Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Saturday, 12 January 2019

2019 ലെ പൊതു തിരഞ്ഞെടുപ്പും ഇന്ത്യൻ ജനതയും.


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

ഒരു ഭാഗത്ത് നരേന്ദ്ര മോഡി നേതൃത്വം കൊടുക്കുന്ന നിലവിലെ NDA സർക്കാരും, മറു ഭാഗത്ത് 54 വാർഷത്തോളം ഇന്ത്യയെ ഭരിച്ച കോൺഗ്രസ്സും, മറ്റു കക്ഷികളുമാണ്.


8 വയസ്സ് മുതൽ മുടങ്ങാതെ RSS ശാഖയിൽ പോയി, നിരന്തരമായിട്ടുള്ള ശാരീരിക മാനസിക പരിശീലനത്തിലൂടെ ഒരു സ്വയം സേവകനായി വളർന്നു വന്ന നരേന്ദ്ര മോഡി 2001 മുതൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ തന്നെ ലോകം അദ്ദേഹത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയതും, തീവ്ര ഹിന്ദുത്വ വാദികൾക്ക് അദ്ദേഹം വീരപുരുഷൻ ആകുന്നതും 2002 ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ വർഗ്ഗീയ കലാപത്തിലൂടെ, രണ്ടായിരത്തോളം മുസ്ലിംകളെ വെട്ടിയും നുറുക്കിയും പച്ചക്ക് കത്തിച്ചും കൊന്നു തള്ളിയ വർഗ്ഗീയ ഭീകര വാദികൾക്ക് വേണ്ട മുഴുവൻ ഒത്താശയും ചെയ്ത് കൊടുത്തു എന്നതിൻ്റെ പേരിലാണ്.

ഉരുക്ക് മനുഷ്യനെന്നും, അടുത്ത പ്രധാനമന്ത്രി എന്നുമെല്ലാം സംഘ പരിവാറുകാർക്കിടയിൽ വിശേഷിപ്പിച്ചിരുന്ന അദ്വാനിയെയും, മുരളീ മനോഹർ ജോഷിയെയുമെല്ലാം അസ്ഥാനത്താക്കി കൊണ്ട് 2014 ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് RSS നേതൃത്വത്തിൻ്റെ മുഴുവൻ പിന്തുണയോടെ സ്വയം പ്രധാന മന്ത്രിയായി പ്രഖ്യാപിച്ച്  ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടുന്ന നരേന്ദ്ര മോഡിയെയാണ് പിന്നീട് കണ്ടത്. തോണിക്കാരൻ്റെയും മകൻ്റെയും കഥ പോലെ UPA സർക്കാരിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചിരുന്ന ഇന്ത്യൻ ജനത നരേന്ദ്ര മോഡിയുടെ കീഴിലുള്ള ബിജെപി സർക്കാരിനെ അധികാരം ഏൽപ്പിക്കുകയായിരുന്നു. അതികം വൈകാതെ തന്നെ സംഘ പരിവാരം കേന്ദ്ര സർക്കാരിൻ്റെ ഒത്താശയോടെ അവരുടെ അജണ്ടകൾ ഓരോന്നായി പുറത്തെടുത്തു. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഓരോ സൗന്ദര്യവും അവർ പിഴുതെറിയാൻ  തുടങ്ങി. തീർത്തും പൗരൻ്റെ വ്യക്തി സ്വാതന്ത്ര്യമായ ഏത് മതത്തിലും, ഏത് ആദർശത്തിലും വിശ്വസിക്കണമെന്നും, എന്ത് ഭക്ഷിക്കണമെന്നും, എന്ത് എഴുതണമെന്നും, എന്ത് പറയണമെന്നുമുള്ള കാര്യങ്ങളിൽ അവർ തീരുമാനം എടുക്കാനും കൈ കടത്താനും തുടങ്ങി. അവർക്കെതിരെ നില കൊണ്ടവരെ വർഗ്ഗീയ കലാപങ്ങൾ നടത്തിയും, കൊലപാതകങ്ങൾ നടത്തിയും നിഷ്ടൂരം അവർ ഇല്ലായ്മ ചെയ്തു കൊണ്ടിരുന്നു.

