സംഘർഷഭരിതമായിട്ടുള്ള ഈ പ്രവാസ ജീവിതത്തില്‍, മനസ്സ് തുറക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണിത്. നിങ്ങളുടെ ഈ സന്ദര്‍ശനം എന്റെ പ്രചോദനവും, അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എന്റെ ഊര്‍ജവുമാണ്. എന്നാല്‍ വാചകങ്ങള്‍ കൊണ്ടുള്ള കസര്‍ത്തുകളോ, കാവ്യ ഭംഗിയില്‍ ചാലിച്ചുള്ള വാക്യങ്ങളോ നിങ്ങള്‍ ഇതില്‍ നിന്നും പ്രതീക്ഷിക്കരുത്. വെറും ഒരു ഗ്രാമീണന്റെ, സ്വതസിദ്ദമായ ഭാഷയിലുള്ള ഒരു കുറിമാനം മാത്രമാണിതെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
വളരെ ചെറുപ്പത്തിലെ Shajuക്കാനെ
(എന്റെ രണ്ടാമത്തെ ജേഷ്ടന്) ഞാന്‍ ശരിക്കും മനസ്സിലാക്കിയത് കൊണ്ട്,
അദ്ദേഹത്തിന്റെ തട്ടിപ്പില്‍ ഞാന്‍ ഇരയാവാറില്ല. എന്നാല്‍ പാവം ഫസീല
(ഞങ്ങളുടെ പെങ്ങള് ) എന്നും അതിനു ബാലിയാടാകും).
ഒരിക്കല്‍ സ്കൂള്‍ വെക്കേഷന് സമയത്ത് ഫിറോസ് (ഉപ്പാടെ കുടുംബത്തില്‍ പെട്ടൊരു പയ്യന്) ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നു.
നല്ല ഉഷ്ണ കാലമായതു കൊണ്ട് അന്ന് ഞാനും, ഫിറോസും, ഷാജുക്കയും,
വെല്ലിമ്മയും (ഉമ്മാടെ ഉമ്മ) പുറത്തു കൊലായിലാണ് കിടന്നത്. കരണ്ടും
ഇല്ലായിരുന്നു അന്ന്. ചെറിയ വിശറി കൊണ്ട് വീശി, ചൂടില്‍ നിന്നും ഞങ്ങള്‍
സ്വയം ആശ്വാസം കണ്ടെത്തി കൊണ്ടേ യിരുന്നു.
പെട്ടന്നാണ്
ഷാജുക്കാടെ പ്രഖ്യാപനം ഉണ്ടായത് - ''ഞാന്‍ ഉറങ്ങുന്നത് വരെ എന്നെ
ആരെങ്കിലും വീശി തന്നാല്‍, അവര്‍ക്ക് നാളെ രാവിലെ രണ്ടു രൂപ പ്രതിഫലമായി
നല്‍കുന്നതാണ്''.
ഒഫെര്‍ നല്കുന്ന ആള് ഷാജുക്ക ആയാത് കൊണ്ട് തന്നെ, ഞാന്‍ കേള്‍ക്കാത്ത പോലെ കിടന്നു. വീണ്ടും ഷാജുക്ക ഓഫര്‍ ആവര്‍ത്തിച്ചു.
ഇരുപത്തഞ്ചു വര്‍ഷം മുമ്പ് അഞ്ചിലോ ആറിലോ പഠിക്കുന്ന എനിക്ക്, രണ്ടു രൂപ
സ്വന്തമാക്കാന്‍ ആര്‍ത്തി ഇല്ലാഞ്ഞിട്ടല്ല, ആ ഒഫെര്‍ സ്വീകരിക്കാതിരുന്നത്
എന്ന് എന്നെക്കാള്‍ നന്നായി ഷാജുക്കാക്കും അറിയാം.
എന്നാല്‍ പാവം
ഫിറോസ് ആ ഒഫെര്‍ സ്വീകരിച്ചു. അവനെ പിന്തിരിപ്പിക്കാന് ഒരു വട്ടം ഞാന്‍
ശ്രമിച്ചെങ്കിലും അവന് അതിനു തയ്യാറായിരുന്നില്ല. എങ്കില്‍ അവന്റെ വിധി
അവന് തന്നെ അനുഭവിക്കട്ടെ യെന്നു ഞാനും കരുതി.
എന്റെ അടുത്ത്
കിടന്നിരുന്ന ഫിറോസ് എഴുന്നേറ്റ് ഷാജുക്കാടെ അടുത്ത് ചെന്നിരുന്നു,
വിശറിയെടുത്ത് വീശാന്‍ തുടങ്ങി. ആ വീശല്‍ എത്ര നേരം തുടര്‍ന്നു
എന്നെനിക്കറിയില്ല. ഞാന്‍ ഒന്നുറങ്ങി എഴുന്നേല്ക്കുമ്പോഴും ഫിറോസ്
വീശുന്നുണ്ടായിരുന്നു.
പാതി മയക്കത്തില്‍ ഞാന്‍ പറഞ്ഞു ''എടാ ഇക്ക ഉറങ്ങിയെങ്കില്‍ നീ വന്നു കിടന്നോ'. അവന് ഇക്ക ഉറങ്ങി എന്നുറപ്പു വരുത്തി എന്റെ അടുത്ത് വന്നു കിടന്നു.
പെട്ടെന്ന് ആരുടെയോ സംസാരം കേട്ട് ഞാന്‍ തല പൊക്കി നോക്കിയപ്പോള്‍ ഷാജുക്ക പറയുന്നുണ്ടായിരുന്നു.
''വീശല്‍ നിര്‍ത്തി അല്ലേ ? ഞാന്‍ ഉറങ്ങിയിട്ടൊന്നുമില്ല. ഇനി രണ്ടാമത്
നിനക്ക് വേണമെങ്കില്‍ വീശി തുടങ്ങാം. ഇത് വരെ വീശിയത് എല്ലാം കാന്‍സല്‍ ആയി
''.
അതിനുള്ള ഫിറോസിന്റെ മറുപടി കേള്‍ക്കുമ്പോഴേക്കും ഞാന്‍ വീണ്ടും ഉറങ്ങിയിരുന്നു.