Monday, 16 May 2011

സ്വപ്ന ലോകത്തെ ഷൈന്‍

"റൂമില്‍ ഒരു പുതിയ പയ്യന്‍ വന്നീട്ടുണ്ട്. നീ കണ്ടിരുന്നോ"?
"ഇല്ലാ, ഞാന്‍ കണ്ടിട്ടില്ല. ജോലി തിരക്കായതുകൊണ്ട്, രണ്ടു മൂന്നു ദിവസമായി ഞാന്‍ വളരെ വൈകിയാണ് റൂമില്‍ എത്തുന്നത്‌. റൂമില്‍ എത്തുമ്പോഴേക്കും എല്ലാവരും ഉറങ്ങിയിട്ടുണ്ടാകും. രാവിലെ നേരത്തോടെ റൂമില്‍ നിന്നും ഇറങ്ങുകയും ചെയ്യുന്നതുകൊണ്ട് കാണാന്‍ കഴിഞ്ഞിട്ടില്ല". ഷിജുവിന്‍റെ ചോദ്യത്തിനുള്ള മറുപടിയായി സനല്‍ പറഞ്ഞു.
"നമ്മുടെ കബീര്‍ക്ക വിസ എടുത്തു കൊണ്ട് വന്ന പയ്യനല്ലേ"? സനലിന്റെ ചോദ്യം.
"അതേ, നീ അറിയോ പുള്ളിയെ"? ഷിജു ചോദിച്ചു.
"ഇല്ല, ഞാന്‍ നേരിട്ട് പരിചയമില്ല. പക്ഷെ കബീര്‍ക്ക എന്നോട് പറഞ്ഞിരുന്നു വിസ എടുക്കുന്ന സമയത്ത്, അവനെ കുറിച്ചും അവന്‍റെ കുടുംബത്തെ കുറിച്ചുമെല്ലാം." സനല്‍ പറഞ്ഞു.
"എന്നാല്‍ നീ നേരിട്ട് പരിചയപ്പെടേണ്ടതായിരുന്നു പയ്യനെ" ഷിജു പറഞ്ഞു.
"അതെന്തേ"? സനല്‍ ചോദിച്ചു.
"ആള് ഭയങ്കര സംസാര പ്രിയനാണ്. മാത്രവുമല്ല ഏതോ സ്വപ്ന ലോകത്താണ് പയ്യന്‍ ഇപ്പോഴും ജീവിക്കുന്നത് എന്ന് സംസാരം കേള്‍ക്കുമ്പോഴേ നമുക്ക് തോന്നും". ഷിജു പറഞ്ഞു.
"എന്തായാലും നാളെ വെള്ളിയാഴ്ചയാണല്ലോ, നാളെ പരിചയപ്പെടാം. വെള്ളിയാഴ്ച എല്ലാവരും ഉണ്ടാകുമല്ലോ റൂമില്‍" ഇത്രയും പറഞ്ഞു സനല്‍ തന്‍റെ ജോലി തുടര്‍ന്നു.

