Tuesday, 28 December 2010

ഒരു കഥ പറയാം

"നിറുത്താറായില്ലേ നിന്‍റെ ഈ പ്രവാസ ജീവിതം, വര്‍ഷം പതിനഞ്ചോളമായല്ലോ"?

അപ്രതീക്ഷിതമായിട്ടുള്ള രാമേട്ടന്റെ ചോദ്യം കേട്ടു സുധീര്‍ ഒന്ന് പുഞ്ചിരിച്ചു.
"എന്താ നീ ചിരിക്കുന്നത്? നിന്നോട് തന്നെയാണ് ഞാന്‍ ചോദിച്ചത്. ഞാനൊക്കെ കണ്ണടച്ചാല്‍ കുഴിയിലേക്ക് എടുത്തു വെക്കേണ്ട കുട്ടികളാണ്. ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗമായാല്‍ പിന്നെ തിരിച്ചു പോരണം, അല്ലാതെ ഗള്‍ഫിനെയും കെട്ടിപ്പിടിച്ചു അവിടെത്തന്നെ കൂടുകയല്ല വേണ്ടത്". ശകാരം നിറഞ്ഞ രാമേട്ടന്റെ സംസാരം ആത്മാര്‍ഥതയോടെയാണ് എന്ന് മനസ്സിലായി. രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്നതായിരുന്നു സുധീര്‍. എന്തും തുറന്നു പറയുകയും, ചോദിക്കുകയും ചെയ്യുന്ന ആളാണ്‌ രാമേട്ടന്‍. നാട്ടില്‍ എല്ലാവര്‍ക്കും രാമേട്ടനോട്‌ പ്രത്യേക ആദരവും ബഹുമാനവുമാണ്. ആരുടെ കാര്യത്തിലും നേരിട്ട് ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തി എന്നുള്ള ഒരു പ്രത്യേകതയും രാമേട്ടനുണ്ട്.

"എന്നും ആഗ്രഹിക്കുന്ന കാര്യമാണ് രാമേട്ടാ ഒരു തിരിച്ചുപോരല്‍. പക്ഷെ ഓരോ തടസ്സങ്ങളാണ് എപ്പോഴും മുന്നില്‍. രാമേട്ടന്റെ ഈ ശകാരം നിറഞ്ഞ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, എനിക്ക് ഓര്‍മ വരുന്നത് പണ്ട് എപ്പോഴോ കേട്ടു മറന്ന ഒരു പഴങ്കഥയാണ്".

"കഥകള്‍ പറയാന്‍ പണ്ടും നീ മിടുക്കനാണല്ലോ, കേള്‍ക്കട്ടെ എന്താ നിന്‍റെ കഥ"?

സുധീര്‍ ‍ഇങ്ങനെ തുടങ്ങി -

"വിശന്നു ഇര പിടിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പൂച്ച. തന്‍റെ ഇഷ്ട ഭക്ഷണമായ എലിയെ മുന്നില്‍ കണ്ടതോടെ പൂച്ചക്ക് സന്തോഷമായി. പതുക്കെ പൂച്ച എലിയുടെ അടുത്തേക്ക് നീങ്ങി. അപകടം മനസിലാക്കിയ എലി പ്രാണ രക്ഷാര്‍ത്ഥം ഓടി. പൂച്ചയും പിറകെ ഓടി. കുറെ ഓടിയതിനു ശേഷം എലി ഒരു ചെറിയ മാളത്തില്‍ പോയി ഒളിച്ചു. പൂച്ച മാളത്തിനുപുറത്തു ചുറ്റും നടന്നു. ദേഷ്യം സഹിക്കാന്‍ കഴിയാതെ പൂച്ച ഓരോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടേ ഇരുന്നു. എലിയെ പുറത്തേക്കു കിട്ടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായെന്ന് മനസ്സിലാക്കിയ പൂച്ച ദേഷ്യത്തോടെ പറഞ്ഞു - 'എല്യേ, നീ വിജയിച്ചു എന്ന് കരുതി അഹങ്കരിക്കുകയൊന്നും വേണ്ട. ഒരു ദിവസം നിന്നെ എന്‍റെ കയ്യില്‍ കിട്ടും, അന്ന് ഞാന്‍ തീര്‍ത്തോളം നിന്നോടുള്ള ഈ കടങ്ങളെല്ലാം'.

