഗത്തിനു മുന്നില്‍ നിറഞ്ഞ മനസ്സോടെ സമര്‍പ്പിക്കുന്നു ഞാനീ കുറിമാനത്തെ. ഒരിക്കലും, നിങ്ങള്‍ സഹിക്കുന്ന ത്യാഗത്തിനു മുന്നില്‍ ഒന്നുമല്ല ഈ കുറിപ്പ് എന്ന ഉറച്ച വിശ്വാസത്തോടെ.

43 comments:

 1. Comment by Zainudheen Quraishy on November 9, 2010 at 5:25pm
  ജീവിതത്തിലെ ഒരു വലിയ ദുഃഖം തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിച്ചു. ഇതാണ് സൃഷ്ടി. നമ്മളില്‍ പലരും കാണുകയൊ അനുഭവിക്കുകയൊ ചെയ്യുന്ന ഒരു നോവാണിത്. അത് കണ്ടെത്തി വളരെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.

  നല്ല ഇരുത്തം വന്ന എഴുത്ത്.

  ഭാവുകങ്ങള്‍.

  ReplyDelete
 2. Comment by 10 X 10 = 100ദ്ധീന്‍ ™ on November 9, 2010 at 9:20pm

  ശരിക്കും കണ്ണ് നിറഞ്ഞു പോയി ... .

  ReplyDelete
 3. Comment by ഷാജഹാന്‍ നന്മണ്ടന്‍ on November 9, 2010 at 4:48pm

  വളരെ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.. തുടര്‍ന്നും എഴുതുക. ഭാവുകങ്ങള്‍ .

  ReplyDelete
 4. Comment by ann saji on November 9, 2010 at 4:18pm

  good.. .

  ReplyDelete
 5. Comment by shareef on November 9, 2010 at 3:11pm

  hi, ashraf..........thankalude ee blog namme veendum palathum ormapeduthunnu.............valare nannaayittundu.........keep it up...


  .

  ReplyDelete
 6. Comment by സുനില്‍ കുമാര്‍.യാദവ്.. on November 9, 2010 at 2:58pm

  ഇതെല്ലാം ആണെങ്കിലും പല മക്കളും അക്കാരിയം ഓര്‍ക്കാറില്ല .......കുറെ

  ആള്‍ക്കാര്‍ വലുതായ അമ്മമാരേ അനതാലയത്തില്‍ ആക്കുന്നു ..പിന്നെ കുറെ

  മക്കള്‍ ഇന്നലെ വന്ന മിസ്‌ കോളിണ്ടേ പിറകെ ഇറങ്ങിപൂവുന്നു....ഇതാണ് ഇന്നന്നെ മക്കള്‍ ........... . നന്നായിരിക്കുന്നു......................... .

  ReplyDelete
 7. Comment by Jancy on October 24, 2010 at 8:10pm

  nalla blog..............
  all the best.......... .

  ReplyDelete
 8. Comment by Mymoon Abdul Azeez on October 24, 2010 at 9:54am

  മാതൃ സ്നേഹത്തിനു പകരമായി വെക്കാന്‍ മറ്റൊന്നുമില്ലീ മണ്ണിലെന്നു ,തിരിച്ചറിവാണ് ഏറ്റവും വലിയ ആരാധന ,,ഇന്നത്‌ കുറയുന്നു അതനുസരിച്ച് വേദനകള്‍ അനുഭവിക്കെണ്ടാതായി വരുന്നു ,,നന്നായി ഷാരൂണ്‍ ,എന്റെ ഒരു കവിത ''അമ്മ '' വായിക്കണേ.

  ReplyDelete
 9. സത്യം പറഞാല്‍ എന്‍റെ മനസ്സ് തേങ്ങിപ്പോയി.ഒരിക്കലും വറ്റാത്ത അമ്മയുടെ സ്നേഹിത്തിന്‍ പകരം വക്കാന്‍ മറ്റൊന്നുമില്ല. നന്ദി.

  ReplyDelete
 10. ആദ്യമായിട്ടാണ് ഈ വഴി.
  വല്ലാത്ത വേദന നല്‍കിയ വരികള്‍....

  ReplyDelete
 11. നന്നായെഴുതി..!
  ഇവിടെ അതാണാശ്വാസം, ഇതിലും ഗൌരവമുള്ള വികലതയോടെ പിറക്കുന്ന കുട്ടികളില്ലേ..അവര്‍ക്കും മതാപിതാക്കളില്ലേ.. എന്ന ചിന്ത..!
  നന്നായെഴുതീ ട്ടോ..!
  ആശംസകള്‍..!

