"ഈ ചാച്ചാടൊരു കാര്യം. ഇന്നലെ കാണുമ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഇതാ, ഭയങ്കര വിഷമത്തിലിരിക്കുന്നു. എന്തുപറ്റി ചാച്ചാക്ക്? ചാച്ചാനെ ഇങ്ങനെ കാണാന്‍ ഒരു രെസവുമില്ല. ഞങ്ങളെ കൂടെ ചിരിച്ചു കളിച്ചു നടക്കുമ്പോഴാണ് ചാച്ചാനെ ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. എന്ത് രസമായിരുന്നു അന്ന് വീഗാലാന്‍ഡില്‍ പോയപ്പോള്‍. ഒരു കൊച്ചു കുട്ടിയെ പോലെ യായിരുന്നു അന്ന് ചാച്ച. വെള്ളത്തിലും മറ്റും ഞങ്ങളെക്കാള്‍ കൂടുതല്‍ ആസ്വദിച്ചത് അന്ന് ചാച്ചയായിരുന്നു. ഞങ്ങള്‍ തന്നെ അത്ഭുതപെട്ടു പോയി അന്ന് ചാച്ചാടെ കളി കണ്ടിട്ട്. എന്തു പറ്റി ചാച്ചാ"?
എയര്‍ അറേബ്യ വിമാനത്തില്‍ മൂന്നര മണിക്കൂര്‍ യാത്ര ചെയ്യുമ്പോഴും, അതിനു ശേഷം റൂമില്‍ വന്നപ്പോഴും എന്‍റെ മനസ്സില്‍ തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യമായിരുന്നു ആവര്‍ത്തിച്ചു കൊണ്ടിരുന്നത്. പതിമൂന്നു വയസ്സുകാരികളാണെങ്കിലും മിടുക്കികളാണ് തത്ത എന്ന് ഓമനപ്പേരില്‍ വിളിക്കുന്ന ഫാത്തിമയും ഷാനുവെന്നു വിളിക്കുന്ന ഷഹനാസും. ഭാര്യയുടെ ചേട്ടത്തിമാരുടെ മക്കളാണ് രണ്ടു പേരും. പ്രായത്തില്‍ കവിഞ്ഞ പക്വതയും, തന്‍റെടവും, ബുദ്ദിയുമുള്ള തത്തയുടെയും, ഷാനുവിന്റെയും ആ ചോദ്യങ്ങള്‍ക്ക് മുമ്പില്‍, മറുപടി പറയാന്‍ കഴിയാതെ ഞാന്‍ നിശബ്ദനായി ഇരുന്നു പോയി.
"പതിനാറു കൊല്ലമായി മക്കളെ ചാച്ച ഈ ദുഃഖം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. നാട്ടില്‍ വരുമ്പോള്‍ ചാച്ച കാണിക്കുന്ന ഈ സന്തോഷ പ്രകടനമുണ്ടല്ലോ, ചുരുങ്ങിയ ദിവസത്തിന് ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങുന്ന ഒരു പ്രതിയുടെ മാനസികാവസ്ഥയിലാണത്. നാട്ടില്‍ ലീവില്‍ വന്ന് ദുബായിലോട്ട് തന്നെ തിരിച്ചു പോകുമ്പോള്‍ ഓരോ തവണയും ഈ ദുഖവും മൌനവും ഉള്ളിലൊതുക്കാറാണ് പതിവു. ഓരോ തവണയും നിങ്ങളോടെല്ലാം യാത്ര പറഞ്ഞു പിരിയുമ്പോള്‍ പൊട്ടിപോകാന്‍ പരുവത്തില്‍ മനസ്സ് വിങ്ങുന്നുണ്ടാകും. ചിലപ്പോഴെല്ലാം ആ വിങ്ങല്‍ തേങ്ങലായി പുറത്തേക്കു വരാറുമുണ്ട്. ശരീരത്തില്‍നിന്നും ജീവനോടെ ഹൃദയത്തെ പറിച്ചെടുക്കുന്ന ഒരു വേദനയാണ് ആ ദുഖത്തിന്. ഇനി എന്‍റെ മക്കളോട് ചാച്ച ഒരു രഹസ്യം പറഞ്ഞോട്ടെ 'വിമാനം പറന്നുയരാന്‍ സമയത്ത് അറിയാതെ മനസ്സില്‍ മോഹിച്ചു പോയിട്ടുണ്ട്, ഈ വിമാനമൊന്ന് താഴേക്കു വീണിരുന്നുവെങ്കിലെന്നു'. ഒരു നിമിഷം കൊണ്ട് കഴിയുമല്ലോ എല്ലാം. ഇത്രക്കും വലിയ ദുഃഖം പേറി ജീവിക്കുന്നതിനേക്കാള്‍ നല്ലതായിരിക്കും ഒരുപക്ഷെ അതെന്നു.
