Thursday, 13 September 2012

ഞാനാരാ മോന്‍ !

എന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറേ വീട് അബൂബക്കര്‍ക്കാടേതാണ് (പടച്ചവന്‍ അദ്ദേഹത്തിന്റെ ഖബര്‍ സ്വര്ഗ്ഗമാക്കട്ടെ - ആമീന്‍) 
എല്ലാ വര്‍ഷവും ഒരു ആണ്ടു നേര്ച്ച അവിടെ നടത്താറുണ്ട്‌. ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ആ നേര്ച്ചയില്‍ പങ്കെടുക്കാനും അവിടുന്ന് ഭക്ഷണം കഴിക്കാനും വരാറുണ്ട് എന്നത് കൊണ്ട് തന്നെ, ആ നേര്ച്ച എനിക്കെല്ലാം ഒരു ആഘോഷത്തിന്റെ പ്രതീതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ പന്തല്‍ കെട്ടുന്നതിനും മറ്റു ഒരുക്കങ്ങള്‍ക്കും ഞാന്‍ മുന്പന്തിയിലെ ഉണ്ടാകുമായിരുന്നു. പ്രായത്തിനപ്പുറമുള്ള എന്റെ പക്വതയോ, കാര്യങ്ങള്‍ ചെയ്യാനുള്ള എന്റെ ആവേശമോ എന്നറിയില്ല, എന്ത് കാര്യത്തിനും അബൂബക്കര്‍ക്ക എന്നെയും പരിഗണിച്ചുകൊണ്ടിരുന്നു. 

അന്ന് എനിക്ക് എട്ടു വയസ്സായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പതിവുപോലെ ഞങ്ങളുടെ ഗ്രാമത്തിന്റെ ആ ഉത്സവം (ആണ്ടു നേര്ച്ച) വന്നെത്തി. രണ്ടാഴ്ച മുമ്പേ അബൂബക്കര്ക പെരുമ്പിലാവ് ചന്തയില്‍ പോയി പോത്തിനെ കൊണ്ട് വന്നു. സ്കൂള്‍ വിട്ടു വന്നാല്‍ പാടത്തും പറമ്പിലും പോയി പുല്ലും വൈക്കോലും ശേഖരിച്ചു കൊണ്ട് വന്നു പോത്തിന് തീറ്റ കൊടുക്കലാണ് എന്റെ പ്രധാന ജോലി. സ്കൂളും മദ്രസ്സയുമില്ലാത്ത ദിവസ്സമായാല്‍ പിന്നെ പോത്തിനെ പുല്ലു തീറ്റിച്ചു മടുപ്പിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം. രണ്ടാഴ്ച പോത്തിനെ വളര്‍ത്തുമ്പോഴേക്കും രണ്ടു കിലോ ഇറച്ചി പോത്തിന്റെ ശരീരത്തില്‍ എന്റെ വകയായി കൂടിയിട്ടുണ്ട് എന്ന് എല്ലാവരും പറയണം, അത് കേട്ട് എനിക്ക് അഹങ്കരിക്കണം. ഇത് മാത്രമാണ് എന്റെ ഉദ്ദേശവും. നേര്‍ച്ചയുടെ അന്ന് ആ ലക്‌ഷ്യം ഞാന്‍ സഫലീകരിച്ചു എന്നര്‍ത്ഥത്തില്‍ സ്വയം അഹങ്കരിക്കാറുമുണ്ട്.

