Saturday 26 March 2011

ഭക്ഷണ മഹത്വം.

"വളരെ ദുഖിതനായി തോന്നുന്നല്ലോ, എന്ത് പറ്റി പ്രവീണ്‍"?
"ഞാനും നജീബ്ക്കയും തമ്മില്‍ ചെറിയൊരു വഴക്കുണ്ടായി" - സുലൈമാന്റെ ചോദ്യത്തിന് മറുപടിയായി പ്രവീണ്‍ പറഞ്ഞു. 
"എന്തെ കാരണം"? ആകാംക്ഷ യോടെയുള്ള സുലൈമാന്‍റെ ചോദ്യത്തിന്, ബാത്ത് റൂമിന്‍റെ കതകു തുറന്നു പെട്ടെന്ന് പുറത്തുവന്ന നജീബാണ്‌ മറുപടി പറയാന്‍ തുടങ്ങിയത്. 
"ഞാന്‍ പറയാം വഴക്കിനെന്താ കാരണമെന്ന്. ഇവിടെ റൂമില്‍ എന്നും ഞാന്‍ പറയാറുണ്ട്‌, ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കരുതെന്ന്. ആവശ്യത്തിനുള്ളത് ഉണ്ടാക്കിയാല്‍മതി. ഒരല്പം കുറഞ്ഞാലും കുഴപ്പമൊന്നുമില്ല. ഇനി അഥവ എന്തെങ്കിലും ബാക്കിവന്നാല്‍, അത് FRIDGE ല്‍ വെച്ചു അടുത്ത ദിവസം ചൂടാക്കി കഴിക്കാവുന്നതെയുള്ളൂ, അല്ലാതെ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ നശിപ്പിക്കാനുള്ളതല്ല, അതിനു ഞാന്‍ ഇവിടെ ഉള്ളോടുത്തോളം കാലം അനുവദിക്കുകയുമില്ല".
"അതിനു, ഇപ്പോള്‍  ഇവിടെ എന്താ സംഭവിച്ചത്"? ഇടയ്ക്കു കയറിയുള്ള സുലൈമാന്‍റെ സംശയത്തിനു മറുപടിയായി വീണ്ടും നജീബ് തുടങ്ങി. 
"ഇന്നലെ പ്രവീണ്‍  ന്‍റെ മെസ്സായിരുന്നു. പ്രവീണ്‍ ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴേ ഞാന്‍ പറഞ്ഞിരുന്നു, ഇന്ന് വ്യാഴാഴ്ചയാണ്, വൈകീട്ട് എല്ലാവരും പുറത്ത് പോകും ഭക്ഷണം കഴിക്കാന്‍ ആരും ഉണ്ടാവണമെന്നില്ല. അതുകൊണ്ട് കുറച്ചു ഉണ്ടാക്കിയാല്‍ മതിയെന്ന്. അത് അവന്‍ അനുസരിച്ചില്ല, സാധാരണ ഉണ്ടാക്കുന്ന അത്രയ്ക്ക് തന്നെ കറി ഉണ്ടാക്കി. ഇന്നലെ രാത്രി ഞാന്‍ റൂമില്‍ വന്നപ്പോഴേ കണ്ടു കുറെ ചിക്കന്‍ കറിയും, ഖുബ്ബൂസുമെല്ലാം ബാക്കിയിരിക്കുന്നത്. ഇന്ന് അത് ചൂടാക്കി എല്ലാവര്‍ക്കും കഴിക്കാമെന്നു കരുതിയതായിരുന്നു ഞാന്‍,  ഇപ്പോള്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല ഇവിടെ. ചോദിച്ചപ്പോള്‍ പറയുന്നു അവന്‍ അതെല്ലാം കച്ചറയില്‍ തട്ടിയെന്നു. ഒരു ദിവസം പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ ഒരുപാട് അസുഖങ്ങള്‍ വരുമത്രേ. ഇവനാരാ? ഷെയ്ഖ്‌ മുഹമ്മദിന്‍റെ മകനാ, അതോ അനില്‍ അമ്പാനിയുടെ ചെറുമകനാ? 
"അവന്‍ പുതിയതല്ലേ, അറിയില്ലാരിക്കും. അതിനു നീ ഇങ്ങനെ ചൂടാകേണ്ടതില്ല".  നജീബിന്‍റെ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ സുലൈമാന്‍ പറഞ്ഞു. 
എന്നാല്‍ സുലൈമാന്‍റെ ആ ഇടപെടല്‍ നജീബിന്‍റെ ദേഷ്യവും സങ്കടവും വീണ്ടും വര്‍ദ്ദിപ്പിച്ചു.
"നിനക്കറിയോ സുലൈമാനെ, ദാരിദ്ര്യം പാരമ്പര്യമായിട്ടുള്ള ഒരു നിര്‍ധന കുടുംബത്തിലെ അംഗമായിറ്റാണ് ഞാന്‍ ജനിച്ചത്‌. വാപ്പാടെ വരുമാനം കൊണ്ട് മാത്രം ജീവിച്ചു പോകാനുള്ള ഒരു സാമ്പത്തിക സ്ഥിതിയുമായിരുന്നില്ല എന്‍റെ കുടുംബത്തിന്‍റെത്. അതുകൊണ്ടുതന്നെ കൂലിപ്പണിക്ക് പോയിറ്റാണ് എന്‍റെ ഉമ്മ ഞങ്ങളെ, മക്കളെ നാലുപേരെയും വളര്‍ത്തിയത്‌. നേരം വെളുക്കുന്നതിനേക്കാള്‍ വളരെ മുമ്പേ എന്‍റെ ഉമ്മയും, വല്യുമ്മയും (ഉമ്മാടെ ഉമ്മ) എഴുന്നേല്‍ക്കും.    