കുടുംബവും നാടുമായി ഒരുപാട് ബന്ധം പുലര്‍ത്തുന്നതുകൊണ്ടോ, അല്ലെങ്കില്‍ ഒരുപാട് ഇഷ്ടപ്പെടുന്നത് കൊണ്ടോ എന്നറിയില്ല, വേര്‍പിരിയലിന്റെ ദുഃഖം ഇന്നും ഇത്ര ശക്തിയോടെ അനുഭവിക്കുന്നത്.
കൂകി പാഞ്ഞു പോകുന്ന തീവണ്ടി കണ്ടിട്ടില്ലേ? എന്തു വേഗതയില ആ തീവണ്ടി പോകുന്നത്, അല്ലെ? ശബ്ദവും ഉണ്ടാക്കുന്നുണ്ട്. പക്ഷെ ആളിക്കത്തുന്ന തീയിനെ ഉള്ളില്‍ ഒതുക്കിയിട്ടാണ് ആ കൂകി പായല്‍. ആ കൂകി പായലിനോടു ഏകദേശം അടുത്തു വരും ചാച്ച അന്ന് വീഗാലാന്‍ഡില്‍ കാണിച്ച തുള്ളിച്ചാട്ടം.
ജീവപര്യന്തം ശിക്ഷയായാല്‍ പോലും, ആ പ്രതിക്ക് പതിനാലു വര്‍ഷം തടവ് അനുഭാച്ചാല്‍ മതി. അതിനു ശേഷം തന്‍റെ വീട്ടുകാരെയും, കുടുംബക്കാരെയും, നാട്ടുകാരെയും കണ്ടു സ്വന്തം നാട്ടില്‍ സ്വതന്ത്രമായി ജീവിക്കാം. എന്നാല്‍ പതിനാറു വര്‍ഷമായിട്ടും, എന്ന് തീരും എന്നറിയാത്ത ഒരു പ്രവാസ ജയിലില്‍ ജീവിക്കുകയാണ് ഇന്നും ചാച്ച. എന്തൊക്കയോ നേടി എന്ന് സ്വയം അഹങ്കരിക്കുമ്പോഴും, ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടങ്ങളുടെ കഥകള്‍ മാത്രമേ, ചാച്ചാക്ക് മനസ്സില്‍ വരുന്നുള്ളൂ.
മുപ്പത്തിഅഞ്ചാമത്തെ വയസ്സിലെ, പതിനാറു വര്‍ഷത്തിന്‍റെ നഷ്ടക്കഥ.
പ്രവാസികള്‍ സാധാരണ തമാശയിലൂടെ പറയാറുണ്ട് - വിസ കിട്ടാന്‍ നേര്‍ച്ചയായി ഒരു യാസീന്‍ (വി: ഖുര്‍ആനിലെ ഒരദ്ധ്യായം) പാരായണം ചെയ്തു. തിരിച്ചു പോകാന്‍ ഖത്തം (വി:ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക) ഓതി കാത്തിരിക്കുകയാണ് എന്ന്.
