Saturday, 26 March 2011

ഭക്ഷണ മഹത്വം.

"വളരെ ദുഖിതനായി തോന്നുന്നല്ലോ, എന്ത് പറ്റി പ്രവീണ്‍"?
"ഞാനും നജീബ്ക്കയും തമ്മില്‍ ചെറിയൊരു വഴക്കുണ്ടായി" - സുലൈമാന്റെ ചോദ്യത്തിന് മറുപടിയായി പ്രവീണ്‍ പറഞ്ഞു. 
"എന്തെ കാരണം"? ആകാംക്ഷ യോടെയുള്ള സുലൈമാന്‍റെ ചോദ്യത്തിന്, ബാത്ത് റൂമിന്‍റെ കതകു തുറന്നു പെട്ടെന്ന് പുറത്തുവന്ന നജീബാണ്‌ മറുപടി പറയാന്‍ തുടങ്ങിയത്. 
"ഞാന്‍ പറയാം വഴക്കിനെന്താ കാരണമെന്ന്. ഇവിടെ റൂമില്‍ എന്നും ഞാന്‍ പറയാറുണ്ട്‌, ഭക്ഷണ സാധനങ്ങള്‍ നശിപ്പിക്കരുതെന്ന്. ആവശ്യത്തിനുള്ളത് ഉണ്ടാക്കിയാല്‍മതി. ഒരല്പം കുറഞ്ഞാലും കുഴപ്പമൊന്നുമില്ല. ഇനി അഥവ എന്തെങ്കിലും ബാക്കിവന്നാല്‍, അത് FRIDGE ല്‍ വെച്ചു അടുത്ത ദിവസം ചൂടാക്കി കഴിക്കാവുന്നതെയുള്ളൂ, അല്ലാതെ ബാക്കി വരുന്ന ഭക്ഷണങ്ങള്‍ നശിപ്പിക്കാനുള്ളതല്ല, അതിനു ഞാന്‍ ഇവിടെ ഉള്ളോടുത്തോളം കാലം അനുവദിക്കുകയുമില്ല".
"അതിനു, ഇപ്പോള്‍  ഇവിടെ എന്താ സംഭവിച്ചത്"? ഇടയ്ക്കു കയറിയുള്ള സുലൈമാന്‍റെ സംശയത്തിനു മറുപടിയായി വീണ്ടും നജീബ് തുടങ്ങി. 
"ഇന്നലെ പ്രവീണ്‍  ന്‍റെ മെസ്സായിരുന്നു. പ്രവീണ്‍ ഭക്ഷണം ഉണ്ടാക്കാന്‍ തുടങ്ങുമ്പോഴേ ഞാന്‍ പറഞ്ഞിരുന്നു, ഇന്ന് വ്യാഴാഴ്ചയാണ്, വൈകീട്ട് എല്ലാവരും പുറത്ത് പോകും ഭക്ഷണം കഴിക്കാന്‍ ആരും ഉണ്ടാവണമെന്നില്ല. അതുകൊണ്ട് കുറച്ചു ഉണ്ടാക്കിയാല്‍ മതിയെന്ന്. അത് അവന്‍ അനുസരിച്ചില്ല, സാധാരണ ഉണ്ടാക്കുന്ന അത്രയ്ക്ക് തന്നെ കറി ഉണ്ടാക്കി. ഇന്നലെ രാത്രി ഞാന്‍ റൂമില്‍ വന്നപ്പോഴേ കണ്ടു കുറെ ചിക്കന്‍ കറിയും, ഖുബ്ബൂസുമെല്ലാം ബാക്കിയിരിക്കുന്നത്. ഇന്ന് അത് ചൂടാക്കി എല്ലാവര്‍ക്കും കഴിക്കാമെന്നു കരുതിയതായിരുന്നു ഞാന്‍,  ഇപ്പോള്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല ഇവിടെ. ചോദിച്ചപ്പോള്‍ പറയുന്നു അവന്‍ അതെല്ലാം കച്ചറയില്‍ തട്ടിയെന്നു. ഒരു ദിവസം പഴക്കമുള്ള ഭക്ഷണ സാധനങ്ങള്‍ കഴിച്ചാല്‍ ഒരുപാട് അസുഖങ്ങള്‍ വരുമത്രേ. ഇവനാരാ? ഷെയ്ഖ്‌ മുഹമ്മദിന്‍റെ മകനാ, അതോ അനില്‍ അമ്പാനിയുടെ ചെറുമകനാ? 