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. വെറുതെയാണോ ദൈവം എന്നോട് നന്ദികാണിക്കുക എന്ന് പറഞ്ഞതിന് ഉടനെ നിന്റെ മാതാപിതാക്കളോടും എന്ന് ചേർത്ത് പറഞ്ഞത്.

  നന്നായി എഴുതി. വള്ളിക്കുന്നിന്റെ ബ്ലോഗിലൂടെയാണ് ഇവിടെ എത്തിയത്. ഭാവുകങ്ങൾ....

  ReplyDelete
 14. നല്ല രീതിയില്‍ എഴുതി.
  ഇത്തിരി നൊമ്പരം കൂടെ.
  എല്ലാം തകര്‍ന്ന് കിടന്ന രണ്ടര വര്‍ഷത്തെ ഉപയുടേയും ഉമ്മയുടേയും കണ്ണീരിനെ ഒന്ന്കൂടി മനസ്സിലോര്‍ക്കാന്‍ കഴിഞ്ഞു.

  ReplyDelete
 15. ഒരു ചോദ്യത്തിനു ഉത്തരമായി മൂന്നു തവണ പ്രാവചകന്‍ അമ്മയോടുള്ള കടപ്പാടിനാണ് മുന്തൂക്കം നല്‍കിയത്, കാരണമെന്തെന്ന് താങ്കളുടെ വരികള്‍ വെളിപ്പെടുത്തുന്നു. അതിനാലാണു അവരില്‍ നിന്നും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഛെ! എന്ന് പോലും പറയരുത് എന്ന് വിശുദ്ധ ഗ്രന്ഥവും അരുള്‍ ചെയ്തത്. എല്ലാവര്‍ക്കും സമാധാനം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 16. മാതൃത്വം...എത്രപറഞ്ഞാലും തീരാത്ത ഒരു വിഷയം..അമ്മയുടെ സ്നേഹത്തിനും വാല്സല്യത്തിനും പകരം വെക്കാന്‍ എന്തുണ്ട് ഈ ലോകത്തില്‍..


  നല്ല ഒരു പോസ്റ്റ്‌ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
  ആദ്യമാണ് ഈ വഴി.വീണ്ടും വരാം...എല്ലാ ആശംസകളും..വീണ്ടും എഴുതുക..

  ReplyDelete
 17. നന്നായി എഴുതി.അഭിനന്ദനങ്ങൾ...........

  ReplyDelete
 18. കണ്ണ് നിറഞ്ഞു

  അഭിനന്ദനങ്ങൾ.......

  ReplyDelete
 19. ഹൃദയസ്പർശിയായി എഴുതി.
  ആശംസകൾ!

  ReplyDelete
 20. നല്ല എഴുത്ത്

  ReplyDelete
 21. നന്നായി എഴുതി ആശംസകൾ.

  ഇവിടെ എത്തിച്ച ഹാഷിമിനു നന്ദി.

  ReplyDelete
 22. എല്ലാ ദുഃഖങ്ങളും ആപേക്ഷികങ്ങളാണ്. കുഞ്ഞുങ്ങളില്ലാത്തവര്‍ ഓര്‍ക്കും മുച്ചുണ്ടാണെങ്കിലും അവര്‍ക്ക് ഒന്നുണ്ടല്ലോ എന്ന്. രണ്ടുകാലുമില്ലാത്തവന്‍ ഒരു കാലുള്ളവനെ ഭാഗ്യവാന്‍ എന്നേ കരുതുകയുള്ളു.

  നന്നായി എഴുതി.

  ReplyDelete
 23. മനസ്സില്‍ തട്ടിയ വരികള്‍ , വളരെ നന്നായി എഴുതി ഭായ്,പഴയതാണെങ്കിലും ഞാന്‍ ഇപ്പോഴാണ് കണ്ടത് ,ഹാഷിമിന്റെ മെയില്‍ വഴി.

  ReplyDelete
 24. മാതാവ്‌ തന്നെയാണ് സ്വര്‍ഗം ,
  ഉധരത്തിനുള്ളില്‍ ഉറങ്ങിയോരോ ഉണ്ണിക്കും,
  അറിയാം അമ്മതന്‍ മഹത്തരം...

  nallezhutthukal...

  ReplyDelete
 25. അമ്മ തന്നെയാണമ്മ.ബദലില്ലാത്തത്.അവർ പോറ്റിവളർത്തിയ എന്തും അവർക്ക് വലുതാണ്‌.

  ReplyDelete
 26. ഹൃദയസ്പര്‍ശിയായ രചന. നന്നായി അവതരിപ്പിച്ചു. ആശംസകള്‍

  ReplyDelete
 27. ''''''ഉമ്മാന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം....''''''''''

