Sunday, 17 July 2011

ഭ്രാന്ത്

"എന്തായി അമ്മണി അമ്മെ പാര്‍വ്വതിക്ക്"?
"എന്റെ ലക്ഷ്മികുഞ്ഞേ, അതൊന്നും പറയാതിരിക്ക്യ നല്ലത്. ഇന്നലെ ആശുപത്രീന്ന് കൊണ്ടുപോന്നു. അവര് പറേണത്, പാറൂനെ വീട്ടീ തന്നെ കെടുത്ത്യാ മതീന്നാ. മരുന്ന് മുടങ്ങണ്ടാന്നും പറഞ്ഞു. പ്രത്യേകിച്ച് കൊഴപ്പോന്നും ഇല്ല്യാത്രേ അവക്ക്. ഇപ്പൊ താ, പല്ലുപോലും തേക്കാതെ ഇരിക്ക്യേണ്ട് അവടെ. എന്താ ചെയ്യാ, ന്റൊരു വിധ്യേ . മോള്, ആ പാലുണ്ട് ഇടുത്തേ, ഞാന്‍ പോട്ടെ".
ലക്ഷ്മിയില്‍ നിന്നും പാലും പാത്രം വേടിച്ചു അമ്മണിഅമ്മ വീട് ലക്‌ഷ്യം വെച്ച് വേഗത്തില്‍ നടന്നു.

"ലക്ഷ്മി, ആരായിരുന്നു അത്?  ആരുടെയോ സംസാരം കേട്ടല്ലോ അപ്പുറത്ത്".
"അത് നമ്മുടെ തെക്കേലെ അമ്മിണിഅമ്മ. പാല് മേടിക്കാന്‍ വന്നതായിരുന്നു. അവരുടെ താഴെയുള്ള മകള്‍ പാര്‍വ്വതി ഒരാഴ്ച ആശുപത്രിയില്‍ ആയിരുന്നു. ഇന്നലെ വീട്ടില്‍ കൊണ്ട് വന്നു". പ്രഭാകരന് ചായ ഗ്ലാസ് കൊടുക്കുന്നതിനിടയില്‍ ലക്ഷ്മി പറഞ്ഞു.

"ആ ടെലിഫോണ്‍ ബൂത്തില്‍ ഇരിന്നിരുന്ന കുട്ടിയല്ലേ? എന്ത് പറ്റി, ആ കൊച്ചിന്"? വീണ്ടും പ്രഭാകരന്‍ ചോദിച്ചു.
"പ്രഭേട്ടന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ, ആ പാറു ഒരു മീന്‍ കാരന്റെ കൂടെ ഓടിപ്പോയെന്നു. ഭാര്യയും രണ്ടു മക്കളും ഉള്ളവനായിരുന്നു അവന്‍. അത് പാറൂനും അറിയാമായിരുന്നു.

അവരുടെ മക്കളില്‍ ഏറ്റവും മിടുക്കിയായിരുന്നു പാറു. ഈ പ്രേമക്കാര്യം കേട്ടപ്പോഴേ ഞാനവളോട് പറഞ്ഞിരുന്നു 'ഇത് നിനക്ക് നല്ലതല്ല' എന്ന്. അതൊന്നും അവള്‍ കേട്ടില്ല. രണ്ടു മാസം എവിടൊക്കെയോ ഒളിച്ച്‌ താമസിച്ചു. ഇപ്പൊ അവളെ വീട്ടില്‍ കൊണ്ടുവന്നാക്കി അവന്‍. ഇടക്കൊക്കെ അവന്‍ വരുമത്രേ രാത്രിയില്‍. ഗര്‍ഭണിയാണിപ്പോള്‍ അവള്‍. അവന്‍ വരുന്ന ദിവസങ്ങളില്‍ അവളുടെ സംസാരവും ചിരിയുമെല്ലാം ഇങ്ങോട്ട് കേള്‍ക്കാം. അല്ലാത്ത ദിവസങ്ങളില്‍ അവള്‍ ഒരു ഭ്രാന്തിയെപ്പോലെ ആണ്. ഒരു ദിവസം മണ്ണെണ്ണ ഇടുത്തത്രേ ആത്മഹത്യ ചെയ്യാന്‍ വേണ്ടി. ഇപ്പോള്‍ ചില സമയത്ത് മാനസിക വിഭ്രാന്തിയാണ് അവള്‍ കാണിക്കുന്നത്. കഴിഞ്ഞ ആഴ്ച കിണറ്റില്‍ ചാടാന്‍ പോയതാണ്. എല്ലാവരുംകൂടെ പിടിച്ചു ആശുപത്രിയില്‍ കൊണ്ടുപോയി. പ്രഭേട്ടന് സമയമുണ്ടെങ്കില്‍ ഒന്ന് പോയി കണ്ടോ അവളെ. എനിക്ക് നൂറുകൂട്ടം പണിയുണ്ടിവിടെ. ഞാന്‍ ഉച്ച തിരിഞ്ഞു പൊയ്ക്കൊള്ളാം".
പാതി നിര്‍ത്തി വെച്ച പണി തുടരാന്‍  ലക്ഷ്മി അടുക്കള ലക്‌ഷ്യം വെച്ച് നടന്നു .  കസാരയില്‍ ചാരി കിടന്നിരുന്ന പ്രഭാകരന്‍ കുടിച്ചിരുന്ന ചായ ഗ്ലാസ് കയ്യിലെടുത്തു ലക്ഷ്മിയെ പിന്തുടര്‍ന്നു.

