Wednesday, 1 June 2011

സ്ക്കൂളിലോട്ടു .........

                     ഒരാളുടെ ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും ആഹ്ലാദം നിറഞ്ഞ ഒരു സന്ദര്‍ഭമായിരിക്കും, ആദ്യമായി തനിക്കു പിറന്ന തന്‍റെ കുട്ടിയുടെ കയ്യും പിടിച്ചു സ്കൂളില്‍ ചേര്‍ക്കാന്‍ എത്തുന്ന ആ നിമിഷം. ഒരുപാട് പ്രതീക്ഷയോടെയും, ആകാംക്ഷയോടെയുമുള്ള ആ മുഹൂര്‍ത്തം. ഭാവിയില്‍ തന്‍റെ കുഞ്ഞ് എന്താകണമെന്നു തീരുമാനിക്കേണ്ടതിന്‍റെ ആദ്യപടി. അമ്മയുടെയും കുടുംബക്കാരുടെയും ശിക്ഷണത്തില്‍ മാത്രം വളര്‍ന്നിരുന്ന കുഞ്ഞിനു അതുമാത്രം പോര, അദ്ദ്യാപകരുടെ ശിക്ഷണം കൂടി ലഭിക്കേണ്ടതുണ്ട് എന്ന് തീരുമാനിച്ചതിന്‍റെ ആദ്യ ചുവടുവെപ്പ്‌.

ഞാന്‍ എന്‍റെ മകനുമായി സ്കൂള്‍ മുറ്റത്തെത്തി. സ്കൂളിന്റെ മുറ്റത്തും, ഓഫിസ് മുറിയുടെ മുന്നിലും ആളുകള്‍ തടിച്ചു കൂടി നില്‍ക്കുന്നത് കണ്ടപ്പോള്‍, അവന്‍ (എന്‍റെ മകന്‍ മിസ്വബ്‌) എന്‍റെ കയ്യിനെ കൂടുതല്‍ മുറുക്കി പിടിക്കുന്നതായി എനിക്ക് തോന്നി. അവന്‍റെ നടത്തത്തിനു വേഗത കുറഞ്ഞതായി ഞാന്‍ മനസ്സിലാക്കി. 
ഞാന്‍ മിസ്വബിന്റെ മുഖത്തേക്ക് നോക്കി. കൂട്ടം തെറ്റിവന്ന ഒരാട്ടിന്‍ കുട്ടിയുടെ പരിഭ്രാന്തി, അവന്‍റെ മുഖത്ത് കണ്ടു. ആശ്വാസ വാക്കുകള്‍ കൊണ്ട് ഞാനവനെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. 'സ്കൂള്‍ തുറന്നാല്‍ എന്‍റെ മകന്‍ ബസ്സില്‍ ആണല്ലോ സ്കൂളില്‍ പോവുക, അപ്പോള്‍ ബാബാക്ക് റ്റാറ്റ തര്വോ? എന്നെല്ലാം ഞാന്‍ അവനെ ആശ്വസിപ്പിക്കാന്‍ വേണ്ടി ചോദിച്ചു കൊണ്ടിരുന്നു. 

സത്യത്തില്‍ എനിക്ക് അത്രയ്ക്ക് താല്പര്യമൊന്നുമില്ല മിസ്വബിനെ ഇത്രയ്ക്കു ദൂരെ സ്കൂളില്‍ കൊണ്ട് വന്നു ചേര്‍ക്കാന്‍. അടുത്തുള്ള ഏതെങ്കിലും   മലയാളം മീഡിയത്തില്‍ ചേര്‍ത്തിയാല്‍ മതിയില്ലേ എന്ന് ഞാന്‍ ചോദിച്ചതാണ്. അപ്പോള്‍ വീട്ടില്‍ ആരും സമ്മതിച്ചില്ല. നാട്ടിലുള്ള ഭൂരിഭാഗം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍ നമ്മുടെ മകനും അവിടെതന്നെയാണ് പഠിക്കേണ്ടത്. നാട്ടുകാര്‍ ചെയ്യുന്നതിനെ അനുകരിക്കലാണല്ലോ ഈ നാട്ടു നടപ്പ് എന്നെല്ലാം പറയുന്നത്. അതില്‍ തന്‍റെ പരിമിതിയേയോ താല്പര്യത്തെയോ ആരെങ്കിലും പരിഗണിക്കാറുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും നാട് ഓടുമ്പോള്‍ നടുവിലൂടെ ഓടിയില്ലെങ്കിലും, അവസാനം ഓടണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു.

ഇടയ്ക്കു ഞാനൊന്ന് മനസ്സില്‍ ചിരിച്ചുപോയി - വടകരക്കാരനായിട്ടുള്ള എന്റൊരു കൂട്ടുകാരന്‍ ഹമീദലി മുമ്പ് പറഞ്ഞ ഒരു തമാശ ഓര്‍ത്തിട്ടു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന അവന്‍റെ മകളും, അവന്‍റെ ഭാര്യയും തമ്മില്‍ ഉറക്കെ സംസാരിക്കുന്നത് പെട്ടെന്ന് അവന്‍ കേട്ടത്രേ. കാരണം തിരക്കിയപ്പോള്‍, ഒരു ഇംഗ്ലീഷ് അക്ഷരം ചൂണ്ടിക്കാണിച്ചു കുട്ടി പറയുന്നു ഇത് small letter ആണെന്ന്, ഉമ്മ പറയുന്നു ഇതിനു ചെറിയ അക്ഷരമെന്നേ പറയുള്ളൂ. ഒരു നിലക്കും ഭാര്യ മകള്‍ക്ക് സമ്മതിച്ചു കൊടുക്കില്ല എന്ന് കണ്ടപ്പോള്‍, ഹമീദലി ഇടപെട്ടിട്ടു ഭാര്യയോടു പറഞ്ഞത്രേ 'നിനക്ക് അടുക്കളയില്‍ എത്രയെങ്കിലും ജോലി ബാക്കിയുണ്ടല്ലോ, അത് നോക്കി കൂടെ. ഇത് നമ്മുടെ മോള്‍ തനിയെ പഠിച്ചോളും' എന്ന്.  