ഒരു ഭാഗത്തു ഹൈന്ദവ തീവ്ര വാദികളായിട്ടുള്ള സംഘ്പരിവാരങ്ങളെ കൊണ്ട് ഇവ്വിധം ചെയ്യിപ്പിക്കുമ്പോൾ തന്നെ, വൻകിട കുത്തകകളായിട്ടുള്ള ഭീമൻ കമ്പനികളുടെ കോടിക്കണക്കിന് വരുന്ന ലോൺ കുടിശ്ശിക എഴുതി തള്ളുകയും, അവർക്ക് ലാഭം കൊയ്യാൻ പരുവത്തിൽ ഇന്ത്യയുടെ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും, ഇന്ത്യൻ സമ്പത് ഘടനയെ തകിടം മറിക്കും നിലയിൽ അവർക്ക് പരവതാനി വിരിക്കുകയും ചെയ്തു. 611000 കോടി രൂപയുടെ കടങ്ങൾ വെറും ആയിരത്തിൽ താഴെ വരുന്ന കോർപ്പറേറ്റുകൾക്ക് വേണ്ടി എഴുതി തള്ളിയപ്പോൾ 235000 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ചെലവാക്കിയത് എന്നറിയുമ്പോഴാണ്, ഈ സർക്കാർ വൻകിട ഭീമന്മാർക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്ന് ബോധ്യപ്പെടുക.

ഫാസിസം എന്നാൽ എന്താണ് എന്ന മുസ്സോളനിയുടെ വിശദീകരണമാണ്‌ ഇവിടെ പ്രസക്തമാവുന്നത്.
Fascism should be called corporatism because it is a merger of state and corporates 
ഫാസിസം എന്നാൽ അത് കോർപറേറ്റ് മൂല ധനവും, ഭരണ കൂടവും തമ്മിലുള്ള സമ്പൂർണ്ണ ലയനമാണ്.

പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെയും, ഏറ്റവും വലിയ സ്വതന്ത്ര അന്വേഷണ ഏജൻസിയായ സിബിഐ യെയും അവരുടെ കാൽ കീഴിലേക്ക് ഒതുക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. 
റാഫേൽ യുദ്ധ വിമാന ഇടപാടിലൂടെ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ അഴിമതിയും അവർ നടത്തി.

അധികാരം കിട്ടിയാൽ ഇന്ത്യക്ക് വെളിയിൽ നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരികെ കൊണ്ട് വരുമെന്നും, പതിനഞ്ച് ലക്ഷം രൂപ വെച്ച് ഓരോരുത്തരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യൻ രൂപയുടെ മൂല്യം ഉയർത്തുമെന്നും, പെട്രോളിനും ഡീസലിനും വില കുറക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ അധികാരം കിട്ടി അഞ്ച് വർഷം തികയാൻ പോകുന്ന ഈ വേളയിലും അതൊന്നും പാലിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ സമാനതകളില്ലാത്ത വണ്ണം കൂപ്പുകുത്തുകയും, പെട്രോളിനും ഡീസലിനും ഏറ്റവും അധികരിച്ച വില രേഖപ്പെടുത്തുകയും ചെയ്തു.

ജി എസ് ടി നടപ്പിലാക്കിയും, കള്ളപ്പണം തിരിച്ചു പിടിക്കാൻ എന്ന് പറഞ്ഞു ഒറ്റ രാത്രി കൊണ്ട് ഇന്ത്യൻ കറൻസി നിരോധിച്ചും സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചതെല്ലാം ശുദ്ധ മണ്ടത്തരങ്ങളായിരുന്നു എന്നും, ലക്ഷ കണക്കിന് കോടി രൂപകളാണ് അതിലൂടെ ഇന്ത്യൻ ഖജനാവിന് നഷ്ടപ്പെട്ടതെന്നും പിന്നീട് ബോധ്യമായി. യാത്രാ പ്രിയനായ പ്രധാനമന്ത്രി വിദേശ യാത്രകൾക്ക് മാത്രം 2000 കോടി രൂപക്ക് മേലെ ഇതുവരെ ചിലവഴിച്ചു കഴിഞ്ഞു.