ഈ പ്രാവശ്യത്തെ നേര്‍ച്ചക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. നാളത്തെ നേര്‍ച്ചക്കുള്ള അവസാനത്തെ മിനുക്ക്‌ പണിയിലാണ് അബൂബക്കര്‍ക്കയും ഞാനു മടക്കമുള്ള സംഘാടകര്‍. എല്ലാവരും എപ്പോഴും എന്നെ ശ്രദ്ധിക്കപ്പെടണം എന്ന വാശിയോടെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കയാണ് ഞാന്‍. അങ്ങിനെ എല്ലാ പണിയും കഴിഞ്ഞു എല്ലാവരും വിശ്രമിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു അബൂബക്കര്‍ക്കാട്‌ -

''ഇനിയൊന്നുമില്ലേ ചെയ്യാന്‍'' ?  
'' ഇല്ല '' അബൂബക്കര്‍ക്ക മറുപടി പറഞ്ഞു. 
ഒന്നും ഇനി ചെയ്യാനില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ നിരാശനായി.
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു 
''ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ഇക്കാ നമുക്ക് ചെയ്യാന്‍'' ?
ഞാനവിടുത്തെ എല്ലാം ആണെന്ന് എന്റെ കൂട്ടുകാരെല്ലാം മനസ്സിലാക്കണം, അതിലൂടെ അവര്‍ക്കിടയില്‍ ഇതുവരെ എനിക്കില്ലാത്ത ഒരു ഇമേജ് ഉണ്ടാക്കിയെടുക്കണം ഇത് മാത്രമാണ് എന്റെ ലക്‌ഷ്യം.

അബൂബക്കര്‍ക്ക എന്റെ മുഖത്തേക്കൊന്നു നോക്കി എന്നീട്ടു അടുത്തേക്ക് വിളിച്ചു. ഞാന്‍ മാനം മുട്ടുവോളം വലുതായതായി തോന്നി ആ നിമിഷം.  ചുറ്റും നില്‍ക്കുന്ന കൂട്ടുകാരെയെല്ലാം പുച്ഛത്തോടെ നോക്കിയ ശേഷം ഞാന്‍  അബൂബക്കര്‍ക്കാടെ അടുത്ത് ചെന്നു. അദ്ദേഹം വീണ്ടും എന്നെ അടുത്തേക്ക് ചേര്‍ത്തിപ്പിടിച്ചു കൊണ്ട് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു. ഞാന്‍ വീണ്ടും എന്റെ കൂട്ടുകാരുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടത്തില്‍ അവരോടുള്ള എന്റെ പുച്ഛം വീണ്ടും കൂടി. കൂട്ടത്തില്, സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും വയ്യ,  നിക്കാനും വയ്യാത്ത ഒരവസ്ഥ - 
അതിനെന്താ മലയാളത്തില്‍ പറയ? ആ വാക്ക് കിട്ടുന്നില്ല...... 
(നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആ വാക്ക് അറിയുമെങ്കില്‍ താഴെ ഒന്ന് എഴുതണേ) 

അബൂബക്കര്‍ക്ക എന്നെ ഏല്‍പിച്ച ആ ദൗത്യ നിര്‍വഹണത്തിന് വേണ്ടി ഞാന്‍ പുറപ്പെട്ടു - ഒരു വടക്കം വീര ഗാഥയിലെ ചന്തുവിന്റെ ഉശിരോടെ. കോടമുക്ക് കടവ് എന്ന ലക്ഷ്യ സ്ഥാനത്തേക്ക് പിന്നെ ഞാന്‍ പറക്കുകയായിരുന്നു. വേലായുധേട്ടന്റെ ചായക്കടയാണ് എന്റെ ഉദ്ദേശം.

ചായക്കടയോട് ചേര്‍ന്നുള്ള പല ചരക്ക് കടയില്‍ പതിവുപോലെ, സന്ധ്യാ സമയമായതുകൊണ്ട്‌ തന്നെ അത്യാവശ്യം തിരക്കുണ്ട്‌. തിരക്കൊന്നും വക വെക്കാതെ ഞാന്‍ കടയുടെ അകത്തേക്ക് ഇടിച്ചു കയറി. പഞ്ചസാര തൂക്കികൊണ്ടിരുന്ന വേലായുധേട്ടനോട് പതുങ്ങിയ ശബ്ദത്തില്‍ ഞാനത് പറഞ്ഞു. തൂക്കിയ പഞ്ചസാര അറിയാതെ കയ്യില്‍നിന്നും വീണതാണോ അതോ അറിഞ്ഞുകൊണ്ട് താഴേക്ക്‌ ഇട്ടതാണോ എന്നെനിക്കറിയില്ല. അദ്ദേഹം എന്റെ മുഖത്തേക്കൊന്നു നോക്കി. ഞാനെന്തിനു ഭയക്കണം, എന്റെ ആവശ്യം ഞാന്‍ ആവര്‍ത്തിച്ചു. അദ്ദേഹം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെ ഒന്ന് ചുറ്റും നോക്കി, വീണ്ടു നോട്ടം എന്നിലേക്ക്‌ തിരിച്ചു. 