പതിവുപോലെ സനല്‍ ഈ വെള്ളിയാഴ്ചയും കുറച്ചു നേരം അധികം ഉറങ്ങാം എന്ന ധാരണയില്‍ പുതപ്പു കൊണ്ട് ശരിക്കും മൂടിപ്പുതച്ചു സുഖമായി ഉറങ്ങുകയായിരുന്നു. റൂമില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത്. നോക്കുമ്പോള്‍ സമയം ഒമ്പതായിരിക്കുന്നു. എഴുന്നേറ്റു ബാത്ത് റൂമിലെല്ലാം പോയി തിരിച്ചു വരുമ്പോഴേക്കും ആരോ ചായ ഉണ്ടാക്കി വെചീട്ടുണ്ടായിരുന്നു. ചായ ഗ്ലാസ്സുമെടുത്തു സനല്‍ ബാല്‍ക്കണിയില്‍ ചെന്നിരുന്നു. ഒരു കഷ്ണം ബ്രെഡ്‌ കടിച്ചുകൊണ്ട് കിച്ചണില്‍ നിന്നും ഒട്ടും പരിചയമില്ലാതൊരാള്‍ സനലിന്‍റെ അടുത്തു വന്ന് സ്വയം പരിചപ്പെടുത്തി.
"എന്‍റെ പേര്‍ ഷൈന്‍, സ്ഥലം തൃശൂര്‍. മൂന്നു ദിവസമായി ഇവിടെ എത്തിയിട്ട്. ഭായിയോട് മാത്രമാണ് ഞാന്‍ പരിച്ചപ്പെടാത്തതായി ഉള്ളൂ. ബാക്കി എല്ലാവരെയും പരിചയപ്പെട്ടു".
"എന്‍റെ പേര്‍ സനല്‍. എറണാംകുളമാണ് നാട്. അഞ്ചു വര്‍ഷമായി ഇവിടെ. പച്ചക്കറിയും, ഫ്രൂട്സുമെല്ലാം വില്‍ക്കുന്ന ഒരു കമ്പനിയില്‍ സൈല്‍സ്മാനാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട് നാട്ടില്‍. മൂത്തവന് മൂന്നു വയസ്സ്, രണ്ടാമത്തവന് ആറ് മാസം പ്രായം".
ഷൈന്‍ ചോദിക്കാനുള്ള ചോദ്യങ്ങള്ക്കെല്ലാമുള്ള മറുപടി എന്ന നിലയില്‍ ഒറ്റ ശ്വാസത്തില്‍ സനല്‍ പറഞ്ഞു നിര്‍ത്തി.
"എങ്ങിനെയുണ്ട് ജോലിയെല്ലാം"? സനല്‍ ചോദിച്ചു.
"ഓ, അതൊന്നും പറയണ്ട ഭായ്. പെട്ടു പോയതാണ് ഞാന്‍". ഷൈനിന്റെ മറുപടി കേട്ടു സനല്‍ വീണ്ടും ചോദിച്ചു.
"അതെന്തു പറ്റി".
"സനല്‍ ഭായിക്ക് അറിയോ, എനിക്ക് ഇവിടെ വന്ന് ഇത്ര കഷ്ടപ്പെടേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ അഞ്ചു മക്കളാണ്. മൂന്ന് ആണും രണ്ടു പെണ്ണും. ഞാനാണ് മക്കളില്‍ താഴെ. പെങ്ങന്മാരുടെ രണ്ടാളുടെയും വിവാഹമെല്ലാം കഴിഞ്ഞു. ജേഷ്ടന്മാര്‍ രണ്ടു പേരും ഇവിടെ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ നാട്ടിലാണ് രണ്ടു പേരും. ഞാനും ഉണ്ടായിരുന്നു മൂന്നു വര്‍ഷം ഇവിടെ. എന്‍റെ ഫാതെറിനു ഷിപ്പിലായിരുന്നു ജോലി. അറുപതിനായിരം രൂപ ശമ്പളം ഉണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹം നാട്ടിലാണ്. ആ ജോലി എനിക്ക് കിട്ടേണ്ടതായിരുന്നു. എനിക്ക് ഭാഗ്യം ഇല്ലാതെ പോയി. ഇപ്പോള്‍ സാമ്പത്തികമായി ഞങ്ങള്‍ കുറച്ചു ബുദ്ധിമുട്ടിലാണ്. അതുകൊണ്ട് മാത്രമാണ് ഞാനിങ്ങോട്ട്‌ പോന്നത്. അല്ലെങ്കില്‍ ഒരാളുടെ കീഴില്‍ ജോലി ചെയ്യാനൊന്നും എന്നെ കിട്ടില്ല. ഇനി എത്രെയും പെട്ടെന്ന് തിരിച്ചു പോകാനാണ് എന്‍റെ പരിപാടി".
ഷൈന്‍ ഒരു ദീര്‍ഗ്ഗ ശ്വാസത്തിനായി നിര്‍ത്തി.
"എന്തായാലും വന്നതല്ലേ, ആ വിസയുടെ കാലാവധി കഴിയുന്നത്‌ വരെയെങ്കിലും നിന്നുകൂടെ? ചിലപ്പോള്‍ നാട്ടില്‍ നിന്നുംവന്ന ആ പ്രയാസം കൊണ്ടായിരിക്കും അങ്ങിനെയൊക്കെ തോന്നുന്നത്. കുറച്ചു കഴിയുമ്പോള്‍ അതെല്ലാം ശരിയായികൊള്ളും. എല്ലാവര്‍ക്കും ഇങ്ങനൊക്കെ തന്നെയാണ് തോന്നാര്‍. മാത്രവുമല്ല നാട്ടിലൊക്കെ പോയിട്ട് ഇനി എന്ത് ചെയ്യാനാ. നാട്ടില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നുവെങ്കില്‍, നമ്മളൊന്നും ഇവിടെ വരുമായിരുന്നില്ലല്ലോ"? സനല്‍ പറഞ്ഞു.

