Wednesday, 1 June 2011

സ്ക്കൂളിലോട്ടു .........

                     ഒരാളുടെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും ആഹ്ലാദം നിറഞ്ഞ ഒരു സന്ദര്‍ഭമായിരിക്കും, ആദ്യമായി തനിക്കു പിറന്ന തന്‍റെ കുട്ടിയുടെ കയ്യും പിടിച്ചു സ്കൂളില്‍ ചേര്‍ക്കാന്‍ എത്തുന്ന ആ നിമിഷം. ഒരുപാട് പ്രതീക്ഷയോടെയും, ആകാംക്ഷയോടെയുമുള്ള ആ മുഹൂര്‍ത്തം. ഭാവിയില്‍ തന്‍റെ കുഞ്ഞ് എന്താകണമെന്നു തീരുമാനിക്കേണ്ടതിന്‍റെ ആദ്യപടി. അമ്മയുടെയും കുടുംബക്കാരുടെയും ശിക്ഷണത്തില്‍ മാത്രം വളര്‍ന്നിരുന്ന കുഞ്ഞിനു അതുമാത്രം പോര, അദ്ദ്യാപകരുടെ ശിക്ഷണം കൂടി ലഭിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതിന്‍റെ ആദ്യ ചുവടുവെപ്പ്‌.

ഞാന്‍ എന്‍റെ മകനുമായി സ്കൂള്‍ മുറ്റത്തെത്തി. സ്കൂളിന്റെ മുറ്റത്തും, ഓഫിസ് മുറിയുടെ മുന്നിലും ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍, അവന്‍ (എന്‍റെ മകന്‍ മിസ്വബ്‌) എന്‍റെ കയ്യിനെ കൂടുതല്‍ മുറുക്കി പിടിക്കുന്നതായി എനിക്ക് തോന്നി. അവന്‍റെ നടത്തത്തിനു വേഗത കുറഞ്ഞതായി ഞാന്‍ മനസ്സിലാക്കി. 
ഞാന്‍ മിസ്വബിന്റെ മുഖത്തേക്ക് നോക്കി. കൂട്ടം തെറ്റിവന്ന ഒരാട്ടിന്‍ കുട്ടിയുടെ പരിഭ്രാന്തി, അവന്‍റെ മുഖത്ത് കണ്ടു. ആശ്വാസ വാക്കുകള്‍ കൊണ്ട് ഞാനവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. 'സ്കൂള്‍ തുറന്നാല്‍ എന്‍റെ മകന്‍ ബസ്സില്‍ ആണല്ലോ സ്കൂളില്‍ പോവുക, അപ്പോള്‍ ബാബാക്ക് റ്റാറ്റ തര്വോ? എന്നെല്ലാം ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി ചോദിച്ചു കൊണ്ടിരുന്നു. 

സത്യത്തില്‍ എനിക്ക് അത്രയ്ക്ക് താല്പര്യമൊന്നുമില്ല മിസ്വബിനെ ഇത്രയ്ക്കു ദൂരെ സ്കൂളില്‍ കൊണ്ട് വന്നു ചേര്‍ക്കാന്‍. അടുത്തുള്ള ഏതെങ്കിലും   മലയാളം മീഡിയത്തില്‍ ചേര്‍ത്തിയാല്‍ മതിയില്ലേ എന്ന് ഞാന്‍ ചോദിച്ചതാണ്. അപ്പോള്‍ വീട്ടില്‍ ആരും സമ്മതിച്ചില്ല. നാട്ടിലുള്ള ഭൂരിഭാഗം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍ നമ്മുടെ മകനും അവിടെതന്നെയാണ് പഠിക്കേണ്ടത്. നാട്ടുകാര്‍ ചെയ്യുന്നതിനെ അനുകരിക്കലാണല്ലോ ഈ നാട്ടു നടപ്പ് എന്നെല്ലാം പറയുന്നത്. അതില്‍ തന്‍റെ പരിമിതിയേയോ താല്പര്യത്തെയോ ആരെങ്കിലും പരിഗണിക്കാറുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും നാട് ഓടുമ്പോള്‍ നടുവിലൂടെ ഓടിയില്ലെങ്കിലും, അവസാനം ഓടണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്കു ഞാനൊന്ന് മനസ്സില്‍ ചിരിച്ചുപോയി - വടകരക്കാരനായിട്ടുള്ള എന്റൊരു കൂട്ടുകാരന്‍ ഹമീദലി മുമ്പ് പറഞ്ഞ ഒരു തമാശ ഓര്‍ത്തിട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അവന്‍റെ മകളും, അവന്‍റെ ഭാര്യയും തമ്മില്‍ ഉറക്കെ സംസാരിക്കുന്നത് പെട്ടെന്ന് അവന്‍ കേട്ടത്രേ. കാരണം തിരക്കിയപ്പോള്‍, ഒരു ഇംഗ്ലീഷ് അക്ഷരം ചൂണ്ടിക്കാണിച്ചു കുട്ടി പറയുന്നു ഇത് small letter ആണെന്ന്, ഉമ്മ പറയുന്നു ഇതിനു ചെറിയ അക്ഷരമെന്നേ പറയുള്ളൂ. ഒരു നിലക്കും ഭാര്യ മകള്‍ക്ക് സമ്മതിച്ചു കൊടുക്കില്ല എന്ന് കണ്ടപ്പോള്‍, ഹമീദലി ഇടപെട്ടിട്ടു ഭാര്യയോടു പറഞ്ഞത്രേ 'നിനക്ക് അടുക്കളയില്‍ എത്രയെങ്കിലും ജോലി ബാക്കിയുണ്ടല്ലോ, അത് നോക്കി കൂടെ. ഇത് നമ്മുടെ മോള്‍ തനിയെ പഠിച്ചോളും' എന്ന്.  