1475 ദിവസങ്ങൾക്കിടയിൽ 800 ദിവസം പബ്ലിക് റാലികൾക്കും, 150 ദിവസം വിദേശ യാത്രകൾക്കും വേണ്ടി മാറ്റി വെച്ച പ്രധാന മന്ത്രി നരേന്ദ്ര മോഡി, പാർലിമെൻറ് മീറ്റിങ്ങുകളിൽ പങ്കെടുത്തത് വെറും 19 ദിവസം മാത്രമാണെന്നും, ഒരു പ്രാവശ്യം പോലും പത്ര മാധ്യമങ്ങളെ കാണുകയോ അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തിട്ടില്ല എന്നതുമാണ് യാഥാർഥ്യം.

ഈ ഒരു സാഹചര്യത്തിലാണ് അടുത്ത തിരഞ്ഞെടുപ്പ് ചുരുങ്ങിയ മാസങ്ങൾക്ക് ഉള്ളിൽ വരാൻ ഇരിക്കുന്നത്. 

കോൺഗ്രസ്സിനോടും, കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന മുന്നണിയോടുമുള്ള ചില വിയോജിപ്പുകളായിരുന്നു, 2014 ൽ കോൺഗ്രസ്സിനെ അധികാരത്തിൽ നിന്നും താഴെ ഇറക്കാനും, നരേന്ദ്രമോഡി സർക്കാരിനെ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനും പൊതു ജനങ്ങളെ പ്രേരിപ്പിച്ചതെങ്കിൽ, അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് കോൺഗ്രസ്സിൻ്റെ നേതൃ സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധിയിൽ ഒരു പുത്തൻ ഉണർവും, പ്രതീക്ഷയും സാധാരണക്കാരിൽ നൽകുന്നുണ്ട്. ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങൾ പഠിക്കുവാനും, അതിനുള്ള പരിഹാരങ്ങൾ, പ്രശ്നങ്ങൾ അനുഭവിക്കുന്നവരിൽ നിന്ന് തന്നെ അറിയുവാനും, സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുവാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുവാനും രാഹുൽ ഗാന്ധി എന്ന നേതാവ് വളർന്നിരിക്കുന്നു എന്ന് അദ്ദേഹത്തിൻ്റെ അടുത്ത കാലത്തുള്ള ഇടപെടൽ കൊണ്ടും, ശരീര ഭാഷകൾ കൊണ്ടും ആർക്കും ബോധ്യപ്പെടും.

ഈ ഇന്ത്യ മഹാ രാജ്യത്തിൻ്റെ ജനാധിപത്യവും മതേതരത്വവും എന്ന അതിൻ്റെ സൗന്ദര്യം നിലനിർത്തി കൊണ്ട് മുന്നോട്ട് പോകാനും വരും തലമുറക്ക് അത് കൈമാറാനും നമ്മൾ ആഗ്രഹിക്കുന്നു എങ്കിൽ ഒരു ഭരണ മാറ്റം വന്നേ മതിയാവൂ. ഇതേ സർക്കാർ തന്നെയാണ് ഇനിയും തുടരുന്നത് എങ്കിൽ, പിന്നീട് ഒരിക്കലും നമുക്ക് നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാൻ കഴിയില്ല എന്ന ബോധ്യം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ പൗരനും ഉണ്ടാവണം. അതിനായിരിക്കണം ഓരോരുത്തരുടെയും മുന്നോട്ടുള്ള ഓരോ ചലനവും. എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് ചിലപ്പോൾ നമുക്ക് ഓരോരുത്തർക്കും തോന്നിയേക്കാം.