"അവന്‍ പുതിയതല്ലേ, അറിയില്ലാരിക്കും. അതിനു നീ ഇങ്ങനെ ചൂടാകേണ്ടതില്ല".  നജീബിന്‍റെ ദേഷ്യം ഒന്ന് തണുപ്പിക്കാന്‍ സുലൈമാന്‍ പറഞ്ഞു. 
എന്നാല്‍ സുലൈമാന്‍റെ ആ ഇടപെടല്‍ നജീബിന്‍റെ ദേഷ്യവും സങ്കടവും വീണ്ടും വര്‍ദ്ദിപ്പിച്ചു.
"നിനക്കറിയോ സുലൈമാനെ, ദാരിദ്ര്യം പാരമ്പര്യമായിട്ടുള്ള ഒരു നിര്‍ധന കുടുംബത്തിലെ അംഗമായിറ്റാണ് ഞാന്‍ ജനിച്ചത്‌. വാപ്പാടെ വരുമാനം കൊണ്ട് മാത്രം ജീവിച്ചു പോകാനുള്ള ഒരു സാമ്പത്തിക സ്ഥിതിയുമായിരുന്നില്ല എന്‍റെ കുടുംബത്തിന്‍റെത്. അതുകൊണ്ടുതന്നെ കൂലിപ്പണിക്ക് പോയിറ്റാണ് എന്‍റെ ഉമ്മ ഞങ്ങളെ, മക്കളെ നാലുപേരെയും വളര്‍ത്തിയത്‌. നേരം വെളുക്കുന്നതിനേക്കാള്‍ വളരെ മുമ്പേ എന്‍റെ ഉമ്മയും, വല്യുമ്മയും (ഉമ്മാടെ ഉമ്മ) എഴുന്നേല്‍ക്കും.    
നേരം പൂര്‍ണ്ണമായും വെളുത്തു എന്ന് എന്‍റെ ഉമ്മ തിരിച്ചറിയുന്നത്‌, ഞങ്ങള്‍ക്ക് നാല് പേര്‍ക്കും രണ്ടു നേരം കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി കഴിയുമ്പോഴായിരിക്കും. നാല് പേരെയും വിളിച്ചുണര്‍ത്തി മദ്രസ്സയിലേക്ക് പോകാന്‍ ഒരുക്കിയതിനുശേഷം പറയും ' നാല് പേര്‍ക്കുമുള്ള ചായയും പലഹാരവും അടുക്കളയില്‍ മൂടി വെച്ചിട്ടുണ്ട്‌. മദ്രസ്സ വിട്ടു വന്നാല്‍ അത് കഴിച്ചു സ്കൂളില്‍ പോകണം. ഉച്ചക്ക് കഴിക്കാനുള്ള ചോറ് അടുപ്പത് മൂടി വെച്ചീട്ടുണ്ട്, കറി ഉറിയിലുമുണ്ട്. അത് ഇക്ക വിളമ്പിത്തരും. ഭക്ഷണം ആരും ബാക്കി വെക്കരുത്. ഉമ്മ വരുമ്പോള്‍ മിട്ടായി വേടിച്ചു കൊണ്ട് വരാം. അവസാനം ഉമ്മയും വല്യുമ്മയും അവര്‍ക്കുള്ള കഞ്ഞിപ്പാത്രവുമായി വീട്ടില്‍ നിന്നും ഇറങ്ങും, ഞങ്ങള്‍ മദ്രസ്സയിലേക്കും. ഉണ്ണികളെ ശ്രദ്ദിക്കണേ മോനെ' എന്ന് ഇക്കാനെ വീണ്ടും ഓര്‍മിപ്പിച്ചു, താഴെയുള്ള മകന് ഞാനായതുകൊണ്ട് എന്‍റെ കവിളില്‍ ഒരു മുത്തവും തന്നു അങ്ങ് ദൂരേക്ക്‌ നടന്നു നീങ്ങും, ലോകത്തിലെ ഏതെങ്കിലും ഒരു വാക്കുകൊണ്ട് ഉപമിക്കാന്‍ എന്‍റെ വാമൊഴിക്കോ, വരമൊഴിക്കോ കഴിയാത്ത എന്‍റെ പൊന്നാര ഉമ്മ. വെറുംവയറുമായി അതിരാവിലെ തീറ്റ തേടി പോകുന്ന പക്ഷിക്കൂട്ടങ്ങളെ കണ്ടീട്ടില്ലേ, അതുപോലെ. 