മകനുമായി ഞാന്‍ ഓഫിസ് മുറിയിലേക്ക് കടന്നു. അപ്പോഴാണ്‌ അറിയുന്നത്, പണ്ടത്തെ പോലെ നേരിട്ട് കൊണ്ട്പോയി സ്കൂളില്‍ ചേര്‍ത്താനൊന്നും ഇപ്പോള്‍ കഴിയില്ല, interview എല്ലാം കഴിയണം എന്ന്. interview കഴിഞ്ഞു, മകനെ ചേര്‍ത്തലും കഴിഞ്ഞു. ഓഫീസില്‍ നിന്നും dairy എന്ന പേരില്‍ ഒരു പുസ്തകം തന്നു.  വീട്ടില്‍ വന്നു, ആ dairy ഞാനൊന്ന് വായിച്ചു നോക്കി. ഒരു യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ഞാനൊരുപാട് വൈകിയോ എന്നെനിക്കു തോന്നി. എന്‍റെ ചിന്ത ആദ്യം പോയത് എന്‍റെ കുട്ടിക്കാല ത്തേക്കാണ്.  

അന്ന്, സ്കൂള്‍ വിദ്ദ്യാഭ്യാസം കച്ചവട താല്പര്യങ്ങള്‍ക്കും, ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കും വേണ്ടി വഴി മാറുന്നതിനെല്ലാം മുമ്പ്. ഇംഗ്ലീഷ് വിദ്ദ്യഭ്യാസം, അഭിമാനത്തിന്‍റെയും, പൊങ്ങച്ചത്തിന്‍റെയുമെല്ലാം പ്രതീകമായി ജനങ്ങള്‍ വിലയിരുത്തുന്നതിനെക്കാളും മുമ്പ്. ഞങ്ങളുടെ ഗ്രാമത്തിലെ കുട്ടികള്‍ പ്രാഥമിക വിദ്ദ്യാഭ്യാസത്തിനായ് ചേര്‍ന്നിരുന്നത് കോടമുക്ക് LP സ്കൂളില്‍ ആയിരുന്നു. അവിടെ മതപരമായിട്ടുള്ള വേര്‍തിരിവോ കഴിവുള്ളവനെന്നോ, ഇല്ലാത്തവനെന്നോ ഉണ്ടായിരുന്നില്ല. പതിനഞ്ചു വര്‍ഷം മുമ്പ് വരെ നോക്കിയാല്‍ ആ സ്കൂളില്‍ പഠിക്കാത്തവരായി ഒരാളും ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടാവില്ല. വിദേശങ്ങളിലും മറ്റും ഉയര്‍ന്ന നിലയില്‍ ജോലിചെയ്യുന്ന പലരും ആ സ്കൂളിലെ വിദ്ദ്യാര്‍ത്തികളായിരുന്നു. കുട്ടികളെ ചേര്‍ക്കാന്‍ വേണ്ടി കിലോ മീറ്ററുകള്‍ അകലെയുള്ള സ്കൂളുകള്‍ തേടി ഞാനടക്കമുള്ള രക്ഷിതാക്കള്‍ പരക്കം പായുമ്പോള്‍, പഠിക്കാന്‍ കുട്ടികളില്ലാത്തതിന്‍റെ പേരില്‍ നെട്ടോട്ട മോടുകയാണ് എന്‍റെ പഴയ ആ പ്രാഥമിക വിദ്ദ്യാഭാസ കേന്ദ്രം എന്നത്, കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ഉള്‍കൊള്ളാന്‍ സര്‍ക്കാരുകളും, വിദ്ദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കുന്ന ഉദ്ദ്യോഗസ്ഥന്മാരും തയ്യാറാകാ ത്തതാണ് എന്നെ പറയാന്‍ കഴിയൂ. കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ പാട്യപദ്ധതി തയ്യാറാക്കുന്ന ഉദ്ദ്യോഗസ്ഥന്മാരില്‍ എത്ര പേരുണ്ട്, തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിട്ടുതന്നെ അവരുടെ സ്ക്കൂള്‍ വിദ്ദ്യാഭ്യാസം പൂര്‍ത്തീകരിപ്പിക്കുന്നതായി. അദ്ദ്യാപകര്‍ തന്നെ തങ്ങളുടെ കുട്ടികളെ നല്ല സ്കൂളുകള്‍ നോക്കി പഠിക്കാന്‍ വിട്ടിട്ടാണ്‌, ഈ ഓട്ട മത്സരത്തില്‍ പെങ്കെടുക്കുന്നത് എന്നതുകൊണ്ട്‌ തന്നെ അതിനെ അര്‍ഹിക്കുന്ന പരിഗണനയോടെ തള്ളിയോ, തള്ളാതെയോ കളയാം. 

             എന്നാല്‍ സ്കൂളുകളും, വിദ്ധ്യാഭ്യാസ സ്ഥാപനങ്ങളും ജാതിമതാടിസ്ഥാനത്തില്‍  തരം തിരിക്കുകയും, ജാതി അടിസ്ഥാനത്തില്‍ തന്നെ മാനേജുമെന്റുകളുടെയും ട്രസ്റ്റ്‌ കളുടെയും പേരില്‍ അംഗീകരിച്ചു കൊടുക്കയും ചെയ്തു കൊണ്ടിരിക്കുന്നതിനെ, മതത്തിന്‍റെയും ജാതിയുടെയും ശതമാനത്തില്‍ അവസരങ്ങള്‍ കിട്ടും എന്ന് ആശ്വസിക്കുമ്പോഴും, ഒരിക്കലും  നമുക്ക് തിരിച്ചുകിട്ടാത്ത നിലയില്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നായി മാറുന്നു നമ്മുടെ ഇടയിലുണ്ടായിരുന്ന മതസൌഹാര്‍ദ്ദവും ബന്ധവും. കാരണം ഓരോ വിദ്ദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മാനേജ് മെന്റുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഏതു മതസ്ഥരാണോ, ആ മതത്തില്‍പെട്ട കുട്ടികളാണ് 90 ശതമാനത്തില്‍ കൂടുതലും അവിടെ പഠിക്കാന്‍ വരുന്നത്. ഈ വേര്‍ത്തിരിവ് ഓരോ കുട്ടിയുടെയും ഭാവിയെ സ്വാധ്വീനിക്കും എന്നത് അവഗണിച്ചുകൂടാന്‍ കഴിയാത്തൊരു സത്യമാണ്. 