ഒരു നാട് മുഴുവൻ ദിവസങ്ങളോളം ഇരുട്ടിലാകുന്ന വേളയിൽ, അതിന് പരിഹാരം അനേഷിച്ച് അലയുന്നതിനേക്കാൾ മുമ്പ് ചെയ്യേണ്ടത്, സ്വന്തം വീടനകത്ത് കത്തുന്നത് ഒരു മണ്ണെണ്ണ വിളക്കായാൽ പോലും അതിൻ്റെ തിരി നാളം നീട്ടി കൊണ്ട് അത് ഉമ്മറപ്പടിയിലോ മുറ്റത്തോ വെക്കുകയാണ്. അത് നിലകൊള്ളുന്ന ഭാഗ മെങ്കിലും പ്രകാശം പരക്കുകയും, തൊട്ടടുത്ത വീട്ടുകാരും നിങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവരുടെ വിളക്കും പുറത്തേക്ക് ഇറക്കി വെക്കാൻ തയ്യാറായാൽ അങ്ങനെ കാണുന്നവരെല്ലാം അത് പിന്തുടർന്നാൽ പിന്നെ നിങ്ങളുടെ നാട് ഇരുട്ടിലാണ് എന്ന നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമായേക്കും.

ഒന്നുറപ്പാണ്, ജനാധിപത്യവും മതേതരത്വവും അന്ത്യ ശ്വാസം വലിക്കുന്ന ഈ വേളയിൽ അതിൻ്റെ നിലനിൽപ്പിനായി രംഗത്ത് ഇറങ്ങേണ്ടതും, അതിൻ്റെ കാവലാളാവേണ്ടതും ഓരോ പൗരൻെയും നിർബന്ധ കർത്തവ്യമാണ്. നമുക്ക് ലഭിച്ച ഈ സ്വാതന്ത്ര്യവും, ജനാധിപത്യവും, മതേതരത്വവുമെല്ലാം അതേ രൂപത്തിലും ഭാവത്തിലും നാളത്തെ തലമുറക്ക് കൈമാറാൻ നമ്മൾ ബാധ്യസ്ഥരാണ്.

Thursday, 3 January 2013

മഅദനിയുടെ രാഷ്ട്രീയം

                അബ്ദുനാസര്‍ മഅദനി സ്വതന്ത്രമായി വെളിയില്‍ ജീവിക്കുന്നതിനെ ആരൊക്കയോ ഭയക്കുന്നു വെന്നും, ആ ഭയക്കുന്നവര്‍ നിസാരക്കാരല്ലായെന്നും വേണ്ടേ, ആദ്യം ഒമ്പതരയും, ഇപ്പോള്‍ രണ്ടും വര്‍ഷത്തോളമായി അകാരണമായി ജയില്‍ ജീവിതം നയിക്കുന്ന മഅദനിയെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടത്. പണ്ട് എപ്പോഴോ പ്രസംഗങ്ങളില്‍ അല്പം വികാര ഭരിതമായി സംസാരിച്ചു എന്നതിനപ്പുറം എന്ത് തെറ്റാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിട്ടുള്ളത്? തീവ്രമായി പ്രസംഗിച്ചു എന്നതായിരുന്നു അദ്ധേഹത്തിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ ആരോപിച്ചിരുന്ന കുറ്റം. എന്നാല്‍ അദ്ദേഹത്തെക്കാള്‍ ആയിരം മടങ്ങ്‌ തീവ്രദയില്‍ പ്രസംഗിക്കുന്ന സ്ത്രീകള്‍ പോലും ഇന്ന് സ്വതന്ത്രമായി നടക്കുന്നില്ലേ നമ്മുടെ ഈ നാട്ടില്‍? എന്തെ അവരുടെ പേരില്‍ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാന്‍ പോലീസും മാറിവരുന്ന സര്‍ക്കാറുകളും തയ്യാറാകാത്തത്?