നേരം പൂര്‍ണ്ണമായും വെളുത്തു എന്ന് എന്‍റെ ഉമ്മ തിരിച്ചറിയുന്നത്‌, ഞങ്ങള്‍ക്ക് നാല് പേര്‍ക്കും രണ്ടു നേരം കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി കഴിയുമ്പോഴായിരിക്കും. നാല് പേരെയും വിളിച്ചുണര്‍ത്തി മദ്രസ്സയിലേക്ക് പോകാന്‍ ഒരുക്കിയതിനുശേഷം പറയും ' നാല് പേര്‍ക്കുമുള്ള ചായയും പലഹാരവും അടുക്കളയില്‍ മൂടി വെച്ചിട്ടുണ്ട്‌. മദ്രസ്സ വിട്ടു വന്നാല്‍ അത് കഴിച്ചു സ്കൂളില്‍ പോകണം. ഉച്ചക്ക് കഴിക്കാനുള്ള ചോറ് അടുപ്പത് മൂടി വെച്ചീട്ടുണ്ട്, കറി ഉറിയിലുമുണ്ട്. അത് ഇക്ക വിളമ്പിത്തരും. ഭക്ഷണം ആരും ബാക്കി വെക്കരുത്. ഉമ്മ വരുമ്പോള്‍ മിട്ടായി വേടിച്ചു കൊണ്ട് വരാം. അവസാനം ഉമ്മയും വല്യുമ്മയും അവര്‍ക്കുള്ള കഞ്ഞിപ്പാത്രവുമായി വീട്ടില്‍ നിന്നും ഇറങ്ങും, ഞങ്ങള്‍ മദ്രസ്സയിലേക്കും. ഉണ്ണികളെ ശ്രദ്ദിക്കണേ മോനെ' എന്ന് ഇക്കാനെ വീണ്ടും ഓര്‍മിപ്പിച്ചു, താഴെയുള്ള മകന് ഞാനായതുകൊണ്ട് എന്‍റെ കവിളില്‍ ഒരു മുത്തവും തന്നു അങ്ങ് ദൂരേക്ക്‌ നടന്നു നീങ്ങും, ലോകത്തിലെ ഏതെങ്കിലും ഒരു വാക്കുകൊണ്ട് ഉപമിക്കാന്‍ എന്‍റെ വാമൊഴിക്കോ, വരമൊഴിക്കോ കഴിയാത്ത എന്‍റെ പൊന്നാര ഉമ്മ. വെറുംവയറുമായി അതിരാവിലെ തീറ്റ തേടി പോകുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടീട്ടില്ലേ, അതുപോലെ. 
കിഴക്കന്‍ കരിംപാടം എന്ന, നോക്കിയാല്‍ നോട്ടം എത്താത്ത നെല്‍പാടത്തെക്കായിരിക്കും ആ പോക്ക്. സൂര്യന്‍ അതിന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭൂമിയിലേക്ക്‌ തുപ്പുന്ന ചൂടിനെ, ഒരു തണലും കൂടാതെ ശരീരത്തിലേക്ക് സ്വീകരിച്ചു, മൃഗങ്ങളെ പോലും അതിശയിപ്പിക്കുന്ന നിലയില്‍ പത്തു മണിക്കൂറോളം എന്‍റെ ഉമ്മയും വാല്യുമ്മയും അവരുടെ കൂട്ടു ജോലിക്കാരും പാടത്തു പണിയെടുക്കും. കൊയ്ത്തും, മെതിയുമെല്ലാം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ രാത്രി എട്ടുമണിയും, ഒമ്പത് മണിയും, പത്തുമണിയുമെല്ലാം ആകും. വന്ന ഉടനെ ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി തന്നു കഴിപ്പിച്ചിട്ടെ ഉമ്മ കുളിച്ചു കിടക്കുകയുള്ളൂ. 
നെല്പാടങ്ങളില്‍ ജോലിയില്ലാത്ത സീസണില്‍, എന്‍റെ ഉമ്മ ചുമട് ചുമക്കാന്‍ പോകും. അങ്ങനെ ഒരു പാട് കഷ്ട പ്പാടുകള്‍ സഹിച്ചിട്ടാണ് എന്‍റെ ഉമ്മ ഞങ്ങളെ വളര്‍ത്തിയത്‌. അന്നുമുതലേ ഭക്ഷണത്തിന്‍റെ വില ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നും എന്‍റെ ഉമ്മ വീട്ടില്‍ എന്തെങ്കിലും കാര്യത്തിനു ഉറക്കെ സംസാരിക്കുന്നുണ്ടെകില്‍ അത് ഭക്ഷണം ആരെങ്കിലും നാശമാക്കുന്നത് കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും. എന്‍റെ ഉമ്മ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു ഉപദേശമേ ഉണ്ടാവുകയുള്ളൂ. 
"മക്കളെ ഭക്ഷണം നശിപ്പികരുത് ഒരിക്കലും". 
അത് നേടാനുള്ള ത്യാഗം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീക്ക് ഇതിനേക്കാള്‍ വലിയ എന്ത് ഉപദേശം നല്‍കാന്‍ കഴിയും സ്വന്തം മക്കളോട്?           