ഇടറുന്ന ശബ്ദത്തില്‍ മാളത്തിനു ഉള്ളിലിരുന്നു എലി മറുപടി പറഞ്ഞു -

'എന്‍റെ പൊന്നാര പൂച്ചേ,
ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടമാണ്.
എന്ന് ഞാന്‍ നിന്‍റെ മുന്നില്‍ തോല്‍ക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടി വരും എനിക്കെന്റെ ജീവിതം. ഇന്നെന്റെ ശരീരത്തില്‍ ജീവന്‍ ഉണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടെനിക്ക്. നിന്‍റെ മുന്നില്‍ കീഴടങ്ങുന്നതോടെ അതും നഷ്ടപ്പെടും. അതുകൊണ്ട്,


മനസ്സമാധാനം ഇല്ലാതെയാണെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ, നിന്‍റെ പോലെ പുറത്തിറങ്ങി നടന്നു ആസ്വാധ്യ മായിട്ടുള്ള ജീവിതമല്ലെങ്കില്‍ പോലും".
സുധീറിന്റെ കഥകേട്ട രാമേട്ടന്‍ തലയും കുലുക്കി മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു ഒന്നും മിണ്ടാതെ.


(ഒരു ഗൂഗിള്‍ ചിത്രം)

32 comments:

  1. അതെ സത്യം....ജീവിക്കാന്‍വേണ്ടി ഉള്ള
    നെട്ടോട്ടം തന്നെ...

    ReplyDelete
  2. നെട്ടോട്ടം തന്നെ.

    ReplyDelete
  3. ജീവിക്കാനല്ല, മരിക്കാനുള്ള ഓട്ടത്തിലാ മനുഷ്യന്‍. പക്ഷെ അതാര്‍ക്കും മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ!
    നല്ലൊരു ചിന്ത. ഒരു ആകര്ഷണീയമുണ്ട് ഈ പോസ്റ്റില്‍

    ReplyDelete
  4. ശരിയാണ്.
    ജീവിക്കുക എന്നത് തന്നെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.
    കഥ നന്നായി.

    ReplyDelete
  5. ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടമാണ്.


    Best Wishes

    ReplyDelete
  6. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടം മരണത്തിലേക്കാണെന്ന് ആരോർക്കുന്നു. എങ്കിലും കുറച്ചുനാൾ കൂടെ....

    ReplyDelete
  7. അശ്രഫ് കാ..
    കഥ നന്നയീണ്ട്..ട്ടോ.. ഇഷ്ടപ്പെട്ടു..
    എന്നാലും അവതരണവും ക്ലൈമാക്സും ഇത്തിരി കൂടി മെച്ചപ്പെടുത്താമായിരുന്നെന്നു തോന്നുന്നു..

    അല്ലെങ്കിലും എലിയും പ്രവാസിയും വല്യ അന്തരമോന്നുമില്ലല്ലോ..?
    പ്രവാസി സ്വപ്നങ്ങളുടെ മാളത്തില്‍ ജീവിക്കുന്നു..
    എലി യാഥാര്ത്യങ്ങളുടെ മാളത്തില്‍ ജീവിക്കുന്നു..

    അഭിനന്ദനങ്ങള്‍..

    ReplyDelete
  8. അതെ സത്യം.സത്യം.ജീവിക്കാനുള്ള നെട്ടോട്ടമാണ്.

    അഭിനന്ദനങ്ങള്‍..

    ReplyDelete
  9. ഇത് കഥയല്ല, എല്ലാ പ്രവസ്യുടെയും നീറുന ജീവിതം തന്നെയാണ്.
    പുറത്തുള്ള പത്രാസിനകത്തു വെന്തുരുകുന്ന മനസ് ആരും കാണാറില്ല.
    അക്കാര്യത്തില്‍ നാടിലുള്ളവര്‍ എല്ലാം 'പൂച്ചയെ' പോലെ തന്നെ.


    നല്ല എഴുത്തിനു സ്നേഹാശംസകള്‍

    ReplyDelete
  10. കഥ നന്നായിട്ടുണ്ട്..അതിലെ വ്യംഗ്യവും വ്യക്തം പക്ഷേ മുസാഫിർ പറഞ്ഞപോലെ അവതരണവും ക്ലൈമാക്സും ഇത്തിരി കൂടി മെച്ചപ്പെടുത്താമായിരുന്നെന്നു തോന്നുന്നു.. പഞ്ചതന്ത്രം കഥകളുടെ ലാഘവം ഇഷ്ടമായി...എല്ലാ ഭാവുകങ്ങളും

    ReplyDelete
  11. കഥ നന്നായി.കഥയിലെ കഥയും നന്നായി.