കിഴക്കന്‍ കരിംപാടം എന്ന, നോക്കിയാല്‍ നോട്ടം എത്താത്ത നെല്‍പാടത്തെക്കായിരിക്കും ആ പോക്ക്. സൂര്യന്‍ അതിന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഭൂമിയിലേക്ക്‌ തുപ്പുന്ന ചൂടിനെ, ഒരു തണലും കൂടാതെ ശരീരത്തിലേക്ക് സ്വീകരിച്ചു, മൃഗങ്ങളെ പോലും അതിശയിപ്പിക്കുന്ന നിലയില്‍ പത്തു മണിക്കൂറോളം എന്‍റെ ഉമ്മയും വാല്യുമ്മയും അവരുടെ കൂട്ടു ജോലിക്കാരും പാടത്തു പണിയെടുക്കും. കൊയ്ത്തും, മെതിയുമെല്ലാം കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ചിലപ്പോള്‍ രാത്രി എട്ടുമണിയും, ഒമ്പത് മണിയും, പത്തുമണിയുമെല്ലാം ആകും. വന്ന ഉടനെ ഞങ്ങള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി തന്നു കഴിപ്പിച്ചിട്ടെ ഉമ്മ കുളിച്ചു കിടക്കുകയുള്ളൂ. 
നെല്പാടങ്ങളില്‍ ജോലിയില്ലാത്ത സീസണില്‍, എന്‍റെ ഉമ്മ ചുമട് ചുമക്കാന്‍ പോകും. അങ്ങനെ ഒരു പാട് കഷ്ട പ്പാടുകള്‍ സഹിച്ചിട്ടാണ് എന്‍റെ ഉമ്മ ഞങ്ങളെ വളര്‍ത്തിയത്‌. അന്നുമുതലേ ഭക്ഷണത്തിന്‍റെ വില ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നും എന്‍റെ ഉമ്മ വീട്ടില്‍ എന്തെങ്കിലും കാര്യത്തിനു ഉറക്കെ സംസാരിക്കുന്നുണ്ടെകില്‍ അത് ഭക്ഷണം ആരെങ്കിലും നാശമാക്കുന്നത് കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും. എന്‍റെ ഉമ്മ എപ്പോഴും ആവര്‍ത്തിക്കുന്ന ഒരു ഉപദേശമേ ഉണ്ടാവുകയുള്ളൂ. 
"മക്കളെ ഭക്ഷണം നശിപ്പികരുത് ഒരിക്കലും". 
അത് നേടാനുള്ള ത്യാഗം ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീക്ക് ഇതിനേക്കാള്‍ വലിയ എന്ത് ഉപദേശം നല്‍കാന്‍ കഴിയും സ്വന്തം മക്കളോട്?           