പൊന്നാനി ഇലെക്ഷന്‍ പ്രചാരണ സമയത്ത് പിണറായി വിജയന്റെ മദ്ഹ് (മഹത്വം) മഅദനി ആവേശത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, പണ്ട് മഅദനിയുടെ തന്നെ മത പ്രസംഗങ്ങളില്‍ കേട്ടിട്ടുള്ള ഇസ്ലാമിലെ വീര പുരുഷ്യന്മാരായ ബിലാലിന്റെയും (റ) ഹംസയുടെയും (റ) പേരുകളായിരുന്നു. 
എന്നാല്‍ മഅദനിക്കും  പിണറായിക്കും ഉദ്ദേശിച്ച റിസള്‍ട്ട്, പൊന്നാനിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അച്ചുതാനന്തന്‍ മഅദനിയെ തള്ളിപ്പറയുകയും കൂടി ചെയ്തപ്പോള്‍, മഅദനിയുടെ പ്രസംഗം (പിണറായി മദ്ഹ്) ലക്‌ഷ്യം കാണാതെ പോയി. പൊന്നാനിയില്‍ പോലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത മഅദനിയെ രണ്ടു വര്‍ഷത്തോളം CPIM ഉം മനപ്പൂര്‍വ്വം മറന്നു.

പരപ്പന അഗ്രഹാര ജയിലിലെ ഈ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍  MA ബേബി അബ്ദുനാസര്‍ മഅദനിയെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത ദിവസവും, മുസ്ലിം ലീഗ് നേതാക്കന്മാര്‍ മഅദനിയെ കാണാന്‍ തിരഞ്ഞെടുത്ത ദിവസവും ഒന്നായി എന്നത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.

മഅദനിയുടെ അറസ്റ്റ്‌ ലീഗ് നേതാക്കന്മാരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും, ലീഗിന് ഇതില്‍ വ്യക്തമായ പങ്കുണ്ട് എന്ന് മഅദനി തന്നോട് പറഞ്ഞുവെന്നും, PTA റഹിം MLA അബ്ദുനാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു, വെളിപ്പെടുത്തുന്നത് വരെ 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ' എന്നതായിരുന്നു മഅദനി വിഷയത്തില്‍ ലീഗിന്റെ നിലപാട്. എന്നാല്‍ റൌഫ് ചെയ്തപോലെ എന്തെങ്കിലും കൊടുംകൈ ചെയ്യാന്‍, മഅദനി - PTA ബന്ധം മൂലം കാരണമാകുമോ എന്ന ലീഗിന്റെ ഭയമായിരിക്കാം - ഈ നിലപാട് മാറ്റത്തിനും മുതിര്‍ന്ന നേതാക്കന്മാരെ തന്നെ എത്രയും പെട്ടെന്ന് ജയിലിലേക്ക് അയക്കാനും പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.


മഅദനി വിഷയത്തില്‍ UDF മൌനം പാലിക്കുന്നോളം കാലം, തങ്ങള്‍ക്കും മൌനം പാലിക്കാം എന്ന് മഅദനിയെ രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള LDF ഉം നിശ്ചയിച്ചു കാണണം. എന്നാല്‍ ലീഗ് നേതാക്കന്മാര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍, ലീഗിന്റെ നിരപരാതിത്വം വെളിപ്പെടുത്തുകയും, രാഷ്ട്രീയക്കാരന്റെ കള്ളത്തരത്തില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത   മഅദനി അത് വിശ്വസിക്കുകയും ചെയ്യും. ആ വിശ്വാസം അടുത്ത തവണ മഅദനി ജയില്‍ മോചിതനാകുമ്പോള്‍ ചന്ദ്രശേകരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മഅദനിക്കു കൊടുക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷ സ്ഥാനം CPIM ന്റെ നേതാക്കന്മാര്‍ക്ക് നഷ്ടപ്പെടുത്തിയേക്കാം. ഈ ഭയമാണ്, ലീഗ് നേതാക്കന്മാരെക്കാള്‍ അരമണിക്കൂര്‍ മുമ്പേ അഗ്രഹാര ജയിലിന്റെ ഗേറ്റ് MA ബേബി കടന്നിരിക്കണം എന്ന പാര്‍ട്ടി തീരുമാനത്തിന് പിറകിലെന്ന്, രാഷ്ട്രീയം അല്പം പോലും അറിയാത്ത എനിക്ക് പോലും തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമായിരിക്കാം.  