ഇത്രയ്ക്കു തിരക്കുള്ള കടയില്‍ തിരക്കോടെ സാധനങ്ങള്‍ എടുത്തിരുന്ന വേലായുധേട്ടന്റെ ശ്രദ്ധപോലും നഷ്ടപ്പെടുന്ന നിലയില്‍ ഈ കുട്ടിയെ നോക്കാന്‍, ഇവന്‍ എന്തായിരിക്കും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍, ചുറ്റുമുള്ളവര്‍ എന്നെയും വേലായുധേട്ടനെയും മാറി മാറി നോക്കി. ബഹളമയമായിരുന്ന ആ കടയില്‍ കുറച്ചു നേരത്തിനു നിശബ്ദത തളം കെട്ടി. ഒന്നും ഉരിയാടാതെ ഞാനും വേലായുധേട്ടനും മുഖത്തോട് മുഖം നോക്കി. 

ഞാന്‍ ചോദിച്ചതിനുള്ള മറുപടിയെന്നോണം വേലായുധേട്ടന്‍ എന്റെ ചെവിയില്‍ എന്തോ പറഞ്ഞു. മറുപടി തൃപ്തികര മല്ലായെന്നു മനസ്സിലാക്കിയ ഞാന്‍, പതുക്കെ കടയില്‍നിന്നും വെളിയിലേക്കിറങ്ങി. എന്താണ് ഞാന്‍ ചോദിച്ചതിലുള്ള അപാകതയെന്നു എനിക്ക് മനസ്സിലാകാതെ തന്നെ ഞാന്‍ തിരിച്ചു നടന്നു.  