'എങ്കില്‍ ഇങ്ങോട്ട് തിരിച്ചു പോന്നു കൂടെ' എന്ന് സ്വാഭാവികമായും ചാച്ചാട് ചോദിക്കാം. ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയാത്ത ഒരു ചോദ്യമാണത്. ചാച്ചാക്ക് എന്ന് മാത്രമല്ല, ലക്ഷ ക്കണക്കിന് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗത്തിനും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. പതിനാറു വര്‍ഷം മുമ്പ് ചാച്ച ഗള്‍ഫില്‍ വരുമ്പോള്‍, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്‌താല്‍ പരിഹരിക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയാണ് കണ്‍മുമ്പില്‍ ഉണ്ടായിരുന്നത് എങ്കില്‍, ഇന്ന് മുപ്പതു വര്‍ഷം ജോലി ചെയ്താലും പരിഹാരം കാണുമോയെന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രശ്നങ്ങളാണ് കണ്മുമ്പില്‍ ഉള്ളത്.
'അതെല്ലാം ചാച്ചാടെ ഒരു അത്യാഗ്രഹമാണെന്ന്' നിങ്ങളുടെ കുഞ്ഞു മനസ്സില്‍ ഒരു ചെറുചോദ്യമായി അവശേഷിക്കുന്നു വെങ്കില്‍ ചാച്ച വീണ്ടും മൌനം പാലിക്കാം. കാരണം, വര്‍ദ്ദിച്ചു വരുന്ന ജീവിത ചിലവും, പ്രവാസംകൊണ്ട് നേടി എന്ന് ചൂണ്ടി കാണിക്കാന്‍ ഒന്നും ഇല്ലാത്തതും, പ്രത്യേകിച്ചൊരു ജോലി നാട്ടില്‍ ചെയ്തു പരിചയമില്ലാത്തതുമായ ചാച്ച നാട്ടില്‍ തിരിച്ചു വന്നാല്‍ എന്തു ചെയ്തു ജീവിക്കും?
എങ്കില്‍ ഈ പതിനാറു വര്‍ഷം ചാച്ച എന്തു ചെയ്തു ഗള്‍ഫില്‍ ?
അതിനും ഒറ്റവാക്കില്‍ ഉത്തരമില്ല ചാച്ചാക്ക്. എന്തൊക്കയോ ചെയ്തു. ഈ പ്രവാസ ജീവിതത്തില്‍, അനാവശ്യമായി ഒരു രൂപ പോലും ചിലവഴിച്ചതായി ചാച്ച ഓര്‍ക്കുന്നില്ല. ഒരു ബീഡി പോലും ചാച്ച വലിക്കാറില്ല.
ഒരു പ്ലാനിംഗ് ഇല്ലാതെ ജീവിച്ചു എന്ന് വേണമെങ്കില്‍ സ്വയം കുറ്റപ്പെടുത്താനെന്നോണം ചാച്ച സമ്മതിക്കാം. കണ്മുമ്പില്‍ കാണുന്ന പ്രശ്നമെന്താണോ, അതിനു പരിഹാരം കണ്ടെത്താനാണ് മുന്‍ഗണന കൊടുക്കാറു എന്നും സ്വയം സമ്മതിക്കാം. സഹായം അഭ്യര്‍ഥിച്ചു വരുന്നവരെ സഹായിക്കാന്‍ കഴിയുന്ന വേളയിലൊന്നും നിരാശപ്പെടുത്തിയിട്ടില്ല എന്നതും സത്യം.
ഇതിനപ്പുറം മറ്റൊന്നില്ല ചൂണ്ടി കാണിക്കാന്‍ ഈ നഷ്ടകഥക്ക് കാരണമായി.
ഹൃദയ പൂര്‍വ്വം ചാച്ച.