"നിനക്കറിയോ ലക്ഷ്മി, കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ആ പെണ്‍കുട്ടി ഇരിക്കുന്ന ടെലെഫോണ്‍ ബൂത്തില്‍ പോയിരുന്നു. ഞാന്‍ ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആ കുട്ടി ആരോടോ കുറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു ഫോണിലൂടെ. അവളുടെ സംസാരത്തില്‍ ശ്രദ്ദിച്ച എനിക്ക് മനസ്സിലായി ഇതെന്തോ ഒരു പ്രേമമാണെന്ന്. എന്റെ ഫോണ്‍ ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ കൊച്ചിനോട് പറഞ്ഞു - എന്താ ഒരു ചുറ്റിക്കളി ഉണ്ടെന്നു തോന്നുന്നു അല്ലേ? വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, അത് നീ അനുസരിക്കുകയും ഇല്ല എന്നെനിക്കറിയാം. പക്ഷെ, പേര് ദോഷം വരുത്തരുത്. നിന്റെ അച്ഛന്‍ മരിച്ചതിനു ശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മ നിങ്ങളെ വളര്‍ത്തിയത്‌. നിന്റെ നാല് ചേട്ടത്തിമാരെയും ആരെ കൊണ്ടും ദോഷം പറയിപ്പിക്കാതെ ഇറക്കികൊടുത്തു നിന്റെ അമ്മ. ഇനി താഴെയുള്ളവളാണ് നീ. അതുകൊണ്ട് ആരെ പ്രേമിച്ചാലും സ്വന്തം ഭാവി ഓര്‍ത്തുകൊണ്ട്‌ മാത്രം ആവണം. എല്ലാം കഴിഞ്ഞിട്ട് ഓര്‍ത്തു ദുഖിക്കുന്നതിനേക്കാള്‍ നല്ലത്, ഇപ്പോള്‍ ചിന്തിക്കുന്നതാണ്. എന്റെ സംസാരത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും അവള്‍ അന്ന് തന്നില്ല".

"എന്തായാലും പ്രഭേട്ടന്‍ ഒന്ന് പൊയ്ക്കോ അങ്ങോട്ട്‌". ലക്ഷ്മി ആവര്‍ത്തിച്ചു.
"എങ്കില്‍ നീ എന്റൊരു ടീ ഷര്‍ട്ട്‌ ഇങ്ങോട്ടെടുത്തെ, ഞാന്‍ കണ്ടിട്ട് വരാം അവളെ"
ലക്ഷ്മി അകത്തു പോയി ടീ ഷര്‍ട്ടും അഞ്ഞൂറ് രൂപാ നോട്ടും പ്രഭാകന്റെ കയ്യില്‍ കൊടുത്തു.
''ഇതാ കൊച്ചിന് കൊടുത്തോ, നമ്മളൊക്കെ അല്ലാതെ വേറെ ആരാ ഉള്ളത് അവരെ സഹായിക്കാന്‍''?
പൈസ വാങ്ങി പോക്കെറ്റില്‍ ഇട്ട പ്രഭാകരന്‍ അമ്മിണി അമ്മയുടെ വീട് ലെക്ഷ്യം വെച്ച് നടന്നു.