Saturday, 19 March 2011

സലാല

അടുത്തറിയുന്ന എല്ലാവരും എന്നെ കളിയാക്കാറുണ്ട് 'നീന്‍റെ ഒരു സലാല' എന്ന് പറഞ്ഞു.
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

എന്ത് ഞാന്‍ പറയുമ്പോഴും സലാലയിലെ ഒരു കഥയോ ഉപമയോ 
കാരണം 19 വയസ്സ് മുതല്‍ 
30 വയസ്സ് വരെ ഒരു 
നാട്ടില്‍ സ്ഥിരമായി താമസിച്ചു കഴിഞ്ഞാല്‍ ആര്‍ക്കാ, 
ആ നാടിനെ മറക്കാന്‍ കഴിയുക?
വെറും 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒരു സ്വപ്ന സുന്ദര പ്രദേശമാണ് സലാല.

മസ്കറ്റില്‍ നിന്നും 1050 കിലോമീറ്റര്‍ അകലെ, യമന്‍ ബോര്‍ടറിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശം.

തെങ്ങിന്‍ തോപ്പുകളും, വാഴ കൃഷിയും, ഒട്ടു മിക്ക പച്ചക്കറി കൃഷികളും 
സലാലയെന്ന പ്രദേശത്തെ ഹരിതാപമാക്കി മാറ്റുന്നു.
ആ നാട്ടുകാരായിട്ടുള്ള  നിഷ്കളങ്കരായ അറബികള്‍ നാല്  വിഭാഗങ്ങളില്‍ പെട്ടവരാണ്.
 ജബലികള്‍ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്‌ അതില്‍ ഒന്ന്. നമ്മുടെ നാട്ടിലെ ആദിവാസി കളോട് ഒരുപാട് കാര്യങ്ങളില്‍, സാദൃശ്യം പുലര്‍ത്തുന്നവരാണ് ഈ ജബലികള്‍. ആ മണ്ണിന്‍റെ സ്വന്തം മക്കള്‍ എന്ന് പറയാവുന്നവര്‍.
കറുത്ത വര്‍ഗ്ഗക്കാരായിറ്റുള്ള അറബികളാണ് 
അതില്‍ രണ്ടാമത്തെ വിഭാഗം. ഇപ്പോഴത്തെ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിന്റെ പിതാവ്, ഒമാനില്‍ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയില്‍ നിന്നും കുറെ കറുത്തവര്‍ഗ്ഗ കാരായിട്ടുള്ള അടിമകളെ വിലക്ക് വാങ്ങി ഒമാനില്‍ കൊണ്ട് വരികയും പിന്നീട് അവരെ സ്വതന്ത്ര മാക്കുകയും ചെയ്തുവത്രേ. പിന്നീട് ഇവരുടെ കുടുംബക്കാരും ബന്ധുക്കളും ഒമാനിലേക്ക് ചേക്കേറുകയും, അവര്‍ ഒമാനിലെ പൌരത്വം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. 
മൂന്നാമത്തെ വിഭാഗമായിട്ടുള്ള വെളുത്ത 
അറബികള്‍ മറ്റു പല നാടുകളില്‍ നിന്നും കുടിയേറി പാര്‍ത്ത വരാണത്രെ. എന്നാല്‍ ഇക്കൂട്ടരാണ് അവിടെ യഥാര്‍ത്ഥ അവകാശികളായി അറിയപ്പെടുന്നതും അധികാരത്തിന്‍റെ നേതൃസ്ഥാനം വഹിക്കുന്നതും. 
എണ്ണത്തില്‍ കുറവാണെങ്കിലും ബലൂചികളും സലാലയില്‍ ഉണ്ട്. മുന്‍കാലങ്ങളില്‍ ശരീര ഘടന കൊണ്ട്, പട്ടാളത്തില്‍ ഒരു മേധാവിത്വം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നു. പട്ടാളതില്‍നിന്നും വിരമിക്കുന്ന ബലൂച്ചികള്‍ക്ക് ഒമാനിലെ പൌരത്വം നല്‍കി ആദരിച്ചിരുന്നു. അങ്ങിനെയാണ് ബാലൂചികളില്‍ ഒരു വിഭാഗം ഒമാനിലെ പൌരന്മാരായി മാറിയത്. 
കടല്‍ മാര്‍ഗ്ഗം നോക്കിയാല്‍ കേരളത്തിനോട് വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് സലാല. ഇന്ത്യയില്‍നിന്നും ആദ്യമായി ഇസ്ലാമതം സ്വീകരിച്ച ചേരമാന്‍ പെരുമാളിന്‍റെ ഖബറിടം സലാലയിലെ ഒരു തെങ്ങിന്‍ തോപ്പിലാണ് സ്ഥിതി ചെയ്യുന്നത്. എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും പ്രവാചകന്‍ അയ്യൂബ് നബിയുടെ ഖബറിടവും സലാലയിലെ ഒരു മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. 
Land of Frankincense അഥവ  കുന്തിരിക്കത്തിന്‍റെ മണ്ണ് എന്ന അപരനാമത്തിലും
 സലാല അറിയപ്പെടാരുണ്ട്.  
മറ്റു ഗള്‍ഫു നാടുകളില്‍ താമസിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും സലാല സന്ദര്‍ശിക്കല്‍ അനിവാര്യമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.