ഗണേശനും, സുനിലും, അഷ്റഫും, സ്റ്റീഫനുമെല്ലാം ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഇത് വെറുമൊരു കേട്ടു കഥയായി മാറാന്‍ പോകുന്നു വരും തലമുറയ്ക്ക് എന്നത്, ഉള്ളിന്‍റെ ഉള്ളില്‍ എവിടെയോ ഒരു തീക്കണല്‍ കോരി ഇടുന്ന ഒരു പ്രതീതി ഉളവാക്കുന്നു. ഓണവും, പെരുന്നാളും, ക്രിസ്തു മസ്സുമെല്ലാം എല്ലാ കുട്ടികളുടെയും ആഘോഷമായിരുന്നു വെങ്കില്‍. ഈ ആഘോഷങ്ങല്‍ക്കെല്ലാം സ്കൂളുകള്‍ പൂട്ടല്‍ പതിവായിരുന്നു വെങ്കില്‍, ഇന്ന് അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം, അല്പം ഞെട്ടലോടെ യാണെങ്കിലും നമ്മള്‍ ഉള്കൊണ്ടേ മതിയാവൂ. 

മേനെജുമെന്റുകള്‍ തങ്ങള്‍ പ്രതിനിദാനം ചെയ്യുന്ന മതത്തിന്‍റെ ആഘോഷങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് സ്കൂളിന്‍റെ അവധി ദിവസങ്ങള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നു. കച്ചവട താല്പര്യത്തോടെ സ്കൂള്‍ വിദ്ദ്യാഭ്യാസത്തെ മാനേജുമെന്റുകള്‍ സമീപിക്കുമ്പോള്‍, അതിന്‍റെ ലാഭവും അവര്‍ കൊയ്യുമ്പോള്‍, തിരിച്ചു പിടിക്കാന്‍ പറ്റാത്തൊരു നിലയില്‍ സാംസ്കാരിക കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞേ മതിയാവൂ.  ഈ നിലയില്‍ തന്നെ ഇത്  തുടര്‍ന്നു പോയാല്‍, വലിയൊരു വില നല്‍കാന്‍ നിര്‍ബന്തിതരാകും കേരള ജനത. ശതമാനത്തിന്‍റെ കണക്കില്‍ വിദ്ദ്യഭ്യാസ സ്ഥാപനങ്ങള്‍ കൈക്കലാക്കാന്‍ തുനിഞ്ഞിറങ്ങുന്നവരും, വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചുകൊണ്ട് അതിനു അംഗീകാരം നല്‍കുന്ന സര്‍ക്കാരുകളും ഒരു വേള ചിന്തിക്കല്‍ അനിവാര്യമാണ് - 
ഈ സ്ഥാപനങ്ങളെല്ലാം അതിന്‍റെ ദൌത്യം പരിപൂര്‍ണ്ണാര്‍ഥത്തില്‍  നിര്‍വഹിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടോയെന്നു.  കേരളത്തിന്‍റെ ഏറ്റവും വലിയ സമ്പത്തായ മതസൌഹാര്‍ദ്ദം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍, ഓരോ കേരളിയനും പ്രതിജ്ഞാബദ്ദനാണ് എന്ന്  ഓര്‍മ്മപ്പെടുത്തല്‍ അനിവാര്യമായിരിക്കുന്നു.
ആദ്യാക്ഷരം എനിക്ക് പഠിപ്പിച്ചുതന്ന എന്‍റെ  കോടമുക്ക് സ്കൂള്‍
 

27 comments:

 1. ഗണേശനും, സുനിലും, അഷ്റഫും, സ്റ്റീഫനുമെല്ലാം ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്നത്. ഇത് വെറുമൊരു കേട്ടു കഥയായി മാറാന്‍ പോകുന്നു വരും തലമുറയ്ക്ക് എന്നത്, ഉള്ളിന്‍റെ ഉള്ളില്‍ എവിടെയോ ഒരു തീക്കണല്‍ കോരി ഇടുന്ന ഒരു പ്രതീതി ഉളവാക്കുന്നു. ഓണവും, പെരുന്നാളും, ക്രിസ്തു മസ്സുമെല്ലാം എല്ലാ കുട്ടികളുടെയും ആഘോഷമായിരുന്നു വെങ്കില്‍. ഈ ആഘോഷങ്ങല്‍ക്കെല്ലാം സ്കൂളുകള്‍ പൂട്ടല്‍ പതിവായിരുന്നു വെങ്കില്‍, ഇന്ന് അതെല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം, അല്പം ഞെട്ടലോടെ യാണെങ്കിലും നമ്മള്‍ ഉള്കൊണ്ടേ മതിയാവൂ.