മകനുമായി ഞാന്‍ ഓഫിസ് മുറിയിലേക്ക് കടന്നു. അപ്പോഴാണ്‌ അറിയുന്നത്, പണ്ടത്തെ പോലെ നേരിട്ട് കൊണ്ട്പോയി സ്കൂളില്‍ ചേര്‍ത്താനൊന്നും ഇപ്പോള്‍ കഴിയില്ല, interview എല്ലാം കഴിയണം എന്ന്. interview കഴിഞ്ഞു, മകനെ ചേര്‍ത്തലും കഴിഞ്ഞു. ഓഫീസില്‍ നിന്നും dairy എന്ന പേരില്‍ ഒരു പുസ്തകം തന്നു.  വീട്ടില്‍ വന്നു, ആ dairy ഞാനൊന്ന് വായിച്ചു നോക്കി. ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഞാനൊരുപാട് വൈകിയോ എന്നെനിക്കു തോന്നി. എന്‍റെ ചിന്ത ആദ്യം പോയത് എന്‍റെ കുട്ടിക്കാല ത്തേക്കാണ്.  

അന്ന്, സ്കൂള്‍ വിദ്ദ്യാഭ്യാസം കച്ചവട താല്പര്യങ്ങള്‍ക്കും, ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കും വേണ്ടി വഴി മാറുന്നതിനെല്ലാം മുമ്പ്. ഇംഗ്ലീഷ് വിദ്ദ്യഭ്യാസം, അഭിമാനത്തിന്‍റെയും, പൊങ്ങച്ചത്തിന്‍റെയുമെല്ലാം പ്രതീകമായി ജനങ്ങള്‍ വിലയിരുത്തുന്നതിനെക്കാളും മുമ്പ്. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ പ്രാഥമിക വിദ്ദ്യാഭ്യാസത്തിനായ് ചേര്‍ന്നിരുന്നത് കോടമുക്ക് LP സ്കൂളില്‍ ആയിരുന്നു. അവിടെ മതപരമായിട്ടുള്ള വേര്‍തിരിവോ കഴിവുള്ളവനെന്നോ, ഇല്ലാത്തവനെന്നോ ഉണ്ടായിരുന്നില്ല. പതിനഞ്ചു വര്‍ഷം മുമ്പ് വരെ നോക്കിയാല്‍ ആ സ്കൂളില്‍ പഠിക്കാത്തവരായി ഒരാളും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടാവില്ല. വിദേശങ്ങളിലും മറ്റും ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്ന പലരും ആ സ്കൂളിലെ വിദ്ദ്യാര്‍ത്തികളായിരുന്നു. കുട്ടികളെ ചേര്‍ക്കാന്‍ വേണ്ടി കിലോ മീറ്ററുകള്‍ അകലെയുള്ള സ്കൂളുകള്‍ തേടി ഞാനടക്കമുള്ള രക്ഷിതാക്കള്‍ പരക്കം പായുമ്പോള്‍, പഠിക്കാന്‍ കുട്ടികളില്ലാത്തതിന്‍റെ പേരില്‍ നെട്ടോട്ട മോടുകയാണ് എന്‍റെ പഴയ ആ പ്രാഥമിക വിദ്ദ്യാഭാസ കേന്ദ്രം എന്നത്, കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ഉള്‍കൊള്ളാന്‍ സര്‍ക്കാരുകളും, വിദ്ദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കുന്ന ഉദ്ദ്യോഗസ്ഥന്മാരും തയ്യാറാകാ ത്തതാണ് എന്നെ പറയാന്‍ കഴിയൂ. കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ പാട്യപദ്ധതി തയ്യാറാക്കുന്ന ഉദ്ദ്യോഗസ്ഥന്മാരില്‍ എത്ര പേരുണ്ട്, തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിട്ടുതന്നെ അവരുടെ സ്ക്കൂള്‍ വിദ്ദ്യാഭ്യാസം പൂര്‍ത്തീകരിപ്പിക്കുന്നതായി. അദ്ദ്യാപകര്‍ തന്നെ തങ്ങളുടെ കുട്ടികളെ നല്ല സ്കൂളുകള്‍ നോക്കി പഠിക്കാന്‍ വിട്ടിട്ടാണ്‌, ഈ ഓട്ട മത്സരത്തില്‍ പെങ്കെടുക്കുന്നത് എന്നതുകൊണ്ട്‌ തന്നെ അതിനെ അര്‍ഹിക്കുന്ന പരിഗണനയോടെ തള്ളിയോ, തള്ളാതെയോ കളയാം. 