ഇനിയുമുണ്ട്  എനിക്ക് സലാലയെ കുറിച്ച് പറയാന്‍ എന്തൊക്കെയോ. പക്ഷെ അത് പിന്നീടാകാം, അല്ലെങ്കില്‍ നിങ്ങളും പറഞ്ഞുപോകും "ഈ പഹയന്റൊരു സലാല" എന്ന്.

'അമ്പലപ്പുഴ പാല്‍പായസമായാലും ഇടങ്ങാഴിയില്‍ കൂടുതല്‍ കുടിക്കാനാകില്ലാ' എന്നാണല്ലോ ചൊല്ല്.

അപ്പോള്‍ പറഞ്ഞത് പോലെ, അത് പിന്നീട് കാണാം.



Tuesday, 8 March 2011

തിരിക്കിനിടയില്‍....

''എന്ത് പറ്റി നിങ്ങള്‍ക്ക്? ഭയങ്കരമായി ക്ഷീണിച്ചല്ലോ" 
സജിനാടെ ചോദ്യം കേട്ട് നിയാസൊന്നു പുഞ്ചിരിച്ചു.

"അത് നിനക്ക് എന്നോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് തോന്നുന്നതായിരിക്കും. അല്ലെങ്കിലും, കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താക്കന്മാരെ കാണുമ്പോള്‍ സ്നേഹമുള്ള ഏതു ഭാര്യക്കും തോന്നും, തന്‍റെ അഭാവത്തില്‍ ഭര്‍ത്താവിന്‍റെ കാര്യങ്ങള്‍ ശ്രദ്ദിക്കാന്‍ ആരുമില്ലായെന്നും, അതുകൊണ്ട് അദ്ദേഹം വളരെ ക്ഷീണിച്ചു എന്നുമെല്ലാം. രണ്ടു മൂന്നു ദിവസം എന്നെ ഇവിടെ തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുമ്പോള്‍ മാറിക്കൊള്ളും ആ തോന്നല്‍"
  
"അല്ല, ഞാന്‍ കാര്യമായിട്ട് പറഞ്ഞതാണ്. വീട്ടില്‍ എല്ലാവരും ഇത് തന്നെയാണ് ഇപ്പോള്‍ പറയുന്നത്. വന്ന തിരക്കെല്ലാം കഴിഞ്ഞിട്ട് ചോദിക്കാമെന്നു കരുതിയിട്ടാണ് ഞാന്‍ ഇതുവരേയ്ക്കും ചോദിക്കാതിരുന്നത്" സജിന ആവര്‍ത്തിച്ചു. 

"ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ? ഒരു ദിവസം ഫോണ്‍ ചെയ്തപ്പോള്‍ ഡോക്ടറുടെ അടുത്തുപോയി എന്നും രക്തം ടെസ്റ്റ് ചെയ്തിരുന്നു വെന്നും."

"അപ്പോള്‍ കുഴപ്പമൊന്നു മില്ലായെന്നു ഡോക്ടര്‍ പറഞ്ഞുവെന്നല്ലേ നിങ്ങള്‍ എന്നോട് പറഞ്ഞത്"? സജിന ഇടയ്ക്കു കയറിയൊന്നു ചോദിച്ചു.