8 comments:

  1. ഭക്ഷണത്തിന്റെ വില .അദ്ധ്വാനത്തിന്റെ മഹിമ ,ദാരിദ്ര്യത്തിന്റെ വേദന എല്ലാം നിറയുന്ന ഒരു പോസ്റ്റ് ..നന്നായി

    ReplyDelete
  2. എത്ര സംപന്നനായാലും ഭക്ഷണം പാഴാക്കി കളയരുത് ,ബാക്കി വന്നാല്‍ വിശക്കുന്നവനു കൊടുക്കുകയോ അടുത്ത ദിവസത്തേക്ക് ഫ്രിഡ്ജില്‍ വെക്കുകയോ ചെയ്യുക ,നമ്മുടെ കയ്യില്‍ കാശുള്ളപ്പോള്‍ ഭക്ഷണത്തിന്റെ വില നമുക്കറിയില്ല ,എന്നാല്‍ പെട്ടെന്നൊരു പ്രകൃതോ ക്ഷോഭമോ മറ്റോ ഉണ്ടായാല്‍ നമ്മളും ആഹാരത്തിനും കുടി വെള്ളത്ത്തിനുമായി മറ്റുള്ളവര്‍ക്കൊപ്പം ക്യൂ നില്‍ക്കേണ്ടതായി വരുമ്പോള്‍ അറിയും അതിന്റെ മഹത്വം ,,നല്ല എഴുത്ത് ,ഒപ്പം എല്ലാ പ്രയാസങ്ങളും സഹിച്ചു മക്കളെ വളര്‍ത്തിയ ഉമ്മയെ കുറിച്ചുള്ള സ്മരണ എനിക്കേറെ ഇഷ്ട്ടമായി.