  സത്യം....സത്യം

  ReplyDelete
 2. വളരെ അവസരോചിതമായ പോസ്റ്റ്‌..സ്കൂള്‍ കാലമായപ്പോള്‍ ഇതുപോലെ ഒന്നെഴുതണം എന്ന് ഞാന്‍ കരുതിയതാ..താങ്കള്‍ പറഞ്ഞപോലെ "ഗണേശനും, സുനിലും, അഷ്റഫും, സ്റ്റീഫനുമെല്ലാം ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചിരുന്ന കാലമൊക്കെ പോയി. ഇപ്പോള്‍ ഓരോ മതക്കാര്‍ക്കും അവരുടെ സ്കൂള്‍ ഉണ്ട്..എന്തിനു ഓരോ ജാതിക്കാര്‍ക്കും അവരുടെ സ്കൂള്‍ ഉണ്ട്. സാധാരണ സ്കൂള്‍ അല്ല ഇംഗ്ലീഷ് മീഡിയം... നമ്മുടെ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വമോ, നമ്മള്‍ ഇന്ത്യയെ കുറിച്ച് അഭിമാനം കൊള്ളുന്ന നാനാത്വത്തില്‍ ഏകത്തമോ ഒന്നും ഈ സ്കൂളുകളില്‍ കാണാന്‍ പറ്റില്ല. ഞാന്‍ പിടിച്ച മുയലിനു 3 കൊമ്പ് എന്നാ പോലെ സ്വന്തം മതവും അതിലെ തത്വങ്ങളും മികച്ചത് എന്ന് പഠിപ്പിക്കാനല്ലേ ഇക്കൂട്ടര്‍ക്ക് താല്പര്യം. എല്ലാ മതക്കാരുമായി ഇടപെടുമ്പോള്‍ മാത്രമാണ് സഹിഷ്ണുത എന്താണെന്നു പഠിക്കാന്‍ പറ്റുക എന്ന് ഇവരറിയുന്നില്ല..ഇമ്മാതിരി സ്കൂളുകളില്‍ കാശുള്ള വീട്ടിലെ പിള്ളാരല്ലേ ഉണ്ടാകുള്ളൂ..അതിനാല്‍ തന്നെ പാവപെട്ട വീട്ടിലെ കുട്ടികളുമായി ഇടപെടാനോ അവരുടെ വീട്ടിലെ കഷ്ടപാടുകള്‍ അറിയണോ ഒന്നും ഇവര്‍ക് സാധിക്കില്ല..ചുരുക്കത്തില്‍ സാമൂഹ്യ ബോധമോ രാഷ്ട്ര ബോധമോ ഇല്ലാത്ത സമൂഹത്തിനു യാതൊരു ഉപകാരവുമില്ലാത്ത കുറെ ബ്രോയിലര്‍ കോഴികളെ പോലെയുള്ള മോഡേണ്‍ മല്ലു സ്ടുടെന്റ്സിനെ വാര്‍ത്തെടുക്കാനെ ഇത്തരം ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് കഴിയുള്ളൂ..

  അപ്പോള്‍ വീണ്ടും കാണാം ..ആശംസകളോടെ

  ReplyDelete
 3. തീര്‍ച്ചയായും നാം വീണ്ടും പുറകോട്ടാണ്‌ പോവുന്നത്‌

  അവസരോചിതമായ പോസ്റ്റ്

  ReplyDelete
 4. മേനെജുമെന്റുകള്‍ തങ്ങള്‍ പ്രതിനിദാനം ചെയ്യുന്ന മതത്തിന്‍റെ ആഘോഷങ്ങള്‍ക്കും, താല്പര്യങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് സ്കൂളിന്‍റെ അവധി ദിവസങ്ങള്‍ കൂട്ടുകയും കുറക്കുകയും ചെയ്യുന്നു. കച്ചവട താല്പര്യത്തോടെ സ്കൂള്‍ വിദ്ദ്യാഭ്യാസത്തെ മാനേജുമെന്റുകള്‍ സമീപിക്കുമ്പോള്‍, അതിന്‍റെ ലാഭവും അവര്‍ കൊയ്യുമ്പോള്‍, തിരിച്ചു പിടിക്കാന്‍ പറ്റാത്തൊരു നിലയില്‍ സാംസ്കാരിക കേരളത്തിന്‍റെ സംസ്കാരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞേ മതിയാവൂ.....അവസരീജിതം. കാലികം... നല്ല ചിന്തക് എന്റെ ഭാവുകങ്ങൾ

  ReplyDelete
 5. നല്ല പോസ്റ്റ്,
  വിദ്യാഭ്യാസക്കച്ചവടം കാണാൻ താഴെയുള്ള ലിങ്ക് തുറക്കുക,

  കഴുകൻ

  ReplyDelete
 6. കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു .
  സര്‍ക്കാര്‍ സ്കൂളുകള്‍ ,അത് നോക്കി നടത്തിയിരുന്നവരുടെ ഉത്സാഹം കൊണ്ടു തന്നെയാണ് ഈ രീതിയിലായത് .

  ReplyDelete
 7. ഹലോ അഷ്‌റഫ്‌....നല്ല പോസ്റ്റ്‌. ഞാനും ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ പഠിച്ചാണ് തരക്കേടില്ലാത്ത ഇപ്പോഴുള്ള അവസ്ഥയില്‍ എത്തിയത്. പക്ഷെ ഇപ്പോള്‍ ആര്‍ക്കായാലും ഒരു ചോയ്സ് ഉണ്ടോ? ഇന്റര്‍വ്യൂവും ഡോനെഷനും ഒന്നും ഇല്ലാത്ത നല്ല ഇതു സ്കൂള ഉള്ളത് . അപ്പോള്‍ താങ്കള്‍ പറഞ്ഞ പോലെ നാടോടുമ്പോള്‍ നടുവേ ഓടാനേ പറ്റൂ. എന്ത് ചെയ്യാം.

  ReplyDelete
 8. സമസ്ത മേഖലയിലും കാര്യങ്ങള്‍ കൈവിട്ടു ഒയിട്ടുന്ദ് വിദ്യാഭ്യാസത്തിന്റെ കാരത്തില്‍ മാത്രം ഒന്നുമല്ല