ഒരുപാട് വൈകിയാണെങ്കിലും രണ്ടു മുന്നണികളും ഇപ്പോള്‍ കാണിക്കുന്ന ഈ താല്പര്യം ലക്‌ഷ്യം കാണട്ടെയെന്നു ആത്മാര്‍ഥമായി ആശിക്കാം. 
മഅദനി - താങ്കളുടെ ഇന്നത്തെ അവസ്ഥ കേള്‍ക്കുമ്പോള്‍ അതിയായ സങ്കടവും, വിഷമവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ വൃത്തികെട്ട രാഷ്ട്രീയ പാരമ്പര്യം വേണം, അല്ലെങ്കില്‍ ശക്തമായ ജന പിന്തുണ വേണം. ഇത് രണ്ടും കൈ മുതലായി ഇല്ലായെന്ന് പത്തു പതിമൂന്നു വര്‍ഷമായി താങ്കള്‍ തെളിയിച്ചു കൊണ്ടിരിക്കയാണ്. സത്യ സന്ധനായ ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടിലെ ഈ രാഷ്ട്രീയം എന്ന് ഇനിയും താങ്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Sunday, 15 May 2011

ഭരണ കാര്‍ത്താക്കളോട്.

കേരള നിയമസഭാ ഇലക്ഷന്‍ കൂടുതല്‍ പരിക്കുകളൊന്നും കൂടാതെ കഴിഞ്ഞു പോയി എന്നതില്‍ നമുക്ക് സന്തോഷിക്കാം. അതിന്‍റെ റിസള്‍ട്ടും വന്ന് കഴിഞ്ഞു. രണ്ടില്‍ ഒരു മുന്നണിക്കെ കേരളത്തെ ഭരിക്കാന്‍ കഴിയൂ എന്നതുകൊണ്ടും, അടുത്ത കാലത്തൊന്നും മറ്റു പരീക്ഷണങ്ങള്‍ക്ക് കേരള ജനത മുതിരുകയില്ല എന്നുറപ്പുള്ളത് കൊണ്ടും അടുത്ത അഞ്ചു വര്‍ഷത്തെ കേരള ജനതയെ ഭരിക്കാന്‍ വരുന്ന ഐക്യ മുന്നണിയെ നമുക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യാം. ഒരു നല്ല ഭരണം കാഴ്ച വെക്കാന്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ക്കും വിശിഷ്യ ഉമ്മന്‍ ചാണ്ടിക്ക് കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കാം.