    ReplyDelete
  12. കഥകളതിസാഗരം

    ReplyDelete
  13. അസ്സലായി.
    ഒന്നും അറിയാതെ മനസ്സിലാക്കാതെ ഓട്ടം തന്നെ മാലോകര്‍ക്ക് ഇപ്പോഴും കാഴ്ച....

    ReplyDelete
  14. വായിച്ചു. വളരെ രസകരം,ചിന്തനീയം

    ReplyDelete
  15. പച്ച പരമാര്‍ത്ഥം..എല്ലാം ജീവിക്കാനുള്ള നെട്ടോട്ടം തന്നെ ..നന്നായി അഷ്റഫിക്ക..ആശംസകള്‍

    ReplyDelete
  16. എലി പറഞ്ഞത് എലിയുടെ കാര്യം. എന്നാല്‍ പ്രവാസികളുമായി അതിനു വ്യത്യാസമുണ്ട്. പ്രവാസികള്‍ ജീവിക്കുകയല്ല ജീവിപ്പിക്കുകയാണ്.

    ReplyDelete
  17. ചിന്തിക്കുന്നവര്‍ക്ക് ധാരാളം വകയുണ്ട്.അല്ലാത്തവര്‍ക്ക് ടോം ആന്റ് ജെറി!

    ReplyDelete
  18. ഓടിയോടി തളരുമ്പോൾ താനെ നിന്നുകൊള്ളും

    ReplyDelete
  19. ശരിയാ... ജീവിക്കാന്‍വേണ്ടി ഉള്ള നെട്ടോട്ടം... പക്ഷേ കണ്ണൂരാന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല :)

    ReplyDelete
  20. very good short story and good narriation ...gr8 keep it up.

    manzooraluvila.blogspot.com

    ReplyDelete
  21. പറയാനുള്ളത് വൃത്തിയായി പറഞ്ഞിട്ടുണ്ട്...
    ഇഷ്ടപെട്ടു..

    ReplyDelete
  22. പറയാനുള്ളത് മുഖത്തുനോക്കി പറഞ്ഞു.. എനിക്കിഷ്ടമായി.. :)

    ReplyDelete
  23. .....ഒരു പ്രവാസിയുടെ നൊമ്പരങ്ങള്‍.......

    ReplyDelete
  24. ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടമാണ്.

    ഈ വാക്കല്ലേ......എല്ലാം......


    എല്ലാവരും പറയുന്ന വാക്ക്.. എത്രയായാലും!!

    ReplyDelete
  25. നന്നായിരിക്കുന്നു അഷ്റഫ്..ഓരോ പ്രവാസിയുടെയും മനസ്സിലുള്ള നീറുന്ന നൊമ്പരത്തിന്റെ ശരിയായ അർത്ഥം, ചെറിയ വരികളിലൂടെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...ചിലർ എലികളായിത്തന്നെ ജനിക്കുന്നു..മറ്റു ചിലർ സാഹചര്യങ്ങൾ കൊണ്ട് എലികളായി മാറ്റപ്പെടുന്നു...എങ്ങനെ ആയാലും രൂപമാറ്റത്തിനുശേഷം ജീവിതം എന്നും മാളത്തിനുള്ളിൽ മാത്രം...

    ReplyDelete
  26. ജീവിക്കാനുള്ള നെട്ടോട്ടമാണ്. ശരിയാണ്...

    ReplyDelete
  27. ഇഷ്ട്ടപെട്ടു....

    ReplyDelete
  28. കൊള്ളാം !!!ഇഷ്ട്ടപ്പെട്ടു!

    ReplyDelete
  29. കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കൊടുക്കാനുള്ള ഗുണപാഠ കഥപോലെ തോന്നി എനിക്ക്.കുറച്ചുകൂടി ഭാവന ഉള്‍പെടുത്തിയിരുനെന്കില്‍ മനോഹരമായേനെ .

    ReplyDelete
  30. പ്രവാസം ജീവിക്കാന്‍ മാത്രമുള്ള ഓട്ടമല്ല, ഒരുപാടു ജീവിതങ്ങളെ താങ്ങി നിറുത്താനുള്ള ഓട്ടം കൂടിയാണ്. നന്നായി പറഞ്ഞു എലിയുടെയും പൂച്ചയുടെയും കഥ.

    ReplyDelete
  31. ആവശ്യങ്ങൾ ഊക്കിൽ പിന്നിൽ നിന്ന് തള്ളുമ്പോൾ കൊതിക്കാതെത്തന്നെ മുന്നോട്ട് കുതിച്ചുപോകും.
    ആ നെട്ടോട്ടരഹസ്യം നന്നായി പറഞ്ഞു

    ReplyDelete