  ReplyDelete
 9. വളരെ നല്ല പോസ്റ്റ്‌...പക്ഷെ ചില കാര്യത്തില്‍ വിയോജിപ്പുണ്ട്..സിലബസ്‌ വെച്ചു നോക്കുമ്പോള്‍ വലിയ അന്തരം ഉണ്ട് മലയാളമീഡിയവും ഇംഗ്ലീഷ്മീഡിയവും തമ്മില്‍..
  ഇംഗ്ലീഷ്ഭാഷാപഠനത്തില്‍ നല്ലൊരു അടിത്തറപാകാന്‍ ഇംഗ്ലീഷ്മീഡിയം സ്കൂള്‌ുകള്‍ക്ക് മാത്രമേ കഴിയൂ..നാളത്തേക്ക് വേണ്ടിയല്ലേ നമ്മള്‍ കുഞ്ഞുങ്ങളെ ഒരുക്കേണ്ടത് ഇന്നലെകള്‍ ചരിത്രങ്ങളായി എന്ന് അറിയേണ്ടതുണ്ട്... സാധാരണകുടുംബങ്ങള്‍ക്ക് അപ്രാപ്യമാണ് ഇംഗ്ലീഷ്മീഡിയം സ്കൂളിലെ പഠനം എങ്കിലും കഷ്ടപ്പെട്ടിട്ടാണെങ്കിലും അവര്‍ കുഞ്ഞുങ്ങളെ ചേര്‍ക്കുന്നുണ്ട്...എന്‍റെ മോളു പഠിക്കുന്നത് M.E.S.HIGHER SECONDARY SCHOOL ല്‍ ആണ്...എല്ലാ മതത്തില്‍പ്പെട്ടവരും അവിടെ പഠിക്കുന്നുണ്ട്.. ഒരു പ്രശ്നവും തോന്നിയിട്ടില്ല... മറ്റു സ്കൂളുകളുടെ കാര്യം അറിയില്ല... മാഷിന്‍റെ ഉത്കണ്ഠ വളരെ നന്നായിതന്നെ അവതരിപ്പിച്ചു..ആശംസകള്‍... :)

  ReplyDelete
 10. ഞാന്‍ വിദ്യാഭ്യാസകച്ചവടത്തിന് കൂട്ട് നിന്നതല്ല കുട്ടീടെ ഭാവിമാത്രം നോക്കിയിട്ടാണ് ഇങ്ങിനെയൊരു അഭിപ്രായം പറഞ്ഞത്... മാനേജ്മെന്റ് സ്കൂളുകള്‍ ശരിക്കും കഴുത്തറപ്പന്‍ ഫീസാണ് ഓരോ കുട്ടിയില്‍ നിന്നും ഈടാക്കുന്നത്.. പിന്നെ സര്‍ക്കാര്‍സ്കൂളുകളുടെ സ്ഥിതി തികച്ചും പരിതാപകരമാണ് ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിനു മാത്രമാണ്..വേണ്ടത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍സ്കൂളുകള്‍ സമീപഭാവിയില്‍ വെറും കെട്ടിടങ്ങള്‍ മാത്രമാവും.. കൂടുതല്‍ സൌകര്യവും മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭിക്കുമ്പോള്‍ അവിടേക്ക് മാറുന്നത് ഒരു തെറ്റായി തോന്നുന്നില്ല... :)

  ReplyDelete
 11. ഈ പോസ്റ്റ് വായിക്കുകയും, വിലപ്പെട്ട അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്ത
  ലീല എം ചന്ദ്രന്‍..
  ഒരു ദുബായിക്കാരന്‍
  ബിഗു
  ചന്തു നായര്‍
  mini//മിനി
  the man to walk വിത്ത്‌
  കിങ്ങിണിക്കുട്ടി
  ഏപ്രില്‍ ലില്ലി.
  കൊമ്പന്‍
  മഞ്ഞുതുള്ളി (priyadharsini)
  എല്ലാവരോടും നന്ദി പറയുന്നു.
  മഞ്ഞുതുള്ളി (priyadharsini) യുടെ ഈ വിഷയത്തിലുള്ള വിയോജിപ്പിനെ ഞാന്‍ ഉള്കൊള്ളുകയും അംഗീ കരിക്കുകയും ചെയ്യുന്നു .
  ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് എഴുതിയത്. കഴിഞ്ഞ തവണ ഞാന്‍ പെരുന്നാളിന് നാട്ടില്‍ ചെന്നിരുന്നു, പെരുന്നാളിന്‍റെ പിറ്റേ ദിവസം ചേട്ടത്തിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടി പോയപ്പോള്‍, അവിടുത്തെ കുട്ടികളെല്ലാം സ്കൂളില്‍ പോയിരിക്കുകയാരുന്നു. പെരുന്നാളിന്‍റെ അന്ന് മാത്രമേ അവര്‍ക്ക് അവധി ഉണ്ടായിരുന്നുള്ളൂ എന്നാണു പറഞ്ഞത്. കഴിഞ്ഞ വിഷുവിനും ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നു, എന്‍റെ വീടിന്‍റെ തൊട്ടടുത്തുള്ള കുട്ടി സ്കൂളില്‍ പോകുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, വിഷുവിനു അവധിയില്ലേയെന്ന്, അപ്പോള്‍ പറഞ്ഞത് വിഷുവിനു ഒരു ദിവസമേ അവധിയുള്ളൂ, പെരുന്നാളിന് പത്തു ദിവസം കിട്ടും എന്നാണു. രണ്ടു കൂട്ടരും ഇംഗ്ലീഷ് മീഡിയം CBSC സിലബസ്സില്‍ ആണ് പഠിക്കുന്നത്, പക്ഷെ രണ്ടു സ്ഥലത്തുള്ള മാനേജു മെന്റുകള്‍ രണ്ടു മതവിഭാഗത്തില്‍ പെട്ടവരാണ് എന്ന വ്യത്യാസം മാത്രം.
  ഇനി ആ സ്കൂളുകളിലെ കുട്ടികളുടെ ശതമാനവും, മതാടിസ്ഥാനത്തില്‍ ഞാന്‍ വെറുതെ ഒന്ന് തിരക്കി നോക്കി. അവിടെയും വലിയൊരു അന്തരം എനിക്കനുഭവപ്പെട്ടു.
  കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍കൊള്ളാനും, സിലബസ്സില്‍ മാറ്റം വരുത്താനും, സര്‍ക്കാരും അധികാരപ്പെട്ടവരും തയ്യാറാകണം എന്നെ ആഗ്രഹമുള്ളൂ.

  ReplyDelete
 12. വായിച്ചു. നല്ല കാഴ്ചപ്പാടുകള്‍..
  മലയാളത്തിനു വേണ്ടി എന്നും ശബ്ദിക്കാന്‍ ഈ തൂലികക്കാവട്ടെ..