കടയില്‍ പരന്ന നിശബ്ദത കീറി മുറിക്കാനെന്നോണം, സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ബീരാവുക്ക ചോദിച്ചു -
"അത് നമ്മുടെ ഹംസയുടെ മകനല്ലേ, വേലായുധ''?
''അതെ'' വേലായുധേട്ടന്‍ മറുപടി പറഞ്ഞു.
''തൂക്കി കൊണ്ടിരുന്ന പഞ്ചസാര കയ്യില്‍ നിന്നും താഴെ വീഴാന്‍ മാത്രം അവന്‍ എന്താ നിന്നോട് ചോദിച്ചത്''?  ബീരവുക്കാടെ വീണ്ടുമുള്ള ചോദ്യം.
''നാളെ അബോക്കര്‍ക്കാടെ അവ്ടെ നേര്‍ച്ചയല്ലേ,? അവ്ടുന്നു അബോക്കര്‍ക്ക പറഞ്ഞയച്ചിട്ടു വന്നതാ".
''എന്നിട്ടവന്‍ നിന്നോടെന്താ ചോദിച്ചത്''? വേലായുധേട്ടന്റെ മറുപടി തീരുന്നതിനെക്കാള്‍ മുമ്പേ ബീരാവുക്ക ചോദിച്ചു.
''അവന്‍ ചോദിച്ചത് മാന്റില്‍ തുടക്കാനുള്ള തുണി'' വേലായുധേട്ടന്‍ പറഞ്ഞു.
''എന്ത്'' - ബീരാവുക്ക ആശ്ചര്യത്തോടെ വീണ്ടും.
''ആടോ, പെട്രോമാക്സിന്റെ മാന്റില്‍ തുടക്കുന്ന തുണി തന്നെ" വേലായുധേട്ടന്‍ ആവര്‍ത്തിച്ചു.
"എന്നട്ട് നീയെന്താ, അവനോടു പറഞ്ഞത്''? കടയില്‍ ചുറ്റും നിന്നിരുന്നവരുടെ കൂട്ട ചിരിക്കിടയില്‍ ബീരാവുക്ക വീണ്ടും ചോദിച്ചു.
''ഞാന്‍ പറഞ്ഞു - വീട്ടില്‍ ദേവകിയേച്ചിയുണ്ട്, അവളോട്‌ പറയ് - ചേട്ടന്റെ വള്ളി ട്രൌസര്‍ പുറത്തു കഴുകിയിട്ടിട്ടുണ്ട്, അതെടുത്തു തരാന്‍".
കടയിലെ കൂട്ടച്ചിരി ഇരട്ടിയായി - അതിനിടയില്‍ ബീരാവുക്ക ഉറക്കെ എന്നോട് വിളിച്ചു പറഞ്ഞു.
"എടാ, ഹംസടെ മോനെ, അത് മേടിക്കാന്‍ ഇനി വേലായുധന്റെ വീട് വരെ പോകണ്ട നീ ഈ നേരത്ത്, ഞാന്‍ ധരിച്ചിട്ടുള്ള ട്രൌസര്‍ ഊരിത്തരാം അതുകൊണ്ട് പോയി കാര്യം നടത്തു. നാളെ തിരിച്ചു കൊണ്ടുവന്നു തന്നാല്‍ മതി''.
ആ കൂട്ടച്ചിരി കോടമുക്ക് കടവിന്റെ മൊത്തം ചിരിയായി മാറാന്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായുള്ളോ എങ്കിലും, എനിക്കതൊരു കൊലച്ചിരിയാണിന്നും.
നിങ്ങള്‍ക്കോ??? .....
പെട്രോമാക്സ്
പെട്രോമാക്സിനെക്കുറിച്ചറിയാത്തവര്‍ക്കു വേണ്ടി - മുന്‍കാലങ്ങളില്‍ അഥവ വൈദ്യുതി ഇന്നത്തെ പോലെ സുലഭമായിരുന്നില്ലാത്ത കാലത്ത്, വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് തലേദിവസം രാത്രികളില്‍ പെട്രോമാക്സ് എന്ന ഈ വിളക്കായിരുന്നു വെളിച്ചം നല്‍കിയിരുന്നത്. മണ്ണെണ്ണ ഒഴിച്ച്, കാറ്റും കൂടെ നിറച്ചാലെ ഇത് കത്തുകയുള്ളോ. ഇതിന്റെ കത്തുന്ന ഭാഗമാണ് മാന്റില്‍. മാന്റില്‍ നിര്‍മ്മിക്കുന്നത് ഒരു തരം നൂല്‍ കൊണ്ടാണ്. മാന്റില്‍ ഒരു തവണ കത്തിക്കഴിഞ്ഞാല്‍, പിന്നെ അത് ചാരമാകും. തൊട്ടു കഴിഞ്ഞാല്‍ പൊട്ടിപ്പോകും. പൊട്ടാത്തോളം കാലം അത് ഉപയോഗിക്കാം.  അത് തുടക്കല്‍ അസാധ്യവും,  തുടക്കാനുള്ള  തുണി  ലഭ്യവുമല്ല എന്ന് സാരം.

അപ്പോള്‍ മനപ്പൂര്‍വം എന്നെ വിഡ്ഢിയാക്കാന്‍ വേണ്ടിയായിരുന്നു ആ തുണി മേടിക്കാന്‍ അയച്ചത്. അത് മനസ്സിലാക്കി തന്നെയാണ് വേലായുധേട്ടന്‍ ട്രൌസര്‍ തരാമെന്നു പറഞ്ഞതും. പക്ഷെ ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കുട്ടിയായിരുന്നു ഞാനെന്ന ആ പാവം.