ഉമ്മറപ്പടിയില്‍ ഇരിക്കുകയായിരുന്ന പാര്‍വ്വതി പ്രഭാകരനെ കണ്ടതോടെ അകത്തേക്ക് എഴുന്നേറ്റുപോയി.
"ഞാന്‍ പാറൂനെ കാണാന്‍ വന്നതാ. എന്തേ അകത്തേക്ക് പോകുന്നേ"?
"എനിക്ക് ആരെയും കാണണ്ട. എന്നെ കാണാന്‍ ആരും ഇവിടെ വരികയും വേണ്ട".
വളരെ ദേഷ്യത്തിലായിരുന്നു അവളുടെ സംസാരം. ഉച്ചത്തിലുള്ള അവളുടെ സംസാരം കേട്ട് അമ്മിണി അമ്മ പുറത്തു വന്നു.


''കയറിവാ പ്രഭാകരാ" അമ്മിണി അമ്മ ക്ഷണിച്ചു.
പ്രഭാകരന്‍ കയറി തിണ്ണയില്‍ ഇരുന്നു.
"എന്ത്യേ, പാറു എന്തേലും മോശായി പറഞ്ഞ്വോ"? അമ്മിണി അമ്മയുടെ ചോദ്യം.
"അ, അവള്‍ എന്തോ പറഞ്ഞു. എന്താ പറഞ്ഞതെന്ന് ഞാന്‍ ശ്രദ്ദിച്ചില്ല. ഇപ്പോള്‍ എന്താ പാറൂന്റെ സ്ഥിതി"? പ്രഭാകരന്‍ ചോദിച്ചു.


"ഇതൊക്കെ തന്നെ മോനെ അവടെ കോലം. ആര് വന്നാലും ദേഷ്യത്തില്‍ പെരുമാറും. ചെലപ്പോ ഒപദ്രവിക്കാനും ശ്രമിക്കും. അതുകൊണ്ട് എനിക്ക് പേട്യ ആരേലും ഇവടെ വരുമ്പോ. പാലക്കാട് ഒരു സ്വാമി ഉണ്ടെന്നു ഒരാള്‍ പറഞ്ഞ്കേട്ടു. ഭയങ്കര പേരുകേട്ട ആളത്രേ. നാളെ പാറൂനെ അവടെ കൊണ്ട് പോണെന്നാ കരുത്യേക്കണേ". അമ്മിണി അമ്മ പറഞ്ഞു.
"എന്തായാലും അവളെ പുറത്തേക്കൊന്നു വിളിച്ചേ ഞാനൊന്ന് സംസാരിക്കട്ടെ അവളോട്‌" പ്രഭാകരന്‍ പറഞ്ഞു.
"ഞാന്‍ വിളിക്കാം, അവള്‍ വരോ ആവോ!". അമ്മണി അമ്മ അകത്തേക്ക് പോയി.
"എന്തേ എന്നെ വിളിച്ചേ"? പാതി തുറന്ന വാതിലിനിടയില്‍, കൊച്ചു കുട്ടിയെപോലെ ഒളിച്ച്‌ നിന്നു പാറു ചോദിച്ചു.


"ഇങ്ങോട്ട് വെളിയില്‍ വാ, പാറൂനെ ശരിക്കൊന്നു ഞാന്‍ കാണട്ടെ" പ്രഭാകരന്‍ പറഞ്ഞു.
പാതി താഴ്ത്തിയ മുഖവുമായി പുറത്തുവന്ന് പ്രഭാകരന്റെ മുന്നില്‍ നിന്നു പാറു.
"എന്താ നിന്റെ ഉദ്ദേശം"? ഒരു മുഖവുരയുമില്ലാതെ പ്രഭാകരന്‍ ചോദിച്ചു.
"എന്തിനാ മോളെ ആരുമില്ലാത്ത ആ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നത്? തെറ്റ് നിന്റെ കയ്യില്‍നിന്നും സംഭവിച്ചു. എന്നിട്ടും നിന്നോട് ഒരു വെറുപ്പും കാട്ടാതെ നിന്റെ അമ്മ നോക്കുന്നില്ലേ? ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കണോ?" പ്രഭാകരന്‍ പാര്‍വ്വതിയുടെ മുഖത്തേക്കൊന്നു നോക്കി. അപ്പോള്‍ രണ്ടു കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു പാര്‍വ്വതിയുടെ.