  സമയം കിട്ടുമ്പോള്‍ ക ച ട ത പ (www.kachatathp.blogspot.com) യില്‍ ഒന്ന് വരണം..
  അഭിപ്രായങ്ങള്‍ പങ്കു വെക്കണം..

  കാത്തിരിക്കുന്നു...

  സഫീര്‍ ബാബു

  ReplyDelete
 13. നല്ല ചിന്തകള്‍ അഷ്‌റഫ്‌ ..
  ഇതില്‍ ഇന്നത്തെ തലമുറയെ
  പിന്നോട്ട് വലിക്കാതെ സര്‍ക്കാര്‍
  സ്ക്കൂളുകള്‍, ജീര്നീകരിച്ച സ്കൂളുകളെ
  മുന്നോട്ടു കൊണ്ടു വരാനുള്ള
  വ്യവസ്ഥകള്‍ ആണ്‌ ഉണ്ടാക്കേണ്ടത് .തിരുവനന്തപുരത്തെ
  ഒരു സ്കൂള്‍ ഈ രീതിയില്‍ ഒരു മനോഹരമായ (തല്‍കാലം ബാഹ്യം ആണെങ്കിലും ) തുടക്കം കാണിച്ചത്
  ടിവിയില്‍ കണ്ടിരുന്നു ...

  ReplyDelete
 14. മത സങ്ങടനകള്‍ രാഷ്ട്രീയത്തില്‍ കടന്നു കൂടുന്നത് ഇതിനു വേണ്ടി തന്നെയാണ്, രാഷ്ട്രബോതം വോട്ടുകള്‍ക്ക് പണയം വച്ച പാര്‍ട്ടികള്‍ തന്നെയാണ് ഇതിനു ഒന്നാം പ്രതി. പിന്നെ ഇതിനെതിരെ സ്വന്തം മക്കളെ പോലും ഇഷ്ടത്തിനനുസരിച്ച് ഇഷ്ടപ്പെട്ട സ്കൂളില്‍ അയക്കാന്‍ സതിക്കാത്ത രക്ഷിതാക്കളും പ്രതികള്‍ തന്നെ,

  നന്നായി എഴുതി, സ്നേഹാശംസകള്‍

  ReplyDelete
 15. നല്ല പോസ്റ്റ്‌...
  ആശംസകള്‍...
  www.absarmohamed.blogspot.com

  ReplyDelete
 16. അഷ്‌റഫ്‌ ,
  ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ള ഒരു ആശയം വളരെ നന്നായി പഴയ കാല ഓര്‍മ്മകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ചതിന് ആശംസകള്‍.
  കുറച്ചു വിയോജിപ്പ് രേഖപ്പെടുത്തുവാന്‍ ഉണ്ട്.തങ്ങളുടെ സ്കുളിന്റെ ഇന്നത്തെ അവസ്ഥ താങ്കള്‍ പറയുകയുണ്ടായി ,അതിനു അവിടത്തെ അദ്ദ്യാപകാരെയും മറ്റു ഉദ്യോഗസ്ഥരെയും പഴിക്കുന്നതിനു മുന്പ് തങ്ങള്‍ക്കു ചെയവുന്ന ഒരു കാര്യമുണ്ടായിരുന്നു തങ്ങളുടെ മകനെ അവിടെ ചേര്‍ക്കുക എന്നുള്ളത്.അത് പോലും ചെയാന്‍ കഴിയാത്ത താങ്കള്‍ക്ക് എങ്ങിനെ മറ്റുള്ളവരെ കുറ്റം പറയാന്‍ കഴിയും.മകനെ അവിടെ ചെര്‍ക്കതിരുന്നതിനു അഷറഫു വളരെ വില കുറഞ്ഞ ഒരു ന്യായമാണ് ഉന്നയിച്ചു കണ്ടത്.
  ഒരു മലയാളം സ്ക്കുളില്‍ പഠിച്ചത് കൊണ്ട് അഷറഫു എന്തെങ്കിലും നഷ്ടം ഉണ്ടായതായി കരുതുന്നുണ്ടോ ? താങ്കളെ പോലെ ആ സ്ക്കുളില്‍ പഠിച്ചു ഇന്ന് നല്ല നിലയില്‍ എത്തിയ ആളുകളെല്ലാം കരുതിയിരുന്നെങ്കില്‍ ഇന്നത്തെ ആ വിദ്യാലയത്തിന്റെ ദുരവസ്ഥക്ക് മാറ്റം വരുമായിരുന്നില്ലേ ?
  അഷ്‌റഫ്‌, ഒരു വ്യക്തിക്ക് ഒരു സമുഹത്തെ മാറ്റാന്‍ കഴിയുമയിരിക്കില്ല എന്നിരുന്നാലും നിങ്ങളുടെ ക്ടുംബങ്ങഗ്ലുടെ കാഴ്ചപാട് മാറ്റുവാന്‍ നിങ്ങള്ക്ക് കഴിയുമായിരുന്നു.അവര്ക് മലയാള വിദ്യ്ഭ്യസതോടുള്ള സമീപനം മാറ്റാന്‍ കഴിയുമായിരുന്നു.അങ്ങിനെ ഓരോ ആളും ചിന്തിച്ചാല്‍ അതാന്നു മാഷെ ശരിയായ സാമുഹിക വിപ്ലവം.അത് ഒരു രാത്രി കൊണ്ട് ഉണ്ടാകുന്നതുമല്ല...........
  --

  ReplyDelete
 17. കാലോചിതവും സമയോചിതവും ആയ പോസ്റ്റ്‌. അഭ്നന്ദനങ്ങള്‍. നഗ്നപാദനായി സെന്റ്‌. ആന്റണീസ് സ്കൂളില്‍ പോയ ആദ്യ ദിവസം ഓര്‍ത്തു പോയി. ഇന്നത്തെ കഥ വിചിത്രം അല്ലെ? ഇതാണോ വിദ്യാഭ്യാസം എന്ന് പോലും ചിന്തിച്ചു പോകുന്നു. പ്ലസ് ടൂ കഴിഞ്ഞ കുട്ടികളുടെ ഇടവും വലവും മാതാപിതാക്കള്‍ പൊതിഞ്ഞു നടക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്. ഈ കാഴ്ച കേരളത്തിന്നു മാത്രം സ്വന്തം.