"എനിക്ക് 32 വയസ്സായി. അടുത്ത വര്‍ഷം എന്തായാലും കല്യാണം കഴിക്കണം. കല്യാണം കഴിക്കണമെങ്കില്‍ 10 ലക്ഷം രൂപ വേണം. പത്തു ലക്ഷം രൂപ, ആധാരം പണയം വെച്ചു ലോണ്‍ എടുക്കാന്‍ വേണ്ടി ഞങ്ങള്‍ കുറെ ശ്രമിച്ചതാണ്. അത് കിട്ടിയിരുന്നുവെങ്കില്‍, 5 ലക്ഷം രൂപ വീട്ടില്‍ കടമുണ്ട്, അത് വീട്ടി ബാക്കി 5 ലക്ഷം രൂപയ്ക്കു അടിപൊളിയായി ഒരു കല്യാണവും കഴിച്ചു ഞാന്‍ നാട്ടില്‍ തന്നെ കൂടുമായിരുന്നു".
"അപ്പോള്‍ ലോണ്‍ എടുത്ത പൈസ നീ എങ്ങിനെ അടച്ചു തീര്‍ക്കും"? സ്വാഭാവികമായിട്ടുള്ള ഒരു ചോദ്യം, ഷൈനിന്‍റെ സംസാരത്തിന് ഇടയ്ക്കു കയറിയൊന്നു സനല്‍ ചോദിച്ചു.

"കല്യാണം കഴിക്കുമ്പോള്‍ കുറച്ചു സ്വര്‍ണ്ണം എന്തായാലും ഭാര്യക്ക് കിട്ടുമല്ലോ? അതെടുത്തു എന്തെങ്കിലും ബിസിനെസ്സ് ചെയ്യാമല്ലോ? അതില്‍ നിന്നും കിട്ടുന്ന ലാഭം കൊണ്ട് കടവും വീട്ടാലോ. അല്ലാതെ വെറും ആയിരത്തി അറുന്നൂര്‍ ദിര്‍ഹംസിനു ജോലി ചെയ്തീട്ടു എന്ന് രക്ഷപ്പെടാനാണ്. ആയിരത്തി അറുന്നൂറ് ദിര്‍ഹംസ് ശമ്പളം കിട്ടിയാല്‍ എന്‍റെ ഫോണ്‍ വിളിയും, സിഗരറ്റ് വാങ്ങലും, അത്യാവശ്യമൊന്നു കൂട്ടുകാരുമൊത്തു കമ്പനി അടിക്കലും കഴിഞ്ഞാല്‍ പിന്നെ ഒന്ന് മുണ്ടാകില്ല ബാക്കി. ജീവിതം വെറുതെ ഇവിടെ നശിച്ചു പോവുകയേ ഉള്ളൂ. ഇപ്പോഴും എനിക്ക് പേടിക്കാന്‍ ഒന്നുമില്ല. അഞ്ചു ലക്ഷം രൂപ വീട്ടില്‍ കടമുണ്ട്. അതിനു ഞങ്ങള്‍ അഞ്ചു പേരുണ്ട് വീട്ടില്‍. ഓരോരുത്തരും ഓരോ ലക്ഷം രൂപ എടുത്താല്‍ വീടാവുന്ന കടമേ ഉള്ളോ."
ഷൈനിന്‍റെ സംസാരം കേട്ട സനലിന് ശരിക്കും അമ്പരപ്പാണ് തോന്നിയത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ ഒരു സ്വപ്ന ലോകത്താണ് ഷൈന്‍ ജീവിക്കുന്നതെന്ന് സനലിന് തോന്നി. പെട്ടെന്ന് മനസ്സില്‍ പറഞ്ഞുപോയി
''ന്‍റ്പ്പാപ്പാക്കൊരു ആന ണ്ടായിരുന്നു" എന്ന് ലോകത്തോട്‌ പറഞ്ഞ മഹാനായ ബഷീര്‍, അങ്ങയെ ഈ നിമിഷം ഞാന്‍ സ്മരിച്ചു പോകുന്നു.
വെറും ഒന്നര മാസത്തെ ദുബായ് ആയുസ്സുമായി ഷൈന്‍ നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ ഒരു പാഠം കൂടി പഠിപ്പിച്ചു തന്നു "എളുപ്പമല്ല ജോലി ചെയ്തു ജീവിക്കാന്‍" എന്ന.