"അതെ, കുഴപ്പമില്ലായെന്നു തന്നെയാണ് ഡോക്ടര്‍ പറഞ്ഞത്. പക്ഷെ Triglycerides എന്ന കൊളസ്ട്രോള്‍ 60 - 165 ആകാവൂ, അത് 224 ഉണ്ടത്രേ. മാത്രമല്ല ഷുഗര്‍ 100 ആകേണ്ടത് 106 ല്‍ എത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇതൊന്നും മരുന്ന് കഴിച്ചു സുഖപ്പെടുത്താന്‍ മാത്രമുള്ള അസുഖമല്ലായെന്നും, ജീവിത രീതിയില്‍ മാറ്റം വരുത്തുകയും ഭക്ഷണം ക്രമപ്പെടുത്തുകയും ചെയ്‌താല്‍ മതിയാകും എന്നും ഡോക്ടര്‍ ഉപദേശിച്ചു. കൂട്ടത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു. 'കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഷുഗറോ, കൊളസ്ട്രോളോ ഉണ്ടോയെന്നു'? ഉണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ദിക്കണം എന്നും പറഞ്ഞു. ഞാന്‍ റൂമില്‍ വന്നു തനിച്ചിരുന്നു ചിന്തിച്ചു. മാതാപ്പിതക്കള്‍ക്ക് ഷുഗറും, കൊളസ്ട്രോളും ആവശ്യത്തിനപ്പുറമുണ്ട്. അതിന്‍റെ എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്നവരാണവര്‍. മക്കളില്‍ ഏറ്റവും താഴെ ഞാന്‍ ആയതുകൊണ്ട് പാരമ്പര്യമായോ, കുടുംബ പരമായോ, എന്തെങ്കിലും കുടുംബത്തില്‍നിന്നും കിട്ടാനുണ്ടെങ്കില്‍, അതിനു ഏറ്റവും അര്‍ഹന്‍ ഞാനായിരിക്കും. മാത്രവുമല്ല, 35 വയസ്സ് വരെ ശരീരത്തെ കുറിച്ചോ, ആരോഗ്യത്തെ കുറിച്ചോ ചിന്തിക്കാതെ ജീവിച്ചില്ലേ, ഒരുപക്ഷെ മൊത്തം ആയുസ്സിന്‍റെ 3ല്‍ 2ഭാഗം.
ഇനി ശേഷിക്കുന്ന ആയുസ്സ് 3ല്‍ ഒന്നാണെങ്കില്‍, അത് കൂടുതല്‍ അസുഖങ്ങളൊന്നും ഇല്ലാത്തനിലയില്‍ ജീവിക്കാം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ 35 കൊല്ലം ഭക്ഷണം കഴിക്കാന്‍ വേണ്ടി ജീവിച്ചില്ലേ, ഇനി ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കാം. അല്ലെങ്കിലും ആടിനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ആനയെ വളര്‍ത്താന്‍ ആഗ്രഹിക്കാത്തത്, ആനയെ തീറ്റിപോറ്റാനുള്ള ചെലവ് സഹിക്കാന്‍ കഴിയാത്തതും കൂടികൊണ്ടായിരിക്കാം. നിങ്ങളെല്ലാവരും പറയുന്നപോലെ എനിക്ക് തടി കുറഞ്ഞിട്ടുണ്ടെങ്കില്‍, ഇങ്ങനെയെല്ലാം ഞാന്‍ ചിന്തിച്ചു തുടങ്ങി എന്നതിന്‍റെ ഫലമായിരിക്കും അത്. എന്തായാലും ദിവസേന ഒരുമണിക്കൂര്‍ വ്യായാമം ചെയ്യുന്നുണ്ട് ഞാന്‍ ഇപ്പോള്‍ സ്ഥിരമായി. മാത്രമല്ല ഭക്ഷണത്തില്‍നിന്നും എണ്ണയും കൊഴുപ്പും ഷുഗറും കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും രക്തം ടെസ്റ്റ് ചെയ്തിരുന്നു, അപ്പോള്‍ എല്ലാം നോര്‍മലാണ്. എന്തായാലും ഇത് ഇങ്ങനെ തന്നെ കൊണ്ട് പോകാനാണ് എന്റെ തീരുമാനം".


നിയാസിന്‍റെ സംസാരമെല്ലാം സസൂക്ഷ്മം കേട്ട സജിന, നിയാസിന് വേണ്ടി പുതിയൊരു മെനു തയ്യാറാക്കാനെന്നോണം അടുക്കള ലക്‌ഷ്യംവെച്ച് നടന്നു.