  ReplyDelete
 18. @സ്വലാഹ്
  @സഫീര്‍ ബാബു
  @ente lokam
  @കുന്നെക്കാടന്‍
  @Absar
  @അനുരാഗ്
  @അനിയൻ തച്ചപ്പുള്ളി
  @SHANAVAS
  എല്ലാവരോടും നന്ദി പറയുന്നു, വിലപ്പെട്ട സമയത്ത് എന്‍റെ ഈ ചെറിയ ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ സമയം കണ്ടെതിയത്തിനും, അതില്‍ വിലപ്പെട്ട അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും.
  ബഹുമാന്യനായ അനിയൻ തച്ചപ്പുള്ളി രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് വളരെ വ്യക്തവും പ്രസക്തവുമാണ്. ഒരു മാതൃകാ പിതവാകാമായിരുന്നു, എന്‍റെ മകനെ ആ പഴയ സ്കൂളില്‍ തന്നെ ചേര്‍ത്തിക്കൊണ്ട്. അതിനു 'വിലകുറഞ്ഞതാണെങ്കിലും' ഞാന്‍ ഉന്നയിച്ച കാരണം 'കാലത്തിനനുസരിച്ചുള്ള ഒരു മാറ്റം ഉള്‍കൊള്ളാന്‍ സര്‍ക്കാരുകളും, വിദ്ദ്യാഭ്യാസ വകുപ്പിന് നേതൃത്വം കൊടുക്കുന്ന ഉദ്ദ്യോഗസ്ഥന്മാരും തയ്യാറാകാ ത്തതാണ് എന്നെ പറയാന്‍ കഴിയൂ. കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളിലെ പാട്യപദ്ധതി തയ്യാറാക്കുന്ന ഉദ്ദ്യോഗസ്ഥന്മാരില്‍ എത്ര പേരുണ്ട്, തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിട്ടുതന്നെ അവരുടെ സ്ക്കൂള്‍ വിദ്ദ്യാഭ്യാസം പൂര്‍ത്തീകരിപ്പിക്കുന്നതായി. അദ്ദ്യാപകര്‍ തന്നെ തങ്ങളുടെ കുട്ടികളെ നല്ല സ്കൂളുകള്‍ നോക്കി പഠിക്കാന്‍ വിട്ടിട്ടാണ്‌'. സര്‍, ഞാനോ അല്ലെങ്കില്‍ എന്നെപ്പോലോത്ത ഈ പ്രവാസികളോ ദിനംപ്രതി നാട്ടിലെ വിദ്ധ്യാഭ്യാസ മേഖലയെ കുറിച്ച് വിശകലനം ചെയ്യുന്നവരല്ല. സ്വന്തം മക്കളെ സ്കൂളില്‍ ചേര്‍ക്കുന്ന സമയം വരുമ്പോള്‍ മാത്രമായിരിക്കും അതിനെ കുറിച്ച് ചിന്തിക്കുന്നതും, സ്കൂളുകളെ വിലയിരുത്തുന്നതും. ചെറിയ സമയ പരിധിക്കുള്ളില്‍ നിന്നു കൊണ്ട് വിലയിരുത്തി തീരുമാനം കണ്ടെത്താന്‍ കഴിയാത്ത വിഷയമായത് കൊണ്ട് എന്നെപോലോത്തവര്‍ എടുക്കുന്ന ഒരു തീരുമാനം മായിരിക്കും ('നാട് ഓടുമ്പോള്‍ നടുവിലൂടെ ഓടിയില്ലെങ്കിലും, അവസാനം ഓടണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു'.) അത്.
  കുടുംബത്തോടൊപ്പം നാട്ടില്‍ സ്ഥിരമായി നില്‍ക്കാനുള്ള സാഹചര്യ മല്ലാത്തതുകൊണ്ടും, ഏതു നിമിഷവും വിദേശത്തെ ഒരു സ്കൂളില്‍ ചേര്‍ത്തല്‍ അനിവാര്യമായത് കൊണ്ടും, അങ്ങിനൊരു തീരുമാനം (ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തുക എന്ന) എടുക്കുകയായിരുന്നു സര്‍.