ഒരുപാട് കാലമായി രണ്ടു മുന്നണികളും മാറി മാറി ഭരിക്കുകയാണ് കേരളം. അതിന്‍റെ ഗുണഫലവും കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്‌. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി ഇറങ്ങുന്ന സര്‍ക്കാറുകള്‍ക്ക് തൊട്ടടുത്ത അഞ്ചു വര്‍ഷത്തെ അവസരം കൂടി എന്തുകൊണ്ട് ഉത്ബുദ്ധ രായിട്ടുള്ള കേരള ജനത കൊടുക്കുന്നില്ല? വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു പാരമ്പര്യവും പരിചയവുമുള്ള തല മുതിര്‍ന്ന നേതാക്കന്മാര്‍ നേതൃത്വം കൊടുക്കുന്ന രണ്ടു മുന്നണികളാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. എല്ലാ പ്രാവശ്യവും തോല്‍വി ഏറ്റു വാങ്ങുന്നത് ഭരണത്തിന് നേതൃത്വം കൊടുത്ത മുന്നണിയാണ്. ഇലക്ഷന്‍ കഴിഞ്ഞ ഉടനെ കേന്ത്ര കമ്മിറ്റികളും കേരള കമ്മിറ്റികളും പിന്നെ ഏതെങ്കിലും കമ്മിറ്റികള്‍ ഉണ്ടെങ്കില്‍ അതും അടിയന്തിരമായി ചേര്‍ന്ന് തോല്‍വി വിലയരുത്തുന്ന പ്രവണത എല്ലാ പ്രാവശ്യവും നമ്മള്‍ കാണുന്നു. തോല്‍വിയുടെ വ്യക്തമായ കാരണവും പാര്‍ട്ടികള്‍ കണ്ടെത്തുന്നു. എന്നീട്ടു പൊതു ജനങ്ങളുടെ മുന്നില്‍ വിശദീകരിക്കുകയും ചെയ്യുന്നു - വോട്ടു കുറയാന്‍ ഉണ്ടായ കാരണം ഇതാണ് എന്ന്. ഒരു പൌരന്‍ എന്ന നിലയില്‍ ഏതൊരാളെ പോലെയും എന്‍റെ മുന്നിലും ചില സ്വാഭാവിക സംശയങ്ങള്‍ ഉയരുന്നു ഭരണത്തിന് നേതൃത്വം കൊടുത്ത നേതാക്കന്മാരോട്.
  1. എന്തുകൊണ്ട് ഈ തോല്‍വി മുന്‍കൂട്ടി നിങ്ങള്‍ കണ്ടില്ല?
  2. ഇപ്പോള്‍ നടത്തുന്ന ഈ വിലയിരുത്തലുകള്‍, അഞ്ചു വര്‍ഷം നിങ്ങള്‍ക്കു കിട്ടിയിട്ട് എന്തുകൊണ്ട് നടത്തിയില്ല?
  3. റിസള്‍ട്ടിനു ശേഷം ഉത്തരവാതിത്വം ഏറ്റെടുത്തു രാജി സന്നത പ്രഘടിപ്പിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നു. നിങ്ങളില്‍ അര്‍പ്പിതമാകുന്ന ഉത്തരവാതിത്വം ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ ചിന്തിച്ചിരുന്നില്ലേ ഇതിനു യോഗ്യനാണോ എന്ന്?
  4. ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നു വെന്നും, ജനങ്ങളുടെ താല്പര്യം എന്താണ് എന്നും ജനങ്ങളുടെ ഭാഗത്ത്‌ നിന്നു ചിന്തിക്കാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ലേ?
  5. ജനങ്ങള്‍ ജനങ്ങളെ ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത്, നിങ്ങളെ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണ് ഭരണം എന്നും, ശമ്പളം വേടിച്ചു നിങ്ങള്‍ ചെയ്യുന്ന ഒരു ജോലിയാണ് ജനസേവനം എന്നും നിങ്ങള്‍ മറക്കുക യായിരുന്നുവോ?
പൊതുജനങ്ങളുടെ ഇടയിലൂടെ ചീറിപ്പായുന്ന കാറില്‍, ക്ലോസെപ്പ് പുഞ്ചിരിയോടെ കൈവീശിക്കാണിച്ചു പായേണ്ടവരല്ല ഭരണ കര്‍ത്താക്കള്‍ എന്നും, ജനങ്ങളുടെ കൂടെ, പൊതുജനങ്ങളില്‍ ഒരുവനായി, അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി, അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ വിധിക്കപ്പെട്ടവരാണ് നിങ്ങളെന്ന ചിന്ത നിര്‍ബന്തമായും നിങ്ങളില്‍ ഉണ്ടായിരിക്കണം എന്നും ഓര്‍മ്മപ്പെടുത്തുന്നു. എന്ന് നിങ്ങളില്‍നിന്നും ഈ ചിന്ത നഷ്ടപ്പെടുന്നുവോ അന്ന് നിങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ അന്ന്യനായി മാറുന്നുവെന്നും നിങ്ങള്‍ എപ്പോഴും ഓര്മിക്കെണ്ടതാണ്. അടുത്ത ഇലക്ഷന്‍ കഴിയുമ്പോഴെങ്കിലും തോല്‍വിയുടെ കാരണം കണ്ടെത്താനുള്ള അടിയന്തിര യോഗം ചേരേണ്ട അവസ്ഥ ഈ പുതിയ നേതൃത്വത്തിനെങ്കിലും ഉണ്ടാവാതിരിക്കട്ടെ യെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഒരു ഭരണ സ്ഥിരത കേരളത്തില്‍ ഉണ്ടാക്കാന്‍ നിങ്ങളെ കൊണ്ടെങ്കിലും കഴിയട്ടെ എന്ന് നിറഞ്ഞ മനസ്സോടെ ആശംസിക്കുന്നു.