14 comments:

  1. നല്ല ക്രിയാത്മകത കാണുന്നു...നന്നായിട്ടുണ്ട്. കൂടുതല്‍ എഴുതാന്‍ ശ്രമിക്കൂ....

    ReplyDelete
  2. ഇത് നല്ല തമാശ തന്നെ ...
    ഇന്നത്തെ കാലത്തെ ചെറുപക്കാര്‍ ഒക്കെ
    ഈ ചിന്തഗതികാര്‍ ആണ്‌ കേട്ടോ ..വ്യക്തം
    ആയി പറഞ്ഞു ..ആശംസകള്‍ ...

    ReplyDelete
  3. ജീവിതത്തെപ്പറ്റിയൊക്കെ അവന്‍ പഠിക്കാതെ എവിടെ പോകാന്‍ ??..അത്തരം ഒരു മഹത്തായ സര്‍വകലാശാലയിലല്ലേ അവന്‍ വന്നു ചേര്‍ന്നിരിക്കുന്നത് !!!!!

    ReplyDelete
  4. ആഹാ വഴിയെ മനസ്സിലാകും. അന്ന് പൊട്ടത്തരം കാണിച്ചതും പറഞ്ഞതും ഓര്‍ത്ത് പുള്ളി തന്നെ ചിരിച്ചോളും

    ReplyDelete
  5. Good,swapnalokathuninnum yaadhyarthathilekku ethumbol padikkathe evide pokaan..............

    ReplyDelete
  6. അമ്പടാ... ഈ ഷൈന്‍‍ ആള് കൊള്ളാമല്ലോ!!!

    ReplyDelete
  7. ഇത് സത്യം.. പുതു തലമുയിലെ ഒരുപാട് പയ്യന്മാര്‍ പറയുന്ന ഒരുകാര്യമാണിത്. ഒരുപാട് അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... നന്നായിട്ടുണ്ട്.. ആശംസകള്‍

    ReplyDelete
  8. നാട്ടില്‍ നിന്ന് കയറി വരുമ്പോള്‍ എല്ലാ കിടാങ്ങളും ഇങ്ങനെയാ മച്ചാ

    ReplyDelete
  9. എല്ലാ വരും തുടക്കത്തില്‍ ഇവിടെ എത്തുമ്പോള്‍ ഇങ്ങനെ ഒക്കെ തന്നെയാ ചിന്തിക്കുക

    ReplyDelete
  10. ചെക്കന്‍ തരക്കേടില്ല..

    ReplyDelete
  11. abiprayam paladundu pakshe
    jeevidamalle paranju theerkanum
    avanum mohamundakum swondham jeevidam paranjum pravarthichum theerkatte munnilekku pokumbol
    carilayalum pinnilekku onnu thirinju nokkikko
    adu nannavum

    ReplyDelete
  12. ഉറപ്പല്ലേ.. അതൊക്കെ രണ്ടു മൂന്നു മാസം കൊണ്ട് ശരിയാവും. അല്ലാതെവിടെപ്പോവാന്‍.

    ReplyDelete