    ReplyDelete
  3. മനസ്സില്‍ എന്തൊക്കെയോ പെയ്തു ഇറങ്ങി ...
    വളരെ ഹൃദയ സ്പര്‍ശി ആയ വിവരണം ..
    കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല ...

    കഥയോ അനുഭവമോ അങ്ങനെ ഒരു
    heading കൊടുക്കണം ...കൂടുതല്‍
    നന്നായി എഴുതാന്‍ ആശംസകള്‍ ....

    ReplyDelete
  4. വല്ലാതെ മനസ്സ് തൊട്ട പോസ്റ്റ്‌.
    എഴുതിയ കാര്യങ്ങളോട് പൂര്‍ണമായും യോജിക്കുന്നു.

    ReplyDelete
  5. വളരെ നല്ല പോസ്റ്റ്‌...എല്ലാവരും ഇതു പിന്തുടരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...സാമൂഹികനന്മ ലക്ഷ്യംവെച്ച് എഴുതിയ ഈ പോസ്റ്റ്‌ അഭിനന്ദനമര്‍ഹിക്കുന്നു...എഴുത്തുകാരന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍......

    ReplyDelete
  6. മ്മ്..
    ഇഷ്ട്ടം പോലെ ഉണ്ടല്ലോ എന്ന കരണത്താല്‍ ശ്രദ്ധിക്കാതെ പോയിരുന്നവയുടെ തീവ്രത ഞാനിപ്പോ മനസ്സിലാക്കുന്നു.
    തിരുത്താന്‍ പരിശ്രമിക്കും തീര്‍ച്ച

    ReplyDelete
  7. അഷറഫ് ഭായ് ഞാന്‍ ആദ്യമാണ് ഇവിടെഎന്ന് തോന്നുന്നു , ഭക്ഷണ മാഹാത്മ്യം വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു അഭിപ്രായം കുറിക്കാന്‍ കോളം തേടി കുറെ കറങ്ങിയ ശേഷമാണ് ഇത് കണ്ടെത്തിയത് , പോസ്റ്റിനു താഴെത്തന്നെ അഭിപ്രായം കുറിക്കാനുള്ള കോളം സെറ്റ് ചെയ്യന്നത് എന്നെ പോലുള്ള അല്‍പ്പജ്ഞാനികള്‍ക്കു നല്ലതാണ് . നല്ലൊരു പോസ്റ്റു എന്ന് ആദ്യം പറയേണ്ടതായിരുന്നു ..ക്ഷമിക്കുക ..പിന്നെ പച്ചയില്‍ ലൈറ്റ് കളര്‍ അക്ഷരങ്ങള്‍ കൊടുത്താല്‍ സൈഡ് ബാറിലെ കാര്യങ്ങള്‍ വായിക്കാന്‍ എളുപ്പമായിരിക്കും ..ശ്രദ്ധിക്കുമെല്ലോ..സ്നേഹത്തോടെ .

    ReplyDelete
  8. ഒരു നല്ല പോസ്റ്റ്‌. ഒരു വിഷമവും ഇല്ലാതെ ബാക്കി വരുന്ന
    ഭക്ഷണം കളയുന്ന ഒരുപാടു പേരെ എനിക്കറിയാം...
    ചോദിക്കുമ്പോള്‍ പറയും Fridge ല്‍ വെച്ചു ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന്... എന്നാല്‍പിന്നെ
    കുറച്ചുണ്ടാക്കിയാല്‍ പോരെ എന്ന് ചോദിച്ചാല്‍, അവര്‍ ഭക്ഷണം കളയുന്നത് കൊണ്ട് എനിക്കെന്തു നഷ്ടം എന്ന മട്ടിലുള്ള നോട്ടമോ ചിരിയോ ആവും മറുപടി... ഭക്ഷണത്തിന്റെ വില അറിയാത്തവര്‍ക്കെ അങ്ങനെ ക്രൂരത ചെയ്യാന്‍ പറ്റു...
    ഈ പോസ്റ്റിലെ നജീബിനെ ഒത്തിരി ഇഷ്ടമായി.

    ReplyDelete