"എനിക്ക് ഓര്‍മ്മയുണ്ട് പ്രഭാകരെട്ട, കഴിഞ്ഞ തവണ പ്രഭാകരേട്ടന്‍ ടെലെഫോണ്‍ ബൂത്തില്‍ വെച്ച് എന്നെ ഉപദേശിച്ചത്. അന്ന് എനിക്ക് പ്രഭാകരേട്ടനോട് ദേഷ്യമാണ് വന്നത്. പ്രഭാകരേട്ടന്‍ എന്ന് മാത്രമല്ല, ഇതുപോലെ ഒരുപാട് പേരോട് എനിക്ക് ദേഷ്യമായിരുന്നു അന്ന്. എന്നെ ഉപദേശിച്ചവരെ യെല്ലാം ഇന്ന് കാണുമ്പോള്‍ എങ്ങിനെ നേരിടമെന്നു അറിയുന്നില്ല."


അഞ്ഞൂറ് രൂപാ നോട്ടു കയ്യില്‍ കൊടുത്തു പാറുവിനോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോള്‍ പ്രഭാകരന്‍ മനസ്സില്‍ ചോദിച്ചു.

''യാധാര്ത്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലും ഭ്രാന്തിനെ സമീപിക്കാമോ?''.
20 comments:

 1. .....വായനക്ക് രസമുള്ള പോസ്റ്റ്‌, മുഴുവന്‍ വായിക്കാന്‍ സമയം അനുവദിക്കുന്നില്ല,,,വീണ്ടും വരാമെന്ന പ്രതീക്ഷയോടെ......

  ReplyDelete
 2. നിത്യ സംഭവം നന്നായി എഴുതി
  എഴുതി - ആശംസകള്‍

  ReplyDelete
 3. ഒരു സാധാരണ ജീവിത
  ചിത്രം.

  ആശയങ്ങള്‍ സാധാരണ
  സംഭാഷണം ആയി പറഞ്ഞു
  പോവുന്ന പോലെ തോന്നുന്നു.
  വീണ്ടും നല്ല പോസ്റ്റുക ഉണ്ടാവട്ടെ..
  ആശംസകള്‍ ...
  (വേടിക്കുക്ക..ഈ വാക്ക് കഴിഞ്ഞ
  പോസ്റ്റിലും കണ്ടു.മേടിക്കുക വാങ്ങിക്കുക
  കേട്ടിടുണ്ട്..നാടന്‍ ഭാഷ ആണോ അതോ തെറ്റിയത്
  ആണോ?).

  ReplyDelete
 4. @ subanvengara-സുബാന്‍വേങ്ങര
  @ കെ.എം. റഷീദ്
  @ ente lokam
  നന്ദിയുണ്ട് ഈ സന്ദര്‍ശനത്തിനും, വിലപ്പെട്ട അഭിപ്രായത്തിനും.

  ഞങ്ങളുടെ നാട്ടില്‍ സര്‍വ്വ സാധാരണയായി ഉപയോഗിക്കുന്ന വാക്കാണ്‌ 'വേടിക്കുക' എന്നത്. ഒരുപക്ഷേ ആ വാക്ക് തെറ്റായിരിക്കാം. വിന്‍സെന്റ് ഭായ് സൂചിപ്പിച്ചത് പോലെ 'മേടിക്കുക' എന്നായിരിക്കും ശരി.

  ReplyDelete
 5. നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 6. നന്നായി അവതരിപ്പിച്ചു.. ചെറിയ അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട്.. തിരുത്തണേ..

  ReplyDelete
 7. യാഥാര്‍ത്യത്തില്‍ നിന്നും ഒളിച്ചോടാനായി ചിലരെങ്കിലും ഭ്രാന്തിനെ ഉപയോഗിക്കുന്നുണ്ടാകും അല്ലെ..നന്നായി അവതരിപ്പിച്ചു..അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ നോക്കണേ.