             എന്നാല്‍ സ്കൂളുകളും, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളും ജാതിമതാടിസ്ഥാനത്തില്‍  തരം തിരിക്കുകയും, ജാതി അടിസ്ഥാനത്തില്‍ തന്നെ മാനേജുമെന്റുകളുടെയും ട്രസ്റ്റ്‌ കളുടെയും പേരില്‍ അംഗീകരിച്ചു കൊടുക്കയും ചെയ്തു കൊണ്ടിരിക്കുന്നതിനെ, മതത്തിന്‍റെയും ജാതിയുടെയും ശതമാനത്തില്‍ അവസരങ്ങള്‍ കിട്ടും എന്ന് ആശ്വസിക്കുമ്പോഴും, ഒരിക്കലും  നമുക്ക് തിരിച്ചുകിട്ടാത്ത നിലയില്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നായി മാറുന്നു നമ്മുടെ ഇടയിലുണ്ടായിരുന്ന മതസൌഹാര്‍ദ്ദവും ബന്ധവും. കാരണം ഓരോ വിദ്ദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ് മെന്റുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഏതു മതസ്ഥരാണോ, ആ മതത്തില്‍പെട്ട കുട്ടികളാണ് 90 ശതമാനത്തില്‍ കൂടുതലും അവിടെ പഠിക്കാന്‍ വരുന്നത്. ഈ വേര്‍ത്തിരിവ് ഓരോ കുട്ടിയുടെയും ഭാവിയെ സ്വാധ്വീനിക്കും എന്നത് അവഗണിച്ചുകൂടാന്‍ കഴിയാത്തൊരു സത്യമാണ്. 

ഗണേശനും, സുനിലും, അഷ്റഫും, സ്റ്റീഫനുമെല്ലാം ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഇത് വെറുമൊരു കേട്ടു കഥയായി മാറാന്‍ പോകുന്നു വരും തലമുറയ്ക്ക് എന്നത്, ഉള്ളിന്‍റെ ഉള്ളില്‍ എവിടെയോ ഒരു തീക്കണല്‍ കോരി ഇടുന്ന ഒരു പ്രതീതി ഉളവാക്കുന്നു. ഓണവും, പെരുന്നാളും, ക്രിസ്തു മസ്സുമെല്ലാം എല്ലാ കുട്ടികളുടെയും ആഘോഷമായിരുന്നു വെങ്കില്‍. ഈ ആഘോഷങ്ങല്‍ക്കെല്ലാം സ്കൂളുകള്‍ പൂട്ടല്‍ പതിവായിരുന്നു വെങ്കില്‍, ഇന്ന് അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം, അല്പം ഞെട്ടലോടെ യാണെങ്കിലും നമ്മള്‍ ഉള്കൊണ്ടേ മതിയാവൂ. 

മേനെജുമെന്റുകള്‍ തങ്ങള്‍ പ്രതിനിദാനം ചെയ്യുന്ന മതത്തിന്‍റെ ആഘോഷങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് സ്കൂളിന്‍റെ അവധി ദിവസങ്ങള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നു. കച്ചവട താല്പര്യത്തോടെ സ്കൂള്‍ വിദ്ദ്യാഭ്യാസത്തെ മാനേജുമെന്റുകള്‍ സമീപിക്കുമ്പോള്‍, അതിന്‍റെ ലാഭവും അവര്‍ കൊയ്യുമ്പോള്‍, തിരിച്ചു പിടിക്കാന്‍ പറ്റാത്തൊരു നിലയില്‍ സാംസ്കാരിക കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞേ മതിയാവൂ.  ഈ നിലയില്‍ തന്നെ ഇത്  തുടര്‍ന്നു പോയാല്‍, വലിയൊരു വില നല്‍കാന്‍ നിര്‍ബന്തിതരാകും കേരള ജനത. ശതമാനത്തിന്‍റെ കണക്കില്‍ വിദ്ദ്യഭ്യാസ സ്ഥാപനങ്ങള്‍ കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങുന്നവരും, വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചുകൊണ്ട് അതിനു അംഗീകാരം നല്‍കുന്ന സര്‍ക്കാരുകളും ഒരു വേള ചിന്തിക്കല്‍ അനിവാര്യമാണ് - 
ഈ സ്ഥാപനങ്ങളെല്ലാം അതിന്‍റെ ദൌത്യം പരിപൂര്‍ണ്ണാര്‍ഥത്തില്‍  നിര്‍വഹിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടോയെന്നു.  കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്തായ മതസൌഹാര്‍ദ്ദം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍, ഓരോ കേരളിയനും പ്രതിജ്ഞാബദ്ദനാണ് എന്ന്  ഓര്‍മ്മപ്പെടുത്തല്‍ അനിവാര്യമായിരിക്കുന്നു.
ആദ്യാക്ഷരം എനിക്ക് പഠിപ്പിച്ചുതന്ന എന്‍റെ  കോടമുക്ക് സ്കൂള്‍