  ReplyDelete
 28. അതുകൊണ്ടാണല്ലോ സ്വര്‍ഗ്ഗം മാതാവിന്റെ കാലിനടിയില്‍ ആണെന്ന് നാം പഠിപ്പിക്കപ്പെട്ടത്.വളരെ നല്ല ഒരു കുറിപ്പ്.അഭിനന്ദ്നങ്ങള്‍.

  ReplyDelete
 29. കൂടുതലൊന്നും പറയാന്‍ വാക്കുകളില്ല.നന്നായി അവതരിപ്പിച്ചു. വഴി കാണിച്ചു തന്ന ഹാഷിമിനും നന്ദി!.

  ReplyDelete
 30. ഒരു പുരുഷായുസ്സു മുഴുവന്‍ അമ്മയെ സേവിക്കാന്‍ വേണ്ടി സമര്‍പ്പിച്ചാലും, ഒന്നുമാകില്ല.

  ഞാന്‍ എപ്പോഴും ആലോചിക്കാറുള്ള വാക്കുകളാണ് ഇവ. ഒരു പാട് അഭിനന്ദനങ്ങള്‍.

  ReplyDelete
 31. അമ്മക്ക് പകരം അമ്മ മാത്രം. ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.

  ReplyDelete
 32. 'മുതിരുമ്പോള്‍ മക്കള്‍ ചിലപ്പോള്‍
  മാതാവിന്‍ മഹിമ മറക്കും
  തളരുമ്പോള്‍ത്താനേ വീണ്ടൂം
  തായ്‌വേരിന്‍ താങ്ങിനു കേഴും'
  (സീതായനം -മധുസൂദനന്‍ നായര്)

  ReplyDelete
 33. നല്ലൊരു അനുഭവക്കുറിപ്പ് .ജീവിതത്തില്‍ ഇതുപോലെ ഒരു അനുഭവം ഉണ്ടായിടുള്ളതിനാല്‍ അതിന്റെ വേദനയും ആഴവും എനിക്ക് നല്ലവണ്ണം അറിയാം .മറ്റുള്ളവരുടെ പരിഹസാത്തെക്കാള്‍ വിഷമിപിച്ചിടുള്ളത് നമ്മുടെ ദുഖത്തില്‍ പങ്കു ചേരുന്നു എന്ന ഭാവത്തില്‍ നടത്തുന്ന പ്രസ്താവനകള്‍ ആണ്.മനസ്സിന് ശക്തിയും ദൈവ വിശ്വാസവും ഉണ്ടെങ്കില്‍ ഒന്നും തന്നെ നമ്മുടെ മനസിനെ തളര്‍ത്തില്ല.എല്ലാ കുഞ്ഞുങ്ങളും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കണേ ഇന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു

  ReplyDelete
 34. അമ്മക്ക് പകരം വെക്കാന്‍ ലോകത്ത് മറ്റൊന്നുമില്ല. കാലം തെളിയിച്ച പരമാര്‍ത്ഥം. മറ്റൊരു തരത്തില്‍ ആ സത്യത്തെ ഇവിടെ ഹൃദ്യമായി വരച്ചിട്ടു. ഭാവുകങ്ങള്‍

  ReplyDelete
 35. ഈ പോസ്റ്റ്‌ ഞാന്‍ കണ്ടിരുന്നില്ലട്ടോ. ത്യാഗം അത് മാതാവിന്‍റെ പര്യായമായി പറഞ്ഞാല്‍ ഒരിക്കലും അധികമാവില്ല. നല്ല പോസ്റ്റ്‌. ചിന്തനീയം...എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 36. This comment has been removed by the author.

  ReplyDelete

 37. ഇത് എന്റെ കഥയാണ് ...
  എന്റെ ഭാര്യയുടെ കഥയാണ് ...
  എന്റെ മോളുടെ കഥയാണ്....
  ഇന്നും ഞങ്ങള്‍ തുടരുന്ന നൊമ്പരങ്ങളാണിത്...
  പക്ഷെ ഞങ്ങളതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു....
  ഓരോ ദിവസവുമുണ്ടാകുന്ന കുഞ്ഞിന്റെ പുരോഗതികള്‍ ഞങ്ങള്‍ക്കു പുതിയ പുതിയ സന്തോഷങ്ങളാണു നല്‍കുന്നത്.....
  നഷ്ടങ്ങളെ ഞങ്ങള്‍ മറന്നു ഈ നേട്ടങ്ങളിലാണിന്ന് സന്തോഷം........

  നന്ദി സുഹൃത്തേ...

  ReplyDelete