  ReplyDelete
 8. രസകരമായി അവതരണം...യാധാര്ത്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു കുഞ്ഞു മനസ്സിന്റെ വെമ്പലാണ് ഈ ഭ്രാന്ത്‌ എന്ന് തോന്നുന്നു... പിന്നെ ചില വാക്കുകള്‍ സാധാരണ ഉപയോഗത്തില്‍ ഇല്ലാത്തതാണ്..ഇത് എവിടത്തെ പ്രാദേശിക ഭാഷ???

  ReplyDelete
 9. ഒരു സാധാരണ കഥ .അഷറഫ് ഇതിലും നന്നായി എഴുവാന്‍ കഴിവുള്ള ആളാണ്‌.
  കുറച്ചുകൂടി നന്നാക്കാന്‍ ശ്രദ്ധിക്കുക.

  ReplyDelete
 10. കഥ വായിച്ചു തുടങ്ങുമ്പോള്‍ അത് പൂര്‍ണ്ണമായി വായിക്കാനുള്ള ഒരു ഉത്തേജകം ആദ്യ വരികളില്‍ കരുതി വെക്കണം,പറഞ്ഞ ശൈലിക്ക് അല്‍പ്പം ഒഴുക്ക് കുറഞ്ഞപോലെ തോന്നി ,എന്റെ മാത്രം തോന്നലാവാം ,എന്നാലും മനസ്സില്‍ തോന്നി, അതുകൊണ്ട് സൂചിപ്പിച്ചതാണ്, ആശയം വളരെ നന്നായി, കൂടുതല്‍ നല്ല സൃഷ്ടികള്‍ക്കായി കാത്തുകൊണ്ട്.

  ReplyDelete
 11. നന്നായി എഴുതി... ഭാവുകങ്ങള്‍...!!!
  "പാതി പണിയില്‍ നിര്‍ത്തി വെച്ച അടുക്കളയിലെ പണി തുടരാന്‍ ലക്ഷ്മി അടുക്കള ലക്‌ഷ്യം വെച്ച് നീങ്ങി" ...എന്നതിനേക്കാള്‍ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ "പാതിയില്‍ നിറുത്തി വെച്ച പണി തുടരാന്‍..." എന്നാക്കുന്നതെല്ലേ നല്ലത്...!!
  (അടുക്കളയും പണിയും ആവര്‍ത്തിക്കുന്നു)
  ഇനിയും ജീവിത ഗന്ധിയായ കഥകള്‍ പ്രതീക്ഷിക്കുന്നു.....

  ReplyDelete
 12. ഇനിയും എഴുതുക, ആശംസകൾ.

  ReplyDelete
 13. എഴുത്ത് അസ്സലായി... അവസാനവാചകം പരമാര്‍ത്ഥമായി തോന്നി.. :)

  ReplyDelete
 14. ചിലരെങ്കിലും ആ വഴി സ്വീകരിക്കുന്നുണ്ടാവാം .. നന്നായി എഴുതി...

  ReplyDelete
 15. യാഥാര്‍ത്യത്തില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള രണ്ടു വഴികളായി ഭ്രാന്തിനെയും ആത്മഹത്യയും പലരും കാണുന്നുണ്ട് അല്ലെ?"വേടിക്കുക" എന്ന പ്രയോഗം തൃശൂര്‍ കാര് [ഇരിഞ്ഞാലകുട] ഉം പാലക്കാട് കാരും ഉപയോഗിച്ച് ഞാന്‍ കേട്ടിട്ടുണ്ട്.
  al de best

  ReplyDelete
 16. ഈ കഥയിലെ പോലെ പല ഭ്രാന്തും യാധാര്ത്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ഉള്ള മാര്‍ഗം ആവും !! കഥ ഇഷ്ടായി ...

  ReplyDelete
 17. ''യാധാര്ത്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലും ഭ്രാന്തിനെ സമീപിക്കാമോ?''.
  ------ഏറ്റവും ഇഷ്ടമായത് ഈ വരികള്‍ തന്നെ ..

  ReplyDelete