  ReplyDelete
 19. അഷറഫു,
  ഞാന്‍ രേഖപ്പെടുത്തിയ വിയോജിപ്പ് അതിന്റെതായ അര്‍ത്ഥത്തില്‍ താങ്കള്‍ എടുത്തതില്‍ സന്തോഷമുണ്ട്.നമ്മുടെ നാട്ടില്‍ എല്ലാവരും സി ബി സി ഇ യുടെ പിന്നാലെ പായുകയാണ്.നമ്മുടെ വിദ്യാഭ്യാസ നയത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട് അത് കണ്ടില്ല എന്ന് നടിക്കുന്നത് ശരിയല്ല. സ്റെറ്റ്‌ സിലബസ് തന്നെ നമ്മുടെ സ്ക്കുളുകളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ ഉണ്ട് ,പക്ഷേ പബ്ലിക് സ്ക്കുളുകള്‍ ഇന്ന് അഭിമാന സിംബലയിരിക്കുന്നു .അഷറഫു ,മറ്റുള്ളവര്‍ ചെയുന്നത് കൊണ്ട് ഒരു കാര്യം ചെയുകയോ അതല്ല മറ്റുള്ളവര്‍ ചെയ്തത് കൊണ്ട് അത് ചെയതിരിക്കുകയോ അല്ല വേണ്ടത് .നമ്മുക്ക് എന്ത് ശരിയെന്നു തോന്നുന്നോ അതാണ് ചെയേണ്ടത് ,അതില്‍ ഉറച്ചു നില്‍കുകയാണ്‌ വേണ്ടത്.നമ്മലെടുക്കുന്ന തീരുമാനം അത് ശരിയോ തെറ്റോ എന്നുള്ളത് കാലമാണ് തെളിയിക്കേണ്ടത് .
  @ പ്രിയ , .ഇംഗ്ലീഷ്ഭാഷാപഠനത്തില്‍ നല്ലൊരു അടിത്തറപാകാന്‍ ഇംഗ്ലീഷ്മീഡിയം സ്കൂള്‌ുകള്‍ക്ക് മാത്രമേ കഴിയൂ എന്ന താങ്കളുടെ നിലപാടിനോട് വിജോജിക്കാതിരിക്കാന്‍ വയ്യ.അത് തെറ്റായൊരു കഴ്ച്ചപടാണ് . വിദ്യാഭ്യാസം വെറും കച്ചവട വസ്തു ആയി മാറ്റപ്പെടിരിക്കുന്നു.പബ്ലിക്ക് സ്ക്കുലുകളും അത് നടത്തുന്ന മനെജുമാന്റുകളും ഇന്ന് നമ്മുടെ സമുഹത്തില്‍ ഭുരിപക്ഷം ആളുകളുടെ ഇടയിലും അത്തരമൊരു കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.ഇംഗ്ലിഷ് സംസാരിക്കുവാന്‍ കഴിയുന്നവരക്കുക എന്നുള്ളതല്ല മറിച്ച് കുട്ടികളെ സംസ്കരസംബന്നരായി വളര്‍ത്തി എടുക്കുക എന്നുള്ളതാണ് വിധ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്‌ഷ്യം .മലയാളം സംസാരിക്കാന്‍ അറിയുന്നത് കുറച്ചിലായി കാണുന്ന നമ്മുടെ സമുഹം വിധ്യാഭ്യാസത്തിന്റെ മുല്യങ്ങളും ഓര്‍ക്കതിരിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല .നമ്മുടെ സര്‍ക്കാര്‍ സ്ക്കുളുകളില്‍ പഠിക്കുന്ന കുട്ടികളെയും പബ്ലിക്ക് സ്കുളില്‍ പഠിക്കുന്ന കുട്ടികളെയും ഒന്ന് താരതമ്യം പെടുത്തുന്നത് നല്ലതായിരിക്കും.പബ്ലിക്ക് സ്കുളില്‍ പഠിക്കുന്ന കുട്ടികള്‍ ,അവര്‍ പ്രായത്തിലും പക്വത കുറവായിരിക്കും പലപ്പോഴും പ്രകടിപ്പിക്കുന്നത് . .പ്രിയ ,ഇന്നലകള്‍ ചരിത്രങ്ങളാണ് സമതിക്കുന്നു .ആ ചരിത്രങ്ങളിലാണ്‌ നമ്മുടെ ഇന്നുകള്‍ നമ്മള്‍ കെട്ടിപ്പോക്കിയിരിക്കുന്നത്‌ ,പലപ്പോഴും ആ ഇന്നലകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന സത്യം മറക്കരുത് .പ്രിയയോ ,അഷരഫോ നിങ്ങളുടെ കുട്ടികളെ അത്തരം സ്കുളില്‍ ചേര്‍ത്തത് ഒരു കുറ്റമല്ല ,ഓരോ കുട്ടിയും എങ്ങിനെ വളരണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ മാതാപിതാക്കള്‍ തന്നെയാണ്

  ReplyDelete
 20. ഞാനും ആ സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്നു .....അനിയന്‍ തച്ചപുള്ളി പറഞ്ഞ കാര്യം തീര്‍ച്ചയായും ശെരിയാണ് .ഞാന്‍ എന്റെ മക്കെളെ അവിടെ ചേര്‍ത്തിട്ടില്ല ( നാടോടുമ്പോ നടുവേ ) പിന്നെ എങ്ങിനെ സ്കൂളിന്റെ ദുരവസ്ഥയെ കുറിച്ച് ഞാന്‍ പറയും ......
  .പക്ഷെ ഇതിനെക്കോ മാറ്റം വരുത്തണമെങ്കില്‍ വിദ്യാഭ്യാസ നയം മാറ്റണം ......ഒപ്പം നമ്മളും ...
  ഇത് പറയാന്‍ കാരണം ആ സ്കൂളില്‍ രണ്ടു മാസം എന്റെ ഭാര്യ ജോലി നോക്കുകുകയും മതിയാക്കുകയും ചെയ്ട് ...ആര്‍ക്കാനും വേണ്ടി ഒക്കനിക്കുന വിദ്യാഭ്യാസ നയമാ സര്‍ക്കരിന്റെത് ...

  ReplyDelete
 21. എന്റെ മക്കള്‍ ഞാന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നു എന്നതാണ് എനിയ്ക്കു എന്റെ മക്കളെ കുറിച്ച് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നാറുള്ളത് . മദ്രസയില്‍ പറഞ്ഞയക്കാതെ മതപഠനം , വാഹന സൗകര്യം , ഇന്ഗ്ലീഷ്, ഭക്ഷണം , സി ബി എസ ഈ. ഇങ്ങനെ പല ചൂണ്ടലുമായി വീട്ടില്‍ പലരും വരാറുണ്ട് . പക്ഷെ അവരോടൊക്കെ ഒരേ ഒരു മറു പടി മാത്രം പറയാറുള്ളൂ
  നമ്മടെ അയല്‍വാസികളും നാട്ടുകാരെയും ഒപ്പം ഇരുന്നു പഠിക്കട്ടെ . അതിനു വരുന്ന പോരായ്മകള്‍ ഒക്കെ നമ്മള്‍ സഹിച്ചു .

  ReplyDelete
  Replies
  1. സത്യത്തില്‍ എനിക്ക് അഭിമാനം തോന്നുന്നു താങ്കളുടെ ആ തീരുമാനത്തില്‍. വൈകിയാണെങ്കിലും ഇവിടെ എത്തിയതില്‍ സന്തോഷം.

   Delete
 22. Rajan Mancharambath8 June 2013 at 16:02

  nannayirikkunnu

  ReplyDelete